ആ വർഷത്തെ ഉത്സവത്തിന് കളരി നടത്തിപ്പുകാരായ ചില മുതിർന്ന കാരണവൻമാർ അക്കരക്കാരിൽ നിന്നും പണം വാങ്ങിച്ച് ഒരു ചതി ഒപ്പിച്ചു .
കളരിക്ക് തമ്പുരാട്ടി ഇക്കരയിൽ നിന്നും ഇറങ്ങരുത് .
പകരം ആരെ വേണമെങ്കിലും ഇറക്കാം .
അതിന് നടത്തിപ്പുകാരായ നിങ്ങൾ എന്തെങ്കിലും ഉപായം കാണണം .
തമ്പുരാട്ടി എന്ത് വന്നാലും കളരി മുറ്റത്ത് ഇറങ്ങരുത് .
ഇതായിരുന്നു അക്കരക്കാരുടെ ഡിമാൻൻ്റ് .
കളരി നടത്തിപ്പുകാരിൽ മുൻപിൽ നിന്ന തമ്പുരാട്ടിയുടെ അമ്മ വീട്ടുകാർ പോലും അക്കരക്കാരുടെ പണം വാങ്ങി അതിന് കൂട്ടുനിന്നു എന്നതായിരുന്നു ആശ്ചര്യം ,
ഒരു പെണ്ണിൻ്റെ ശക്തിയേയും ചങ്കൂറ്റത്തേയും നേതൃത്ത്വത്തേയും ഭയക്കുന്ന പുരുഷ കോന്തൻമാരായിരുന്നു അക്കരയിലും ഇക്കരയിലും അധികവും .
തമ്പുരാട്ടിയുടെ സ്ത്രീ മേൽകോയ്മ തോറ്റ് കാണാനും തമ്പുരാട്ടിക്ക് അംഗവൈകല്യം വന്ന് പുരുഷാധിപത്യം നാട്ടിൽ വരാനും നാട്ടിലെ മുതിർന്ന കാരണവൻമാർ ആഗ്രഹിച്ചതിൽ തെറ്റൊന്നും പറയാനൊക്കില്ല .
പക്ഷേ ദേവി തമ്പുരാട്ടിയോട് ഓച്ചാനിച്ച് നിൽക്കാൻ തന്നെ പിടുക്ക് വിറക്കുന്ന പുരുഷ നിർഗുണൻമാർക്ക് തമ്പുരാട്ടി കളരിയിൽ താറണിഞ്ഞ് മുളയുമേന്തി ഇറങ്ങാതിരിക്കാൻ എന്ത് ചെയ്യും എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയിരുന്നില്ല .
എട്ട് ആണുങ്ങളെ ഒറ്റക്ക് നേരിട്ട് മർമത്തിൽ കുത്തി വീഴ്തുന്ന തമ്പുരാട്ടിയെ കൂലിക്ക് ആളെ വിട്ട് ഇരുട്ടടി അടിക്കാൻ വരെ ആളെ കിട്ടിയിരുന്നുമില്ല .
തമ്പുരാട്ടിയെ നേരിടാൻ ഞങ്ങളില്ലെ . ഞങ്ങൾക്ക് കുറച്ച് നാളു കൂടി തണ്ടും തടിയോടെയും ജീവിക്കണം എന്നുണ്ട് .
ഇതാണ് നാട്ടിലെ പഴയ കാലത്തെ കൊട്ടേഷൻ ഗാങ്ങ് കളരി നടത്തിപ്പുകാരായ കാരണവൻമാർക്ക് കൊടുത്ത മറുപടി .
ആരോഗ്യം കൊണ്ട് ദേവിയെ നേരിടാൻ പറ്റില്ല എന്ന് മനസിലാക്കിയ കാരണവന്മാർ രാജ തന്ത്രം തന്നെ പ്രയോഗിച്ചു .
പൊതുവെ ജാഡക്കാരിയും ഞാൻ എന്ന ഭാവവുമുള്ള തമ്പുരാട്ടിയെ ഒന്ന് പുകഴ്തിയും ഒപ്പം ഇകഴ്തിയും കാര്യം സാധിക്കുക .
