മൃഗം – 2

“അപ്പോള്‍ ഞാന്‍ കണ്ട സ്വപ്നം യാദൃശ്ചികമല്ല..” അവസാനം നിശബ്ദത ഭംഗിച്ചുകൊണ്ട് അച്ചന്‍ പറഞ്ഞു. വാസു ചോദ്യഭാവത്തില്‍ അച്ചനെ നോക്കി.

“നീ ഏതോ വലിയ കെണിയില്‍ അകപ്പെട്ടു എന്ന് ഞാന്‍ കണ്ടത് ഇപ്പോള്‍ യഥാര്‍ത്ഥ്യം ആയിരിക്കുന്നു..മോനെ..നീ സൂക്ഷിക്കണം..വളരെ സൂക്ഷിക്കണം..”

അച്ചന്‍ അവന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു. വാസു മനസിലാകാത്ത ഭാവത്തില്‍ അച്ചനെ നോക്കി.

“നിന്റെ മനസ്സില്‍ പതിഞ്ഞ ആ ചിത്രം പറിച്ചു മാറ്റാന്‍ നിനക്ക് സാധിക്കില്ല. അത് നിന്നെ മോഹിപ്പിച്ചു തെറ്റുകളിലേക്ക് വലിച്ചിഴയ്ക്കും എന്ന് ഞാന്‍ ഭയക്കുന്നു..നീ അകപ്പെടാന്‍ പോകുന്ന കെണി ഒരു പക്ഷെ അതായിരിക്കും..” ആശങ്ക നിഴലിക്കുന്ന ഭാവത്തോടെ അച്ചന്‍ പറഞ്ഞു.

“എന്ത് തെറ്റ്? അച്ചന്‍ എന്താണ് ഉദ്ദേശിക്കുന്നത്?” വാസു കാര്യം മനസിലാകാതെ ചോദിച്ചു.

“ഒന്നുമില്ല..” ദീര്‍ഘനിശ്വാസത്തോടെ അച്ചന്‍ പറഞ്ഞു. ചെറിയ ഒരു മൌനത്തിനു ശേഷം അദ്ദേഹം അവനെ നോക്കിത്തുടര്‍ന്നു “നീ അവരെ ഉപദ്രവിച്ച സ്ഥിതിക്ക് പ്രതികാരം ചെയ്യാന്‍ അവളും അവനും ശ്രമിക്കും..നീ സൂക്ഷിക്കണം. നിനക്കെതിരെ കള്ളക്കഥകള്‍ ഉണ്ടാക്കാനും അവര്‍ ശ്രമിച്ചേക്കും..പക്ഷെ നീ ആ അമ്മയെ കരുതി ഈ വസ്തുത ആരോടും പറയരുത്..നിന്നെ കേസിലോ മറ്റോ കുടുക്കാന്‍ അവര്‍ ശ്രമിച്ചാല്‍ എന്നെ വന്നു കാണുകയൊ അറിയിക്കുകയോ ചെയ്യുക

..ഞാന്‍ നിന്നെ സഹായിക്കും…”

“പക്ഷെ അച്ചന്‍ എന്നെ എന്തോ തെറ്റിലേക്ക് വലിച്ചിഴയ്ക്കും എന്ന് പറഞ്ഞത് എന്താണ്?” വാസു വീണ്ടും ചോദിച്ചു.

“എല്ലാം കാത്തിരുന്ന് കാണാം..ചിലപ്പോള്‍ ഒന്നും സംഭാവിക്കാതിരിക്കാനും മതി. എന്തായാലും മനസ് കൈമോശം വരാതെ നീ സൂക്ഷിക്കണം…മനസിനെ വരുതിയില്‍ നിര്‍ത്താന്‍ നിനക്ക് സാധിച്ചാല്‍, പിന്നെ ഒരു ശക്തിക്കും നിന്നെ തൊടാന്‍ സാധിക്കില്ല..”

വാസുവിന് അച്ചന്‍ പറഞ്ഞതൊന്നും മനസിലായില്ല. എന്നാലും കാര്യങ്ങള്‍ അച്ചനോട് പറഞ്ഞപ്പോള്‍ അവന് നല്ല ആശ്വാസം തോന്നി. ആശ്വാസം തോന്നിയപ്പോള്‍ അവനു വിശന്നു.

“അച്ചാ..വിശക്കുന്നു..വല്ലോം ഉണ്ടോ തിന്നാന്‍?” അവന്‍ ചോദിച്ചു.

“എന്തോന്നാടാ ഇത്? സമയം പതിനോന്നായില്ലല്ലോ? രാവിലെ നീ ഒന്നും കഴിച്ചില്യോ?”

‘രാവിലെ അഞ്ചു പൊറോട്ടേം രണ്ടു മുട്ടേം കഴിച്ചതാ..എല്ലാം തീര്‍ന്നു..”

“ങാ അങ്ങോട്ട്‌ ചെല്ല്..രാവിലെ ഉണ്ടാക്കിയ ഇഡ്ഡലിയൊ മറ്റോ കാണും..” അച്ചന്‍ പറഞ്ഞു. വാസു എഴുന്നേറ്റ് അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.

സന്ധ്യയോടെയാണ് ശങ്കരനും രുക്മിണിയും വീട്ടില്‍ എത്തിയത്. ശ്മശാനമൂകമായ ഒരു അന്തരീക്ഷമാണ് വീട്ടിലെത്തിയപ്പോള്‍ അവരെ എതിരേറ്റത്. ബെല്ലടിച്ചപ്പോള്‍ വന്നു കതക് തുറന്ന ദിവ്യ വീര്‍ത്തുകെട്ടിയ മുഖത്തോടെ ഒരക്ഷരം പോലും ഉരിയാടാതെ ഉള്ളിലേക്ക് കയറിപ്പോയി. എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ശങ്കരന് മനസിലായി. രുക്മിണി പക്ഷെ അത് ഗൌനിക്കാതെ വേഷം മാറാനായി തന്റെ മുറിയിലേക്ക് പോയി. മകളുടെ ചെറിയ ഭാവമാറ്റം പോലും തിരിച്ചറിയുന്ന ശങ്കരന്‍ അതിന്റെ കാരണം അറിയാനായി അവളുടെ മുറിയിലേക്ക് ചെന്നു. സാദാ ചാടിത്തുള്ളി ഉത്സാഹത്തോടെ നടക്കുന്ന ദിവ്യ കുരങ്ങന്‍ ചത്ത കുറവനെപ്പോലെ ഇരിക്കുന്നത് അയാള്‍ കണ്ടു. അവള്‍ മുഖം വീര്‍പ്പിച്ച് സ്വന്തം മുറിയുടെ ഉള്ളില്‍ത്തന്നെ ആയിരുന്നു.

“എന്താടാ കുട്ടാ..എന്ത് പറ്റി?”

അയാള്‍ വാത്സല്യത്തോടെ മകളുടെ അരികില്‍ ഇരുന്നു ചോദിച്ചു.

മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു. അച്ഛന്റെ തോളിലേക്ക് മുഖം അമര്‍ത്തി അവള്‍ ഉറക്കെ കരഞ്ഞു. ശങ്കരന്‍ ഞെട്ടലോടെ അവളുടെ മുഖം പിടിച്ചുയര്‍ത്തി. അപ്പോഴാണ്‌ അവളുടെ മുഖം തിണര്‍ത്ത് കിടക്കുന്നത് അയാള്‍ കണ്ടത്. വലതു കവിള്‍ ചുവന്നു തുടുത്തിരിക്കുന്നു.

“മോളെ..എന്ത് പറ്റി? എന്തിനാ നീ കരയുന്നത്? നിന്റെ മുഖത്ത് എന്താ ഈ പാട്?” ശങ്കരന്‍ മകളുടെ കരച്ചില്‍ കണ്ടു സഹിക്കാനാകാതെ ചോദിച്ചു. രുക്മിണിയും ശബ്ദം കേട്ട് അവിടേക്ക് എത്തി.

“എന്താ ചേട്ടാ എന്ത് പറ്റി? എന്തിനാ ഇവള് കരയുന്നത്?” അവരും അവളുടെ അരികില്‍ വന്നു ചോദിച്ചു.

“ആ പട്ടി എന്നെ തല്ലി അച്ഛാ..ദാ കണ്ടില്ലേ..ഹയ്യോ..” അവള്‍ വീണ്ടും നിലവിളിച്ചു കരയാന്‍ തുടങ്ങി.

“ആരാടീ..വാസുവോ? അവനാണോ നിന്നെ തല്ലിയത്?” ശങ്കരന്‍ കോപത്തോടെ ചോദിച്ചു.

“അതെ അച്ഛാ..അവനെന്നെ ഒരു കാര്യോം ഇല്ലാതെ തല്ലി..” അവള്‍ കരച്ചിലിനിടെ പറഞ്ഞു.

“പട്ടിക്കഴുവേറി..അത്രയ്ക്കായോ അവന്‍? കണ്ടില്ലേടി നിന്റെ പൊന്നുമോന്റെ കൊണം…ഞാന്‍ എത്ര നാളായി പറയുന്നു അവനെ ഇവിടുന്ന് പറഞ്ഞു വിടാന്‍..കേള്‍ക്കില്ലല്ലോ നീ..ഇനി അവനിവിടെ നില്‍ക്കത്തില്ല..ശങ്കരനാ പറേന്നത്..കണ്ട ഊര് തെണ്ടികള്‍ക്ക് വീട്ടില്‍ ഇടം കൊടുത്താല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും..അവനിങ്ങു വരട്ടെ..” മകളുടെ കവിളില്‍ തലോടിക്കൊണ്ട് ശങ്കരന്‍ പറഞ്ഞു.

“ചേട്ടന്‍ അവള്‍ പറഞ്ഞത് കേട്ടു തുള്ളാതെ കാര്യം എന്താണെന്നു ചോദിക്ക്.. വെറുതെ അവന്‍ ആരെയും തല്ലത്തില്ല..അവനാണ് തല്ലിയതെങ്കില്‍ ഇവള്‍ എന്തോ ഗുരുതരമായ തെറ്റ് ചെയ്തിട്ടുണ്ട്.” രുക്മിണി പറഞ്ഞു.

“ഈ തള്ളയ്ക്ക് സ്വന്തം മോളെക്കാള്‍ എവിടുന്നോ കേറിവന്ന അവനെ ആണ് ഇഷ്ടം..അവനിവിടെ നിന്നാല്‍ ഇനി ഞാനിവിടെ താമസിക്കത്തില്ല..എന്നെ ആര്‍ക്കും വേണ്ടല്ലോ..” ദിവ്യ ഏങ്ങലടിച്ചു കരഞ്ഞു. രുക്മിണി അവളുടെ അരികില്‍ ഇരുന്ന് അവളുടെ മുഖം പിടിച്ചു തന്റെ നേരെ തിരിച്ചു.

“മോളെ..നീ കഴിഞ്ഞേ ഉള്ളു അമ്മയ്ക്ക് വേറാരും..നീയാണ് എന്റെ വയറ്റില്‍ പത്തുമാസം കിടന്നു വളര്‍ന്നവള്‍..പക്ഷെ നിന്റെ സ്വഭാവം ശരിയല്ലാത്തതാണ് എല്ലാത്തിനും കാരണം..സത്യം പറ..എന്താണ് സംഭവിച്ചത്?” രുക്മിണി ശാന്തമായി അവളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

“കുന്തം..നിങ്ങള്‍ക്ക് എന്നെ വിശ്വാസം ഇല്ലല്ലോ..ഞാന്‍ അവനെ കൊല്ലാന്‍ ചെന്നപ്പോള്‍ എന്നെ അവന്‍ തല്ലി..എന്താ മതിയോ…” ദിവ്യ അവരുടെ കൈയില്‍ നിന്നും മുഖം വെട്ടിച്ചു മാറ്റി ശങ്കരന്റെ അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു.

“രുക്മിണി നീ പോ..ഞാന്‍ ഇവളോട്‌ ചോദിച്ചു മനസിലാക്കിക്കോളാം…” ശങ്കരന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരുത്തനാ ഈ പെണ്ണിനെ വഷളാക്കുന്നത്..കണ്ടില്ലേ സ്വന്തം അമ്മയോടുള്ള അവളുടെ പെരുമാറ്റം..” രുക്മിണി ലേശം കോപത്തോടെ അവളെ നോക്കിയിട്ട് ഉള്ളിലേക്ക് പോയി.

“മോള് ചെന്നു കുളിച്ചു വേഷം മാറ്..അച്ഛന്‍ മോള്‍ക്ക് തന്തൂരി ചിക്കന്‍ വാങ്ങി കൊണ്ടുത്തരാം..അവനിങ്ങു വരട്ടെ..ഞാന്‍ വച്ചിട്ടുണ്ട് അവന്..” അവള്‍ പോയപ്പോള്‍ ശങ്കരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *