ആച്ഹി… ആച്ഹി” തുമ്മിയിട്ടു മൂക്ക് ചീറ്റിയവള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ വരാന്തയിലെ ജനാലയില്‍ തന്നെ നോക്കി നില്‍ക്കുന്ന ഒരു പയ്യനെ കണ്ടു .. അവള്‍ പെട്ടന്ന് നോട്ടം മാറ്റി
” തലേല്‍ വെള്ളമിറങ്ങണ്ട …തുടക്ക് ” ലക്ഷ്മിയെഴുന്നേറ്റു അവളുടെ നിറുകയില്‍ തൂവാല കൊണ്ട് തുടച്ചു .
‘ പേര് പറഞ്ഞില്ലാട്ടോ…’ ലക്ഷ്മിയുടെ അപ്പുറത്തിരുന്നു എത്തി നോക്കുന്ന കുട്ടികളെയും നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചിട്ട് അവള്‍ പറഞ്ഞു .
‘ ഷിനി …ഷിനി ജേക്കബ് ”
‘ പാലത്തിനക്കരെയാണോ ഇക്കരയാണോ വീട് ?’
” അക്കരെ ..” ഷിനിയവരോട് വീടിനെ പറ്റി പറഞ്ഞു
” ദൈവമേ യാക്കൊബെട്ടന്‍റെ വീട്ടിലെയാണല്ലേ…..ഒരാള് അമ്മ വീട്ടില്‍ നിന്നാ പഠിക്കുന്നെന്നു പറഞ്ഞു കേട്ടായിരുന്നു … …വൈകുന്നേരം ഒന്നിച്ചു പോകാം ”
ഒരു കൂട്ട് കിട്ടിയതിന്‍റെ സന്തോഷത്തില്‍ ലക്ഷ്മി ഷിനിയോടു കലപില കലപിലാന്നു സംസാരിച്ചു കൊണ്ടിരുന്നു ക്ലാസ് തുടങ്ങുന്നത് വരെ ..
മഴക്കാലം തുടങ്ങുകയായിരുന്നു … ഹൈറേഞ്ചിന്‍റെ കവാടമായ നേര്യമംഗലം പാലത്തിലൂടെ ഷിനിയും ലെക്ഷ്മിയും തുളസിയും കൂടി വീട്ടിലേക്ക് മടങ്ങി … ചെരിഞ്ഞു പെയ്യുന്ന മഴയെ പ്രതിരോധിക്കാനായി അവര്‍ പുസ്തകങ്ങള്‍ ഇട്ട സാരീകവര്‍ കൊണ്ട്തലയെ മറച്ചു പിടിച്ചു കൊണ്ടാണ് നടന്നിരുന്നത് ..
‘ അയ്യോ …” എതിരെ വന്ന തടി ലോറിക്ക് സൈഡ് കൊടുക്കാനായി ഒരു ബസ് അവരുടെ സൈഡിലേക്ക് ചേര്‍ന്ന് വന്നപ്പോള്‍ അവരുടെ പുറകിലൂടെ വന്ന സൈക്കിള്‍ പാളി അവരുടെ ഇടയിലേക്ക് കയറി .
പുറകിലെ കരിയറില്‍ നിന്ന് താഴെ വീണ പുസ്തകങ്ങള്‍ ഷിനി പെറുക്കിയെടുത്തപ്പോള്‍ ലെക്ഷ്മിയുമോപ്പം കൂടി ..
” പുതിയ അളാണല്ലേ? എന്താ പേര് ?’ ആ സൈക്കിളില്‍ വന്ന ആ പയ്യന്‍ അവളെ നോക്കി ചോദിച്ചു .
” ഷിനി” അവള്‍ മടിച്ചു മടിച്ചു പേര് പറഞ്ഞു .
മുണ്ട് മാടിക്കുത്തി അവന്‍ ഒപ്പം നടക്കാന്‍ തുടങ്ങിയപ്പോള്‍ ഷിനി നടത്തം സ്പീഡിലാക്കി. അവന്‍ സൈക്കിളില്‍ കയറി മുന്നോട്ടു പോയിട്ട് കൈ വിട്ടും , ഒറ്റക്കാലില്‍ ഓടിച്ചും അഭ്യാസം കാണിച്ചപ്പോള്‍ തുളസി അവരോടായി പറഞ്ഞു
‘ അഷ്‌റഫ് ഷിനിയെ നോട്ടമിട്ടിട്ടുണ്ടെന്നാ തോന്നുന്നേ .. കണ്ടില്ലേ അവന്‍റെ അഭ്യാസങ്ങള്‍”
“‘ അതേടി … അവന്‍ വരാന്തെ നിന്ന് ഇവളെ നോക്കുന്നത് ഞാനും കണ്ടായിരുന്നു “‘
‘ ചള്ള് ചെക്കനാന്ന അച്ഛന്‍ പറഞ്ഞെ … നീ അവരോടൊന്നും മിണ്ടാന്‍ പോകണ്ട കേട്ടോ ‘ അവരുടെ കൂടെ നടന്നെത്തിയ രേവതി പറഞ്ഞു … അഷ്‌റഫ് ഹാന്‍ഡിലില്‍ നിന്ന് കൈ വിട്ട് ഒന്ന് കൂടി വട്ടം കറങ്ങിയിട്ട് നേര്യമംഗലം ഭാഗത്തേക്ക് തിരികെ പോയി .
പാലം കഴിഞ്ഞു അല്‍പദൂരം മുന്നോട്ടു നടന്നപ്പോള്‍ രേവതിയും തുളസിയും പിരിഞ്ഞു .
‘ നാളെ കാലത്തേ ഒന്നിച്ചു പോവാട്ടോ .. .നേരത്തെ . പോകുവാണേല്‍ ഈ വഴിയില്‍ ദാ ഇങ്ങനെ ഒരു കമ്പിട്ടിട്ടു പോയാ മതി ..രേവൂം തുളസീം ഒക്കെ അവിടുന്ന് കൂടും ” വഴിയരികില്‍ നിന്ന ഒരു ചെറിയ പച്ചിലകമ്പ് ഒടിച്ചെടുത്തു ഇടവഴിയിലിട്ടു കാണിച്ചു കൊടുത്തിട്ട് ലക്ഷ്മി അവളുടെ വീട്ടിലേക്കുള്ള വഴിയെ തിരിഞ്ഞു
‘ ഓടി വാ ഷിനി … അവരവിടെ കാത്തു നിക്കുന്നുണ്ടാവും ..” പിറ്റേന്ന് കാലത്തേ വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്ന lലക്ഷ്മി ഷിനിയെ കണ്ടതോടെ കൈ പൊക്കി വിളിച്ചു പറഞ്ഞു ..
ചാരകളര്‍ ഫുള്‍ പാവാടയും ക്രീം കളര്‍ ഷര്‍ട്ടുമിട്ട് പുസ്തകക്കൂട് മാറോട് ചേര്‍ത്ത് പതിയെ നടന്നു വന്ന ഷിനീ ലക്ഷ്മിയെ കണ്ടപ്പോള്‍ വേഗത കൂട്ടി .. , പിന്നി കെട്ടിയ മുടി മുന്നോട്ടിട്ടു , റോസ് കളര്‍ റിബണ്‍ കൊണ്ട് റോസാപൂ പോലെ കെട്ടിവെച്ചിരുന്ന അവളെ ലക്ഷ്മി സാകൂതം നോക്കി നിന്നു …
!! എന്ത് രസാ ആ കുട്ടിയെ കാണാന്‍ … ഇരുനിറത്തിലുള്ള അപ്സരസ് എന്ന് പറയാം ..’!!
” ഒത്തിരി നേരായോ വന്നിട്ട് ?’
‘ ഹേയ് ..ഇല്ലാ …വാ വേഗന്നു നടക്കാം അവരവിടെ കാത്തു നിപ്പുണ്ടാവും ” ലക്ഷ്മി ഒടിച്ചിട്ട കമ്പ് എടുത്തു വലിച്ചെറിഞ്ഞ് സ്പീഡില്‍ നടന്നു .
