പുനർജ്ജനി

ഈ സംഭവത്തിന് ശേഷം ആർക്കും ലൗ ലെറ്റർ എഴുതിക്കൊടുത്തിട്ടില്ല….

വർഷാവസാന പരീക്ഷയും കഴിഞ്ഞു .ഇനി
ഒരു മാസം ക്ലാസ്സ് ഉണ്ടാവില്ല …
ജയിച്ചാൽ പത്താംക്ലാസിലെ സ്പെഷ്യൽ ക്ലാസ് അടുത്ത മാസം ആരംഭിക്കും .. എല്ലാവരുടെയും മുഖങ്ങളിൽ നീണ്ട അവധിയുടെ സന്തോഷം തിരതല്ലിയിരുന്നു ….

” അച്ചൂ .. ” പരിചിതമായ ശബ്ദം കേട്ടു തിരിഞ്ഞു.
അനു , എന്നോടൊപ്പം എത്താൻ വേഗത്തിൽ നടന്നു വരുന്നത് കണ്ടു …

ചാഞ്ഞുവീശിയ ഇളവെയിലേറ്റ് അവളുടെ
മുടിയിഴകൾ സ്വർണ്ണം പോലെ തിളങ്ങുന്നത്
കണ്ടു… മുടിയിഴകൾക്കിടയിൽ അപ്പോഴും വാടാതെ മുല്ലപ്പൂക്കൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു ….

“പരീക്ഷ എങ്ങിനെയുണ്ടായിരുന്നു അച്ചു ?”
കിതപ്പലോടെയുള്ള ചോദ്യം .

“കുഴപ്പമില്ലായിരുന്നു .. “അലസമായ് പറഞ്ഞു …

“ഇനി ,ഒരു മാസം അവധിയാണ് ല്ലെ ?”
പുസ്തകങ്ങൾ മാറോട് അടുക്കിക്കൊണ്ടവൾ
ആരോടെന്നില്ലാതെ പറഞ്ഞു ….
“അവധി വേണ്ടായിരുന്നെന്ന് തോന്നണുണ്ട് അച്ചു..!”

അനു തന്റെ മുഖത്ത് നോക്കി… അതു കണ്ട് മുഖം താഴ്ത്തി , ചിരിയോടെ…
അന്ന് പറഞ്ഞ ആളെകാണാൻ പറ്റില്ല ല്ലേ?”
അത് കേട്ട് അനു നിന്നു.. ഒപ്പം ഞാനും ….

” ഉം .. ശരിയാ ,അവനെ ഇനി എങ്ങിനെ
കാണുമെന്നോർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാ അച്ചൂ ..”

അനുവിന്റെ വാക്കുകൾ മനസ്സിനെ കീറി മുറിച്ചു… മുറിവുകളിൽ നിന്നും ചുടുനിണമൊഴുകുന്നത് തിരിച്ചറിഞ്ഞു …
മുഖത്തെ ഭാവവിത്യാസം അനുവിൽ നിന്നൊളിക്കാൻ മുഖം തിരിച്ചു …

“പക്ഷെ ,അച്ചു .. ഇതൊരു വൺവേ പ്രണയം ആണ്.. അവന്റെ മനസ്സിൽ എന്താണെന്നറിയാൻ ഇത് വരെ കഴിഞ്ഞിട്ടില്ല ടോ…”

അവളുടെ വാക്കുകളിൽ പ്രണയം കണ്ടു ….
“ഓഹോ അങ്ങിനെയാണോ? എന്നാൽ ഞാനൊരു
ലൗലെറ്റർ എഴുതി തരാം , അത് കൊടുത്താൽ ഉറപ്പായും വീഴും…”

തികട്ടി വന്ന നോവുകളെ ഉള്ളിലടക്കി ചിരി വരുത്തി ചോദിച്ചു.. അവൾ തന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അല്പ നേരം നിന്നു….

” ഉം ,ശരി എന്നാൽ ഇപ്പോൾ എഴുതി തരൂ …”

അവളുടെ വാക്കുകളിൽ എന്തോ ഉറപ്പിച്ച
ഭാവമായിരുന്നു .. ഇടവഴിയിലെ ചെറിയമതിലിന്
മുകളിൽ വച്ചു , അനുവിനായ് തന്റെ തൂലിക വീണ്ടും ചലിച്ചു ….

” അയാളുടെ പേരെന്താണ് ..?” എഴുതുന്നതിനിടയിൽ ചോദിച്ചു …

‘പേര് വയ്ക്കേണ്ട, എന്നവൾ പറഞ്ഞപ്പോൾ
മറുത്തൊന്നും പറയാതെ എഴുതിപൂർത്തിയാക്കി
അവളെ ഏൽപ്പിച്ചു…

അത് വായിച്ചു നോക്കിയശേഷം അനുവിന്റെ ചുണ്ടുകൾ എന്തോ പറയാൻ തിടുക്കപ്പെടുന്ന പോലെ തോന്നി…
ശേഷം ഒന്നും മിണ്ടാതെ നടന്നകലുന്ന അനുവിനെ നോക്കി നിൽക്കവെ ഉള്ളം കരയുകയായിരുന്നു…
കുറച്ച് ദൂരം നടന്ന ശേഷം അവൾ നിന്നു …
തിരിഞ്ഞ് നിന്നിടത്തുതന്നെ നിൽക്കുന്ന എന്നെ നോക്കി വേഗം വരുവാൻ കൈകൾ കൊണ്ട് ആഗ്യം കാട്ടി …
അവൾക്കു തന്നോട് എന്തോ
പറയുവാനുണ്ടെന്നു മനസ്സിലാക്കി….
സന്തോഷത്തോടെ അവളുടെ അടുത്തെത്തി …
അനുവിന്റെ നോട്ടം പാടത്ത് വിരിഞ്ഞ്
നിന്നിരുന്നൊരു ആമ്പൽപ്പൂവിലായിരുന്നു ….

എന്ത് ഭംഗിയാല്ലെ ആമ്പൽപ്പൂ കാണാൻ, അതെനിക്ക് പറിച്ചു തരുമോ , പ്ലീസച്ചൂ.. ?
അവളുടെ കൊഞ്ചൽ ….

കയ്യിലിരുന്ന ബുക്കുകൾതാഴെ വച്ചു മുണ്ട് മടക്കി കുത്തി മുട്ടോളം എത്തുന്ന ചെളിയിലൂടെ നീന്തി
ചെന്ന് പൂ പറിച്ച് കൊണ്ട് വന്ന് അവൾക്ക് നൽകി…

കൈ നീട്ടി അനു അത് വാങ്ങുമ്പോൾ ആ മുഖത്ത്
പേരറിയാത്ത നൂറ് പൂക്കൾ വിടർന്നു നിൽക്കുന്നത് കണ്ടു ..!

ദിവസങ്ങൾ പിന്നെയും എന്നെ നോക്കി കൊഞ്ഞനം കുത്തി കടന്നു പോയി …

അവധി ദിനങ്ങൾ വെറുതെ കളയാതെ, അമ്മയെ സഹായിക്കുക എന്ന് ലക്ഷ്യത്തോടെ, നാട്ടിലെ പത്ര ഏജന്റായായ ഷാജിചേട്ടന്റെ പത്രവിതരണം ഏറ്റെടുത്തു ….

പല പ്രാവിശ്യം ചോദിച്ചിട്ടും തൊടാൻപോലും സമ്മതിക്കാതിരുന്ന അച്ഛന്റെ സൈക്കിൾ അമ്മ തനിക്ക് തന്നു …

സൈക്കിളിനോട് അമ്മയ്ക്കുള്ള ആത്മബന്ധം എനിക്കറിയാം… കഷ്ടപ്പാട് കൂടുന്ന
ദിവസങ്ങളിൽ അമ്മയുടെ പരിഭവങ്ങളും, പരാതി കളും കേൾക്കുന്നത് അച്ഛന്റെ ആ സൈക്കിളാ യിരുന്നു….

ആദ്യമൊക്കെ സൈക്കിൾ ബെല്ലടിച്ച് കൊണ്ട് വീടിന്റെ മുന്നിലെത്തുമ്പോൾ അകത്തുനിന്നു അമ്മ തിടുക്കപ്പെട്ട് ഓടി ഇറങ്ങി വരുന്നത്
കാണാമായിരുന്നു .. താനാണെന്നറിയവെ ആ
കണ്ണുകൾ എന്തിനോ നിറയുന്നത് ശ്രദ്ധിച്ചു ,
പിന്നീടൊരിക്കലും വളപ്പിലേയ്ക്ക് ബെല്ലടിച്ചു
ചെന്നിട്ടില്ല…

പുലർച്ചെ എഴുന്നേൽക്കണമെന്നതൊഴിച്ചാൽ
ആ ജോലി ശരിക്കും ഞാൻ ആസ്വദിക്കുകയായിരുന്നു…

അനുവിന്റെ വീട്ടിലും പത്രം ഇടുവാൻ ഉണ്ടായി
രുന്നു. പക്ഷെ ഒരിക്കൽ പോലും അവളെ അവിടെ കാണുവാൻ കഴിഞ്ഞിട്ടില്ല….