ഇതാണവർ കണ്ടു പിടിച്ച മാർഗം .
തമ്പുരാട്ടിയുടെ അമ്മ വീട്ടുകാരായ കുറച്ച് അമ്മാവൻമാർ തമ്പുരാട്ടിയുടെ തറവാട്ടിൽ എത്തി കാര്യം അവതരിപ്പിച്ചു .
ഇത്തവണ ഉത്സവത്തിന് ദേവി കളരിക്ക് ഇറങ്ങരുത് .
തമ്പുരാട്ടി കാര്യം എന്താണെന്ന് അവരോട് തിരക്കി .
വെറും പത്തൊൻപത് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയാ അക്കരയിൽ നിന്ന് കളരിക്ക് വരുന്നത് .
അതിന് ?
ദേവിയുടെ വേളിക്കാരന് കളരിക്കിറങ്ങാൻ ശേഷിയില്ല . അയാൾ ഒരാണല്ല എന്നാണ് പൊതുവെ എല്ലായിടത്തും സംസാരം . ഇക്കുറി വരദൻ കളരിക്കിറങ്ങട്ടെ . പൂ പറിക്കുന്ന പോലെ വരദൻ കളരി ജയിക്കുകയും ചീത്തപ്പേര് മാറുകയും ചെയ്യുമല്ലോ …!
അതിൻ്റെ ആവശ്യം ഉണ്ടോ ?
തമ്പുരാട്ടി വീണ്ടും സംശയാസ്പതമായി അവരോട് തിരക്കി !
ദേവിയെ കളരിയിൽ നേരിടാൻ ഈ ഭൂഗോളത്തിൽ ആളില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലെ . ഇനി ദേവി തെളിയിക്കണ്ടത് വരദൻ ഒരു പുരുഷ കേസരി ആണെന്നാണ് . ഞങ്ങൾ പറയാനുള്ളത് പറഞ്ഞു .
ആ വരുന്ന പെൺകുട്ടി ആളെങ്ങനെയാണ് .?
തമ്പുരാട്ടി അൽപം ഗൗരവത്തോടെ അവരോട് ചോദിച്ചു .
വെറും നരുന്ത് പെണ്ണ് . ആ കിട്ടു മൂപ്പൻ്റെ രണ്ടാമത്തെ മകളുടെ മൂത്ത മകളാ . പേര് പ്രീതി എന്നോ മറ്റോ ആണ് . വരദൻ്റെ ഒരു മുളക്കില്ല പെണ്ണ് .
ആ എനിക്ക് മനസിലായി . ഞാൻ കണ്ടിട്ടുണ്ട് . ആ കറുത്തിട്ട് ചുരുണ്ട മുടിയുള്ള കൊച്ചു പെണ്ണ് . അവൾക്ക് പത്തൊൻപതായോ പ്രായം . കൊച്ചു കുട്ടിയാണല്ലോ ?
കാണാൻ ആള് ചെറുതാണെങ്കിലും പ്രായം പത്തൊൻപതായി എന്നാ പറഞ്ഞത് .
ആ അവളാണെങ്കിൽ വരദേട്ടൻ മതി . ഞാൻ ഇക്കുറി മാറി തന്നേക്കാം .
തമ്പുരാട്ടിയിൽ നിന്നും അഹന്തയോടു കൂടിയുള്ള ആ മറുപടി കേട്ടതും വന്ന കാരണവൻമാർക്കെല്ലാം സന്തോഷമായി .
അവർ കളരിക്കുള്ള നോട്ടീസ് വിതരണം തകിർതിയായി ആരംഭിച്ചു .
അക്കരയിലും ഇക്കരയിലും ആകാംശരായ ജനങ്ങൾ തുള്ളി ചാടി .
ഇക്കുറി കളരിക്ക് ദേവി തമ്പുരാട്ടി ഇറങ്ങുന്നില്ല എന്ന വാർത്ത നാടെങ്ങും കാട്ടു തീ പോലെ പടർന്നു .
