“എന്താടാ കുട്ടാ..എന്ത് പറ്റി?”
അയാള്‍ വാത്സല്യത്തോടെ മകളുടെ അരികില്‍ ഇരുന്നു ചോദിച്ചു.
മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു. അച്ഛന്റെ തോളിലേക്ക് മുഖം അമര്‍ത്തി അവള്‍ ഉറക്കെ കരഞ്ഞു. ശങ്കരന്‍ ഞെട്ടലോടെ അവളുടെ മുഖം പിടിച്ചുയര്‍ത്തി. അപ്പോഴാണ് അവളുടെ മുഖം തിണര്‍ത്ത് കിടക്കുന്നത് അയാള്‍ കണ്ടത്. വലതു കവിള്‍ ചുവന്നു തുടുത്തിരിക്കുന്നു.
“മോളെ..എന്ത് പറ്റി? എന്തിനാ നീ കരയുന്നത്? നിന്റെ മുഖത്ത് എന്താ ഈ പാട്?” ശങ്കരന്‍ മകളുടെ കരച്ചില്‍ കണ്ടു സഹിക്കാനാകാതെ ചോദിച്ചു. രുക്മിണിയും ശബ്ദം കേട്ട് അവിടേക്ക് എത്തി.
“എന്താ ചേട്ടാ എന്ത് പറ്റി? എന്തിനാ ഇവള് കരയുന്നത്?” അവരും അവളുടെ അരികില്‍ വന്നു ചോദിച്ചു.
“ആ പട്ടി എന്നെ തല്ലി അച്ഛാ..ദാ കണ്ടില്ലേ..ഹയ്യോ..” അവള്‍ വീണ്ടും നിലവിളിച്ചു കരയാന്‍ തുടങ്ങി.
“ആരാടീ..വാസുവോ? അവനാണോ നിന്നെ തല്ലിയത്?” ശങ്കരന്‍ കോപത്തോടെ ചോദിച്ചു.
“അതെ അച്ഛാ..അവനെന്നെ ഒരു കാര്യോം ഇല്ലാതെ തല്ലി..” അവള്‍ കരച്ചിലിനിടെ പറഞ്ഞു.
“പട്ടിക്കഴുവേറി..അത്രയ്ക്കായോ അവന്‍? കണ്ടില്ലേടി നിന്റെ പൊന്നുമോന്റെ കൊണം…ഞാന്‍ എത്ര നാളായി പറയുന്നു അവനെ ഇവിടുന്ന് പറഞ്ഞു വിടാന്‍..കേള്‍ക്കില്ലല്ലോ നീ..ഇനി അവനിവിടെ നില്‍ക്കത്തില്ല..ശങ്കരനാ പറേന്നത്..കണ്ട ഊര് തെണ്ടികള്‍ക്ക് വീട്ടില്‍ ഇടം കൊടുത്താല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും..അവനിങ്ങു വരട്ടെ..” മകളുടെ കവിളില്‍ തലോടിക്കൊണ്ട് ശങ്കരന്‍ പറഞ്ഞു.
“ചേട്ടന്‍ അവള്‍ പറഞ്ഞത് കേട്ടു തുള്ളാതെ കാര്യം എന്താണെന്നു ചോദിക്ക്.. വെറുതെ അവന്‍ ആരെയും തല്ലത്തില്ല..അവനാണ് തല്ലിയതെങ്കില്‍ ഇവള്‍ എന്തോ ഗുരുതരമായ തെറ്റ് ചെയ്തിട്ടുണ്ട്.” രുക്മിണി പറഞ്ഞു.
“ഈ തള്ളയ്ക്ക് സ്വന്തം മോളെക്കാള്‍ എവിടുന്നോ കേറിവന്ന അവനെ ആണ് ഇഷ്ടം..അവനിവിടെ നിന്നാല്‍ ഇനി ഞാനിവിടെ താമസിക്കത്തില്ല..എന്നെ ആര്‍ക്കും വേണ്ടല്ലോ..” ദിവ്യ ഏങ്ങലടിച്ചു കരഞ്ഞു. രുക്മിണി അവളുടെ അരികില്‍ ഇരുന്ന് അവളുടെ മുഖം പിടിച്ചു തന്റെ നേരെ തിരിച്ചു.
“മോളെ..നീ കഴിഞ്ഞേ ഉള്ളു അമ്മയ്ക്ക് വേറാരും..നീയാണ് എന്റെ വയറ്റില്‍ പത്തുമാസം കിടന്നു വളര്‍ന്നവള്‍..പക്ഷെ നിന്റെ സ്വഭാവം ശരിയല്ലാത്തതാണ് എല്ലാത്തിനും കാരണം..സത്യം പറ..എന്താണ് സംഭവിച്ചത്?” രുക്മിണി ശാന്തമായി അവളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“കുന്തം..നിങ്ങള്‍ക്ക് എന്നെ വിശ്വാസം ഇല്ലല്ലോ..ഞാന്‍ അവനെ കൊല്ലാന്‍ ചെന്നപ്പോള്‍ എന്നെ അവന്‍ തല്ലി..എന്താ മതിയോ…” ദിവ്യ അവരുടെ കൈയില്‍ നിന്നും മുഖം വെട്ടിച്ചു മാറ്റി ശങ്കരന്റെ അരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ട് പറഞ്ഞു.
“രുക്മിണി നീ പോ..ഞാന്‍ ഇവളോട് ചോദിച്ചു മനസിലാക്കിക്കോളാം…” ശങ്കരന്‍ പറഞ്ഞു.
“നിങ്ങള്‍ ഒരുത്തനാ ഈ പെണ്ണിനെ വഷളാക്കുന്നത്..കണ്ടില്ലേ സ്വന്തം അമ്മയോടുള്ള അവളുടെ പെരുമാറ്റം..” രുക്മിണി ലേശം കോപത്തോടെ അവളെ നോക്കിയിട്ട് ഉള്ളിലേക്ക് പോയി.
“മോള് ചെന്നു കുളിച്ചു വേഷം മാറ്..അച്ഛന്‍ മോള്‍ക്ക് തന്തൂരി ചിക്കന്‍ വാങ്ങി കൊണ്ടുത്തരാം..അവനിങ്ങു വരട്ടെ..ഞാന്‍ വച്ചിട്ടുണ്ട് അവന്..” അവള്‍ പോയപ്പോള്‍ ശങ്കരന്‍ പറഞ്ഞു.
“അച്ഛന്‍ അവനെ ഇവിടെ നിന്നും പറഞ്ഞു വിടണം..മൃഗമാണ് അവന്‍ വെറും മൃഗം..നമ്മളെ കൊല്ലാന്‍ പോലും അവന്‍ മടിക്കില്ല..” വെറുപ്പോടെ ദിവ്യ പറഞ്ഞു.
“അവന്‍ വരട്ടെ മോളെ..നീ ചെല്ല്..ചെന്നു കുളിക്ക്…” അയാള്‍ അവളെ എഴുന്നേല്‍പ്പിച്ചു കുളിക്കാന്‍ പറഞ്ഞുവിട്ടു. ദിവ്യ ബാത്ത്റൂമിലേക്ക് കയറുന്നത് കണ്ട് ശങ്കരന്‍ തന്റെ മുറിയിലേക്ക് വേഷം മാറാന്‍ പോയി.
വാസു അന്നത്തെ ദിവസം സന്ധ്യവരെ അച്ചന്റെ കൂടെ കഴിച്ചുകൂട്ടി. ഏതാണ്ട് ഏഴുമണി ആയപ്പോഴാണ് അവന്‍ വീട്ടിലെത്തിയത്. പൂമുഖത്ത് അവനെ കാത്ത് ശങ്കരനും അതിന്റെ പിന്നിലുള്ള മുറിയില്‍ ദിവ്യയും ഉണ്ടായിരുന്നു.
“നില്ലെടാ അവിടെ” വീടിന്റെ ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയ വാസുവിനെ നോക്കി ശങ്കരന്‍ ആജ്ഞാപിച്ചു. വാസു അവിടെ നിന്നു.
