‘ ദേടി .. നിന്‍റെ കാമുകന്‍ വരുന്നുണ്ട് ”
രേവതി എപ്പോഴുമവളേ കളിയാക്കാനായി അങ്ങനെ പറയും .. വണ്‍ വെ പ്രേമം ആണെങ്കിലും കൂട്ടുകാര്‍ അങ്ങനെ ആണല്ലോ പറയുക ..ആണ്ടടി നിന്‍റെ ലൈന്‍ … നിന്‍റെ ചെക്കന്‍ നോക്കുന്നുണ്ട് കേട്ടോ .. എടാ ..നിന്‍റെ ചരക്ക് പോകുന്നു എന്നിങ്ങനെ ..
അഷ്‌റഫ് സൈക്കിള്‍ ഷിനിയെ മുട്ടി മുട്ടിയില്ല എന്നപോലെ നിര്‍ത്തി .
” മാറ് അഷറഫെ…എനിക്ക് പോണം ” ഷിനി പരിഭ്രാന്തയായി തിരിഞ്ഞു നോക്കി .. കുറെ പിള്ളേര്‍ കൂടെയുണ്ട് ..ലക്ഷ്മിയും രേവതിയും അല്‍പം പുറകില്‍ ..അവര്‍ ആര്‍ത്തലച്ചോഴുകുന്ന പുഴയെ നോക്കി മെല്ലെയാണ് നടക്കുന്നത് ..
‘ എന്നെ ഇഷ്ടമാണെന്ന് പറ ..എന്നാ മാറാം’ അഷ്‌റഫ് സൈക്കിള്‍ അവളുടെ മുന്നിലേക്ക് വെച്ചു
‘ ഇല്ല … എനിക്കിഷ്ടമില്ല …മാറ് മുന്നീന്ന് ” സൈക്കിള്‍ ഹാന്‍ഡില്‍ തട്ടി മാറ്റി അവള്‍ മുന്നോട്ടു നടന്നു ..അഷ്‌റഫ് വീണ്ടും അവളുടെ മുന്നിലേക്ക് സൈക്കിള്‍ കയറ്റി നിര്‍ത്തി .. ഇപ്പോള്‍ അവള്‍ക്ക് പോകണമെങ്കില്‍ അവന്‍ മാറാതെ തരമില്ല ..
” പോടാ കള്ളാ …. ഷീറ്റ് കള്ളാ .. പെരുങ്കള്ളാ..” ഷിനി പെട്ടന്നുണ്ടായ ദേഷ്യത്തോടെ അവനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു … പിള്ളേരെല്ലാം ചിരിക്കാന്‍ തുടങ്ങി .
അഷ്റഫിന്‍റെ മുഖമിരുണ്ടു … അവന്‍ അവളുടെ നേരെ കയ്യോങ്ങി ..എന്നിട്ട് ചുറ്റും നോക്കി ..അവന്‍ പിന്നോക്കം മാറി പാലത്തിന്‍റെ കൈവരിയിലേക്ക് കയറി ..
” ഞാനിപ്പോ ചാടും ..നീയെന്നെ കള്ളാന്ന് വിളിച്ചല്ലേ … നീയെന്നെ കള്ളാന്നു വിളിച്ചല്ലേ ..” അവന്‍ കൈവരിയുടെ മുകളില്‍ കയറി ഭീഷണി മുഴക്കി .
‘ അഷ്‌റഫെ ..എന്തായീ കാണിക്കുന്നേ .. ഇറങ്ങ് …ഇറങ്ങവിടുന്നു” ലക്ഷ്മി തലയില്‍ കൈ വെച്ച് ഉറക്കെ പറഞ്ഞു .
‘ ഞാന്‍ ഇറങ്ങൂല്ല ..ഇറങ്ങണേല്‍ ഷിനി പറയണം …എന്നെ ഇഷ്ടമാന്നും പറയണം ” അഷ്‌റഫ് കൈ വരിയില്‍ നിന്ന് പിടി വിട്ടു താഴേക്ക് ചാടുന്ന പോലെ നിന്നു
” എടി ..ഷിനി …അവനോടു പറയടി …ചാടരുതെന്ന് പറയടി” ലക്ഷ്മി ഷിനിയുടെ കൈ പിടിച്ചു ..