ആളുകൾ ഉണർന്നു വരുമ്പോൾ തന്നെ പത്രം
വിതരണം കഴിഞ്ഞിട്ടുണ്ടാവും. ചില ദിവസങ്ങളിൽ പത്രക്കെട്ടുകൾ കയറ്റിയ വണ്ടി വരാൻ വൈകും.. അപ്പോൾ വീടുകളിൽ പത്രം എത്തുന്നതിലും താമസമുണ്ടാവും….

അങ്ങിനെയുള്ള ഒരു ദിവസം അനുവിന്റെ വീട്ടിലെത്തുമ്പോൾ , അവളുടെ അമ്മ മുറ്റ മടിച്ചുകൊണ്ടിരിക്കുകയായിരുന്നു…
എന്നെ കണ്ടു ചിരിയോടെ വന്നു പത്രം വാങ്ങി…

“ആഹാ.. മോനാണോ ഇപ്പോൾ ഇവിടെ പത്രം ഇടുന്നത്..?”

“അതേച്ചീ… “
നല്ലതാ മോനെ എന്തെങ്കിലുമാവട്ടെ, നിന്റെ അമ്മയ്ക്കൊരു സഹായമാകുമല്ലോ …
പാവം അവൾ ഒരു പാട് കഷ്ട്ടപ്പെടുന്നുണ്ട് ,
അവരുടെ ശബ്ദം താണിരുന്നു .

“എനിക്കറിയാം ചേച്ചി ,അതാണ് എന്നെക്കൊണ്ട്
കഴിയുന്ന പണിക്ക് ഇറങ്ങിയത്…”

“പറഞ്ഞിട്ട് കാര്യമില്ല, എല്ലാം വിധിയാണ് ”
ആരോടെന്നില്ലാതെ അവർ പറഞ്ഞു .

“അല്ലേച്ചി അനു എഴുന്നേറ്റില്ലെ ?”

അവധിയല്ലെ, അവൾ എന്റെ വീട്ടിലാ ,
അടുത്താഴ്‌ച്ചയേ വരൂ ….

ഒന്നു നിർത്തിയ ശേഷം തുടർന്നു .
“മോനിരിക്കാമെങ്കിൽ ഞാൻ ചായയിട്ടുതരാം.”

ആ വാക്കുകൾ മാത്രം മതിയായിരുന്നു , ചായ കുടിച്ച പോലെ തോന്നി ……

വേണ്ടച്ചീ .. ഞാൻ ചെന്നിട്ട് വേണം
അമ്മയ്ക്കിറങ്ങാൻ , ചേച്ചി എന്തുണ്ടാക്കിയാലും നല്ല രുചിയാട്ടോ , അനു തന്ന് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് ….

അത് കേട്ട് അവർ കണ്ണു മിഴിച്ചു നിന്നു …
ആ ഭാവം കണ്ടപ്പോഴാണ് ഇവർ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായത് .
നടന്ന സംഭവങ്ങൾ ഒന്നും വിടാതെ അവരോട്
പറഞ്ഞു .. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ
അവർ അല്പനേരം നിശബ്ദയായി…

ചിരി മാഞ്ഞ ആ മുഖത്ത് കണ്ണുനീർ
ഒഴുകിയിറങ്ങുന്നത് കണ്ടു …
“എന്റെ മോൾ ..!”
അഭിമാനത്തിന്റെ ശബ്ദമായിരുന്നു അത് ….

എന്റെ കുഞ്ഞ, നിനക്കാണെന്ന്
ഞാനറിഞ്ഞില്ലല്ലോടാ , അവർ വിങ്ങിപ്പൊട്ടി ….

“നിനക്കറിയോ,നിന്റെ അമ്മയും ഞാനും ചെറിയ
ക്ലാസ് മുതൽ, കോളേജിൽ നിന്നും പിരിയുന്നവരെ
ഒന്നായിരുന്നു .അതിനുശേഷമാണ് അവളുടെ വിധി ദൈവം മാറ്റി എഴുതിയത് ….”

അവർ പറഞ്ഞത് കേട്ടു അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തെറിക്കുകയായിരിന്നു….

Leave a Reply

Your email address will not be published. Required fields are marked *