മൗനങ്ങൾ പാടുമ്പോൾ

കേശവൻ ചിരിച്ചുപോയി.

ഇയാളെന്തിനാ ചിരിക്കുന്നേ? അവളു പിന്നേം കെറുവിച്ചു.

കേശവൻ സൈക്കിളു നിർത്തി വശത്തുള്ള കലുങ്കിൽ കാലുകുത്തി. ചിരിക്കാതെന്തു ചെയ്യും! പ്രസ്ഥാനത്തിലുള്ളവരോട് , ആണായാലും പെണ്ണായാലും ഒരേ മനോഭാവമാണ്, സഖാക്കളായി! അല്ലാതെ നീ പറയണപോലെ.. അവൻ മുഴുമിച്ചില്ല.

ഞാനൊന്നും പറഞ്ഞില്ലേ! അല്ലേലിപ്പം നമ്മളാരാ! അവളിത്തിരി സങ്കടപ്പെട്ടു.

നീയോ! നീയൊരു ഭയങ്കരിയല്ലേടീ! വല്ല്യ കള്ള സങ്കടമൊന്നും വേണ്ട! പോരാത്തേന് മുടിഞ്ഞ കനവും. കണ്ടാപ്പറയുമോ! അതൊട്ടില്ലതാനും! അവൻ ചിരിച്ചുകൊണ്ട് സൈക്കിൾ ചവിട്ടിത്തുടങ്ങി.

കനമൊണ്ടേ കണക്കായിപ്പോയി. ദേ അമ്മ പറഞ്ഞത് കേട്ടല്ലോ! എന്നെ വീട്ടീ വിട്ടേച്ച് പോയാമതി ഇയാള്. അവൾ സ്വരം കടുപ്പിച്ചു.

അവനുറക്കെച്ചിരിച്ചു. എന്റെ പേര് കേശവൻ. “ഇയാൾ” എന്നല്ല. പിന്നെ സാറ. ഉം. എന്റെയൊരിതു വെച്ച് ഇതിനെ കെട്ടുന്നവന് കുരിശു ഫ്രീ!

അങ്ങനിപ്പം കവിടിയൊന്നും നെരത്തണ്ട ഇയാ..അല്ല കേശവൻ. അല്ലേ വേണ്ട മൂത്തതല്ലേ! കേശവേട്ടൻ! അവൾ മന്ദഹസിച്ചു.

കേശവന് ഉള്ളിലെന്തോ അതുവരെ അനുഭവിക്കാത്ത ഏതോ വികാരം അലയടിക്കുന്നപോലെ തോന്നി. ഈ കാന്താരിയേം കൊണ്ട് ലോകത്തിന്റെ അറ്റംവരെ സൈക്കിൾ ചവിട്ടിയാലോ!

ദേ വീടെത്തി. ഏതോ ഇത്തിരി മധുരം കലർന്ന ചിന്തകളിൽ മുഴുകിയിരുന്ന കേശവൻ സഖാവിന്റെ ബോധത്തിലേക്ക് അവളുടെ വാക്കുകൾ വന്നുവീണു.

വെളിയിൽത്തന്നെ മാത്യൂസാറുണ്ടായിരുന്നു. നരച്ച മുടിയും താടിയും. കണ്ണുകളുടെ തിളക്കം മങ്ങിയിട്ടില്ലായിരുന്നു.

ദേ സാറേ ഈ മൊതലിനെയങ്ങേൽപ്പിക്കുവാ. അവൻ പറഞ്ഞു.

ആ, കേശവനോ! നിന്നെക്കണ്ടിട്ട് കൊറേ നാളായല്ലോടാ. ഇവളെയെവിടുന്നു കിട്ടി? അവടമ്മ അകത്ത് വെഷമിച്ചിരിപ്പാണ്. സാറ് അവനേം, അമ്മയേം പഠിപ്പിച്ചിട്ടുണ്ട്.

മഴയത്തൂന്നമ്മയ്ക്ക് കിട്ടീതാ സാറേ. നനഞ്ഞ. എലിയെപ്പോലാരുന്ന്. ഇപ്പം വല്ല്യ സിംഹിയായി! കേശവൻ സാറയെ നോക്കി ചിരിച്ചു.

അവളുടെ മുഖം ചുവന്നു. പോടാ! കേശവനെ നോക്കി കൊഞ്ഞനം കാട്ടീട്ടവളകത്തോട്ടോടി.
എടീ! പിടിക്കാനാഞ്ഞ സാറിനേം വെട്ടിച്ച് അവളകത്തേക്കോടി. വെളിയിലേക്കു വന്ന അമ്മയും മോളും കൂടി കൂട്ടിയിടിച്ച് അവടെയൊരു കൺഫ്യൂഷൻ.

എന്നാടീ ഇത്! അമ്മ ഒച്ചയിട്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവരുടെ കഴുത്തിൽ തൂങ്ങി.

അതോ… അതിവിടെയൊരുത്തൻ അമ്മേടെ മോളെ ദേഷ്യം പിടിപ്പിച്ചു അതാ…

അപ്പോ സൂസിച്ചേച്ചീടെ മോളാന്നോ ഈ കുരിപ്പ്? കേശവൻ സാറിനോടു ചോദിച്ചു.

അല്ലെടാ അവടെ മൂത്തത് മേരീടെയാ. ആ നിനക്കിവനെ മനസ്സിലായോടീ? സാറയുടെയൊപ്പം വരാന്തയിലേക്ക് വന്ന മേരിയോട് സാറു ചോദിച്ചു.

സൈക്കിളിലിരുന്ന ചുവപ്പുകലർന്ന വെളുത്ത നിറമുള്ള താടിക്കാരൻ ചെറുപ്പക്കാരനെ മേരി കൗതുകത്തോടെ നോക്കി.

ഇല്ലല്ലോ അപ്പാ. ആരാ? അവൾ ചോദിച്ചു.

എടീ ഇവൻ നിന്റെ പഴയ കൂട്ടുകാരി ദേവകീടെ ഒറ്റ മോനാണെടീ. സാറു ചിരിച്ചു.

കർത്താവേ! മേരി മൂക്കത്തു വെരലു വെച്ചു. ഇങ്ങു വന്നേടാ, ദേവൂന്റെ മോൻ! അവക്കെങ്ങനെയൊണ്ടെടാ? എന്താ നിന്റെപേര്?

മുഖത്ത് വിഷാദം കലർന്ന, സുന്ദരിയായ മേരിയെ നോക്കി കേശവൻ മന്ദഹസിച്ചു. സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ടവനിറങ്ങി.

ചേച്ചീടെ രണ്ടാമത്തെ ചോദ്യത്തിനുത്തരം.. കേശവൻ. തീപ്പൊരി കേശവൻ! സാറ അമ്മയുടെ ചെവിയിൽ മന്ത്രിച്ചു. പിന്നെ അമ്മ സുഖമായിരിക്കുന്നു. അച്ഛൻ മരിച്ചുകഴിഞ്ഞ് ജോലിക്ക് കേറി. പഞ്ചായത്തോഫീസിലാണ്.

നാരായണൻ മരിച്ചോ! മേരി മുന്നിൽ നിന്ന ഉയരമുള്ള കേശവനെ നോക്കിപ്പറഞ്ഞു. ദൈവമേ! നീയിങ്ങു കേറിയിരിക്ക്.

ചേച്ചീ പോണം. അവനൊന്നു മടിച്ചു. മേരിയിറങ്ങിച്ചെന്ന് അവന്റെ കയ്യിൽപ്പിടിച്ചു വരാന്തയിലേക്ക് വലിച്ചു.

ദേവൂന്റെ മോൻ വന്നിട്ട് ചായേങ്കിലും തരാതെ ഞാൻ വിടത്തില്ല.

ഓ ഇനിയമ്മ ചായകൊടുക്കണ്ട കൊറവേയുള്ളൂ. ഇയാള് വല്ല്യ നക്സലൈറ്റാ. സൂക്ഷിച്ചാൽ കൊള്ളാം. സാറ പിറുപിറുത്തു.

പോടീ. മേരിയവളുടെ തലയിൽ മേടി. മോനിരിക്ക്.

അവിടെനിന്നും പാർട്ടിയോഫീസിലേക്കു സൈക്കിൾ ചവിട്ടുമ്പോൾ കേശവൻ സാറ, മേരി, മേരി ചുരുക്കിപ്പറഞ്ഞ അമ്മയുടേയും അച്ഛന്റേയും കഥകൾ, ഇവയൊക്കെ അയവിറക്കി.

സഖാവേ ദാണ്ടെയൊരു പെണ്ണ് തന്നെ തുറിച്ചുനോക്കുന്നു. പാർട്ടിയുടെ വരുന്ന കോളേജ് ഇലക്ഷന്റെ ഒരു സ്ഥാനാർഥിയായ ഉഷ കേശവനെ തോണ്ടി.

ഏതു പെണ്ണ്?
ദാണ്ടവിടെ എടതുവശത്ത്.

കേശവൻ നോക്കിയപ്പോൾ മൂന്നാലു പെണ്ണുങ്ങളുടെ ഇടയിൽ നിൽക്കുന്നു കാന്താരി. അവനെ നോക്കി കൈവീശിക്കാട്ടുന്നു.

നമസ്കാരം സാറ. സാറും ചേച്ചീം സുഖമായിരിപ്പില്ലേ. അവൻ അവരുടെ അടുത്തേക്ക് നടന്നുകൊണ്ട് കുശലം ചോദിച്ചു. മറ്റുള്ള പെണ്ണുങ്ങൾ എന്തൊക്കെയോ കുശുകുശുക്കുന്നത് അവൻ കണ്ടു.

അവൾ കൂട്ടം വിട്ട് മുന്നോട്ടു വന്നു. അതേയ് അവരടെ കാര്യം അറിയണേൽ വീട്ടീച്ചെന്നന്വേഷീര്. വല്ല്യ ചോദ്യങ്ങൾ! ഈ ഞാനെങ്ങനെയൊണ്ടെന്ന് ചോദിച്ചില്ലല്ലോ.

അവൻ ചിരിച്ചുപോയി. കൊല്ലാൻ പിടിച്ചാലും വളർത്താൻ പിടിച്ചാലും നീ ഒരേപോലാന്നല്ലോടീ! നിന്നെക്കണ്ടാലറിയാല്ലോ! ഒരു കൊഴപ്പോമില്ലെന്ന്!

ഓ പിന്നേ! കണ്ടാലറിയാം! ഇങ്ങോട്ടു വന്നേ! അവളവന്റെ കയ്യിൽ സ്വാതന്ത്ര്യത്തോടെ കൈകോർത്ത് മരച്ചുവട്ടിലേക്കു നടന്നു.

കേശവന് കൗതുകം തോന്നി. ഒരു പെണ്ണും ഇതുവരെ ധീരശൂരപരാക്രമിയായ കേശവൻ സഖാവിനോട് ഇങ്ങനെ പെരുമാറിയിട്ടില്ല.

കേശവേട്ടനെന്തിനാ കണ്ണീക്കണ്ട പെണ്ണുങ്ങടെ കൂടെ നടക്കണത്? എപ്പഴും കാണും ഉപഗ്രഹങ്ങൾ രണ്ടുമൂന്നെണ്ണം! അവൾ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.

എടീ സാറക്കൊച്ചേ. അവരെല്ലാം പാർട്ടിക്കാരോ അല്ലെങ്കിൽ അനുഭാവികളോ ആണ്. നിനക്കെന്താടീ?

കേശവേട്ടന്റെ കൂടെ ഒരുപെണ്ണിനേം കാണുന്നതെനിക്കിഷ്ട്ടമല്ല! അവൾ കടുപ്പിച്ചു പറഞ്ഞു.

കേശവനു ദേഷ്യം വന്നു. അവന്റെ സ്വഭാവത്തിന് മുഖത്തടിച്ചപോലെ എന്തെങ്കിലും പറയണ്ടതാണ്. അവന്റെ ചോരയിരമ്പി ചുവന്നു വന്ന മുഖം കണ്ടപ്പോൾ സാറയൊന്നു ഞെട്ടി. അവൾ പിന്നിലേക്കു നീങ്ങി.

അവളുടെ ഭയന്ന മുഖം കണ്ടപ്പോൾ അവൻ പെട്ടെന്ന് സമചിത്തത വീണ്ടെടുത്തു. സ്വയം നിയന്ത്രിച്ചു. സാറാ…സ്വരം ശാന്തമായിരുന്നു. നീ ചെല്ല്. കൂട്ടുകാരികൾ നോക്കിനിൽക്കുന്നു. വൈകുന്നേരം എന്റെ കൂടെ വാ. വീട്ടിൽ കൊണ്ടാക്കിയേക്കാം. അപ്പോ സംസാരിക്കാം.

ആ ദേഷ്യമുള്ള മുഖം പോലും എത്ര സുന്ദരമാണ്. കടിച്ചുതിന്ന് വയറ്റിനുള്ളിൽ ഒളിപ്പിക്കണം ഈ സഖാവിനെ! ആർക്കും കൊടുക്കരുത്. കൂട്ടുകാരികളുടെ അടുത്തേക്ക് ചെല്ലുമ്പോൾ സാറ ഉള്ളിലോർത്തു ചിരിച്ചു.

ഡീ! എന്നാലും നീയാ തീപ്പൊരീടെ കയ്യീക്കേറിപ്പിടിച്ചല്ലോ! പൊള്ളിയോടീ? ഷെർളി അത്ഭുതം കൂറി

ഇല്ലെടീ. സാറ മന്ദഹസിച്ചു. ന്നാലും നല്ല ചൂടൊള്ള കൈത്തണ്ട!

Leave a Reply

Your email address will not be published. Required fields are marked *