മൗനങ്ങൾ പാടുമ്പോൾ

സാറയുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു. ലിസിയൊണ്ടാരുന്നേല് ഈ ദുഷ്ടൻ സഖാവിനൊരു നുള്ളു തന്നേനേ. അവടമ്മേ ഇങ്ങനെ കരയിക്കണതിന്! സാറ കേശവന്റെ വിരലുകളിൽ മുറുക്കിപ്പിടിച്ചു.

സാരമില്ല മോളൂ. സഖാവറിയാതെ പറഞ്ഞുപോയി. എന്നാൽ ആ അമ്മൂമ്മയെ അത് പതിനെട്ടുകാരിയാക്കി. സാറയെണീറ്റു.

സഖാവെന്നാ വക്കീലായേ? അവർ തിരികെ നടന്നപ്പോൾ അവൾ ചോദിച്ചു.

കഥ നാളെപ്പറയാം. ഇന്ന്, ഇവിടെ, ഇപ്പോൾ നിന്റെയൊപ്പം നടന്നോട്ടെ? കേശവൻ പ്രിയപ്പെട്ടവളുടെ കൈ കവർന്നു.

അതേയ്.. ഈ കെളവീടെ കയ്യും പിടിച്ചോണ്ടു നടന്നാല് ആരാധികമാരെന്തു പറയും? എതിരേ നടക്കാൻ വന്ന കോളനിയിലെ രണ്ടു ചെറുപ്പക്കാരികൾ അവരെ നോട്ടംകൊണ്ടുഴിയുന്നതു കണ്ട് സാറ ചിരിച്ചു.
ആരാധികമാരോ? വട്ടായോടീ? കേശവൻ ആ പഴയ യുവാവായിക്കഴിഞ്ഞിരുന്നു.

ഈ വട്ട് ഞാൻ മരിക്കണവരെ കാണും. അല്ല അതു കഴിഞ്ഞും. കേട്ടോ കള്ള സഖാവേ! സാറ കേശവന്റെ വിരലുകളിൽ ഞെരിച്ചു.

മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ പിരിഞ്ഞു. സാറ പള്ളിയിലേക്കും കേശവൻ ഓഫീസിൽ കാത്തിരിക്കുന്ന കക്ഷികളുടെ അടുത്തേക്കും. വക്കീലിന് അവധിയൊന്നുമില്ലായിരുന്നു.

രണ്ടുപേരും അന്ന് മധുരിക്കുന്ന അനുഭൂതികളിലായിരുന്നു. സാധാരണ ഒറ്റപ്രാവശ്യം കക്ഷികൾ പറയുന്നതു കേട്ടാൽ നെല്ലും പതിരും തിരിച്ചറിയുന്ന, അവരേയും ഗുമസ്തൻ ഗോവിന്ദക്കുറുപ്പിനേയും മുനയിൽ നിർത്തുന്ന കേശവൻ വക്കീലന്ന് വളരെ സൗമ്യമായി ചിരിച്ചുകൊണ്ടു പെരുമാറി. ആരോടും ചാടിക്കേറുകയോ കുറുപ്പിനെ കടിച്ചുകുടയുകയോ ഒന്നും തന്നെയുണ്ടായില്ല. ഇടവേളകളിൽ ജനാലയിലൂടെ വെളിയിലേക്കു നോക്കിയിരുന്ന, മുഖത്ത് നേരിയ മന്ദഹാസം മിന്നിമാഞ്ഞിരുന്ന, വക്കീലിനെക്കണ്ട് കുറുപ്പത്ഭുതം കൂറി. മാത്രമല്ല പോവാൻ നേരം പതിവില്ലാതെ കുറുപ്പിന്റെ പോക്കറ്റിൽ രണ്ടായിരത്തിന്റെ ഒരു നോട്ടും വീണു!

ഗുരുവായൂരപ്പാ, ഇങ്ങേർക്കിതെന്നും തോന്നണേ. കുറുപ്പ് മനമുരുകി പ്രാർത്ഥിച്ചു!

സാറയുടെ കാര്യം അതിലും കഷ്ട്ടമായിരുന്നു. അച്ചൻ പറഞ്ഞതോ, അതുകഴിഞ്ഞ് വീട്ടിലെത്തി ടീവിയിൽ കണ്ടതോ, ന്യൂസ് പേപ്പർ വായിച്ചതോ ഒന്നുമങ്ങ് തലയിൽ കേറിയില്ല. ഏതോ ലോകത്തായിരുന്നു. എത്രയോ വട്ടം വിരലുകൾ മൊബൈലിൽ അമരാൻ തരിച്ചു. കളഞ്ഞുപോയെന്നു കരുതിയ നിധി , പിന്നെയും പിന്നെയും എടുത്തു താലോലിക്കാൻ മനസ്സു കൊതിച്ചു.

വൈകുന്നേരം മൊബൈലു റിങ്ങ് ചെയ്തപ്പോൾ വിറയ്ക്കുന്ന കൈകൊണ്ടവളെടുത്തു. അഞ്ചുമിനിറ്റ്. ഞാൻ വെളിയിൽ കാണും. പച്ച മാരുതി.

സാറ വസ്ത്രം മാറാനൊന്നും മിനക്കെട്ടില്ല. മുഖം കഴുകി, മുടിയിലൂടെ ബ്രഷോടിച്ചിട്ട് പിന്നിലൊരു ഹെയർബാൻഡു വെച്ചു കെട്ടി.

വീടും പൂട്ടി വെളിയിലിറങ്ങിയപ്പോൾ കാറു വളവു തിരിഞ്ഞു വരുന്നു. അവൾ വാതിലു തുറന്ന് സീറ്റിലമർന്നു. തിരിഞ്ഞു കേശവനെ നോക്കി.

ഒരു ചാരനിറത്തിലുള്ള കൈകൾമടക്കിവെച്ച ഷർട്ടും കറുത്ത ബാഗി പാന്റും.

നല്ല സ്റ്റൈലിലാണല്ലോ സഖാവ്. അവൾ മനോഹരമായി ചിരിച്ചു.

ഒരു സുന്ദരീടെ കൂടെ കൊറേ നാളായിട്ട് വെളിയിലേക്കു പോയിട്ടില്ല. അതുകൊണ്ട് അല്പം ഡീസന്റാവാം എന്നു കരുതി. വണ്ടി മുന്നോട്ടെടുത്ത് കേശവൻ പറഞ്ഞു.

ഓഹോ! അപ്പം സുന്ദരിമാരുടെ കൂടെ കൊറേ നാളു മുൻപ് ധാരാളം ചുറ്റിയിട്ടുണ്ട് അല്ലേ! സാറ കേശവന്റെ ചെവിക്കു പിടിച്ചു തിരുമ്മി.

നിന്നോട് വാദിച്ചു ജയിക്കാൻ വക്കീലിന്റെ ബിരുദമൊന്നും പോരെടീ. കേശവൻ ചിരിച്ചു.
ദേ! രണ്ടു മുതിർന്ന പിള്ളാരുടെ അമ്മയാ ഞാൻ! എന്നെക്കേറി എടീ പോടീന്നൊക്കെ വിളിച്ചാലൊണ്ടല്ലോ!

എന്തു ശിക്ഷയും അടിയൻ സ്വീകരിച്ചോളാമേ തമ്പുരാട്ടീ! കേശവൻ ചിരിച്ചു.

ശരി. ആദ്യം കൊറച്ചു വിശക്കുന്നു.

ശരി. കേശവൻ ആ പട്ടണത്തിന്റെ അതിരിലേക്ക് വണ്ടിയോടിച്ചു. ഒരു പുകപിടിച്ച ചുമരുകളുള്ള ഓലപ്പുരയുടെ മുന്നിൽ നിറുത്തി.

വെണ്ണപോലത്തെ ആവി പറക്കുന്ന കപ്പ പുഴുങ്ങിയതും, കാന്താരിയുമുള്ളിയും ഉടച്ചതും കട്ടൻകാപ്പിയുമകത്താക്കിയപ്പോൾ സാറയ്ക്കു ജീവൻ വെച്ചു. എന്റെ കേശവേട്ടാ, കാലത്ത് നമ്മളു കുടിച്ച ചായ കഴിഞ്ഞ് ഇപ്പൊഴാ എന്തേലുമകത്തു ചെല്ലുന്നേ. അവൾ കേശവന്റെ ചുമലിൽ ചാരി.

എടീ! കേശവൻ വിളിച്ചു. എന്തോ? അവൾ മുഖമുയർത്തി. ഇനി സമയത്ത് കഴിച്ചോണം. മനസ്സിലായോടീ? ശരി കേശവേട്ടാ. സാറയ്ക്കുള്ളിലൊരു കുളിരു തോന്നി.

ബീച്ചിൽ അസ്തമയം കഴിഞ്ഞിരുന്നു. ആകാശത്തേക്കവൾ നോക്കി. “ചോക്കുന്നു കാടന്തിമേഘങ്ങൾ പോലെ”.കേശവനവളുടെ ചെവിയിൽ മന്ത്രിച്ചു.

അവസാനം കണ്ടുകഴിഞ്ഞിട്ട് സഖാവിനെന്തു പറ്റി? അപ്പോഴും സുന്ദരിയായ സാറയെ കേശവൻ നോക്കി. ഒത്തിരി പറയാനുണ്ടെന്റെ മോളൂ. ഇനിയെത്രയോ സമയമുണ്ട്. ജയിലിൽ കിടന്നാണ് വർഷങ്ങൾക്കുശേഷം നിയമം പഠിച്ചത്. അമ്മ സ്ഥലമെല്ലാം വിറ്റ് ഈ നഗരത്തിൽ ഒരാശ്രമത്തിലേയ്ക്കു മാറിയിരുന്നു. ഞാനിവിടെ വന്ന് പ്രാക്റ്റീസു തുടങ്ങിയിട്ടും അമ്മ അവിടെ നിന്നും മാറിയില്ല. ഞാനും നിർബ്ബന്ധിച്ചില്ല. വർഷങ്ങളായി വിട്ടു പോയിട്ട്. ഞാൻ പഴയ പാർട്ടിക്കാരുടേയും, പാവങ്ങളുടേയും കേസുകളാണ് കൂടുതലും നടത്തുന്നത്. ജീവിക്കാനായി പക്കാ ക്രിമിനലുകളേയും ഡിഫൻഡു ചെയ്യുന്നു.

കുര്യച്ചനുമായി എന്തോ ആദ്യമേ പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. സാറയുടെ സോഫയിൽ കേശവന്റെ മടിയിൽ കാലുകൾ ഉയർത്തിവെച്ചിരിക്കയായിരുന്നു. നീണ്ട വിരലുകൾ പാദങ്ങളുടെ വളവുകളിലൂടെ മെല്ലെയമർത്തിയപ്പോൾ അവൾ സുഖം കൊണ്ടു കുറുകി.

ഉം. ബാക്കി? അവളുടെ വിരലുകൾ ഓരോന്നായി ഞൊട്ടയൊടിച്ചുകൊണ്ട് കേശവൻ ചോദിച്ചു.

പിന്നെ രണ്ടു പെൺമക്കളായി. മറിയം, അമ്മായിയമ്മേടെ പേര്. എലിസബത്ത്. അമ്മച്ചീടെ പേര്. പേരുപോലെ തന്നെ പിള്ളേരും. മറിയം കുര്യച്ചന്റെ മോളായിരുന്നു. ഡൈവോർസിന്റെ സമയത്തും അപ്പന്റെയൊപ്പമായിരുന്നു. പാവം ലിസി എന്നെപ്പോലെയും.

സാറ… കേശവന്റെ സ്വരം നേർത്തു.

എന്താ കേശവേട്ടാ? അവളെണീറ്റിരുന്നു. കേശവന്റെ മുഖം അവൻ കൈകളിലെടുത്തു.
നീയെന്നെ ഓർക്കാറുണ്ടോ? വല്ലപ്പോഴുമെങ്കിലും? വാക്കുകൾ ഉച്ചരിക്കാൻ കേശവനു പണിപ്പെടേണ്ടി വന്നു.

എന്റെ ജീവനല്ലേ ഈ കരുണയില്ലാത്തവൻ! അവളുടെ കണ്ണുകൾ നിറഞ്ഞു. അരുവികളായി കണ്ണീർ താഴേക്കൊഴുകും മുന്നേ അവൾ തേങ്ങിക്കൊണ്ട് കേശവന്റെ നെഞ്ചിൽ മുഖം അമർത്തി. ആ ചുമലുകൾ ഉലഞ്ഞു. എന്നും…എന്നും… അവൾ മന്ത്രിച്ചു.

കേശവന്റെ കൈകൾ തന്റെ പെണ്ണിനെ വരിഞ്ഞുമുറുക്കി. നിന്നെ ഇനിയാർക്കും ഞാൻ വിട്ടുകൊടുക്കില്ല. ഒരിക്കലും…. അവളുടെ നിറുകയിലും, നനഞ്ഞ കണ്ണുകളിലും, കവിളുകളിലും അവൻ ആർത്തിയോടെ ഉമ്മകൾ വർഷിച്ചു. അവളൊരു പൂച്ചക്കുഞ്ഞിനെപ്പോലെ ആ വിരിഞ്ഞ നെഞ്ചിലമർന്നു.

അവനവളെ വാരിയെടുത്തു. സാറയുടെ ബെഡ്ഡിലേക്കു നടന്നു. വസ്ത്രങ്ങൾ അഴിഞ്ഞുവീണപ്പോൾ വർഷങ്ങളിലൂടെ കടന്നുപോയ ശരീരങ്ങളുടെ മാറ്റങ്ങൾ അവർ കണ്ടു, തൊട്ടു, തഴുകി, അനുഭവിച്ചു. സാവധാനത്തിൽ ഒഴുകുന്ന പുഴ കായലിൽ ചേരുന്നപോലെ അവർ സൗമ്യമായി സംഗമിച്ചു. വികാരങ്ങളുടെ കൊടുമുടിയിൽ വർഷങ്ങൾ കൊഴിഞ്ഞുപോയത് കുട്ടികളുടെ ആഹ്ളാദത്തോടെയവരറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *