വാസു ഇടയ്ക്കിടെ അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് അമ്പലത്തില്‍ പോകാറുണ്ട്. അവനു പ്രത്യേകിച്ച് ദൈവവിശ്വാസം ഒന്നുമില്ല; അവന് അതെപ്പറ്റി അറിയില്ല എന്നതാണ് കൂടുതല്‍ ശരി. എന്തിനാണ് അമ്പലത്തില്‍ പോകുന്നത് എന്ന് വാസുവിന് അറിഞ്ഞുകൂടായിരുന്നു. പക്ഷെ അമ്മ പറയുന്നതിനാല്‍ അവന്‍ ഇടയ്ക്കൊക്കെ അവിടെ പോകും. അവിടെ തൊഴുതു മടങ്ങുമ്പോള്‍ എന്തോ ഒരു സുഖം അവനു തോന്നുമായിരുന്നു. അതേപോലെ തന്നെ ഇപ്പോള്‍ പ്രസംഗത്തില്‍ കേട്ട വാക്കുകള്‍ അവന്റെ മനസിനെ സ്പര്‍ശിച്ചു. തനിക്ക് ഈ ഭൂമിയില്‍ ആരുമില്ല എന്ന ചിന്ത അവന്റെ മനസിനെ സദാ ഭരിച്ചിരുന്നതാകാം അതിന്റെ കാരണം. തന്നെ തന്റെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. ഇന്ന് തനിക്ക് അമ്മയും അച്ഛനും എല്ലാം തന്റെ രുക്മിണി അമ്മ മാത്രമാണ്. അതിന്റെ പേരില്‍ ആ പാവം കുറെ അനുഭവിക്കുന്നുമുണ്ട്. വാസുവിന് ആ പ്രസംഗം നടത്തിയ ആളെ ഒന്ന് കാണണം എന്ന് ആഗ്രഹം തോന്നി. മദ്യപിച്ചിരുന്നതിനാല്‍ ആഗ്രഹം സാധിച്ചിട്ടു തന്നെ പോകാം എന്നവന്‍ തീരുമാനിക്കുകയും ചെയ്തു. അവന്‍ നേരെ ആശ്രമത്തിലേക്ക് നടന്നു. അവിടെ ഹാളില്‍ പ്രസംഗം ഏതാണ്ട് തീരാറായിരുന്നു. അവന്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു. പ്രസംഗം തീര്‍ന്ന് ചെറിയ ഒരു പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോള്‍ ആളുകള്‍ പിരിഞ്ഞുപോയി; അച്ചന്‍ മാത്രം അവശേഷിച്ചു.
ഹാളില്‍ നിന്നും പുറത്തേക്ക് വന്ന അച്ചനെ വാസു കണ്ടു. മെല്ലിച്ച് ഏതാണ്ട് അറുപതു വയസിനോട് അടുത്തു പ്രായമുള്ള നീണ്ട താടിയുള്ള ആളായിരുന്നു ഫാദര്‍ ഗീവര്‍ഗീസ്. അദ്ദേഹം പുറത്തേക്ക് വന്നപ്പോള്‍ വാസു അറിയാതെ എഴുന്നേറ്റു. അച്ചന്‍ അവനെ അടിമുടി ഒന്ന്‍ നോക്കി.
“ആരാ..” ലുങ്കിയും ഷര്‍ട്ടും ധരിച്ചിരുന്ന അവന്‍ ധ്യാനം കൂടാന്‍ വന്നതല്ല എന്ന് വേഷത്തില്‍ നിന്നുതന്നെ അച്ചനു മനസിലായിരുന്നു.
“വാസു..” അവന്‍ പറഞ്ഞു.
അച്ചന്‍ അവനെ കൌതുകത്തോടെ നോക്കി. എന്തോ ഒരു പ്രത്യേകത അവനില്‍ അദ്ദേഹം കണ്ടു.
“ഞാന്‍ കഞ്ഞി കുടിക്കാന്‍ പോവ്വാ..വാസു വരുന്നോ…” അച്ചന്‍ ചോദിച്ചു.
“ഓ..വരാം” അവന്‍ ഉടന്‍ തന്നെ അച്ചന്റെ അരികിലേക്ക് ചെന്നു. കുശിനിക്കാരന്‍ ഇരുവര്‍ക്കും കഞ്ഞിയും പയറും പപ്പടവും അച്ചാറും വിളമ്പി. അച്ചന്‍ അവനോട് ഒപ്പം ഇരിക്കാന്‍ പറഞ്ഞെങ്കിലും താഴെയാണ് അവന്‍ ഇരുന്നത്. കപ്പയും മീനും കഴിച്ചിരുന്നെങ്കിലും രണ്ടു പ്ലേറ്റ് കഞ്ഞി നിസ്സാരമായി അവന്‍ അച്ചന്റെ ഒപ്പമിരുന്നു കുടിച്ചു. കഞ്ഞി കുടിച്ചു കഴിഞ്ഞ് അച്ചന്‍ അവനെയും കൂട്ടി ആശ്രമത്തിന്റെ വരാന്തയിലേക്ക് നടന്നു.
“വാസു ഇരി..” തന്റെ ചാരുകസേരയിലേക്ക് ഇരുന്നുകൊണ്ട് അച്ചന്‍ മറ്റൊരു കസേര ചൂണ്ടി അവനോടു പറഞ്ഞു. പക്ഷെ അവന്‍ അതില്‍ ഇരിക്കാതെ നിലത്തിരുന്നു.
“ഇനി പറ..വാസു എന്തിനാ എന്നെ കാണാന്‍ വന്നത്?” അച്ചന്‍ ചോദിച്ചു.
“ചുമ്മാ വന്നതാ..അതിലെ പോകുമ്പോ അച്ചന്റെ പ്രസംഗം കേട്ടു..മാതാപിതാക്കള്‍ ഉപേക്ഷിച്ചാലും ആരോ നമ്മളെ സ്നേഹിക്കുമെന്നോ മറ്റോ അച്ചന്‍ പറഞ്ഞത് കേട്ടു വന്നതാണ്..എനിക്കും അച്ചനോ അമ്മയോ ഇല്ലച്ചാ..അതുകൊണ്ട് അങ്ങേരെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി കേറിയതാ..”
വാസു അലസമായി പറഞ്ഞ ആ വാക്കുകള്‍ അച്ചനെ ചിരിപ്പിച്ചെങ്കിലും അത് അദ്ദേഹത്തിന്റെ മനസിനെ സ്പര്‍ശിച്ചു. അവനൊരു അനാഥനാണ് എന്നദ്ദേഹം വിദൂരതയില്‍ പോലും ഊഹിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ മങ്ങിയ കണ്ണുകളില്‍ നനവ് പടരുന്നത് വാസു കണ്ടു. അച്ചന്‍ വേഗം തന്നെ കണ്ണുകള്‍ ഒപ്പി.
“മോന്‍ എവിടാ താമസിക്കുന്നത്?” അച്ചന്‍ അനുകമ്പയോടെ അവനോടു ചോദിച്ചു. വാസു അവന്റെ ജീവചരിത്രം ചെറിയ വാക്കുകളില്‍ അച്ചനെ അറിയിച്ചു.
“ങാഹാ..അത് ശരി..മോനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു അമ്മ ഉണ്ടായിട്ടാണോ എനിക്കാരുമില്ല എന്ന് പറഞ്ഞത്..?” അവന്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അച്ചന്‍ ചോദിച്ചു.
“പക്ഷെ ആ അമ്മയും എന്നെ പ്രതി ഒരുപാട് സഹിക്കുന്നുണ്ട് അച്ചാ..പാവമാണ് എന്റെ അമ്മ..അവരില്ലായിരുന്നെങ്കില്‍ ഞാന്‍ എങ്ങോട്ടെങ്കിലും എന്നെ പോയേനെ..” ദൂരേയ്ക്ക് നോക്കി വാസു പറഞ്ഞു.
