പത്മനാഭന്‍ പിള്ള എന്ന തന്റെടിയും ആരെയും കൂസാത്തവനുമായിരുന്ന നാട്ടുപ്രമാണിയുടെ എട്ടുമക്കളും അവരുടെ ഭാര്യമാര്‍, മക്കള്‍, മരുമക്കള്‍ എന്നിവരാണ് ആ തറവാട്ടിലാണ് അന്തേവാസികള്‍. ഭാര്യ നേരത്തെ തന്നെ മറിച്ചു പോയ പത്മനാഭന്‍ പിള്ള ഭാഗം വച്ച് മാറരുത് എന്ന് മരിക്കുന്നതിനു മുന്‍പ് മൂത്തമകന്‍ ബലരാമാനോട് പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം പോലെതന്നെ മക്കള്‍ സ്വത്ത് വിഭജിക്കാതെ ഒരുമിച്ച് ജോലി ചെയ്ത് അനുഭവിച്ചു പോരുകയായിരുന്നു. ഈ കാണുന്ന സ്ഥലം കൂടാതെ ഏക്കറു കണക്കിന് പാടങ്ങളും തെങ്ങിന്‍ തോപ്പുകളും അവര്‍ക്ക് വേറെയുമുണ്ട്. ബലരാമന്റെ താഴെയുള്ള ഏഴു സഹോദങ്ങളില്‍ നാല് പുരുഷന്മാരും മൂന്നു സ്ത്രീകളും ഉണ്ട്. അവരുടെ മക്കളും മരുമക്കളും എല്ലാം കൂടി ഏതാണ്ട് നാല്‍പ്പതോളം അംഗങ്ങള്‍ ആ വീട്ടിലുണ്ട്. അത്രയും പേരുണ്ടായിട്ടും തറവാട്ടില്‍ മുറികള്‍ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു എന്നറിയുമ്പോള്‍ അതിന്റെ വലിപ്പം ഊഹിക്കാവുന്നതേയുള്ളൂ.
വീട്ടുജോലികള്‍ക്ക് നാല് സ്ത്രീകള്‍ സ്ഥിരമായുണ്ട്. അവരെ നിയന്ത്രിക്കുന്നത് ദേവകി ആണ്. വീട്ടിലെ പെണ്ണുങ്ങളും അവരുടെ തോന്നല്‍ അനുസരിച്ച് അടുക്കളയില്‍ കയറി ജോലിക്കാരെ സഹായിക്കാറുണ്ട്. ഉത്സവപ്രതീതി ആണ് തറവാട്ടില്‍ എല്ലായ്പോഴും. കുട്ടികളും യുവാക്കളും മുതിര്‍ന്നവരും ഒക്കെയായി സജീവമായ അന്തരീക്ഷമാണ് എപ്പോഴും. തറവാട്ടിലെ പുരുഷന്മാരും സ്ത്രീകളും നാട്ടിലെ തന്നെ ഏറ്റവും സൌന്ദര്യമുള്ളവര്‍ ആണ്. ആണായാലും പെണ്ണായാലും പനയന്നൂര്‍ തറവാട്ടില്‍ ജനിക്കുന്ന ഏത് പ്രജയും കാണാന്‍ അഴകുള്ളവരായിരിക്കും.
തറവാട്ടിലെ അടുക്കളയുടെ വലിപ്പം സാധാരണ ചില വീടുകളുടെ മൊത്തം വലിപ്പത്തോളം വരും. നിരവധി അടുപ്പുകള്‍. വലിയ പാത്രങ്ങള്‍. വിറകടുപ്പ് കൂടാതെ ചാണകത്തില്‍ നിന്നും ഉണ്ടാക്കുന്ന ഗ്യാസ് ഉപയോഗിച്ചുള്ള പാചകവും അവിടെ ഉണ്ടായിരുന്നു. തറവാട്ടിലെ അംഗങ്ങള്‍ എല്ലാവിധ ആഹാരങ്ങളും കഴിക്കും. കാരണവന്മാരായ സഹോദരന്മാര്‍ക്ക് മത്സ്യമാംസാദികള്‍ നിര്‍ബന്ധമാണ്. അവിടേക്ക് മാത്രമായി മത്സ്യ കച്ചവടം നടത്തുന്ന ചില മീന്‍പിടുത്തക്കാര്‍ നാട്ടിലുണ്ടായിരുന്നു. മൂന്നു കിണറുകളും, കുളിക്കാന്‍ അഞ്ചോളം കുളങ്ങളും പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പഴയ കാലത്തെ നിര്‍മ്മിതി ആണെങ്കിലും വീടിനുള്ളിലും കുളിമുറികള്‍ തറവാട്ടില്‍ ഉണ്ടായിരുന്നു. വരുമാനമാര്‍ഗ്ഗം പ്രധാനമായും കൃഷി ആണ്.
മരുമക്കളില്‍ ചിലര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി ഉണ്ടെങ്കിലും തറവാട്ടിലെ കാരണവന്മാര്‍ കൃഷി കൊണ്ടാണ് ജീവിച്ചിരുന്നത്. തേങ്ങയും കുരുമുളകും നെല്ലും അടയ്ക്കയും വെറ്റിലയും വാഴയും വിവിധയിനം പച്ചക്കറികളും എല്ലാം അവര്‍ കൃഷി ചെയ്തിരുന്നു. കൂടാതെ പത്തോളം പശുക്കളും അതിന്റെ കിടാങ്ങളും തറവാട്ടിലെ വലിയ തൊഴുത്തില്‍ ഉണ്ടായിരുന്നു. ആട്, കോഴി എന്നിവ വേറെയും. പോഷകസമൃദ്ധമായ ആഹാരം മൂലം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്ല ശരീര വളര്‍ച്ച ഉണ്ടായിരുന്നു; പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച. തറവാട്ടിലെ പെണ്ണുങ്ങള്‍ അമ്പലത്തില്‍ പോകുന്നത് കാണാനായിത്തന്നെ നാട്ടുകാര്‍ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നതും ഒരു സാധാരണ സംഭവമായിരുന്നു.
ദേവകിയുടെ കൌമാരപ്രായക്കാരിയായ മകള്‍ കല്യാണിയും പനയന്നൂര്‍ തറവാട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു. ജാതിയില്‍ താണവളായിരുന്നു എങ്കിലും അഴകില്‍ തറവാട്ടിലെ പെണ്ണുങ്ങളോട് കിടപിടിക്കുമായിരുന്നു കല്യാണി. ഇരുനിറമുള്ള അവളെ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു. നല്ല പ്രസരിപ്പുള്ള സദാ ചിരിയും കളിയുമായി നടന്നിരുന്ന അവളുടെ പെട്ടെന്നുള്ള മരണത്തില്‍ തറവാട്ടിലെ അംഗങ്ങളും അവളുടെ അമ്മയെപ്പോലെ ദുഖിച്ചു; പ്രത്യേകിച്ച് സ്ത്രീകള്‍.
എന്നും പതിവുള്ള പഞ്ചപാണ്ഡവരുടെ (ബലരാമനെയും നാല് സഹോദരന്മാരെയും നാട്ടുകാര്‍ വിളിക്കുന്ന ഓമനപ്പേരാണ് അത്) വൈകുന്നേരത്തെ മദ്യപാന സദസ്സ് അന്ന് പക്ഷെ ചിരിയും കളിയും ഒന്നും ഇല്ലാതെയായിരുന്നു. പെങ്ങന്മാരെ കല്യാണം കഴിപ്പിച്ച അളിയന്മാര്‍ തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും, അവരുമായി കൃത്യമായ ഒരു അകലം ബലരാമനും സഹോദരന്മാരും പാലിച്ചിരുന്നു. അതുകൊണ്ട് തന്നെ മദ്യപാനത്തിന് അവരെ ഒരിക്കലും അവര്‍ മറ്റാരെയും ഒപ്പം കൂട്ടുമായിരുന്നില്ല. അളിയന്മാര്‍ക്കും പഞ്ചപാണ്ഡവരെ ചെറിയ പേടി ഉണ്ടായിരുന്നു.
“ഉം..ഏതായാലും അതങ്ങനെ തീര്‍ന്നു..ആ ചെറുക്കന്‍ എങ്ങോട്ടാണാവോ പോയത്..” ബലരാമന്റെ അഞ്ചാമത്തെ അനുജനായ അര്‍ജ്ജുനന്‍ സ്വയമെന്ന പോലെ പറഞ്ഞു.
“എങ്ങോട്ടെങ്കിലും പോട്ടെ..എന്തായാലും അവന്റെ അഭാവം ആ എസ് ഐ അറിഞ്ഞിട്ടില്ല..” ബലരാമന്‍ ആണ് അത് പറഞ്ഞത്.
“അയാള്‍ അറിഞ്ഞാല്‍ എന്താ? ഈ വീട്ടിലുള്ളവര്‍ക്ക് പുറത്ത് പോകാന്‍ അങ്ങേരുടെ അനുമതി വേണോ?” ചോദ്യം ബലരാമന്റെ നേരെ ഇളയ അനുജന്‍ മാധവന്റെ വക ആയിരുന്നു.
