“അനുവദിച്ചിരിക്കുന്നു..നിനക്ക് നാം നല്‍കിയ ഉടമ്പടി നീ ലംഘിക്കാതെയിരിക്കുന്ന കാലത്തോളം നിനക്കവിടെ ജീവിക്കാം”
“നന്ദി പ്രഭോ..വളരെ നന്ദി”
“ഉം പൊയ്ക്കൊള്ളൂ” യമന്‍ അവള്‍ക്ക് അനുമതി നല്‍കി.
കല്യാണി ഒരിക്കല്‍ക്കൂടി സാഷ്ടാംഗം വീണ ശേഷം അനന്ത വിഹായസ്സിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങി
മരത്തില്‍ തൂങ്ങിക്കിടക്കുന്ന മകളെ നോക്കി മണ്ണില്‍ മുഖം അമര്‍ത്തി ദേവകി അലമുറയിട്ടു.
“എന്റെ പൊന്നുമോളെ..എന്തിനാടീ നീയീ കടുംകൈ ചെയ്തത്? എനിക്കിനി ആരുണ്ടെന്റെ ദൈവമോ….അയ്യോ..ഞാനിനി എന്തിനാ ഭഗവാനെ ജീവിക്കുന്നത്..ആര്‍ക്ക് വേണ്ടി ഞാന്‍ ജീവിക്കണം..എന്റെ തങ്കക്കുടം എന്നെ വിട്ടുപോയല്ലോ..അയ്യയ്യോ എനിക്ക് വയ്യേ…”
അവര്‍ മാറത്തടിച്ച് അസഹ്യമായ മനോവേദനയോടെ ഉറക്കെ നിലവിളിച്ചു. ആ ഗ്രാമത്തിലെ മൊത്തം ജനങ്ങളും പനയന്നൂര്‍ തറവാടിനോട് ചേര്‍ന്നുള്ള ദേവകിയുടെ വീട്ടുവളപ്പില്‍ കല്യാണി തൂങ്ങിമരിച്ച മരത്തിന്റെ ചുറ്റുമായി തടിച്ചു കൂടിയിരുന്നു.
“ഹയ്യോ കഷ്ടം..ആ തള്ള ഇതെങ്ങനെ സഹിക്കും? ഭര്‍ത്താവ് ഇട്ടിട്ടു പോയ അവര്‍ക്ക് ആ കൊച്ചു മാത്രമായിരുന്നു ഒരു സമാധാനം..എന്ത് തങ്കക്കുടം പോലിരുന്ന കോച്ചാ..എന്തിനാ ദൈവമേ ഇവള്‍ ചെറു പ്രായത്തില്‍ ഈ കടുംകൈ ചെയ്തത്?” ഒരു കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു.
“ആര്‍ക്കറിയാം ചേട്ടാ..പെണ്ണ് വല്ല പ്രേമത്തിലോ മറ്റോ പെട്ട് കാണും. ആരു കണ്ടാലും കൊതിച്ചു പോകുന്ന സുന്ദരി അല്ലാരുന്നോ..ഏതെങ്കിലും മനുഷ്യത്വമില്ലാത്തവന്‍ അവളെ ചതിച്ചു കാണും….” മറ്റൊരാള്‍ പറഞ്ഞു.
“അവള്‍ അങ്ങനെ പ്രേമിക്കാന്‍ ഒന്നും നടക്കുന്ന കൊച്ചായിരുന്നില്ല..കാണാന്‍ അല്പം മെന ഉണ്ടെന്നു കരുതി ഇല്ലാക്കഥ പറഞ്ഞുണ്ടാക്കല്ലേ” വേറൊരാള്‍ അയാള്‍ പറഞ്ഞത് ഇഷ്ടപ്പെടാതെ പറഞ്ഞു.
“തന്ത ഉപേക്ഷിച്ചു പോയ ആ കൊച്ചിനെ അവള് പാടുപെട്ടു പോന്നുപോലാ വളര്‍ത്തിയത്..ഇനി അവള്‍ക്ക് ആരുണ്ട്..” മറ്റൊരാള്‍ ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു.
“ങാ പിള്ളമാരു വരുന്നുണ്ട്..ഈ കൊച്ച് അവര്‍ക്കും സ്വന്തം മോളെപ്പോലെ ആയിരുന്നില്യോ….അവിടുത്തെ പിള്ളേരുടെ കൂടെ കളിച്ചു വളര്‍ന്ന പെണ്ണല്യോ അവള്..” ഒരു പ്രായമായ സ്ത്രീ പിന്നിലേക്ക് നോക്കി പറഞ്ഞു.
ബലരാമനും അനുജന്മാരും സംഭവസ്ഥലത്തേക്ക് വന്നു.
“എല്ലാരും ഒന്ന് മാറി നില്‍ക്ക്..പോലീസ് എത്തിയിട്ടുണ്ട്…”
കൂടി നിന്ന ആളുകളോട് ബാലാരാമന്‍ പറഞ്ഞു. അമ്പതിന് മേല്‍ പ്രായമുള്ള ബലരാമന്‍ പിള്ള പനയന്നൂര്‍ തറവാട്ടിലെ ഇപ്പോഴത്തെ കാരണവര്‍ ആണ്. മരിച്ചുപോയ പത്മനാഭന്‍ പിള്ളയുടെ മൂത്ത മകന്‍. അഞ്ചേമുക്കാല്‍ അടി ഉയരവും വെളുത്ത നിറവും നല്ല തലയെടുപ്പുമുള്ള പിള്ളയ്ക്ക് കരുത്തുറ്റ ശരീരമാണ്. മുണ്ടും തോളില്‍ ഒരു നേരിയതും ധരിച്ചിരുന്ന അയാളുടെ കഴുത്തില്‍ ചെറിയ ഒരു ചങ്ങലയുടെ വലിപ്പമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങി. മുടി കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട് എങ്കിലും മുഖത്തിന്റെ ഭംഗിയും പൌരുഷവും അത് തെല്ലും കുറച്ചിരുന്നില്ല. പിള്ളയും അനുജന്മാരും ദേവകിയുടെ അടുത്തെത്തി.
“എടീ രാധമ്മേ..ഇവളെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോ..”
ബലരാമന്‍ ഭാര്യയോട് ആജ്ഞാപിച്ചു. രാധമ്മ ദേവകിയുടെ അടുത്തെത്തി അവരുടെ തോളില്‍ മെല്ലെ സ്പര്‍ശിച്ചു. ബലരാമനെക്കാള്‍ രണ്ടോ മൂന്നോ വയസ് ഇളയ നല്ല തടിച്ചു വെളുത്ത ഒരു സ്ത്രീയാണ് രാധമ്മ. തറവാട്ടിലെ മൂത്ത മരുമകള്‍.
“ദേവകീ..എഴുന്നേല്‍ക്ക്..പോലീസ് വരുന്നു..വാ..വീട്ടിലേക്ക് പോകാം..” രാധമ്മ അവരോട് പറഞ്ഞു.
“ഹെന്റെ കുഞ്ഞേ..എന്റെ പൊന്നുമോള് കിടക്കുന്ന കിടപ്പ് കണ്ടോ..അയ്യയ്യോ ഇന്നലെ രാത്രി കളിതമാശ പറഞ്ഞു കിടന്നുറങ്ങിയ കൊച്ചാ ഈ കെടക്കുന്നത്..എനിക്ക് വയ്യായേ..എന്നേം കൂടി അങ്ങ് കൊല്ലോ..”
ദേവകി ദുഃഖം സഹിക്കാനാകാതെ നിലവിളിച്ചു. രാധമ്മ അവരെ ഒരു വിധത്തില്‍ താങ്ങി എഴുന്നേല്‍പ്പിച്ച് അവരുടെ കുടിലിലേക്ക് നടന്നു.
“ഉം..മാറി നില്‍ക്കിനെടാ..”
