നെഞ്ചിൽ ചവിട്ടി ചോര തുപ്പിക്കുകയോ കാലോ കയ്യോ തല്ലി ഓടിക്കുകയോ മറ്റേതെങ്കിലും ഭാഗത്ത് ക്ഷതം വരുത്തി വീണ് കിടക്കുന്നയാളെ അംഗവൈകല്യം ഏൽപ്പിക്കുകയോ ചെയ്യാം .
ക്ഷതം ഒന്നും ഏൽപിക്കാതെ വെറുതെ വിടുന്നതിനും പ്രശ്നമില്ലായിരുന്നു .
ഏറ്റവും കൂടുതൽ ആളുകളെ അതും പുരുഷൻമാരെ ക്ഷതം ഏൽപിച്ചതും അംഗവൈകല്യം വരുത്തിയതും ദേവി തമ്പുരാട്ടിയായിരുന്നു .
അങ്ങനെ കളരി മുറ്റത്ത് ചാവേറുകളുടെ പേര് വിളിച്ച് ഓരോരുത്തരെയായി നാല് സൈഡും വടം കെട്ടിയ തട്ടിലേക്ക് ആനയിച്ച് വിളിച്ചു .
രണ്ടു പേരുടെയും കന്നിയങ്കമായിരുന്നു അവിടെ അരങ്ങേറിയത് .
വരദൻ പണ്ട് മുതലെ കളരി പഠിച്ചിട്ടുണ്ടെങ്കിലും പോരിനിറങ്ങുത് ആദ്യമായിട്ടായിരുന്നു .
പ്രീതിയാണെങ്കിൽ കളരി പഠിത്തം പൂർത്തിയാക്കിയ ശേഷം ആദ്യത്തെ കന്നിയങ്കവും .
അതും തൻ്റെ അച്ചനേക്കാൾ പ്രായം ചെന്ന ദേവി തമ്പുരാട്ടിയുടെ വേളിക്കാരനുമായിട്ട് .
അതിൻ്റെയൊരു പേടി ആ കൊച്ചു പെൺകുട്ടിക്കുണ്ടെങ്കിലും ഇക്കുറിയെങ്കിലും തൻ്റെ മുത്തഛനായ കിട്ടു മുപ്പൻ്റെയും അക്കരയുടേയും മാനം രക്ഷിക്കണം എന്നതു മാത്രമായിരുന്നു അവളുടെ മനസിൽ .
ആദ്യം തട്ടിൽ കയറിയത് വരദനായിരുന്നു .
കസവ് മുണ്ട് കൊണ്ട് താറുടുത്ത് പൂണൂല് ഊരി വെച്ച് ഗോപി കുറിയും ചാർത്തി കൊത്ത് കൂടാൻ നിൽക്കുന്ന ചാത്തൻ പൂവനെ പോലെ വരദൻ തട്ടിൽ വന്ന് നിന്നു .
മുന്നിലത്തെ ചെയറിൽ ഇരുന്നു കൊണ്ട് തമ്പുരാട്ടി വരദന് വേണ്ട നിർദേശങ്ങക്കായ് കൈകൾ കൊണ്ട് ആഗ്യം കാണിച്ച് കൊടുത്തും മന്ദഹാസം പൊഴിച്ചും ഞാനെന്ന ഭാവത്തിൽ രാജ പ്രൗഡിയോടെ കസേരയിൽ കാലിന് മുകളിൽ കാല് കയറ്റി വെച്ചിരിക്കുന്നുണ്ടായിരുന്നു .
മുല്ല പൂവും വട്ടത്തിൽ ചൂടി മുടി വട്ടത്തിൽ കെട്ടിവെച്ച് സെറ്റ് സാരിയുമുടുത്ത് തമ്പുരാട്ടിയുടെ ആ ഇരിപ്പ് ഒരു രാജ്ഞിയെ പോലെ തോന്നിക്കും വിധമായിരുന്നു .
എന്നാലും ഇക്കുറി എല്ലാവരുടേയും നോട്ടം മുഴുവനും കളരി തട്ടിലേക്കായിരുന്നു .
