പുനർജ്ജനി

“അത് വഴിയെ അറിയാം. അതിനുമുൻപ്
ഞാനൊരു കഥ പറയട്ടെ .. ?”
തോമസ് സാർ ചിരിയോടെ ചോദിച്ചു…

“എന്ത് കഥയാണ് സാർ ” എന്റെ ശബ്ദം നേർത്തി
രുന്നു…

“ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു…..
പഠിക്കാൻ മിടുക്കിയും ,സുന്ദരിയുമായിരുന്നു അവൾ…..

കുറച്ച് ദിവസമായി മകളുടെ മുഖത്ത് ഒരു
വാട്ടം ശ്രദ്ധയിൽപെട്ട അമ്മ അവളെ നിരീക്ഷിക്കാൻ തുടങ്ങി…
അവൾക്ക് ദിവസവും രാവിലെ നൽകുന്ന ബ്രേക്ക്
ഫാസ്റ്റ് അവൾ കഴിക്കാതെ അതൊരു പാത്രത്തിലാക്കി സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നത് അവർ മനസ്സിലാക്കി.. സ്കൂളിൽ കൊണ്ട് പോയാലും അവൾ അത് കഴിക്കുന്നില്ല..പിന്നെ ആർക്ക് കൊടുക്കുന്നു ..? അത് അന്വേക്ഷിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തി .. ”

സാർ ഒന്നു നിർത്തി..

കാര്യങ്ങൾ ഏകദേശം വ്യക്തമായി..
കറങ്ങുന്ന വലിയ ഫാനിന്റെ അടിയിലിരുന്ന്, ഞാൻ വിയർത്തു…

“ഞാൻ അന്വേക്ഷിച്ചു. ഒടുവിൽ കണ്ടെത്തു
കയും ചെയ്തു .. ”
സാർ പതിയെ ചിരിച്ചു….

“അത് സാർ .. ക്ഷമിക്കണം അറിയാതെ ”
വിറയലോടെ പറഞ്ഞു തുടങ്ങിയ തന്നെ
കയ്യുയർത്തി തടഞ്ഞു കൊണ്ട് സാർ തുടർന്നു..

കണ്ടെത്തിയ ആ സത്യങ്ങൾ ശരിക്കും എന്നെ
ഞെട്ടിച്ചു..ഒരു വശത്ത് അഭിമാനവും,
അതോടൊപ്പം ലജ്ജയും…

സാർ എഴുന്നേറ്റ് വന്നുതോളിൽ തട്ടിയപ്പോൾ
ആ സ്വരമൊന്ന് ഇടറിയെന്ന് തോന്നി…

“സഹപാഠി വിശന്നിരിക്കുന്നത് മനസ്സിലാക്കി
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ തന്റെ പങ്ക് , അവന് കൊണ്ട് വന്ന് കൊടുത്ത അവളാണ് ശരി ,
അതാണ് നന്മ…

ഞാൻ,ഹെഡ്മാസ്റ്റാറായിരിക്കുന്ന ഈ
സ്കൂളിൽ വിശന്നിരിക്കുന്ന കുട്ടികളുണ്ടെന്ന കാര്യം അറിയാതെ പോയതിൽ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു….
സാറിന്റെ വാക്കുകളിൽ നിരാശയുണ്ടായിരുന്നു..

നമ്മുടെ സ്കൂളിൽ എഴാംക്ലാസ് വരെയുള്ള
കുട്ടികൾക്കാണ് നിലവിൽ ഉച്ച കഞ്ഞി വിതരണ
മുള്ളൂ..
സ്കൂളിൽ പഠിക്കുന്ന എല്ലാവർക്കും ഉച്ചക്കഞ്ഞി
നൽകുവാൻ മാനേജ്മെന്റ് അനുവാദം തന്നു കഴിഞ്ഞു…ആരും ഉച്ചയ്ക്കിനി പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കാൻ ഞാൻ സമ്മതിക്കില്ല..
സാർ,ആവേശത്തോടെ പറഞ്ഞു നിർത്തി…

ശരിക്കും സാറിനെപ്പോലെ ഒരു ഹെഡ്മാസ്റ്ററെ കിട്ടിയതിൽ ഞങ്ങൾക്കാണ് സാർ അഭിമാനം..