” ഷിനി ..അവന്‍ ചാടുവോ ? ” തുളസിക്കും വേവലാതിയായി ..
‘” ഞാന്‍ ചാടാന്‍ പോകുവാ …ഇപ്പ ചാടും …” അഷ്‌റഫ് വീണ്ടും ഭീഷണി മുഴക്കി .
” എടി പറയടി ഷിനി …” രേവതിയും ഷിനിയെ നിര്‍ബന്ധിച്ചു ..ഷിനി മറിഞ്ഞു കിടക്കുന്ന സൈക്കിള്‍ മറി കടന്നു മുന്നോട്ടു നീങ്ങി ..പിള്ളേരെല്ലാം എന്തു സംഭവിക്കുമെന്ന് നോക്കി നില്‍പ്പാണ് …
” എടി നല്ല വെള്ളമുണ്ട് ഷിനി … അടിയൊഴുക്കും … പേടിയാവുന്നു ദേവീ ..” ലക്ഷ്മി തലയില്‍ കൈ വെച്ച് ഷിനിയെ നോക്കി
‘ ഞാന്‍ ചാടാന്‍ പോകുവാ …ഷിനി പറയുന്നുണ്ടോ ” അഷ്‌റഫ് അവസാനമെന്നോണം പറഞ്ഞു
ഷിനി തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു
” അയ്യോ …..ആണ്ടെ ….” ലക്ഷ്മിയുടെ കാറിച്ച കേട്ട് ഷിനി തിരിഞ്ഞു നോക്കുമ്പോള്‍ കൈ വരിയില്‍ അഷ്‌റഫ് ഇല്ല
” ബ്ലും ” വെള്ളത്തിലേക്ക് വീഴുന്ന ശബ്ദം കേട്ട് പിള്ളേരെല്ലാം കൂടി എത്തി നോക്കി …
‘ എന്നതാ …എന്നതാ പിള്ളേരെ ”
പിള്ളേരെല്ലാം പാലത്തിന്റെ കൈ വരിയില്‍ നിന്നെത്തി നോക്കുന്നത് കണ്ടപ്പോള്‍ മൂന്നാറില്‍ നിന്ന് തേയില കയറ്റി വന്ന വാന്‍ നിര്‍ത്തി അതിലെ ആളുകള്‍ പാലത്തിന്‍റെ സൈഡിലെക്ക് ഓടിയെത്തി .
‘ ദൈവമേ ..നല്ല ഒഴുക്കാണല്ലോ ആരാ ചാടിയെ … പിള്ളേര് വല്ലോമാണോ ?”
പിന്നെയും വണ്ടികള്‍ നിര്‍ത്തുന്നത് കണ്ടപ്പോള്‍ രേവതി ഷിനിയെയും ലക്ഷ്മിയെയും പിടിച്ചു വലിച്ചു കൊണ്ടോടി…
” എടി ..നീ കാരണമാ അവന്‍ ചാടിയെന്ന് ആരുമറിയണ്ട… പെട്ടന്ന് വാ ” അവള്‍ ഓടുന്നതിനിടെ പറഞ്ഞു
‘ ദേവീ …ഒന്നും പറ്റാണ്ടിരുന്നാ മതിയാരുന്നു ..” ലക്ഷ്മിക്ക് സങ്കടം ..
” നീ കാരണമാ ഷിനി …നിന്നെയവന് ഒത്തിരിയിഷ്ടമാ ” തുളസി കൂടി പറഞ്ഞപ്പോള്‍ ഷിനിക്കെന്തോ പോലെയായി ..അവള്‍ തിരിഞ്ഞു നോക്കി കൊണ്ട് ലക്ഷ്മിയുടെ കൈ പിടിച്ചു വീട്ടിലേക്കോടി … അപ്പോഴേക്കും ആള്‍ക്കാര്‍ അവിടെ തടിച്ചു കൂടിയിരുന്നു .