ഒരാണും ഒരു പെണ്ണും അതും പ്രായ വെത്യാസമുള്ള രണ്ട് പേർ തമ്മിൽ കൊത്തു കൂടാൻ പോകുന്നു .
കളരി മത്സരത്തിന് അങ്ങനേയും ആ നാട്ടിൽ ചിലർ പറയാറുണ്ടായിരുന്നു .
വരദൻ കൊത്തു കൂടാൻ തയാറായി തട്ടിൽ നിലയുറപ്പിച്ചതും അതാ വരുന്നു പ്രീതി.
പ്രീതിയുടെ പേര് മൈക്കിൽ വിളിച്ച് പറഞ്ഞതും കറുത്ത ചുരിദാർ ടോപ് പോലെയുള്ള വസ്ത്രവും ധരിച്ച് പാൻ്റിന് പകരം ചുവന്ന മുണ്ടു കൊണ്ട് താറും ചുറ്റി വണ്ണമില്ലാത്ത മിനുസമുള്ള ഇരുനിറമായ തുടകളും കാണിച്ച് മാറിന് മുകളിലൂടെ ചുവന്ന ഒരു ഷോളും പുതച്ച് ഗോപിക്കുറിയും നെറ്റിയിൽ ചാർത്തി മുടി വട്ടത്തിൽ പിറകിൽ കെട്ടി വെച്ചു കൊണ്ടുള്ള പ്രീതിയുടെ ആ വരവ് അൽപം പോലും ഭയമില്ലാതെയായിരുന്നു .
നാട്ടുകാരെല്ലാം ആവേശ ഭരിതരായി നിന്നു.
കളരിപോരിൻ്റെ സ്ഥിരം റഫറിയായിരുന്ന പണിയോലത്ത് ഗംഗാദരൻ ചേട്ടൻ രണ്ട് പേരുടേയും നടുവിൽ നിന്ന് അവർക്ക് വേണ്ട നിർദേശങ്ങൾ കൊടുത്തു .
ശേഷം രണ്ട് പേരും മുഖത്തോട് മുഖം നോക്കി നിന്ന് തൊഴുത് പരസ്പരം ബഹുമാനം അർപിച്ചു .
ആർപ്പോ ഹോയ് എന്ന മൂന്ന് ആർപ്പോ വിളികൾ കഴിഞ്ഞ് ഗംഗാദരൻ ചേട്ടൻ ഇരുവരേയും മുഖാ മുഖം നിർത്തി രണ്ടു പേരുടേയും മുളകൾ തമ്മിൽ മുട്ടിച്ച് വെച്ചു കൊടുത്തു .
എന്നിട്ട് കാവി നിറത്തിലുള്ള ഒരു തൂവാല വീശിയതും പോരിന് തുടക്കമായി .
മൂത്ത ആൺ പൂവനും കന്നി പ്രായമുള്ള പെൺ കോഴിയും തമ്മിൽ പരസ്പരം ഏറ്റുമുട്ടി .
ടപ്പ് ടപ്പ് ടപ്പ് ‘
മുളക്കോലുകൾ തമ്മിൽ കോർത്തടിക്കുന്ന ശബ്ദം അവിടമാകെ മുഴങ്ങി .
കാണികൾ നിശബ്ദരായി വായ പൊളിച്ച് ആ കന്നിയങ്കം കണ്ടു നിന്നു .
ആദ്യ റൗണ്ടിൽ വരദൻ മുന്നേറിക്കൊണ്ടിരുന്നു .
ആ വലിയ ശരീരത്തിൻ്റെ ആധിപത്യം താങ്ങാൻ പ്രീതിയുടെ കൊച്ചു ശരീരത്തിന് സാധിക്കാത്ത പോലെ തോന്നി .
ടപ്പ് ടപ്പ് ടപ്പ്
മുളക്കോലുകൾ വായുവിലുയർന്ന് വീശി അടിച്ചു കൊണ്ടിരുന്നു .
വലിയ രീതിയിൽ അലറി ശബ്ദമുണ്ടാക്കിക്കൊണ്ട് രണ്ട് പേരും പരസ്പരം ചാടി ചാടി ചുവടുകൾ വെച്ച് പൊരുതി .
