മൗനങ്ങൾ പാടുമ്പോൾ

ഇങ്ങുവാടീ കാന്താരീ. അവനവളുടെ കൈക്കു പിടിച്ച് മുന്നിൽ നിർത്തി. അവന്റെ നനഞ്ഞെങ്കിലും എണ്ണമയം പുരളാത്ത പപ്രശ്ശ മുടിയും പരവശമായ മുഖവും കണ്ടവൾ സങ്കടപ്പെട്ടു. ഇതു നോക്കിയേ അമ്മേ! കേശവേട്ടനാകെയങ്ങ്…അവൾക്കു മുഴുമിക്കാനായില്ല. തൊണ്ടയിടറി, കണ്ണുകൾ നിറഞ്ഞുതുളുമ്പി.

പാവം മോളു. ദേവകിയവളെ ചേർത്തു നിർത്തി മുടിയിൽ തലോടി. കണ്ടോടാ എന്റെ മോൾടെ സ്നേഹം. മേരി പോയേപ്പിന്നെ ഇവളൊറ്റയ്ക്കായി. ഇന്നലേം വന്നിരുന്നു. നിന്നേക്കാളും അവൾക്കെന്റെ കാര്യത്തില് ശ്രദ്ധയൊണ്ട്.

എന്റെയമ്മേ! ഇവളൊരു പൂതനയല്ലേ! കാന്താരീടെ ഈ വേഷത്തിലൊന്നും വീണേക്കല്ലേ! കേശവൻ ചിരിച്ചു.

പോടാ. പൂതന ഇയാൾടെ… സാറ അവന്റെ ചുമലിലൊരു തള്ളുകൊടുത്തു. അവൻ ചിരിച്ചുകൊണ്ട് വരാന്തയിലേക്ക് മലർന്നു. ഞാൻ പോട്ടമ്മേ! സാറ ഒറ്റയോട്ടം വെച്ചുകൊടുത്തു!

എടാ! കിടന്നു ചിരിക്കുന്ന കേശവനെ നോക്കി ദേവകിയും ചിരിച്ചുപോയി. നീയെന്തിനാടാ ആ കൊച്ചിനെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണത്! അവരകത്തേക്കു പോയി.
കേശവൻ മതിലിൽ ചാരിയിരുന്ന് മടിയിൽ പരതി ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്തു. അവൻ പുക ആസ്വദിച്ചുകൊണ്ട് കണ്ണുകളടച്ചു. ജടപിടിച്ച മുടിയിൽ നീളമുള്ള വിരലുകൾ അമർന്ന് മെല്ലെ കെട്ടുകൾ വിടീക്കുന്നു. വരണ്ട മുഖത്തും ഉണങ്ങിയ താടിരോമങ്ങളിലും എണ്ണതേച്ചു തിരുമ്മുന്നു. ചൂടുള്ള ശ്വാസം പൊതിയുന്നപോലെ. ചുറ്റിലും സുഖമുള്ള ഗന്ധം. പെണ്ണിന്റെ മണം. കൈകൾ തന്നെ ചെരിച്ചു കിടത്തുന്നു. മാർദ്ദവമുള്ള മുലകളിൽ മുഖമമർത്തുന്നു. ക്ഷീണമവനെപ്പുണർന്നു.

ദേവകിയമ്മ വന്നു നോക്കിയപ്പോൾ വെറും തിണ്ണയിൽ മലർന്നുകിടന്നുറങ്ങുന്ന കേശവൻ! അവരൊരു തലയിണയെടുത്ത് അവന്റെ തലയ്ക്കുതാഴെ വെച്ചു. അവന്റെ സുന്ദരമായ മുഖത്തുനോക്കിയപ്പോൾ നാരായണനെ ഓർമ്മവന്നു. അവരുടെ കണ്ണുകൾ നിറഞ്ഞു. ദേവീ, എന്റെ മോനെ കാത്തോളണേ! കണ്ണുകൾ തുടച്ചുകൊണ്ട് അവരടുക്കളയിലേക്കു പോയി.

സാറ. കുറച്ചു സംസാരിക്കാനുണ്ട്. കേശവൻ വിളിച്ചു. ഏതെങ്കിലും ഫ്രീ അവറുണ്ടോ? അവസാനത്തെ അവറു ഫ്രീയാ. സാറ പറഞ്ഞു. കഴിഞ്ഞ ദിവസം കേശവനെ തള്ളിയിട്ടതിൽപ്പിന്നെ ഇപ്പോഴാണു കാണുന്നത്. അവളുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. സഖാവ് തലയിൽ ഒരു കൊട്ടുതരാനാണ് വിളിച്ചത് എന്നാണവൾ കരുതിയത്. മിണ്ടാതെ കിട്ടുന്നതും വാങ്ങിച്ചോണ്ടു പോവാനും അവൾ റെഡിയായിരുന്നു!

ക്യാന്റീനിൽ കാണാം. കേശവൻ നടന്നകന്നു. സാറയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അവൾക്ക് എന്തോ പ്രശ്നമുള്ളതുപോലെ തോന്നി. ദൈവമേ ഈ സഖാവ് എന്തിനുള്ള പുറപ്പാടാണോ ആവോ? ഇനിയെനിക്കെങ്ങാനും ഒരുമ്മയെങ്കിലും തരുമോ? പെട്ടെന്നവളുടെ മൂഡു മാറി. ഒന്നുമില്ലേലും ഈ മൊശടൻ സഖാവിന്റെ കൂടെ ഇത്തിരി സമയമെങ്കിലും ചെലവാക്കാമല്ലോ. പ്രിയതമൻ! ഹും! അങ്ങേരടെ ഓരോ പെരുമാറ്റങ്ങൾ! സ്നേഹത്തോടെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. വല്ല്യ വെളുപ്പൊന്നുമില്ല. അത്ര കൊലുന്നനെയൊള്ള ശാലീനസുന്ദരിയുമല്ല. ഇച്ചിരെ ചതയൊക്കെയൊണ്ട്. എന്നാലും കാണാനത്ര മോശമൊന്നുമല്ല. ക്ലാസ്സീത്തന്നെ ചെല വായിനോക്കികളുടെ കമന്റുകൾ കേട്ടില്ലെന്നു നടിക്കാറാണ് പതിവ്. ഇയ്യാളിനി വല്ല കടുക്കക്കഷായോം സേവിക്കണൊണ്ടോ കർത്താവേ! ഓരോന്നാലോചിച്ച് ക്ലാസ്സിൽ എത്തിയതവളറിഞ്ഞില്ല.

ഷെർലിയുടെ കൂടെയാണ് അവൾ ക്യാന്റീനിലേക്കു പോയത്. സഖാവ് വന്നിട്ടില്ല. അവരോരോ ചായേം കുടിച്ചിരുന്നപ്പോൾ കേശവനെത്തി. ഷെർലി നേരത്തേ തീരുമാനിച്ചപോലെ ലൈബ്രറിയിലേക്ക് പോയി.

കേശവനും ചായയ്ക്കു പറഞ്ഞു. ചൂടുള്ള ചായ മൊത്തിക്കൊണ്ട് അവൻ സാറയെ നോക്കി. അവൾ തല കുനിച്ച് മേശയുടെ പരുത്ത തടിയിൽ വിരലുകൊണ്ടെന്തോ വരച്ചിരിപ്പായിരുന്നു.

സാറ. എന്നെ നോക്ക്. അവൻ മൃദുവായി പറഞ്ഞു. അവൾ മുഖമുയർത്തിയില്ല. ഹും! സഖാവിന്റെയൊരു പുന്നാരം! അവൾ ചുണ്ടുകോട്ടി.
എന്നെ നോക്കടീ! അവന്റെ ശബ്ദം മൂർച്ചയേറിയതായി. അവൾ ഞെട്ടി മുഖം പൊക്കി. അയ്യട! ഇരുന്നു ചിരിക്കുന്നു!

പേടിച്ചോടീ മോളൂ? മധുരമുള്ള ആ ശബ്ദത്തിൽ അവളുടെ മനസ്സലിഞ്ഞുപോയി. കണ്ണുകളറിയാതെ നിറഞ്ഞു. ചുണ്ടുകൾ ഇത്തിരി വിതുമ്പി.

എന്താ സാറ? കേശവനും ഒന്നു പതറി. അതവൾക്കു മനസ്സിലായി. മെല്ലെ ആ മുഖത്തൊരു മന്ദഹാസം വിടർന്നു. അവളുടെ വിരലുകൾ അവന്റെ വിരലുകളുമായി പിണഞ്ഞു.

അതേയ്, സഖാവേ! ആദ്യായിട്ടാ ഇത്രേം നല്ല വാക്കുകളാ തിരുമോന്തേന്ന് കേട്ടത്. അതിന്റെ സന്തോഷത്തിലാ. അല്ലെടോ മാഷേ! ഞാൻ ഇയാൾടെ പ്രിയപ്പെട്ടവളല്ലേ! ആ എന്നോടേലും മനുഷ്യപ്പറ്റോടെ ഇത്തിരി സോഫ്റ്റായിട്ടു പെരുമാറിയാലെന്താ? അവൾ ചൊടിയോടെ അവന്റെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു. ഹൃദയം നൃത്തം വെയ്ക്കുകയായിരുന്നു.

കേശവന്റെയുള്ളിലും എന്തോ വീണുടഞ്ഞു. പാവം പെണ്ണ്. അവൾക്കെന്നെ ഇഷ്ട്ടമാണ്. നിനക്കോ? അവൻ സ്വയം ചോദിച്ചു. പിന്നെ ഒരിക്കലും മനസ്സിനെ ചതിക്കാത്ത അവന്റെ സ്വഭാവം സത്യത്തെ നേരിടാൻ അവനു ശക്തി നൽകി.

നീ ഇവിടെയുണ്ട് എന്റെ സാറ. അവൻ നെഞ്ചിൽ തൊട്ടുകാണിച്ചു. നിനക്കറിയാമല്ലോ. എന്റെ ജീവിതത്തിൽ ഇതിനൊന്നും സ്ഥാനമില്ല സാറ. എന്നാലും നിനക്കതൊന്നും ഒരു വിഷയമേ അല്ലല്ലോടീ പെണ്ണേ. നീയെന്റെ ഉള്ളിലേക്ക് നുഴഞ്ഞു കേറി കസേര വലിച്ചിട്ടിരിപ്പാണ്. ഞാനെന്തു ചെയ്യുമെന്റെ പെണ്ണേ! അവന്റെ കൺഫ്യൂഷൻ കണ്ണുകളിൽ കാണാമായിരുന്നു.

അവൾ അമർത്തിച്ചിരിച്ചു. എന്റെ മാതാവേ! മോളിലേക്ക് നോക്കിയവൾ കുരിശു വരച്ചു.

എന്റെ പൊന്നേ! നീ എന്തേലും റൊമാന്റിക് ആയിട്ടു പറഞ്ഞല്ലോ. അവളുടെ വിരലുകൾ അവന്റെ ഉറച്ച നെഞ്ചിലൊന്നു പരതി. ഞാനിവിടെയുണ്ടല്ലോ. എന്റെ കേശവേട്ടാ! ഈ പെണ്ണിനതു മതി. ഇനിയൊന്നും കേൾക്കണ്ടെനിക്ക്! അവളുടെ വലിയ കണ്ണുകൾ പിന്നെയും നിറഞ്ഞു.

എന്നാലവളുടെ മനസ്സിന്റെ സംഗീതം വേറൊന്നായിരുന്നു. നീയില്ലായ്മ എന്നത് എന്നിലെ പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണ്. എന്നിലെ ഉന്മത്തമായ ലഹരിയായ് നീ മാറിയിരിക്കുന്നു, നിന്നോടുള്ള പ്രണയം ഭ്രാന്തമായ ഒരു വിഷക്കൂട്ടാണെങ്കിൽ, ഈ ജന്മം മുഴുവൻ ആ സോമരസം നുണയാൻ വെമ്പുന്ന എന്റെ ചുണ്ടുകളിലെ ദാഹമായി നീ മാറുമോ…

കേശവന്റെ ഹൃദയം ശക്തമായി മിടിച്ചു. മുന്നിലിരിക്കുന്ന പെണ്ണാണ് ഈ ലോകത്തിലെ എറ്റവും സുന്ദരിയായവൾ. അവളോടൊപ്പം ജീവിതം മുഴുവനും നടന്നു തീർക്കാൻ അവന്റെ ഹൃദയം കൊതിച്ചു. എങ്കിലും ഒരു പോരാളിയുടെ ജന്മം അവനെ ഭൂമിയിലേക്ക് വലിച്ചു.

സാറ. എന്റെ മോളൂ. അവന്റെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് അവളുടെ വിരലുകൾ ഞെരിച്ചു. എന്റെ വഴി നേരത്തേ വെട്ടിത്തെളിച്ചതാണ്. ഈ വരുന്ന തിങ്കളാഴ്ച ഞാനിവിടം വിടും. പിന്നെ നമ്മളു തമ്മിൽ കണ്ടെന്നു വരില്ലെന്റെ.. എന്റെ.. എന്റെ ജീവനാണ് നീ, കാന്താരീ. അവന്റെ സ്വരമിടറി.
അവളുടെ മനസ്സിടിഞ്ഞു. കാൽക്കീഴിലെ ഭൂമിയൊലിച്ചുപോവുന്നപോലെ തോന്നി. ഒരു ജന്മാന്തരത്തിനപ്പുറം അവൾക്ക് ശബ്ദം വീണ്ടുകിട്ടി.

Leave a Reply

Your email address will not be published. Required fields are marked *