മൗനങ്ങൾ പാടുമ്പോൾ 1

മീറ്റിങ്ങുകളുടെ തിരക്കുകൾക്കിടയിൽ കേശവന് ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല. തിരിച്ചുചെന്ന് നടപ്പിലാക്കണ്ട സമരപരിപാടികൾ, തന്ത്രങ്ങൾ, ആകപ്പാടെ വൈകുന്നേരം വന്നു തളർന്നുകിടന്നുറങ്ങും. എന്നാലും ആ കുസൃതിപ്പെണ്ണിന്റെ മുഖം വല്ലപ്പോഴുമെങ്കിലും സ്വപ്നങ്ങളിലും, ഉണർന്നിരിക്കുമ്പോഴും മിന്നിമാഞ്ഞിരുന്നു. മധുരമുള്ള നൊമ്പരം കിള്ളി നോവിച്ചിരുന്നു. വികാരങ്ങളെ അകറ്റിനിർത്തേണ്ട വിപ്ലവകാരിയുടെ പ്രതിരോധങ്ങൾക്കു വിള്ളലേല്പിച്ച് നുഴഞ്ഞുകയറിയ വികാരങ്ങൾ..

തിരികെ ട്രെയിനിലിരുന്നപ്പോൾ കേശവൻ പുസ്തകങ്ങളൊന്നും വായിച്ചില്ല. അവന്റെയൊപ്പം യാത്ര ചെയ്ത രാമേട്ടൻ അവന്റെ സ്വപ്നം കാണുന്ന കണ്ണുകൾ ശ്രദ്ധിച്ചിരുന്നു.

എടാ മോനേ.. റെണിഗുണ്ട സ്റ്റേഷനിൽ നിന്നും കാലത്തേ ദോശയും, ചട്ണിയും ഓംലെറ്റും അകത്താക്കുന്നതിനിടയിൽ രാമേട്ടൻ ഒരു ചോദ്യമെറിഞ്ഞു. ആരാടാ നിന്റെ മനസ്സില്?

അത്..രാമേട്ടാ… ഭക്ഷണം തൊണ്ടക്കുഴലിൽ തങ്ങി കേശവൻ ചുമച്ചു. അവനിത്തിരി പരിഭ്രാന്തിയായി.
നീ കഴിക്കടാ. രാമേട്ടനവന്റെ പുറം തടവിക്കൊടുത്തു. പിന്നെ ചായ എന്നുപേരുള്ള റെയിൽവേയുടെ വാട്ടവെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ രാമേട്ടൻ മനസ്സു തുറന്നു.

കേശവാ. മൃദുവായ ആ സ്വരം കേൾക്കാൻ കേശവൻ മുന്നോട്ടാഞ്ഞിരുന്നു. നമ്മളെല്ലാം മനുഷ്യരാണ്. നീ ഈ കമ്പാർട്ട്മെന്റിൽ നോക്കിയേ. കുട്ടികൾ, അച്ഛനമ്മമാർ, ചെറുപ്പക്കാർ…എല്ലാവരും ജീവിതത്തിൽ മുഴുകിയിരിക്കുന്നു. വിപ്ലവമെന്നു പറഞ്ഞാൽ വികാരങ്ങളില്ലാത്ത ഒരേ ലക്ഷ്യം നോക്കി മുന്നോട്ടു പോവുന്നവർ എന്നൊക്കെയുള്ള ശുദ്ധ അസംബന്ധം പറയുന്ന മുരടന്മാരെ എനിക്കു കണ്ടൂടാ. ജീവിതം ജീവിച്ചുതന്നെ തീർക്കണം. എന്നാൽ നമ്മുടെ മാർഗ്ഗം മറക്കരുത്. അത്രമാത്രം.

രാമേട്ടൻ ചരിഞ്ഞുകിടന്ന് ഏതോ അമേരിക്കൻ ക്രൈം നോവൽ വായന തുടങ്ങി. പ്രസ്ഥാനത്തിന്റെ ഒരാചാര്യനായിരുന്നെങ്കിലും രാമേട്ടൻ കേശവനൊരത്ഭുതമായിരുന്നു.

വീട്ടിലെത്തി മുഷിഞ്ഞ കുപ്പായങ്ങൾ മാറ്റി ഒന്നുകുളിച്ചുഷാറായി കൈലിയുമുടുത്ത് പിന്നിലെ വരാന്തയിൽ അമ്മയോട് വർത്താനം പറഞ്ഞിരുന്ന കേശവന്റെ ചെവിയിൽ ആരോ നുള്ളി!

സാറ. അവൾ മനസ്സിന്റെ കോണിലുണ്ടായിരുന്ന കേശവന് പ്രിയങ്കരിയെ പെട്ടെന്നു പിടികിട്ടി.

ഇങ്ങുവാടീ കാന്താരീ. അവനവളുടെ കൈക്കു പിടിച്ച് മുന്നിൽ നിർത്തി. അവന്റെ നനഞ്ഞെങ്കിലും എണ്ണമയം പുരളാത്ത പപ്രശ്ശ മുടിയും പരവശമായ മുഖവും കണ്ടവൾ സങ്കടപ്പെട്ടു. ഇതു നോക്കിയേ അമ്മേ! കേശവേട്ടനാകെയങ്ങ്…അവൾക്കു മുഴുമിക്കാനായില്ല. തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞുതുളുമ്പി.

പാവം മോളു. ദേവകിയവളെ ചേർത്തു നിർത്തി മുടിയിൽ തലോടി. കണ്ടോടാ എന്റെ മോൾടെ സ്നേഹം. മേരി പോയേപ്പിന്നെ ഇവളൊറ്റയ്ക്കായി. ഇന്നലേം വന്നിരുന്നു. നിന്നേക്കാളും അവൾക്കെന്റെ കാര്യത്തില് ശ്രദ്ധയൊണ്ട്.

എന്റെയമ്മേ! ഇവളൊരു പൂതനയല്ലേ! കാന്താരീടെ ഈ വേഷത്തിലൊന്നും വീണേക്കല്ലേ! കേശവൻ ചിരിച്ചു.

പോടാ. പൂതന ഇയാൾടെ… സാറ അവന്റെ ചുമലിലൊരു തള്ളുകൊടുത്തു. അവൻ ചിരിച്ചുകൊണ്ട് വരാന്തയിലേക്ക് മലർന്നു. ഞാൻ പോട്ടമ്മേ! സാറ ഒറ്റയോട്ടം വെച്ചുകൊടുത്തു!

എടാ! കിടന്നു ചിരിക്കുന്ന കേശവനെ നോക്കി ദേവകിയും ചിരിച്ചുപോയി. നീയെന്തിനാടാ ആ കൊച്ചിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണത്! അവരകത്തേക്കു പോയി.
കേശവൻ മതിലിൽ ചാരിയിരുന്ന് മടിയിൽ പരതി ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. അവൻ പുക ആസ്വദിച്ചുകൊണ്ട് കണ്ണുകളടച്ചു. ജടപിടിച്ച മുടിയിൽ നീളമുള്ള വിരലുകൾ അമർന്ന് മെല്ലെ കെട്ടുകൾ വിടീക്കുന്നു. വരണ്ട മുഖത്തും ഉണങ്ങിയ താടിരോമങ്ങളിലും എണ്ണതേച്ചു തിരുമ്മുന്നു. ചൂടുള്ള ശ്വാസം പൊതിയുന്നപോലെ. ചുറ്റിലും സുഖമുള്ള ഗന്ധം. പെണ്ണിന്റെ മണം. കൈകൾ തന്നെ ചെരിച്ചു കിടത്തുന്നു. മാർദ്ദവമുള്ള മുലകളിൽ മുഖമമർത്തുന്നു. ക്ഷീണമവനെപ്പുണർന്നു.

ദേവകിയമ്മ വന്നു നോക്കിയപ്പോൾ വെറും തിണ്ണയിൽ മലർന്നുകിടന്നുറങ്ങുന്ന കേശവൻ! അവരൊരു തലയിണയെടുത്ത് അവന്റെ തലയ്ക്കുതാഴെ വെച്ചു. അവന്റെ സുന്ദരമായ മുഖത്തുനോക്കിയപ്പോൾ നാരായണനെ ഓർമ്മവന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു. ദേവീ, എന്റെ മോനെ കാത്തോളണേ! കണ്ണുകൾ തുടച്ചുകൊണ്ട് അവരടുക്കളയിലേക്കു പോയി.

Leave a Reply

Your email address will not be published. Required fields are marked *