തിരിച്ചു ക്ലാസിലെത്തുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു, അനു വിശപ്പടക്കിപ്പിടിച്ചാണല്ലോ ഇത്രയും ദിവസം തന്നെ കഴിപ്പിച്ചതെന്ന് ഓർക്കവേ മനസ്സ് തേങ്ങി…..

അടുത്ത ദിവസവും പാത്രവുമായ് അനു എത്തി..

തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മെല്ലെ വിളിച്ചു .
” അനൂ ..”
അവൾ നിന്നു…

ഉച്ചയ്ക്കുള്ള ഭക്ഷണം ഇനി മുതൽ വേണ്ടാട്ടോ..
എപ്പോഴും പറയുന്നത് പോലെയല്ല………
പിരികം മേലോട്ടുയർത്തി ചോദ്യഭാവത്താൽ
അവൾ നിന്നു…….

“അത് ഉച്ചക്കഞ്ഞി തരാമെന്ന് ഹെഡ്മാസ്റ്റർ
പറഞ്ഞു… ഇത്രയും നാൾ നിന്റെ ബ്രേക്ക് ഫാസ്റ്റാണല്ലോ ഞാൻ കഴിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സ് നീറുകയാണ്…
തന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞാലൊന്നും മതിയാവില്ല, എന്നും മനസ്സിലുണ്ടാവും ഒരിക്കലും മറക്കില്ല …”

എങ്ങിനെ അറിഞ്ഞു എന്ന ആശ്ചര്യഭാവത്തോടെ അനു എന്നെ നോക്കി……..
ശേഷം പതിയെ പറയാൻ തുടങ്ങി….
” അച്ചൂ … ചെറുപ്പം തൊട്ടെ നിന്നോട് മിണ്ടാൻ കൊതിച്ചിട്ടുണ്ട് ഞാൻ, പക്ഷേ നീ മുഖം താഴ്ത്തി
പോകുന്നത് കാണുമ്പോൾ എന്തോ ഒരുമടി…..
നിന്നോട് മിണ്ടാൻ കൂടി വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത് …..”

നടന്നു മറയുമ്പോൾ നിറഞ്ഞകണ്ണുകൾ
തുടയ്ക്കാൻ അവൾ മറന്നിരിന്നു …

അനുവിന് തന്നോട് എന്താണ് ? പ്രണയമാണോ ?
അതോ സൗഹൃദമോ ? ഒന്നും അറിയില്ല..

എന്നോ മനസ്സിൽ കൊരുത്തൊരു കുഞ്ഞു പ്രണയം. ഞാൻ പോലും അറിയാതെ മനസ്സിൽ ആഴത്തിൽ വേരുകൾ തീർത്തിരുന്നു.. എത്ര പിഴുതെറിഞ്ഞിട്ടും വേരുകളിൽ നിന്നും വീണ്ടും അത് പൊട്ടിമുളച്ചു കൊണ്ടിരുന്നു….
അവൾക്കു വേറെ ആരോ ഉണ്ടെന്നു അന്ന് പറഞ്ഞതുകൊണ്ട് തന്റെ പ്രണയത്തെകുഴിച്ചു മൂടി.. എങ്കിലും മൂടിയ കല്ലറയ്ക്കുള്ളിൽ ജീവൻ
തുടിക്കുക്കുന്നുണ്ടായിരുന്നു …..
മറക്കുവാൻ കഴിയട്ടെ എന്നു പലതവണ ഞൻ എന്നോട് തന്നെ പറഞ്ഞു നോക്കി..
ഇടക്ക് മറവി വിരുന്നെത്തി തിരികെയൊരു പോക്കുണ്ട്….
ഹോ..വല്ലാത്തൊരു ഫീലിംഗ്സ് ആണപ്പോൾ..

അടുത്ത ദിവസവും പതിവ് പോലെ അനു പാത്രവുമായി അരികിലെത്തി. വേണ്ടാ എന്ന് പറയാൻ നാവുയർത്തും മുന്നേ ..
“ഇത് എന്റെ ബ്രേക്ക് ഫാസ്റ്റല്ലച്ചൂ .
വീട്ടിൽ എല്ലാവരും അറിഞ്ഞു .. ഇത് നിനക്ക് തരാൻ അമ്മ തന്നു വിട്ടതാണ് .. ”

അത് കേട്ട് വിശ്വാസം വരാതെ അവളെ നോക്കി,
പൂത്തുലഞ്ഞ കണിക്കൊന്നപോലെ പുഞ്ചിരി
യോടെ അവൾ മുന്നിൽ നിന്നു..
ആ വിടർന്ന കണ്ണുകളിൽ നോക്കി നിൽക്കെ, കൊഴിഞ്ഞ പൂക്കൾ തളിർത്തൊരു പൂമരമായ് വളരുന്നതും അതിലൊരു വസന്തം വിരിയുന്നതും കണ്ടു…

“നമ്മുടെ ലീഡർ എന്താ ഇതുവരെ ഇവന്റെ
പേരു മാത്രം എഴുതാത്തത്..നമ്മൾ മൂന്നും കൂടിയല്ലേ സംസാരിച്ചത് ?”

ക്ലാസ്സിൽ വർത്തമാനം പറഞ്ഞതിന് മലയാളം മാഷിന്റെ അടിയുടെ ചൂട് വിട്ടുമാറാത്ത ,
ഒപ്പം ഇരിക്കുന്ന സജീദിന്റെ സംശയം ….

ഇവർ അയൽ വാസികൾ അല്ലെ ? ചിലപ്പോൾ
അവൾക്കു ഇവനോടു പ്രേമം ആയിരിക്കും.
സനീഷിന്റെ വാക്കുകളിൽ കോപം കലർന്നിരുന്നു…

പിറ്റേന്ന് ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ, തന്നെ
എതിരേറ്റത് കൂട്ടച്ചിരിയായിരുന്നു. ഒന്നും
മനസ്സിലാവാതെ സംശയത്തോടെ ഞാൻ ചുറ്റിനും നോക്കി…

പെട്ടെന്നാണ് ബോർഡിൽ കണ്ണുടക്കിയത്….
അതിൽ എഴുതി വച്ചിരിക്കുന്ന വാചകങ്ങൾ കണ്ടു തല കറങ്ങുന്ന പോലെ തോന്നി….

” അച്ചു + അനസൂയ ”
ലൗ , ചിഹ്നത്തിനുള്ളിലായി
ഞങ്ങളുടെ പേരുകൾ വ്യക്തമായി കണ്ടു….

ചാടി എഴുന്നേറ്റു…ഡെസ്റ്ററെടുത്തു അതുമായിച്ചു..
എത്ര ശ്രമിച്ചിട്ടും അക്ഷരങ്ങൾ മായാതെ
നിൽക്കുന്ന പോലെ തോന്നി…

എന്റെ വെപ്രാളം കണ്ടാവണം, ക്ലാസ് വീണ്ടും
പൊട്ടിച്ചിരിച്ചു…ചിലർ ‘എല്ലാം മനസ്സിലായി, എന്ന ഭാവത്തിൽ തല കുലുക്കുന്നുണ്ടായിരുന്നു…

ഞെട്ടലോടെ തിരിഞ്ഞു അനുവിനെ നോക്കി,

അവൾ ഇതൊന്നും ശ്രദ്ധിക്കാതെ ബുക്കിൽ എന്തോ എഴുതിക്കൊണ്ടിരുന്നു. യാതൊരുവിധ
നീരസവും ആ മുഖത്തു ഇല്ലായിരുന്നു എന്നത്
എനിക്ക് അൽപ്പം ധൈര്യം പകർന്നു.. ഇടയ്ക്ക് എന്നെ തേടിയെത്തിയ അനുവിന്റെ നോട്ടത്തിൽ
‘ഞാനല്ല ‘ എന്ന് പറയാൻ ശ്രമിച്ചപ്പോൾ ആ
മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആശ്വാസത്തിന്റെ
കുളിർക്കാറ്റായിരുന്നു ……

മലയാളം മാഷ് വന്നു കയറിയപ്പോൾ തന്നെ
മുൻ ബഞ്ചിലിരുന്ന ബിജീഷ് ,മാഷിനോട് ഈ കാര്യം പറഞ്ഞു…

“ആരാണ് എഴുതിയതെന്നു അറിയാവുന്നവർ ആരെങ്കിലും ഉണ്ടോ ഈ ക്ലാസ്സിൽ ?”

മാഷിന്റെ ചോദ്യം കേട്ടു എല്ലാവരും പരസ്പരം
നോക്കിയതല്ലാതെ ആരും ഒന്നും പറഞ്ഞില്ല.. എന്റെ നോട്ടം സനീഷിന്റെ മുഖത്തു പതിഞ്ഞപ്പോൾ അവൻ ഞെട്ടുന്നത് കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *