മൃഗം – 2

“അച്ഛന്‍ അവനെ ഇവിടെ നിന്നും പറഞ്ഞു വിടണം..മൃഗമാണ് അവന്‍ വെറും മൃഗം..നമ്മളെ കൊല്ലാന്‍ പോലും അവന്‍ മടിക്കില്ല..” വെറുപ്പോടെ ദിവ്യ പറഞ്ഞു.

“അവന്‍ വരട്ടെ മോളെ..നീ ചെല്ല്..ചെന്നു കുളിക്ക്…” അയാള്‍ അവളെ എഴുന്നേല്‍പ്പിച്ചു കുളിക്കാന്‍ പറഞ്ഞുവിട്ടു. ദിവ്യ ബാത്ത്റൂമിലേക്ക് കയറുന്നത് കണ്ട് ശങ്കരന്‍ തന്റെ മുറിയിലേക്ക് വേഷം മാറാന്‍ പോയി.

വാസു അന്നത്തെ ദിവസം സന്ധ്യവരെ അച്ചന്റെ കൂടെ കഴിച്ചുകൂട്ടി. ഏതാണ്ട് ഏഴുമണി ആയപ്പോഴാണ് അവന്‍ വീട്ടിലെത്തിയത്. പൂമുഖത്ത് അവനെ കാത്ത് ശങ്കരനും അതിന്റെ പിന്നിലുള്ള മുറിയില്‍ ദിവ്യയും ഉണ്ടായിരുന്നു.

“നില്ലെടാ അവിടെ” വീടിന്റെ ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയ വാസുവിനെ നോക്കി ശങ്കരന്‍ ആജ്ഞാപിച്ചു. വാസു അവിടെ നിന്നു.

“നീ എന്റെ മോളെ തല്ലി..അല്ലെ?” ശങ്കരന്‍ കോപത്തോടെ ചോദിച്ചു. വാസു മൂളി.

“പട്ടിക്കഴുവേറി മോനെ..നിനക്കെങ്ങനെ ധൈര്യം വന്നെടാ അവളെ തല്ലാന്‍? ഇന്ന്..ഈ നിമിഷം നീ ഇറങ്ങിക്കോണം ഇവിടുന്ന്…” കോപം കൊണ്ട് വിറച്ച ശങ്കരന്‍ ആക്രോശിച്ചു. അയാളുടെ അലര്‍ച്ച കേട്ടു രുക്മിണി ഇറങ്ങിവന്നു.

“ചേട്ടാ പതിയെ പറ..അയലത്തുകാര് കേള്‍ക്കും..” അവള്‍ അയാളെ ശാസിച്ചു.

“എന്നാല്‍ ഇവനെ ഇറക്കി വിടെടി ഇവിടുന്ന്..ഈ നിമിഷം ഈ തെണ്ടി ഇവിടുന്ന് പോണം..ഇല്ലെങ്കില്‍ നീയും ഒപ്പം പോകേണ്ടി വരും..എനിക്കെന്റെ മോളെക്കാള്‍ വലുതല്ല ഒരാളും..” ശങ്കരന്‍ അവളെ നോക്കി പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു.

“ഈ മോളെ പ്രസവിക്കാന്‍ ഞാന്‍ വേണമായിരുന്നല്ലോ..എന്നുമുതലാ അതും മറന്ന് പോയത്? നിങ്ങള്‍ക്ക് ബോധം ഇല്ലാതെ പോയല്ലോ മനുഷ്യാ..എന്തിനാണ് അവളെ ഇവന്‍ തല്ലിയത് എന്ന് നിങ്ങള്‍ അവളോട്‌ ചോദിച്ചോ? കുറെ ചോദിക്കും.. ആ തലതിരിഞ്ഞ പെണ്ണ് പറേന്ന എന്തും അങ്ങ് മൂടോടെ വിഴുങ്ങും..എടി ദിവ്യെ ഇവിടെ വാടി..”

രുക്മിണി കോപത്തോടെ ഉള്ളിലേക്ക് നോക്കി അവളെ വിളിച്ചു. ദിവ്യ മെല്ലെ ഇറങ്ങിവന്നു. വാസുവിനെ കണ്ടപ്പോള്‍ അവളുടെ ഉള്ളില്‍ കോപം നരച്ചുപൊന്തി.

“എന്തിനാ കിടന്നു കാറുന്നത്?” അമ്മയെ അവജ്ഞയോടെ നോക്കി അവള്‍ ചോദിച്ചു.

“പറയടി..എന്തിനാ ഇവന്‍ നിന്നെ തല്ലിയത്?” രുക്മിണി ചോദിച്ചു.

“ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വാസം ഇല്ലല്ലോ..അതുകൊണ്ട് സൌകര്യമില്ല പറയാന്‍”

അവള്‍ മുഖം വെട്ടിച്ചു പറഞ്ഞു. വാസുവിന്റെ ഉള്ളില്‍ ചിരി പൊട്ടി. പക്ഷെ അവനത് പുറമേ കാണിച്ചില്ല.

“കേട്ടല്ലോ..അവള് പറയില്ല..അത്രയ്ക്ക് വലിയ എന്തോ കൊള്ളരുതാഴിക ഇവള് കാണിച്ചിട്ടുണ്ട്..അതാ പറയാത്തത്..നീ അകത്തു പോടാ വാസൂ..ഇവള്‍ക്ക് കാരണം പറയാന്‍ വയ്യെങ്കില്‍ അവന്‍ ഇവിടെ നിന്നും എങ്ങും പോകാനും പോകുന്നില്ല..കാരണമില്ലാതെ അവന്‍ ഇവളെ തല്ലിയെങ്കില്‍..ഞാന്‍ തന്നെ അവനെ പറഞ്ഞു വിട്ടോളാം” രുക്മിണി തീര്‍പ്പ് കല്‍പ്പിച്ചു പറഞ്ഞു.

“നാശം പിടിച്ച തള്ള..നിങ്ങള് ഗുണം പിടിക്കത്തില്ല നോക്കിക്കോ..”

ദിവ്യ അവളുടെ അമ്മയെ പ്രാകിക്കൊണ്ട്‌ ചാടിത്തുള്ളി ഉള്ളിലേക്ക് പോകാന്‍ തുടങ്ങുന്ന സമയത്ത് ശക്തിയേറിയ ഹെഡ് ലൈറ്റുകളുടെ വെളിച്ചം അവരുടെ വീട്ടു മുറ്റത്തേക്ക് അടിച്ചുകയറി. ഒരു പോലീസ് ജീപ്പ് അവിടെത്തി ബ്രേക്കിട്ടു. അതില്‍ നിന്നും എസ് ഐ ഉള്‍പ്പെടെ കുറെ പോലീസുകാര്‍ ഇറങ്ങിവന്നു.

“വാസു?” അവന്റെ മുഖത്തേക്ക് നോക്കി എസ് ഐ ചോദിച്ചു.

“അതെ സര്‍..” അവന്‍ പറഞ്ഞു.

“വന്നുവണ്ടിയില്‍ കയറ്..”

സീന്‍ കണ്ടു ദിവ്യയുടെ മുഖം വിടര്‍ന്നു; ഒപ്പം ശങ്കരന്റെയും. അയാള്‍ എങ്ങനെ ഉണ്ടെടി ഭാര്യെ എന്ന അര്‍ത്ഥത്തില്‍ രുക്മിണിയെ നോക്കി.

“എന്താ സര്‍..എന്താണ് കാര്യം?” രുക്മിണി എസ് ഐയുടെ അരികിലെത്തി ചോദിച്ചു.

“നിങ്ങളാണോ ഇവന്റെ അമ്മ?”

“അതെ”

“എന്നാല്‍ കേട്ടോ..മോന്‍ ഇന്നൊരു പയ്യന്റെ പല്ലടിച്ചു പറിച്ചു..അഞ്ചു പല്ലുകള്‍ നഷ്ടമായത് ദാ ഇയാളുടെ മോന്റെയാണ്..കൊടുക്കടോ രവീന്ദ്രാ അവന്റെ മുഖം തീര്‍ത്ത് ഒരെണ്ണം..” എസ് ഐ ഒപ്പം ഉണ്ടായിരുന്ന തടിയനായ പോലീസുകാരനോട്‌ പറഞ്ഞു.

“അയ്യോ സാറേ അവനെ ഒന്നും ചെയ്യല്ലേ” രുക്മിണി കൈകള്‍ കൂപ്പി കരഞ്ഞു.

“മാറി നില്‍ക്ക് തള്ളെ….”

രവീന്ദ്രന്‍ എന്ന പോലീസുകാരന്‍ വാസുവിന്റെ മുന്‍പിലേക്ക് വന്നുകൊണ്ട്‌ പറഞ്ഞു. ആജാനുബാഹുവായ അയാള്‍ വാസുവിന്റെ മുന്‍പിലെത്തി ക്രൂരമായി അവനെ നോക്കി. ദിവ്യയുടെ മനസു തുള്ളിച്ചാടി. അവള്‍ കാണാന്‍ അത്യധികം ആഗ്രഹിച്ചിരുന്ന കാര്യം നടക്കാന്‍ പോകുന്നതിന്റെ ഉത്സാഹം അവളുടെ സിരകളെ ത്രസിപ്പിച്ചു.

“അപ്പൊ നീയാ അവനെ തല്ലിയത്..അല്ലേടാ നായെ..തല്‍ക്കാലം നീ ഇത് പിടി..ബാക്കി അങ്ങ് സ്റ്റേഷനില്‍ ചെന്നിട്ട്….” പറഞ്ഞതും അവന്റെ നാഭി നോക്കി അയാള്‍ ആഞ്ഞു ചവിട്ടി. അടുത്ത നിമിഷം അയാള്‍ മലര്‍ന്നടിച്ചു വീഴുന്നത് കണ്ട് എസ് ഐ ഞെട്ടി.

“ഭ..പൊലീസുകാരന്റെ മേല്‍ കൈ വയ്ക്കുന്നോടാ” എസ് ഐ വാസുവിന്റെ നേരെ ആക്രോശിച്ചു.
“സാറേ..ഞാന്‍ അയാളെ ഒന്നും ചെയ്തില്ല..അല്ലേല്‍ സാറ് അയാളോട് തന്നെ ചോദിച്ചു നോക്ക്..ഞാന്‍ ഒഴിഞ്ഞു മാറിയതെ ഉള്ളു..” വാസു കൂസാതെ പറഞ്ഞു.

“ആണോടോ..” എസ് ഐ വീണു കിടന്ന പൊലീസുകാരന്റെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ടു ചോദിച്ചു. അയാള്‍ ഞരങ്ങിക്കൊണ്ട് മൂളി.

“സാറേ ഞാന്‍ ഒപ്പം വരാം..അതിനെന്നെ എന്തിനാണ് തല്ലുന്നത്? അവനെ തല്ലിയ കുറ്റം ഞാന്‍ സമ്മതിക്കുന്നു..നിങ്ങള് കേസെടുത്തോ..പക്ഷെ എനിക്കെതിരെ പരാതി നല്‍കിയ ഇയാളുടെ മോന്‍ തന്നെ അത് പിന്‍വലിക്കും..സാറ് നോക്കിക്കോ..കാരണം അവനെ ഞാന്‍ തല്ലിയത് എന്തിനാണ് എന്ന് നാട്ടുകാര് കേള്‍ക്കെ കോടതിയില്‍ ഞാന്‍ പറയും..എന്റെ കൈയില്‍ അവന്‍ ചെയ്തതിന്റെ തെളിവുണ്ട് സാറേ..തെളിവ്..” വാസു ചെറുചിരിയോടെ പറഞ്ഞു.

അവന്റെ സംസാരം കേട്ടു ഞെട്ടിയത് ദിവ്യയാണ്‌. നിലത്ത് ചിന്നിച്ചിതറിക്കിടന്നിരുന്ന മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ പെറുക്കി എടുക്കുന്ന സമയത്ത് അവള്‍ അതിന്റെ മെമ്മറി കാര്‍ഡ് പലതവണ നോക്കിയിട്ടും കിട്ടിയിരുന്നില്ല. അതില്‍ രതീഷ്‌ ഷൂട്ട്‌ ചെയ്ത വീഡിയോ ഉണ്ടെന്ന് അവള്‍ക്ക് അറിയാമായിരുന്നു. അത് മുറിയില്‍ എവിടെങ്കിലും കാണും, പിന്നീട് നോക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു അവള്‍. പക്ഷെ ഇപ്പോള്‍ അവള്‍ക്ക് എല്ലാം വ്യക്തമായി മനസിലായി. വാസു അത് കൈക്കലാക്കിയിരിക്കുന്നു. വളരെ ശക്തമായ ഒരു ആയുധമാണ് അവന്റെ പക്കല്‍ ഉള്ളത്. ദിവ്യ അസഹിഷ്ണുതയോടെ പല്ലുകള്‍ ഞെരിച്ച് അവനെ പകയോടെ നോക്കി.

“തെളിവൊക്കെ നീ കോടതിയില്‍ കൊടുത്തോ..തല്‍ക്കാലം നീ വന്നു കേറ്..ഉം..” എസ് ഐ ആജ്ഞാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *