മൗനങ്ങൾ പാടുമ്പോൾ

അത് ഞാൻ കോളേജിൽ… ഷെർലി പോയപ്പോ… ആരും കൂട്ടിനില്ലാതെ…അപ്പോ കേശവേട്ടൻ… അവളിരുന്നു വിക്കി.ഇരുനിറമാണെങ്കിലും മോൾടെ മുഖം തുടുത്തത് മേരിയറിഞ്ഞു.

ഞാൻ ഷേർലീടെ വീട്ടില് വിളിച്ചപ്പോ അവളോട് പൊക്കോളാൻ നീ പറഞ്ഞൂന്നാണല്ലോടീ ഞാനറിഞ്ഞത്. മേരി സ്വരം കടുപ്പിച്ചു.

അത്..അമ്മേ… സാറയിരുന്നു വിക്കി. ഞാൻ…

മോളേ നീയിങ്ങു വന്നേ. മേരിയവളേം വലിച്ച് വരാന്തയിലേക്ക് ചെന്നു. മാത്യൂസാറു മുഖമുയർത്തി.
അപ്പാ…മാത്യൂസാറ് മേരിയുടെ വിളികേട്ടപ്പോൾ പത്രത്തിൽ നിന്നും മുഖമുയർത്തി.

ദേ ഇവളോട് അവൾടെ അമ്മയ്ക്കെന്നാ പറ്റിയേന്ന് അപ്പനൊന്നു പറഞ്ഞുകൊടുത്താട്ടെ. ഞാൻ അത്താഴത്തിന് ഇത്തിരി കഞ്ഞീം പയറും ഒണ്ടാക്കട്ടെ. മേരി സാറയെ അപ്പന്റെയടുത്തോട്ടു തള്ളിയിട്ട് അകത്തേക്ക് പോയി.

അപ്പച്ചാ.. അമ്മയെന്നാ പറഞ്ഞേച്ചും പോയേ? സാറ സംശയത്തോടെ മാത്യൂസാറിനെ നോക്കിയിട്ട് സാറിന്റെ കസേരക്കയ്യിൽ കേറിയിരുന്നു.

നീ നിന്റെയപ്പനെ കണ്ടിട്ടില്ലല്ലോ മോളേ. സാറ് കൊച്ചുമോളുടെ കൈ കൈകളിലെടുത്ത് തലോടി.

ഇല്ലപ്പച്ചാ. അമ്മയെന്നെ പ്രസവിക്കണതിനു മുൻപ് അപ്പൻ അപകടത്തിൽപ്പെട്ടു മരിച്ചു എന്നാണമ്മ പറഞ്ഞേ. അപ്പന്റെ കൂടെ വർക്കുചെയ്തിരുന്ന രണ്ടുമൂന്നങ്കിളുമാരേം അവരടെ ഭാര്യമാരേം കൊച്ചുങ്ങളേമൊക്കെ ഞാൻ കണ്ടിട്ടുണ്ട്.

മോളേ. അങ്ങു ബോംബേല് അപകടമായിരുന്നു. പക്ഷേ കരുതിക്കൂട്ടിയൊള്ളതായിരുന്നു. ഫാക്ടറിയിൽ നിന്റപ്പൻ യൂണിയൻ നേതാവായപ്പഴേ നോട്ടപ്പുള്ളിയായിരുന്നു. രണ്ടുപ്രാവശ്യം അവരു ശ്രമിച്ചതാ. ആഹ്. പോലീസും അവരുടെ കയ്യിലായിരുന്നു. പിന്നെ നിന്റമ്മ ഇവിടെവെച്ചാ നിന്നെ പെറ്റത്. അവളു പിന്നെ ചെന്നൈയിൽ പോയി. അവക്കു ബോംബേല് പണിയൊണ്ടായിരുന്നു. അവരടെ സൗത്തിൻഡ്യൻ റിജിയണൽ ഓഫീസിൽ ചേർന്നു. പിന്നെ രണ്ടു വർഷം കഴിഞ്ഞപ്പോൾ അവള് ഇൻഷുറൻസ് കമ്പനീല് ചേർന്നു. ഇപ്പോ ട്രാൻസ്ഫറായപ്പഴാ നിന്നെ ഇവിടെ നിർത്തിപ്പഠിപ്പിക്കാന്നു വിചാരിച്ചത്.

മോളേ. അരി കഴുകി അടുപ്പത്തുവെച്ചിട്ട് വരാന്തയിൽ വന്ന മേരി സാറയുടെ മുടിയിൽ തലോടി. കേശവൻ നല്ല ചെറുക്കനാ. എനിക്കും നിന്റെയപ്പച്ചനും അവന്റെയമ്മേം മരിച്ചുപോയ അച്ഛനേമൊക്കെ അറിയാം. എന്നാലും മോളേ, ഞാനും ഇഷ്ട്ടപ്പെട്ടു കെട്ടിയതാടീ. എനിക്കിപ്പോ ഇതൊക്കെയാലോചിക്കുമ്പോ നെഞ്ചിൽ തീയാണ്. ഞാനടുത്താഴ്ച പുതിയ സ്ഥലത്തേക്ക് പോവും. ജോയിൻ ചെയ്യണം. നീ വിവരമുള്ള പെണ്ണാണ്. അപ്പച്ചനെ വെഷമിപ്പിക്കരുത്.

സാറയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പതുക്കെയെണീറ്റ് അകത്തേക്ക് പോയി.

പാവം. സാറു പറഞ്ഞു. മേരി വിഷമത്തോടെ ചിരിക്കാൻ ശ്രമിച്ചു.

സാറ അടുത്തദിവസങ്ങളിൽ ഒരൊതുങ്ങിയ മൂഡിലായിരുന്നു. എന്തു പറ്റിയെടീ? കാമുകനുമായി വല്ല പ്രശ്നവും? ഷെർളി ചോദിക്കുകയും ചെയ്തു. എന്നാൽ കൂട്ടുകാരിയുടെ ദയനീയമായ മുഖം കണ്ടപ്പോൾ അവൾ കൂടുതൽ കളിയാക്കാൻ നിന്നില്ല.
സാറ അപ്പന്റെ മരണത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്നും മുഴുവനും മോചിതയായിരുന്നില്ല. ഒപ്പം രണ്ടുദിവസത്തിനകം മേരി പോവുകയും ചെയ്തതോടെ അവളുടെ സ്ഥിതി പിന്നെയും ശോചനീയമായി. കോളേജിലാകട്ടെ കേശവനെ കാണാനുമില്ലായിരുന്നു. ഒടുവിൽ മനസ്സുണ്ടായിട്ടല്ലെങ്കിലും അവൾ ഉഷയെ സമീപിച്ചു.

അതേയ്… ഒരു കാര്യം. അവൾ ശങ്കിച്ചു ശങ്കിച്ചു ചോദിച്ചു.

എന്താ കുട്ടീ? ഉഷയവളെ ഉറ്റുനോക്കി. എപ്പൊഴോ കണ്ടുമറന്നപോലെ.

അത്… പെട്ടെന്നവൾക്ക് വാക്കുമുട്ടി. അവളുടെ മുഖം തുടുത്തു. അവൾക്കവിടെനിന്നും രക്ഷപ്പെട്ടാൽ മതിയെന്നായി. വല്ലാത്ത തിക്കുമുട്ടൽ.

ഉഷയ്ക്കവളുടെ പതറിച്ച മനസ്സിലായി. നന്നായി ചിരിച്ചുകൊണ്ട് ഉഷ സാറയുടെ കയ്യിൽ പിടിച്ചു. വരൂ.. അവളേയും കൊണ്ട് ഉഷ മരത്തണലിലെ തറയിലിരുന്നു.

എന്താ മോൾടെ പേര്? ഉഷ ചോദിച്ചു.

സാറ. അവൾക്കും ശ്വാസം നേരെവീണു.

സാറയ്ക്കെന്താ അറിയണ്ടേ? ഉഷ ചിരിച്ചു.

കേശവേട്ടനെ കണ്ടിട്ടു കൊറച്ചു നാളായി. അതറിയാനാ. അവളൊറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

ഇതിനാണോ സാറ ഇത്രേം മടിച്ചത്! പുള്ളി പാർട്ടി പ്ലീനത്തിനു പോയതാ. ഒരാഴ്ചത്തെ പരിപാടിയാ മൊത്തം. പിന്നേം ഒന്നുരണ്ടു സ്ഥലങ്ങളിൽ പോയിട്ടേ വരൂ.

ശരി ചേച്ചീ.. സാറ ആശ്വാസം കൊണ്ടറിയാതെ പറഞ്ഞുപോയി.

എന്നാലിനി അനിയത്തി പോയി നല്ലകുട്ടിയായി ക്ലാസിലിരുന്നു പഠിക്ക്. ഉഷ മന്ദഹസിച്ചു. ഹാപ്പിയായ സാറ വായുവിലൊഴുകി തിരികെപ്പോയി.

മീറ്റിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കേശവന് ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല. തിരിച്ചുചെന്ന് നടപ്പിലാക്കണ്ട സമരപരിപാടികൾ, തന്ത്രങ്ങൾ, ആകപ്പാടെ വൈകുന്നേരം വന്നു തളർന്നുകിടന്നുറങ്ങും. എന്നാലും ആ കുസൃതിപ്പെണ്ണിന്റെ മുഖം വല്ലപ്പോഴുമെങ്കിലും സ്വപ്നങ്ങളിലും, ഉണർന്നിരിക്കുമ്പോഴും മിന്നിമാഞ്ഞിരുന്നു. മധുരമുള്ള നൊമ്പരം കിള്ളി നോവിച്ചിരുന്നു. വികാരങ്ങളെ അകറ്റിനിർത്തേണ്ട വിപ്ലവകാരിയുടെ പ്രതിരോധങ്ങൾക്കു വിള്ളലേല്പിച്ച് നുഴഞ്ഞുകയറിയ വികാരങ്ങൾ..

തിരികെ ട്രെയിനിലിരുന്നപ്പോൾ കേശവൻ പുസ്തകങ്ങളൊന്നും വായിച്ചില്ല. അവന്റെയൊപ്പം യാത്ര ചെയ്ത രാമേട്ടൻ അവന്റെ സ്വപ്നം കാണുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു.

എടാ മോനേ.. റെണിഗുണ്ട സ്റ്റേഷനിൽ നിന്നും കാലത്തേ ദോശയും, ചട്ണിയും ഓംലെറ്റും അകത്താക്കുന്നതിനിടയിൽ രാമേട്ടൻ ഒരു ചോദ്യമെറിഞ്ഞു. ആരാടാ നിന്റെ മനസ്സില്?

അത്..രാമേട്ടാ… ഭക്ഷണം തൊണ്ടക്കുഴലിൽ തങ്ങി കേശവൻ ചുമച്ചു. അവനിത്തിരി പരിഭ്രാന്തിയായി.
നീ കഴിക്കടാ. രാമേട്ടനവന്റെ പുറം തടവിക്കൊടുത്തു. പിന്നെ ചായ എന്നുപേരുള്ള റെയിൽവേയുടെ വാട്ടവെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ രാമേട്ടൻ മനസ്സു തുറന്നു.

കേശവാ. മൃദുവായ ആ സ്വരം കേൾക്കാൻ കേശവൻ മുന്നോട്ടാഞ്ഞിരുന്നു. നമ്മളെല്ലാം മനുഷ്യരാണ്. നീ ഈ കമ്പാർട്ട്മെന്റിൽ നോക്കിയേ. കുട്ടികൾ, അച്ഛനമ്മമാർ, ചെറുപ്പക്കാർ…എല്ലാവരും ജീവിതത്തിൽ മുഴുകിയിരിക്കുന്നു. വിപ്ലവമെന്നു പറഞ്ഞാൽ വികാരങ്ങളില്ലാത്ത ഒരേ ലക്ഷ്യം നോക്കി മുന്നോട്ടു പോവുന്നവർ എന്നൊക്കെയുള്ള ശുദ്ധ അസംബന്ധം പറയുന്ന മുരടന്മാരെ എനിക്കു കണ്ടൂടാ. ജീവിതം ജീവിച്ചുതന്നെ തീർക്കണം. എന്നാൽ നമ്മുടെ മാർഗ്ഗം മറക്കരുത്. അത്രമാത്രം.

രാമേട്ടൻ ചരിഞ്ഞുകിടന്ന് ഏതോ അമേരിക്കൻ ക്രൈം നോവൽ വായന തുടങ്ങി. പ്രസ്ഥാനത്തിന്റെ ഒരാചാര്യനായിരുന്നെങ്കിലും രാമേട്ടൻ കേശവനൊരത്ഭുതമായിരുന്നു.

വീട്ടിലെത്തി മുഷിഞ്ഞ കുപ്പായങ്ങൾ മാറ്റി ഒന്നുകുളിച്ചുഷാറായി കൈലിയുമുടുത്ത് പിന്നിലെ വരാന്തയിൽ അമ്മയോട് വർത്താനം പറഞ്ഞിരുന്ന കേശവന്റെ ചെവിയിൽ ആരോ നുള്ളി!

സാറ. അവൾ മനസ്സിന്റെ കോണിലുണ്ടായിരുന്ന കേശവന് പ്രിയങ്കരിയെ പെട്ടെന്നു പിടികിട്ടി.

Leave a Reply

Your email address will not be published. Required fields are marked *