മൗനങ്ങൾ പാടുമ്പോൾ

അടുത്ത ദിവസം അവളവരെക്കണ്ടു. എന്നും തിരിച്ചോടുന്നതിന്റെയവിടെ. ഇത്തിരി ദൂരെ ചെറിയ പാർക്കിലെ ബെഞ്ചിലവർ ഇരിപ്പുണ്ടായിരുന്നു.

ഓടുന്നതിനിടെ ലിസി ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അവളിത്തിരി ടെൻഷനിലായിരുന്നു.

പതിവുപോലെ അവസാനത്തെ ചുവടുകൾ നടന്ന് വക്കീലങ്കിളിന്റെ വീടെത്തി. അവൾ മുന്നോട്ട് നീങ്ങിയപ്പോൾ വീണ്ടും ആ ആഴമുള്ള ശബ്ദം.

നിൽക്കൂ. അവൾ ബ്രേക്കിട്ടു. സത്യം പറഞ്ഞാൽ അന്തംവിട്ടുപോയി. ഇതു രണ്ടാംവട്ടമാണ് അവളങ്കിളിന്റെ ശബ്ദം കേൾക്കുന്നത്.

അവൾ തിരിഞ്ഞുനിന്നു. അങ്കിൾ ഉറ്റുനോക്കുന്നു. ഉള്ളിലേക്ക് ചുഴിഞ്ഞു കയറുന്ന ആ കണ്ണുകൾ.

എന്താണ് പ്രശ്നം. യു ലുക്ക് ഡിസ്റ്റർബ്ഡ്.

അതങ്കിൾ…പിന്നെയൊന്നുമില്ല.

അങ്കിളൊന്നു ചിരിച്ചു. എന്താണ് മോൾടെ പേര്?

ലിസി.

അപ്പോൾ ലിസി, ഞാൻ കേശവൻ. എന്നും കോടതിയിലും വെളിയിലും ധാരാളം കള്ളങ്ങൾ കേൾക്കുന്ന ഒരു വക്കീലാണ്. ഇനി പറയൂ. എന്താണ് കാര്യം? പുള്ളി പാതി തുറന്ന ഗേറ്റിൽ കൈവെച്ചുകൊണ്ട് ചിരിക്കുന്നു!

അങ്കിൾ.. അവളുള്ള കാര്യം പറഞ്ഞു. എന്തോ അങ്കിളിനോട് എല്ലാം തുറന്നുപറഞ്ഞപ്പോൾ ഒരു ഭാരമിറക്കിവെച്ചതുപോലെ തോന്നി. മനസ്സു ലാഘവമുള്ളതായി.

ശരി. കേശവൻ വന്ന വഴിയിൽ നോക്കി. ആരുമില്ല. ഇന്നു ഞാൻ ലിസിയുടെ കൂടെ വീടു വരെ വരുന്നു. ബാക്കി നമുക്കു നാളെ നോക്കാം എന്താ?

ലിസി ഉള്ളുതുറന്നു ചിരിച്ചു. താങ്ക്സ് അങ്കിൾ.
അവരൊന്നും മിണ്ടാതെ ലിസിയുടെ വീട്ടുവാതിൽക്കൽ വരെയൊപ്പം നടന്നു. അവൾക്ക് എന്തെന്നില്ലാത്തൊരു സുരക്ഷിതത്വം തോന്നി. ഇപ്പോഴൊരു ടെൻഷനുമില്ല. ഒരു സൈന്യം തന്നെ വന്നാലും കൂടെയുള്ള അങ്കിൾ അവളെ രക്ഷിക്കും. ഉറപ്പ്.

അവളെ വീടെത്തിച്ചിട്ട് കേശവൻ പോവാനായി തിരിഞ്ഞു. അങ്കിൾ! അവളുടെ വിളികേട്ട് കേശവൻ തിരിഞ്ഞു. ഇങ്ങുവന്നേ.. രഹസ്യം പറയുന്ന താഴ്ന്ന സ്വരത്തിൽ അവൾ വിളിച്ചപ്പോൾ കേശവൻ കുനിഞ്ഞ് അവളുടെ ചുണ്ടുകളിലേക്ക് ചെവിയടുപ്പിച്ചു.

അവൾ ആ കവിളിലൊരുമ്മ കൊടുത്തു. തരിച്ചു നിന്ന കേശവന് പ്രതികരിക്കാനൊക്കുന്നതിനു മുന്നേ അവൾ ചിരിച്ചുകൊണ്ടോടി അകത്തു കയറി. താങ്ക്സ് അങ്കിൾ!

അവളുടെ ചിരിയുമാസ്വദിച്ച് കേശവൻ വീട്ടിലേക്ക് നടന്നു. അറിയാതെ മന്ദഹസിക്കുന്നുണ്ടായിരുന്നു!

വീട്ടിലിരുന്നിട്ട് ലിസിക്കെന്തോ ഒരു പിരുപിരുപ്പു തോന്നി. മമ്മിയോടൊന്നും പറഞ്ഞിട്ടില്ല. സാധാരണ എല്ലാം പങ്കുവെയ്ക്കുന്നതാണ്. എന്തോ… മമ്മിയെക്കൂടി ടെൻഷനടിപ്പിക്കണ്ടാന്നു തോന്നി. അവൾ ജീൻസും ടീഷർട്ടുമിട്ട് ഇറങ്ങി നടന്നു. ലൈബ്രറിയിൽ പോവാൻ തോന്നിയില്ല. അറിയാതെ കാലടികൾ അങ്കിളിന്റെ ഗേറ്റിനുമുന്നിലെത്തിച്ചു.

ആദ്യമവളൊന്നമ്പരന്നു. ഗേറ്റ് തുറന്നുകിടക്കുന്നു. ഉള്ളിൽ ചെറിയൊരു ജനക്കൂട്ടം. ജീസസ്! അങ്കിളിനെന്തെങ്കിലും? അവളകത്തേക്ക് കടന്നു. ജനം ചെറിയ കൂട്ടങ്ങളാണ്. അവളൊന്നൂടെ നോക്കി. കൊറച്ചു പാവപ്പെട്ടവരാണെന്നു തോന്നുന്നു. കോളനീലെ പൊങ്ങച്ചപ്പാർട്ടികളല്ല.

ആരാ? എന്താ കുട്ടീ വേണ്ടത്? ഒരു വരയുള്ള ഷർട്ടും മുണ്ടുമുടുത്ത കിഴവൻ വന്നു. നെറ്റിയിൽ ചന്ദനവും ഭസ്മവും. മുടികൾ വളരുന്ന ചെവിയിൽ തുളസിയില. മുഴുക്കഷണ്ടി.

എന്താ ഇവിടൊരു കൂട്ടം?

ഓ… അതെന്നുമുള്ളതല്ലേ. എന്താ മോൾടെ കേസ്? വീട്ടീന്നാരേലും പറഞ്ഞയച്ചതാണോ?

നമ്മളാരാ അമ്മാവാ! മനസ്സിലായില്ല? ലിസി ചിരിച്ചു.

ഗോവിന്ദക്കുറുപ്പിനെ അറിയാത്ത ആരും ഇവിടുത്തെ ജില്ലാക്കോടതി മുതൽ താഴെ സെക്കന്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വരെ കാണത്തില്ല കുഞ്ഞേ! പുള്ളിയൊന്നു നെഞ്ചു വിരിച്ചു. പിന്നെ സ്വരം താഴ്ത്തി. ദേ ഇവരെല്ലാം വക്കീലിനെ കാണാൻ നിക്കുവാ. നേരത്തേ പറഞ്ഞുവെച്ചവരൊഴിച്ചാൽ ബാക്കി അത്രേം വക്കീലാപ്പീസിലേ കാണൂന്നാ അദ്ദേഹത്തിന്റെ ചിട്ട. ഞാനദ്ദേഹത്തിന്റെ ഗുമസ്തനാ.

ഞാനങ്കിളിനെ പിന്നെക്കണ്ടോളാം. ലിസി ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടന്നു. പോണവഴി ഒരു പഴഞ്ചൻ മാരുതി അവളെ ഓവർടേക്ക് ചെയ്തു. ഡ്രൈവിംഗ് സീറ്റിലിരുന്ന അങ്കിൾ അവളെ നോക്കി കൈവീശി! അവൾ തിരിച്ചും.
അടുത്ത ദിവസം പതിവുപോലെ നടത്തം, ഓട്ടം. ദൂരെ പാർക്കിലിരിക്കുന്ന പിള്ളേരുടെ നേർക്ക് ലിസി കണ്ണുകാണിച്ചപ്പോൾ കേശവൻ അവളേയും കൊണ്ടങ്ങോട്ടു ജോഗു ചെയ്തു. പിള്ളേരുടെ മുഖത്ത് ഒരു കൺഫ്യൂഷൻ. പിന്നെയവർ തമ്മിൽ നോക്കി. ഒരണ്ടർസ്റ്റാൻഡിങ്ങിലെത്തി. രണ്ടുപേരുമെണീറ്റു.

ഒരുത്തൻ ജിംടൈപ്പ്. ഒരു മസിൽമാൻ. മറ്റവനും മോശമില്ല.

കേശവൻ സിമന്റ് മേശയ്ക്കരികിൽ ഒരു ബെഞ്ചിലിരുന്നു. ലിസി അരികിലും. ഇരിക്കൂ. കേശവൻ വിരൽ ചൂണ്ടി. അവരെതിരേയിരുന്നു.

നിങ്ങളിവളുടെ പൊറകേ നടപ്പാണോ? കേശവൻ ചോദിച്ചു.

ഇതെന്താ. ഒരു ഫ്രീ കൺട്രിയല്ലേ? മസിൽ പിന്നെയും മസിലുപിടിച്ചു.

ചോദിച്ചതിനുത്തരം നൽകൂ. കേശവൻെയുറച്ച ശബ്ദം അവിടെ മുഴങ്ങി. മസിലിന്റെ കാറ്റുപോയി.

അല്ല. മറ്റവൻ പതറാത്ത സ്വരത്തിൽ പറഞ്ഞു.

കേശവൻ അവനെ ക്ഷോഭമില്ലാതെ നോക്കി. എവിടെയാണ് വീട്?

അറിഞ്ഞിട്ടെന്തിനാ?

പറയടാ! കേശവന്റെയൊച്ച രൂക്ഷമായി.

പോടാ.. അവനെണീറ്റു. ലിസിയതേ കണ്ടുള്ളൂ. പടക്കം പൊട്ടുന്ന ശബ്ദം! അവൻ താഴെ! ലിസിയുടെ ഹൃദയം ഉച്ചത്തിൽ പെരുമ്പറ കൊട്ടി!

നിന്റെ വീടെവിടെ? താഴെക്കിടന്നവനെ അവഗണിച്ച് കേശവൻ മസിലിനോടു ചോദിച്ചു. അവൻ വിറച്ചുകൊണ്ട് ഉത്തരം നൽകി!

ഓ…ഇത്തിരി ദൂരെയാണല്ലോ. ഇവന്റെയോ? താഴെ നിലത്തു കഷ്ട്ടപ്പെട്ട് എണീറ്റിരുന്നവനെച്ചൂണ്ടി.

എന്റെ വീടിന്റെയടുത്താണ്.

അപ്പോ ഇവിടെയെന്താണ് രണ്ടുപേരും? വളരെ കാഷ്വലായിട്ട് വീണുകിടന്നവനെ കൈകൊടുത്തെണീപ്പിച്ച് ബെഞ്ചിലിരുത്തിയിട്ട് കേശവനാരാഞ്ഞു!

അത് ഞങ്ങൾ… രണ്ടെണ്ണവും വിക്കി.

കേശവൻ തുറന്നു ചിരിച്ചു.

പിന്നെ നിങ്ങളെന്താണിവിടെ ചുറ്റിക്കറങ്ങുന്നത്? ദേ ഇവളെ കാണാനാണോ? കേശവൻ ലിസിയുടെ ചുമലിൽ കൈവെച്ചു. ആ തക്കത്തിന് അവളങ്കിളിനോടു ചേർന്നിരുന്നു!

ശരി. നിങ്ങൾ പരിചയപ്പെടൂ. ഞാനിതാ വന്നു. പേടിക്കണ്ട… പോലീസിനെയൊന്നും വിളിക്കാനല്ല. കേശവൻ ചിരിച്ചു.

എന്റെ പേര് ലിസി. അവൾ അവന്മാരെ ഉറ്റുനോക്കി കൈനീട്ടി.

ജോൺ. മസിൽമാൻ അവൾക്ക് കൈകൊടുത്തു.
അരുൺ. മറ്റവനും ഒരളിഞ്ഞ ചിരിയോടെ ഹസ്തദാനം ചെയ്തു.

സോറി. ഞാനന്ന് താല്പര്യമില്ലെന്നു പറഞ്ഞത്…പത്തു ദിവസം കഴിഞ്ഞാൽ ഞാനിവിടെ നിന്നും ഹോസ്റ്റലിലേക്കു പോവും. കൊറച്ചു ദൂരെയാണ്. അതുകൊണ്ടാണ്…അവൾ മന്ദഹസിച്ചു. അപ്പോൾ ഫ്രണ്ട്സ്?

തീർച്ചയായും. അരുണും ജോണും ചിരിച്ചു. ഒരു സുന്ദരിപ്പെണ്ണ് ഇങ്ങനെ പറയുമ്പഴ് പിന്നെന്നാ വേണം!

കേശവൻ ഒരു ട്രേയിൽ നാലു ചായയും ചൂടുള്ള പരിപ്പുവടകളുമായി വന്നു. പിന്നെ നാലുപേരും ചായകുടി, വർത്തമാനം… അങ്ങനെ കൂട്ടായി.

Leave a Reply

Your email address will not be published. Required fields are marked *