പുനർജ്ജനി

ദൈവമേ .. അമ്മ, അമ്മ എങ്ങനെ ഇവിടെത്തി…..
അമ്മയെന്താ ആകാശത്ത് നിക്കണേ…

കണ്ണും മിഴിച്ചു കിടക്കാതെ എനീക്കടാ….അതാ
നിനക്ക് നല്ലത് ..ഇല്ലെങ്കിൽ ഇനിയും വെള്ളം
ഒഴിക്കും ഞാൻ….

ചാടി എണീറ്റു ഞാൻ… അമ്മ ദാ നിക്കുന്നു
നേരെ മുന്നിൽ, കൈയ്യിൽ ഒരു പാത്രം
വെള്ളവുമുണ്ട്.. അപ്പൊ ഇതായിരുന്നൂലെ ആ
ഒടുക്കത്തെ മഴ…

ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു
എനിക്ക്… ഇത്രേം നേരം ഞാൻ സ്വപ്നം
കാണുകയായിരുന്നോ…അയ്യേ…

ഈ ഉറക്കത്തിൽ സ്വപ്നം കാണുന്ന ഏർപ്പാട്
ആരാ കണ്ടുപിടിച്ചതാവോ… ഒരു ഉപകാരവും
ഇല്ലന്നേ… മനുഷ്യനെ ചുമ്മാ കൊതിപ്പിക്കാൻ…

*****************

ഒരു ദിവസം അനുവിന്റെ അമ്മയെ വീണ്ടും കണ്ടു… അന്ന് എന്റെ അമ്മയുടെ തറവാട് കൃത്യമായി ചോദിച്ചറിഞ്ഞു….

ഒരവധി ദിവസം കൂട്ടുകാരനെ കാണാൻ പോകുന്നു എന്നു അമ്മയോട് കള്ളം പറഞ്ഞു അനുവാദം വാങ്ങി .. രണ്ടുബസ്സ് കയറി ലക്ഷ്യസ്ഥാനത്തിറങ്ങി….

(ബസ്സിൽ കയറിയിറങ്ങിയപ്പോൾ ഒരു രസകരമായ സംഭവം എന്റെ ശ്രദ്ധയിൽ പെട്ടു…….
“”സ്റ്റോപ്പില് നിർത്താതെ പോകുന്ന ബസ്സിനെ ശപിക്കുന്നവർ തന്നെയാണ് , ബസ്സില് കേറിയാല്
എല്ലാ സ്റ്റോപ്പിലും നിർത്തുന്നതിനെ ശപിക്കുന്നത്… എന്താലേ””…..! )

ദൂരെ നിന്നെ തലയുയർത്തി നിൽക്കുന്ന ആ വലിയ വീട് കണ്ടു…അടുത്ത് എത്തിയപ്പോൾ
ഉള്ളിലെ പിടച്ചിൽ കൂടുന്നതറിഞ്ഞു ….

തന്റെ അമ്മ ജനിച്ച് വളർന്ന വീടാണെന്നും തന്റെ ബന്ധങ്ങൾ ഇവിടെയാണെന്നുമുള്ള തിരിച്ചറിവിനെക്കാൾ, മനസ്സിലെ ഭയമായിരുന്നു ഉയർന്നു നിന്നത്….

അകലെ നിന്നു എല്ലാവരെയും ഒന്നുകാണണം
തിരിച്ചു പോകണം അതാണ് ലക്ഷ്യം ….

അടഞ്ഞു കിടന്ന ഇരുമ്പു ഗെയ്റ്റിനുള്ളിലൂടെ അകത്തേയ്ക്ക് നോക്കി… മുറ്റത്ത് നിർത്തിയിട്ടിരുന്ന കുറച്ച് ആഡംബര
വാഹനങ്ങൾ മാത്രമല്ലാതെ ആളുകളെ ആരെയും കാണുവാൻ കഴിഞ്ഞില്ല …

കുറ്റൻ മതിലിനു ചുറ്റും എന്തിനെന്നറിയാതെ
നടന്നു .. മതിലിന് ഉയരം കുറഞ്ഞ ഭാഗത്ത് എത്തിയപ്പോൾ ചെറിയൊരു തടിക്കഷ്ണമെടുത്ത് മതിലിനോട് ചേർത്ത്
ചാരി വച്ച ശേഷം അതിൽകയറി നിന്ന് അകത്തേയ്ക്ക് നോക്കി ..

വീടിന്റെ തുറന്ന വാതിൽ വഴി അകത്ത് ആരെക്കെയോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്
കണ്ടു ….
പെട്ടെന്നാണ് തന്റെ കഴുത്തിൽ ആരുടെയോ ബലിഷ്ഠമായ കരങ്ങളാൽ പിടുത്തം വീണത് …

ഭയത്താൽ കാലിടറി താഴെ വീണു.. പുല്ലിൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല ….

വെള്ളമുണ്ടും ജുബ്ബയും ധരിച്ച വെളുത്ത്
തുടുത്തൊരു മനുഷ്യൻ , നരകയറിയ മുടിയും,
താടിയും. അമ്മയുടെ മുഖ സാദൃശ്യം തോന്നി .. തന്റെ അമ്മാവന്മാരിൽ ഒരാൾ ആണെന്ന് മനസ്സ് പറഞ്ഞു …

“ആരാടാ നീ ..? എന്തിനാ അകത്തേയ്ക്ക്
നോക്കുന്നത് ?”
തന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി അയാൾ ചോദിച്ചു …

“ഇത് വഴി പോയപ്പോൾ .. അറിയാതെ”…….
തലചൊറിഞ്ഞു കൊണ്ട് പറഞ്ഞു ……

“എവിടെയാ നിന്റെ വീട് ?”അടുത്ത ചോദ്യം,
പെട്ടെന്നായിരുന്നു ….

“കുറെ ദൂരെയാ”….

“സ്ഥലത്തിന് പേരില്ലെ ?”

സ്ഥലപ്പേര് പറഞ്ഞതും അയാൾ
തന്റെ കോളറിൽ കടന്നുപിടിച്ചു ….

“അവിടെയുള്ള നീ എന്തിനാടാ ഇവിടെ വന്ന്
എത്തി നോക്കുന്നത് … സത്യം പറ കള്ളനല്ലേ
നീ ? പകൽ വന്നു വീട് നോക്കി വച്ചു രാത്രി
മോഷ്ടിക്കാനല്ല പരുപാടി ?”

അയാളുടെ സംശയത്തോടുള്ള ചോദ്യം കേട്ടു
എനിക്ക് ഭയം തോന്നി ….

അപ്പോഴാണ് മതിൽക്കെട്ടിനുള്ളിൽ നിന്നും സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ സുഗന്ധം
കാറ്റിൽ ഒഴുകിയെത്തിയത്….

“അയ്യോ അല്ല ………..ഇന്ന് ഒന്നും കഴിച്ചിട്ടില്ല…….
എന്തെങ്കിലും കിട്ടുമോന്നറിയാൻ നോക്കിയതാ സാറെ…”

വയർ തടവിക്കൊണ്ട് ഒരു കള്ളം തട്ടിവിട്ടു …..

അതു കേട്ടതും തന്റെ മേലുള്ള അയാളുടെ പിടി
അയഞ്ഞു …..
തന്നെ സൂക്ഷിച്ച് നോക്കിയശേഷം,….

“ഉം ,വാ “പിന്നാലെ വരുവാൻ കൈകൊണ്ട്
ആംഗ്യം കാട്ടിയ ശേഷം അയാൾ നടന്നു തുടങ്ങി…
അല്പം മാറി സ്റ്റാർട്ടിംങ്ങിൽ കിടന്ന കാറിലേയ്ക്ക്
അയാൾ കയറി… കയറാൻ പറഞ്ഞതനുസരിച്ചു
ഞാനും കയറി….

“എന്നാലും നിന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്…. എവിടെയെന്ന് ഓർമ്മകിട്ടുന്നില്ല”

അയാൾ സംശയത്തോടെ ചിന്തകളിൽ
പരതിക്കൊണ്ടിരുന്നു ….

മതിൽക്കെട്ടിനകത്ത് കടന്ന കാറിൽ നിന്നിറങ്ങി
അയാൾ നടന്നു. പരുങ്ങി നിന്ന തന്നോട് പിന്നാലെ വരുവാൻ പറഞ്ഞു…..

ആ ഇരുനില മാളിക അടുത്തു കാണവേ,
ഇവിടെ ജനിച്ച അമ്മയാണ് ചെറ്റക്കുടിലിൽ കിടന്നു കഷ്ട്ടപ്പാട് സഹിക്കുന്നത്തോർത്ത് എന്റെ കുഞ്ഞു മനസ്സിലേക്ക് സങ്കടം ഇരച്ച് കയറി……

വലിയ ഹാളിലേയ്ക്കാണ് എത്തിപ്പെട്ടത്…അവിടെ
ഒരു പാട് പേർ ഇരുന്ന് ഭക്ഷണം കഴിച്ചു
കൊണ്ടിരിക്കുന്നുണ്ടായിരുന്നു ..എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തി തന്നെ ഉറ്റ് നോക്കി …

“ഇത്തവണ കുഞ്ഞോടെ പിറന്നാളിന് നമുക്കൊരു
ക്ഷണിക്കപ്പെടാത്ത അതിഥിയുണ്ട് .”

അവിടെ ഒഴിഞ്ഞുകിടന്ന ഒരു കസാരയിൽ തന്നെ
പിടിച്ചിരുത്തിയ ശേഷം അമ്മാവനും ഇരുന്നു …

എല്ലാവരുടെയും നോട്ടത്തിൽ നിന്നൊളിക്കാൻ
തല ഉയർത്താതെ തന്നെ ഞാൻ ഇരുന്നു …

“ഏതാടാ ഈ ചെറുക്കൻ ?”
ഇരുന്നവരിൽ വയസ്സായ ഒരാളുടെ ചോദ്യമുയർന്നത് കേട്ട് ഞെട്ടി മുഖമുയർത്തി …

ആ ശബ്ദത്തിലെ ഗാംഭീര്യത്തിൽ നിന്നും
അതാണ് മുത്തച്ഛൻ എന്നു ഞാൻ തിരിച്ചറിഞ്ഞു..
കണ്ണുകൾ പ്രായം തളർത്താത്ത ആ രൂപത്തിൽ
ഉടക്കി …..

“വിശക്കുന്നു എന്നു പറഞ്ഞു വെളിയിൽ നിന്നതാ
അച്ഛാ .. ഞാനിങ്ങോട്ട് കൂട്ടി ”
അമ്മാവൻ പറഞ്ഞു കൊണ്ട് തന്നെ നോക്കി …

” ഉം “മുത്തച്ഛന്റെ മൂളൽ കേട്ടു ….

ആരൊക്കെയോ തനിക്ക് ഭക്ഷണം വിളമ്പി ….
കഴിക്കുന്നതിനിടയിൽ മുത്തച്ഛന്റെ കണ്ണുകൾ പലവട്ടം തന്നിൽ പതിയുന്നത്
ഞാനറിയുന്നുണ്ടായിരുന്നു ….

തന്റെ പെറ്റമ്മയുടെ പിറന്നാളാഘോഷമാണ്
ഇന്നിവിടെ നടക്കുന്നതെന്നോർക്കവെ, മുന്നിലെ
ഭക്ഷണത്തിനൊട്ടും രുചി ഇല്ലാതെയായി….

അമ്മയുടെ പിറന്നാൾ ദിവസം പോലും , ആറിയാത്ത മകനായി പോയതിൽ കുറ്റബോധം തോന്നി….

മുഖമുയർത്തി ചുറ്റിനും നോക്കിയപ്പോൾ മുന്നിലെ ഭിത്തിയിൽ, സുന്ദരിയായ അമ്മയുടെ ചെറുപ്പ
കാലത്തെ ഫോട്ടോ കണ്ടു…
പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മയെ നോക്കി ഇരിക്കവേ , അറിയാതെ കണ്ണുകൾ നിറഞ്ഞു ……നിറഞ്ഞ കണ്ണുകൾ പിൻവലിക്കുമ്പോൾ മുത്തച്ഛൻ തന്നിൽനിന്നും
നോട്ടം വെട്ടിച്ചു മാറ്റുന്നത് കണ്ടു …

ഭക്ഷണം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു
കൈ കഴുകുന്നതിനായ് പോയി………….
മുത്തച്ഛനും, ഞാനും മാത്രമായി…..

“എന്താ നിന്റെ പേര് ?” മുത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു ….

” വിനയകുമാർ.. ” വിറയലോടെ പറഞ്ഞു…..

“വയർ നിറച്ചും കഴിച്ചോളൂ…..
ഇവിടെ ആര് വന്നാലും നിരാശയോടെ മടങ്ങിയിട്ടില്ല….കഴിച്ചു എല്ലിനിടയിൽ
കയറിയ പലരും ഞങ്ങളെ നിരാശപ്പെടുത്തിയിട്ടെ
ഉള്ളു..”

Leave a Reply

Your email address will not be published. Required fields are marked *