മെയിന്‍ റോഡിലെത്തി രേവതിയുംടെ വീട്ടില്‍ നിന്ന് കയറുന്ന വഴിയില്‍ കമ്മ്യൂണിസ്റ്റ് പച്ച കിടക്കുന്നത് കണ്ട ലക്ഷ്മി ഷിനിയുടെ കൈ പിടിച്ചോടി..അല്‍പം കഴിഞ്ഞതേ പാലത്തിലേക്ക് എത്തുന്ന അവരെ കണ്ടു
‘ ദാ ..അവര് പോണു ..”
” നിക്ക് … പതിയെ പോവാം … ‘ അവരുടെ കൂടെ സൈക്കിള്‍ ഉന്തിക്കൊണ്ട് ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് അഷ്‌റഫും നടക്കുന്നത് കണ്ടു ഷിനി ലക്ഷ്മിയുടെ കൈ വിടുവിച്ചു.
” വാ പെണ്ണെ …. ഈ ആഴ്ചത്തെ വീക്കിലി തരാന്ന് പറഞ്ഞതാ രേവു’ ലക്ഷ്മി വീണ്ടും കൈ പിടിച്ചു വേഗത കൂട്ടിയപ്പോള്‍ ഷിനിക്കും ഒപ്പം നടക്കാതിരിക്കനായില്ല..
‘ ഞാന്‍ എട്ടിലാ പഠിക്കുന്നെ … ഡിവിഷന്‍ വേറെയാന്നെ ഉള്ളൂ …” അഷ്‌റഫ് ഒപ്പമെത്തിയ ഷിനീയെ നോക്കി ചിരിച്ചു ..
” അതേടി പക്ഷെ …തോറ്റ് തോറ്റ് കിടക്കുന്നതാന്നെ ഉള്ളൂ..” രേവതി കളിയാക്കിയപ്പോള്‍ .. സൈക്കിള്‍ ഉന്തി അതില്‍ ചാടിക്കയറി അഷ്‌റഫ് പാഞ്ഞു പോയി ..പാലം കടന്നപ്പോള്‍ അവനതെ സ്പീഡില്‍ തിരിച്ചു വന്നു പിന്നേം പോയി ..
നല്ല നിറം ..പൊക്കം ആവശ്യത്തിനുള്ള വണ്ണം … ഇടക്കിടെ ഓരോ തമാശകള്‍ പറഞ്ഞു ഉറക്കെ പൊട്ടിച്ചിരിക്കുന്നുണ്ട്. കാണാനൊക്കെ നല്ലതാണെങ്കിലും എന്ത് കൊണ്ടോ ഷിനിക്കവനെ അത്ര ഇഷ്ടമായില്ല …
ഓരോ ഇന്റര്‍വല്ലിനും അഷ്‌റഫ് വാതില്‍ക്കല്‍ വരികയോ , ഏതെങ്കിലും കൂട്ടുകാരനോട് സംസാരിക്കാനെന്ന പോലെയോ വരുന്നത് ഷിനി ശ്രദ്ധിക്കാതിരുന്നില്ല …എന്നലവള്‍ അവനോടോട്ടും താത്പര്യം കാണിച്ചില്ല
ഓണ പരീക്ഷ കഴിഞ്ഞു വന്ന ഷിനിയെ കാത്തിരുന്നത് ഒരു സന്തോഷവാര്‍ത്തയായിരുന്നു … അഷ്‌റഫ് പഠിപ്പ് നിര്‍ത്തിയത്രെ …. ശല്യമൊഴിവായി കിട്ടിയതില്‍ അവള്‍ ആഹ്ലാദിച്ചു ..
നല്ല പോലെ പഠിക്കുന്ന കുട്ടി ആയിരുന്നു ഷിനി….ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ അവളെ ഇഷ്ടമായി . അധികമാരോടും സംസാരിക്കില്ല … ഒതുക്കമുള്ള സ്വഭാവം .എന്നാല്‍ പഠിപ്പിലെന്ന പോലെ മറ്റു കാര്യങ്ങളിലും ഷിനി മിടുക്ക് തെളിയിച്ചിരുന്നു .
ഒന്‍പതില്‍ പഠിക്കുന്ന സമയം … പതിവ് പോലെ ഷിനി ലക്ഷ്മിയോടും കൂട്ടുകാരോടുമൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്നു … നേര്യമംഗലം ടൌണിലെത്തിയപ്പോള്‍ തൊട്ടു പുറകില്‍ സൈക്കിള്‍ ബെല്‍ കേട്ട് അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി . … അഷ്‌റഫ് ..ഒരു കടയുടെ മുന്നില്‍ നിന്ന് സൈക്കിള്‍ നന്നാക്കുകയായിരുന്നു അവന്‍ …അവനെ കണ്ട ഷിനിയുടെ കണ്ണുകള്‍ ചുവന്നു .അവള്‍ ലക്ഷ്മിയുടെ കയ്യില്‍ മുറുകെ പിടിച്ചു ..
!! ഒഴിവായെന്നു കരുതിയതാണല്ലോ ശല്യം !! ഷിനി പിറുപിറുത്തു
“ദേടി.. നോക്കുന്നുണ്ട് നിന്നെയവൻ”
‘ നീയൊന്നു വരുന്നുണ്ടോ ലക്ഷ്മി’ ഷിനിയവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു… നേര്യമംഗലം പാലത്തിനു നടുവിലെത്തിയപ്പോൾ പുറകിൽ നിന്നു സൈക്കിൾ ബെൽ കേട്ടപ്പോൾ അവൾക്കുറപ്പായിരുന്നു അത് അഷ്റഫ് ആണെന്ന്..
‘ ഷിനി… ഒരു മിനിറ്റ്..’
കുറുകെ നിർത്തിയ സൈക്കിളിനെ മറികടന്നു ഷിനി മുന്നോട്ട് നടന്നപ്പോൾ അവൻ വീണ്ടും പുറകെയെത്തി.
‘ ഷിനി.. എനിക്ക് നിന്നെ ഇഷ്ടമാണ്… ഒത്തിരിയൊത്തിരി ഇഷ്ടമാണ് .. ഐ ലവ് യൂ ..”
അഷ്‌റഫ് ഹൻഡിലിൽ വെച്ചിരുന്ന ഒരു റോസാപ്പൂ എടുത്തവളുടെ കയ്യിൽ ബലമായി പിടിപ്പിച്ചു..
ദേഷ്യത്തോടെ ഷിനിയത് ആറ്റിലേക്ക് വലിച്ചെറിഞ്ഞു…
” ഷിനി …ഞാൻ നാളെയും വരും…. സ്നേഹിച്ചവർക്കെ സ്നേഹത്തിന്റെ വിലയറിയൂ…. ഞാൻ നിന്നെ എത്ര2മാത്രം സ്നേഹിക്കുന്നുണ്ടെന്നു നിനക്ക് അറിയുമോ?”
അഷ്‌റഫ് പുറകിൽ നിന്നു വിളിച്ച് പറഞ്ഞു.
ഷിനിയോന്നും മിണ്ടാതെ മുന്നോട്ട് നടന്നു… പാലം കഴിഞ്ഞപ്പോൾ രേവതിയും തുളസിയും പിരിഞ്ഞു..അത് വരെ ഷിനിയെ കൂട്ടുകാര്‍ അഷ്‌റഫിന്‍റെ പേര് പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു … ഷിനിക്കാണേല്‍ ദേഷ്യവും ..
” അവൻ നിന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടെന്നാ തോന്നുന്നെ…. കാണാനൊക്കെ നല്ലതാ അല്ലെ ഷിനി? നല്ല തമാശയൊക്കെ പറയും”
” എല്ലാം അറിയുന്ന നീയും വീണ്ടും വീണ്ടും പറയുകയാണോ ലെച്ചു..”
