മൗനങ്ങൾ പാടുമ്പോൾ

ലിസി. വീടെത്തിയപ്പോൾ കേശവൻ വിളിച്ചു. ഇന്നത്തെ കാര്യം വീട്ടിലൊന്നും പറയണ്ട. വെറുതേ അച്ഛനുമമ്മയ്ക്കും ടെൻഷൻ ഒണ്ടാക്കണ്ട. എന്താ?

അങ്കിൾ! ആദ്യം താങ്ക്സ്! യൂ ആർ ഗ്രേറ്റ്! വീട്ടിലമ്മ മാത്രേയുള്ളൂ. ഞാനൊന്നും പറയില്ല. പിന്നെ അരുണും ജോണും എന്റെ ഫ്രണ്ട്സല്ലേ!

കേശവൻ ചിരിച്ചു. തിരിഞ്ഞു ഗേറ്റു തുറന്നകത്തേക്കു പോയി.

ഹോസ്റ്റലിലേക്കു പോവുന്നതിന്റെ തലേന്ന് ലിസി ഓട്ടോയിൽ വരുമ്പോൾ സാറയ്ക്ക് കേശവന്റെ വീടു കാട്ടിക്കൊടുത്തു. വേറൊന്നും പറഞ്ഞില്ല. അങ്കിളിനോട് അവൾ നേരത്തേ യാത്ര ചോദിച്ചിരുന്നു.

നീ അങ്കിളിനോട് യാത്ര പറഞ്ഞില്ലേടീ? സ്റ്റേഷനിലേക്ക് ഓട്ടോയിൽ പോവുന്നവഴി സാറ ചോദിച്ചു. ഓ പറഞ്ഞു മമ്മീ! അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്ന അരുണിനേം ജോണിനേം കണ്ട് അവരുടെ അടുത്തേക്കോടുന്നതിനിടയിൽ ലിസി പറഞ്ഞു.

അവന്മാരാരാടീ? ട്രെയിൻ വിട്ടിട്ട് വീട്ടിലേക്ക് പോണ വഴി ഇത്തിരി ടെൻഷനായ സാറ മൊബൈലിൽ വിളിച്ചു ചോദിച്ചു. ലിസി നടന്ന കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.

മാതാവേ! കുരിശ്ശടിയിൽ ഒരു മെഴുകുതിരി കൊളുത്തിയിട്ട് സാറ വീട്ടിലേക്ക് പോയി. ശനിയാഴ്ച അവധിയായിരുന്നു. ശൂന്യമായ വീടവളെ വിഴുങ്ങാൻ വരുന്നതുപോലെ തോന്നി. എങ്ങിനെയോ സാറ ദിവസം മുഴുമിച്ചു.

അടുത്ത ദിവസം ഞായറാഴ്ച സാറ അഞ്ചുമണിക്കെണീറ്റു പോയി! സാധാരണ അവധികളിൽ വൈകിയാണ് ഉണരുന്നത്. മുഖം കഴുകിയിട്ട് ഒരു കുർത്തിയും പഴയ ജീൻസുമെടുത്തിട്ട് സ്നീക്കേർസിന്റെയുള്ളിൽ പാദങ്ങളും കേറ്റി അവൾ വെളിയിലിറങ്ങി. പോണോ വേണ്ടയോ എന്നൊരു ചിന്തയിൽ കുറച്ചുനേരം തീരുമാനമെടുക്കാനാവാതെ കുഴങ്ങി. പെട്ടെന്ന് വാച്ചിൽ നോക്കിയപ്പോൾ സമയം അഞ്ച് നാല്പത്! അവൾ വേഗം നടന്നു.

വക്കീലിന്റെ വീടിന്റെ ഗേറ്റു കണ്ടപ്പോൾ അവളുടെ നടത്തം പതുക്കെയായി. എന്തോ ഒരാകാംക്ഷയവളെ വലയം ചെയ്തു. നെഞ്ചിടിപ്പ് ഇത്തിരി കൂടിയെന്നവൾക്കു തോന്നി. മോളുടെ വക്കീലങ്കിളിനെക്കണ്ടൊരു നന്ദി പറയണം. പിന്നെ? എന്തിനാടീ സാറേ? അതിനാന്നേല് നിനക്കങ്ങേരെ വല്ല നല്ലനേരത്തും കണ്ടാപ്പോരായിരുന്നോടീ! മേരി അങ്ങുമോളിലിരുന്ന് ചിരിക്കുന്നതു പോലെയവൾക്കു തോന്നി. അമ്മേ..
ഒന്നു മിണ്ടാതിരുന്നാട്ടെ. എപ്പഴുമോരോ ഡയലോഗുകളാ! എനിക്കിത്രേം പ്രായോമൊക്കെയായില്ല്യോ? മൂത്ത പെണ്ണിനൊരു കൊച്ചുമായി! സാറ, അമ്മയുമായി സ്ഥിരം നടത്തുന്ന സംഭാഷണത്തിന്റെ പുതിയ സ്ക്രിപ്റ്റെഴുതി.

അയ്യോടിയേ! ദാണ്ടൊരു മുനിസിപ്പാലിറ്റീടെ വേസ്റ്റ്ട്രക്ക്! അങ്ങേരടെ ഗേറ്റും കാണാനില്ലല്ലോ. അവളോടി. ദാണ്ടങ്ങേര് ഗേറ്റും തൊറന്നു നടക്കുന്നു. മങ്ങിയ വെളിച്ചത്തിൽ ആ രൂപം മാത്രം കാണാം. അവളും പൊറകേ നടന്നു. ഇയാളിതെങ്ങോട്ടാ ഇത്രേം സ്പീഡില് നടക്കണേ! വല്ല പെണ്ണുമ്പിള്ളമാരും നടക്കാനെറങ്ങിക്കാണുമോ? അവൾ കാലുകൾ വലിച്ചുവെച്ച് നടത്തത്തിന്റെ സ്പീഡ് കൂട്ടി. പഴയ കൊച്ചുപെണ്ണല്ല താനിപ്പോൾ. കസേരയിലിരുന്ന് കുണ്ടീമൊക്കെ വലുതായി, ആകെമൊത്തം ചത കൂടി. അവൾ ശ്വാസമാഞ്ഞുവലിച്ചു. മുന്നിൽ നടക്കുന്ന നെടിയ രൂപത്തിൽ മാത്രം ശ്രദ്ധിച്ചു.

അയ്യോ! അങ്ങേരോടുന്നു! സാറയും ഓടി. ഏതാണ്ടൊക്കെ കെടന്നു കുലുങ്ങിത്തുളുമ്പുന്നു! അഞ്ചുമിനിറ്റിനകം നെഞ്ചു പൊട്ടിത്തെറിക്കുമെന്നു തോന്നി. ഒന്നു നിക്കണേ! അവസാനത്തെ ശ്വാസവുമെടുത്തവൾ വിളിച്ചു.

കേശവൻ നിന്നു. പിന്നിലാരോ വരുന്നതറിഞ്ഞിരുന്നു. ലിസിയെ കൊറച്ചു മിസ്സും ചെയ്യുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കി. കുറച്ചു ദൂരെ ഒരു സ്ത്രീ മുട്ടുകളിൽ കൈപ്പത്തികൾ കുത്തി കുനിഞ്ഞുനിന്നു കിതയ്ക്കുന്നു. മുടിയിത്തിരിയഴിഞ്ഞ് മുഖമത്ര ക്ലിയറല്ല.

കേശവൻ മെല്ലെ അടുത്തേക്കു നടന്നു. പെട്ടെന്ന് അവർ മുഖമുയർത്തി. ഷോക്കടിച്ചു നിന്നുപോയി! വർഷങ്ങൾ പിന്നോട്ടോടി! എന്റെ പേര് പെണ്ണെന്നല്ല. സാറയെന്നാണ്! കാലുകൾ വിറയ്ക്കുന്നതുപോലെ. വശത്തുണ്ടായിരുന്ന ലാംപ് പോസ്റ്റിൽ കയ്യമർത്തി ഒന്നു സ്റ്റെഡിയായി.

സാറയുടെ കണ്ണുകൾ നിറഞ്ഞുപോയി. ഏതോ തിരശ്ശീലയ്ക്കു പിന്നിൽ മറഞ്ഞുപോയ ജീവൻ! തന്റെയെല്ലാം! ചോരക്കുഴലുകളിലൂടെ, ജീവന്റെ അവസാനത്തെ തുടിപ്പുവരെ, ഹൃദയത്തിൽ പതിഞ്ഞ് ശരീരമാസകലം ഒഴുകുന്ന വികാരം. ഇതാ കണ്മുന്നില്. അവൾ കുഴഞ്ഞുവീണു.

കണ്ണുകൾ തുറന്നപ്പോൾ ഒരു ബെഞ്ചിൽ കിടക്കുന്നു. നല്ല സുഖമുള്ള തലയിണ. മുകളിലേക്ക് നോക്കി. വികാരങ്ങളലയടിക്കുന്ന കണ്ണുകൾ! അവൾ പിടഞ്ഞെണീറ്റു. മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ല! പിന്നെയും തളർന്നാ മടിയിൽ തലയമർത്തി.

സാറ. ആ മനസ്സലിയിക്കുന്ന ആഴമുള്ള സ്വരം. ഒരു മാറ്റവുമില്ല. കൈവിരലുകൾ അവളുടെ നെറ്റിയിൽ തഴുകി.

അവളാ കയ്യിൽ പിടിച്ച് ചൂണ്ടുവിരലിലൊറ്റക്കടി വെച്ചുകൊടുത്തു. ആഹ് നൊന്തല്ലോടീ! കേശവൻ കൈ കുടഞ്ഞു.

നൊന്തോ, നന്നായി. ഹൃദയമില്ലാത്ത മനുഷ്യൻ! ഞാനെന്തോരം തീയാ തിന്നത്! എന്നാലും അവളുടെ ഹൃദയമലിഞ്ഞു. അവൾ കടിച്ച കൈവിരൽ കയ്യിലെടുത്തു നുണഞ്ഞു.
ഇപ്പോ വേദനയുണ്ടോടാ കള്ളസഖാവേ! പൂത്തിരി കത്തിച്ച ഭംഗിയുള്ള അവളുടെ പുഞ്ചിരിയിൽ കേശവനലിഞ്ഞുപോയി.

ഇല്ലെടീ പെണ്ണേ! നിനക്കെണീക്കാമോടീ? വർഷങ്ങൾ കൊഴിഞ്ഞുപോയി. മരങ്ങളുടെ പിന്നിൽ ഒളിഞ്ഞിരുന്ന ബെഞ്ചിൽ നിന്നും അവരെണീറ്റു. മെല്ലെ ഒന്നുമധികം സംസാരിക്കാതെതന്നെ വാചാലമായ ആ ചെറിയ തണുപ്പുള്ള രാവിലെ ലിസിയും പുതിയ കൂട്ടുകാരുമൊപ്പം ഇരുന്ന പാർക്കിലേക്ക് കേശവൻ സാറയെ കൂട്ടിക്കൊണ്ടുപോയി.

ചായയും കുടിച്ചുകൊണ്ട് പഴയ കാമുകർ കാലം രൂപങ്ങളിൽ വരഞ്ഞിട്ട രേഖകളിലൂടെ ഇത്തിരി സങ്കടം കലർന്ന കൗതുകത്തോടെ കടന്നുപോയി. തങ്ങളുടെ ജീവിതത്തിൽ വിടപറഞ്ഞതിൽപ്പിന്നെ നടന്ന കാര്യങ്ങൾ അവർ തല്ക്കാലം ഓർക്കാനോ കൈമാറാനോ ഉള്ളൊരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.

കേശവേട്ടന്റെ താടിയിത്തിരി നരച്ചു. അധികമില്ലാട്ടോ. പിന്നെ ചെന്നിയിലിത്തിരി നര. മുഖം കുറച്ചൂടെ നീണ്ടു. മെലിഞ്ഞു… വേറെ മാറ്റമൊന്നുമില്ല. എത്ര പിള്ളേരായി? കല്ല്യാണം കഴിച്ചോ എന്ന് പഴയ പ്രിയതമയുടെ വളച്ചുകെട്ടിയ ചോദ്യം!

ഒറ്റത്തടിയാണ് സാറ. കേശവൻ പറഞ്ഞു. പെട്ടെന്നുള്ളിൽ നുരഞ്ഞ സന്തോഷം സാറ വെളിയിൽ കാട്ടിയില്ല. ധാരാളം പെണ്ണുങ്ങൾ പുറകേ കാണുമല്ലേ! കേശവന്റെ കൈത്തണ്ടയിൽ ഒരു കുത്തിന്റെയൊപ്പം ഒരു വിചാരണ!

കേശവനൊന്നും മിണ്ടാതെ അവളുടെ വിരലുകൾ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ലിസി, മോളാണല്ലേ! അവളുടെ പുലർവെട്ടത്തിൽ തിളങ്ങിയ മുഖത്തേക്ക് നോക്കി കേശവൻ ചോദിച്ചു.

എങ്ങിനെ മനസ്സിലായി കേശവേട്ടാ? അവൾ മുന്നോട്ടാഞ്ഞു.

അത്…അവളെ മൂന്നാലുവട്ടം കണ്ടപ്പോൾ.. അവളുടെ കുസൃതിയും.. പിന്നെ പെരുമാറ്റവും പ്രസരിപ്പും ഒക്കെ ഒരു പഴയ കൂട്ടുകാരിയെ, അല്ല എന്റെ എല്ലാമായിരുന്ന ഒരു വഴക്കാളിപ്പെണ്ണിനെ ഓർമ്മിപ്പിച്ചു. കേശവൻ മന്ദഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *