പുനർജ്ജനി

അങ്ങിനെയിരിക്കെ, ഒരുനാൾ പിള്ളയ്ക്ക് സ്വപ്നത്തിൽ ദേവീ ദർശനം ലഭിച്ചു ….. പെൺകുഞ്ഞ് പിറക്കും എന്ന്
അനുഗ്രഹവുമുണ്ടായി… സന്തോഷത്തിൽ മതിമറന്ന പിള്ള, ദേവിക്കൊരു താലപ്പൊലി നേർന്നു ….

താമസിയാതെ ലക്ഷ്മി വീണ്ടും ഗർഭിണിയായി ,
എട്ടാം മാസമായിട്ടും അധികം വീർക്കാത്ത അവളുടെ വയറ് കണ്ട് എല്ലാവരും വിധി എഴുതി,

” ആൺകുട്ടി തന്നെ “…..

ലക്ഷ്മി പ്രസവിച്ചു….പിള്ളയുടെ കയ്യിലേയ്ക്ക്
പല്ലുകളില്ലാത്ത മോണകാട്ടി ചിരിച്ച് കൊണ്ട്
വയറ്റാട്ടി ,നാണിത്തള്ള എടുത്ത് കൊടുത്തത്
ഒരു പെൺകുഞ്ഞിനെ ആയിരുന്നു …

പകരം നാണിത്തള്ളയ്ക്ക് പിള്ള നൽകിയത് കഴുത്തിലണിഞ്ഞ എട്ടു പവന്റെ പിരിയൻ മാലയായിരുന്നു …..

ചാരുലതയുടെ നാലാം വയസ്സിൽ അമ്മ ലക്ഷ്മി
ഇഹലോകവാസം വെടിഞ്ഞിട്ടും , ചാരുലത അഞ്ച്
ആങ്ങളമാരുടെ പുന്നാര പെങ്ങളായി ഒരുകുറവു
മറിയാതെ വളർന്നു….

അവളുടെ ഏത് ആഗ്രഹവും നിമിഷങ്ങൾക്കുള്ളിൽ നിറവേറ്റപ്പെട്ടിരുന്നു… ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ഏട്ടന്മാർ മത്സരിച്ചു….

അവർക്ക് അവൾ ‘കുഞ്ഞാൾ’ ആയിരുന്നു….
എപ്പോഴും ഏതെങ്കിലും ഏട്ടന്റെ
തോളിലായിരിക്കുമവൾ. സ്നേഹലാളനയിൽ വർഷങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു ….
ചെറുപ്പം മുതൽ അവളുടെ കുത്തിവരകൾ
കൗതുകത്തോടെയാണ് തറവാട്ടിലുള്ളവർ കണ്ടിരുന്നത്.. പക്ഷേ വളരുംതോറും ആ വരകൾ മിഴിവുള്ള അക്ഷരങ്ങൾ ആയി മാറിയപ്പോൾ അത് ആശ്ചര്യത്തിലേയ്ക്ക് വഴി മാറി ….

സ്കൂളും കഴിഞ്ഞ് കോളജിലെത്തിയപ്പോളായിരുന്നു, അവളിലെ യഥാർത്ഥ കലാകാരിയെ എല്ലാവരും അറിഞ്ഞത്. അവളുടെ കവിതകൾ കേട്ട് കോളേജ് കാമ്പസ്സ് കോരിത്തരിച്ചു ….

തറവാട്ടിൽനിന്നും നല്ല പ്രേത്സാഹനമായിരുന്നു അവൾക്ക് ലഭിച്ചത് .. ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടി. മാസികൾക്കും മറ്റും കവിതകൾ
പോസ്റ്റ് ചെയ്യുന്നത് ഏട്ടന്മാരായിരുന്നു…..
കുഞ്ഞോളുടെ കഴിവിൽ അവർക്ക് അല്പം
അഹങ്കാരവുമുണ്ടായിരുന്നു ….

ആയിടയ്ക്കാണ് തറവാട്ടിൽ ആ രഹസ്യ
സന്ദേശമെത്തിയത്. ചാരുലത കോളേജിലെ ഏതോ പയ്യനുമായ് പ്രണയത്തിലാണത്രെ ….

അതറിഞ്ഞ പിള്ളയും , ഏട്ടന്മാരും അവളെ
പിന്തിരിപ്പിക്കുവാൻ ആവുന്നതും നോക്കി …

” ജീവിക്കുകയാണെങ്കിൽ കുമാറിനൊപ്പം”

എന്നവൾ ഒറ്റക്കാലിൽ നിന്നു .. അവളുടെ
നിശ്ചയദാർഢ്യം അറിയാവുന്ന പിള്ള അവളുടെ
സമ്മതമില്ലാതെ മറ്റൊരു വിവാഹം നിശ്ചയിച്ചു …

വിവാഹത്തിന്റെ മൂന്ന് നാൾ മുന്നെ ചാരു സ്നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒളിച്ചോടി എവിടെക്കോ പോയി എന്ന വാർത്ത ആ നാട്ടിലാകെ പരന്നു …

അച്ഛന്റെ കൂടെ ഇറങ്ങിത്തിരിച്ചശേഷമായിരുന്നു , അമ്മയുടെ ജീവിതം തന്നെ മാറിയത്…..

അത് വരെ അനുഭവിച്ച സൗഭാഗ്യങ്ങളിൽ നിന്നും മാറി പച്ചയായ ജീവിതത്തിന്റെ കയ്പ് രുചിച്ചിട്ടും ,
അമ്മയ്ക്ക് അച്ഛന്റെ സ്നേഹം മാത്രം
മതിയായിരുന്നു …

അച്ഛന്റെ മരണത്തിൽ തകർന്ന അമ്മയും, മനസ്സുകൊണ്ട് അച്ഛനൊപ്പം പോയി എന്ന്
പലപ്പോഴും തോന്നിയിട്ടുണ്ട് …

അച്ഛന് ബന്ധുക്കൾ ആരുമില്ലായിരുന്നു. അതു കൊണ്ടു തന്നെ വിശന്നു കരയുന്ന തനിക്കായ് എന്തെങ്കിലും ജോലിക്ക് ഇറങ്ങാതെ അമ്മയ്ക്ക്
മറ്റൊരു വഴിയില്ലായിരുന്നു…

അങ്ങിനെ ആണ് അടുത്തുള്ള ബ്രഡ് കമ്പനിയിൽ അയൽ വീട്ടിലെ രാധചേച്ചിയോടോപ്പം അമ്മ
ജോലിക്കുപോയി തുടങ്ങിയത്….

ചുരുങ്ങിയ നാൾ കൊണ്ടു പാവം അമ്മയുടെ
കോലം തന്നെമാറിപ്പോയി.. വിളറിയ മുഖവുമായ്
വാടിത്തളർന്ന് ജോലി കഴിഞ്ഞ് വന്ന് കയറുന്ന
അമ്മ , നടുവേദനയിൽ പുളയുന്നത് പലപ്പോഴും കണ്ടു എന്തു ചെയ്യണമെന്നറിയാതെ കണ്ണീരോടെ
നോക്കി നിൽക്കാനെ എനിക്ക് ആയുള്ളൂ…

വേദന സഹിക്കാൻ പറ്റാത്ത നില വരുമ്പോൾ തന്നെ വിളിച്ചു നടുവിന് വിക്സ് പുരട്ടിത്തരൻ
ആവശ്യപ്പെടും ….
“എന്തിനാമ്മേ ഈ ജോലിക്ക് പോകുന്നത് ?
അമ്മ ഇനി പോവണ്ടാ .” തന്റെ വാക്കുകൾ കേട്ട്
നീണ്ട മൗനത്തിനൊടുവിൽ..

“പോവാതെ പറ്റില്ല മോനെ… നിന്നെ ഒരിക്കലും
ആരുടെയും മുന്നിൽ കൈ നീട്ടാൻ ഞാൻ വിടില്ല”
ആ വാക്കുകൾക്ക് കരുത്തുണ്ടായിരുന്നു …
അത് തളർന്നു കിടക്കുന്ന അമ്മയുടെ ശബ്ദമല്ല മറിച്ച് ഒരു പോരാളിയുടെ ശബ്ദമായി തോന്നി ….

തനിക്കു വേണ്ടിമാത്രമാണ് ഈ കഷ്ടപ്പാടെല്ലാം
അമ്മ സഹിക്കുന്നതെന്നോർക്കവെ കണ്ണു നിറഞ്ഞു ….
അമ്മയെ ഒരിക്കലും താൻ സങ്കടപ്പെടുത്തുകയില്ല എന്നു മനസ്സിൽ ഉറപ്പിച്ചു…………

***********

ചോദ്യപേപ്പർ ഒത്തു നോക്കുവാൻ വേണ്ടി ബുക്കുകൾ തിരയുന്നതിനിടയിൽ, ഒരു ബുക്കിൽ നിന്നും നാലായി മടക്കിയ ഒരു പേപ്പർ തുണ്ട്
നിലത്ത് പതിച്ചത് ശ്രദ്ധിച്ചു…

അതെടുത്ത് തുറന്നു , താൻ അനുവിന് വേണ്ടി എഴുതി നൽകിയ ലൗ ലെറ്റർ ആയിരിന്നു അത്…..

ഇതെങ്ങിനെ തന്റെ ബുക്കിനുള്ളിൽ വന്നു …?

ആ പ്രേമ ലേഖനത്തിലെ അവസാന വരിയിൽ അനുവിന്റെ കയ്യക്ഷരത്തിൽ കൂട്ടിച്ചേർത്ത
വാചകങ്ങൾ കണ്ടു തുള്ളിച്ചാടാൻ തോന്നി …

” – എന്നും അച്ചുവിന്റെ മാത്രം അനസൂയ – ”

ഒരു കോടി വസന്തം ഒന്നിച്ചു വിരിഞ്ഞപോലെ
തോന്നി… അനു തന്നെ സ്നേഹിക്കുന്നു വിശ്വാസം വരാതെ പല ആവർത്തി ആ വരികൾ വായിച്ചു..

അന്ന് തന്നെ, ആമ്പൽപ്പൂ പറിക്കാനിറക്കിയത് ഇതിനായിരുന്നോ…
ആ സ്നേഹം അറിയാതെ പോയ താനൊരു മണ്ടനാണെന്ന് തോന്നി ….

അന്ന് വൈകിട്ട് അമ്മ വന്നപ്പോൾ തന്റെ
മുഖത്തെ തെളിച്ചം കണ്ടാവണം , അല്പനേരം
അമ്മ കണ്ണുകൾ തന്നിൽ ആഴത്തിൽ പതിപ്പിച്ചു..
എന്തോ തിരഞ്ഞ ശേഷം പതിവ് പോലെ അകത്തേയ്ക്ക് പോയി ….

കിടന്നിട്ടു ഉറക്കം വരുന്നില്ല… അനുവിന്റെ മുഖം
മാത്രമാണ് മനസ്സിൽ. അവളുടെ ചിരിയും, സംസാരവും എല്ലാം ഓർക്കവേ തിരിച്ചറിയുക
ആയിരുന്നു താനും ഒരു കാമുകൻ ആയിരിക്കുന്നു….

ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന് തന്റെ ഹൃദയസ്പന്ദനം വിളിച്ചു ചൊല്ലുണ്ടായിരുന്നു……

അനുവിനെ ഒരു നോക്കുകാണുവാൻ ഉള്ളം
തുടിച്ചു കൊണ്ടിരുന്നു. അതിനായി ആദ്യം പത്രം ഇട്ടു കൊണ്ടിരിന്ന അനുവിന്റെ വീട്ടിൽ ഒരു നോക്കെങ്കിലും അവളെ കാണുക എന്ന ലക്ഷ്യ
ത്തോടെ ഒടുവിൽ ഇടാൻ തുടങ്ങി …

പക്ഷെ അവളെ കാണുവാൻ മാത്രം കഴിഞ്ഞില്ല.. അവൾ എത്തിയിട്ടില്ലെന്ന് മനസ്സിലായി…. ദിവസങ്ങളെ ഒരു വിധം തള്ളി നീക്കി…

റിസൾട്ട് വന്നു …ക്ലാസ് തുടങ്ങിയതിന്റെ അന്നാണ്
അനുവിനെ വീണ്ടും കാണുന്നത് …ഒരു മാസം കൊണ്ട് അവളുടെ സൗന്ദര്യം ഇരട്ടി ആയ പോലെ എനിക്ക് തോന്നി ….

അവൾക്കായ് എഴുതികൂട്ടിയ പ്രേമ ലേഖനങ്ങളിൽ ഒന്ന് ആരും കാണാതെ അവൾക്ക് വച്ചു നീട്ടുമ്പോൾ തുലാമാസത്തിലെ ഇടിമിന്നലിനെക്കാൾ ശബ്ദത്തിൽ എന്റെ ഇടനെഞ്ചു മിടിക്കുന്നുണ്ടായിരുന്നു….
ചുറ്റിനും നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി
അവൾ അതു വാങ്ങിയപ്പോൾ സ്വർഗ്ഗം
കീഴടക്കിയ പോലെ തോന്നി …

Leave a Reply

Your email address will not be published. Required fields are marked *