സബ് ഇന്‍സ്പെക്ടര്‍ ആചാരിയുടെ ഘനഗംഭീര ശബ്ദം കേട്ടപ്പോള്‍ ആളുകള്‍ ചിതറി മാറി. ആജാനുബാഹുവായ ആചാരിയും ഏഴെട്ട് പോലീസുകാരും കല്യാണിയുടെ ശരീരം തൂങ്ങിക്കിടന്നിരുന്ന മരത്തിന്റെ അടിയിലെത്തി. അയാള്‍ മൃതദേഹത്തിന്റെ കിടപ്പ് താഴെ നിന്നും നിരീക്ഷിച്ചു. ഏതാണ്ട് അഞ്ചടി ഉയരത്തിലാണ് കല്യാണിയുടെ ശരീരം തൂങ്ങി നില്‍ക്കുന്നത്. കണ്ണുകള്‍ പുറത്തേക്ക് തുറിച്ച്, നാവ് കടിച്ചു പിടിച്ച നിലയിലാണ്; കണ്ടാല്‍ ഭീതി തോന്നുന്ന മുഖഭാവം. കഴുത്തില്‍ കുരുക്ക് നന്നായി മുറുകിയിട്ടുണ്ട്.
“ഉം..ആത്മഹത്യ തന്നെയാണ്..” ആചാരി ചുറ്റും നടന്നു നോക്കി സ്വയം പറഞ്ഞിട്ട് തിരിഞ്ഞു.
“ആരാണ് ഈ ശരീരം ആദ്യം കണ്ടത്?”
“അവള്‍ടെ തള്ള തന്നെയാ സാറേ ആദ്യം കണ്ടത്..” മറുപടി നല്‍കിയത് ബലരാമന്റെ അനുജന്‍ മാധവനാണ്. ചേട്ടനെപ്പോലെ തന്നെ കരുത്തനും മുഖത്ത് സദാ ക്രൂരഭാവം ഉള്ള ആളുമാണ് മാധവന്‍.
“ചാകാന്‍ വല്ല കാരണവും ഉള്ളതായി അവര് പറഞ്ഞോ?” എസ് ഐ ചോദിച്ചു.
“ഒന്നും അറിയത്തില്ല സാറേ..ഇന്നലെ വൈകിട്ടും കളിച്ചും ചിരിച്ചും നടന്ന പെണ്ണാണ്..പെട്ടെന്ന് ഇങ്ങനെയൊരു കടുംകൈ അവളെന്തിനു ചെയ്തു എന്ന് ഞങ്ങള്‍ക്കും മനസിലാകുന്നില്ല..ഞങ്ങള്‍ക്കും അവള് സ്വന്തം മോളെപ്പോലെ ആയിരുന്നു” ബലരാമന്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
“ഉം..ആരെങ്കിലും കയറി ബോഡി താഴെ ഇറക്കൂ….” എസ് ഐ ആജ്ഞാപിച്ചു.
സന്ധ്യയോടെ നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷം കല്യാണിയുടെ ശരീരം സംസ്കരിച്ചു. കരഞ്ഞു തളര്‍ന്ന ദേവകി കുടിലില്‍ കിടക്കുകയായിരുന്നു. അവരുടെ അനുജത്തിയും മക്കളും സംഭവമറിഞ്ഞ് എത്തിയതിനാല്‍ വീട്ടില്‍ അവര്‍ തനിച്ചായിരുന്നില്ല. പനയന്നൂര്‍ തറവാട്ടിലെ വീട്ടുജോലിക്കാരികളില്‍ പ്രമുഖ ആണ് ദേവകി. വര്‍ഷങ്ങളായി തറവാടുമായി അടുത്ത ബന്ധം അവര്‍ക്കുണ്ട്. തറവാടിനോട് ചേര്‍ന്ന് പണ്ട് ഏതോ കാരണവര്‍ നല്‍കിയ അരയേക്കര്‍ സ്ഥലത്താണ് ദേവകിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ മകള്‍ കല്യാണിയുടെ കൂടെ തനിച്ചാണ് അവര്‍ താമസിച്ചിരുന്നത്.
സന്ധ്യ ആയതോടെ പനയന്നൂര്‍ തറവാട്ടിലെ പിള്ളമാര്‍ തറവാട്ടു മുറ്റത്ത് പതിവുള്ള സുരപാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഏതാണ്ട് ഇരുപത് ഏക്കര്‍ വരുന്ന വിശാലമായ വനം പോലെ തോന്നിക്കുന്ന പറമ്പിന്റെ മധ്യത്തിലാണ് ഇരുനിലകള്‍ ഉള്ള ആ പടുകൂറ്റന്‍ കൊട്ടാര സദൃശമായ വീട്. ഏതാണ്ട് മുപ്പതില്‍ അധികം മുറികള്‍ ആ തറവാടിനുണ്ട്.
