യാക്കോബിന്‍റെ മകള്‍ Likeഅടിപൊളി  

വീട്ടിലെത്തിയെ ഷിനിക്ക് ഒന്നിനും മൂഡില്ലായിരുന്നു … കുളിച്ചു ആഹാരം കഴിച്ചു ഹോം വര്‍ക്ക് ചെയ്യുന്ന അവള്‍ ഒന്നിനുമുഷാറില്ലാതെ പായയിലെക്ക് വീണു ..

!!! അവന്‍ ..അവന്‍ ചാടുമെന്നു കരുതിയില്ല ..അത്രയും താഴത്തെക്ക് … നല്ല ഒഴുക്കുമുണ്ട് ..വെളളവും ….എനിക്കാരെയും ഇഷ്ടമല്ല ..അവനെയന്നല്ല …ഈ പ്രേമം … ഒക്കെ .. എന്തിനാ അത് … എല്ലാരും .. ഓരോ ഉദ്ദേശത്തോടെ .. പഠിക്കണം…. ജോലി കിട്ടണം … അത് കഴിഞ്ഞു കല്യാണം …കെട്ടുന്ന ആളിനെ സ്നേഹിച്ചാല്‍ പോരെ ..അതല്ലേ നല്ലത് ..അതല്ലേ വേണ്ടത് !!

ഷിനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല .കുരിശുവരയും അത്താഴവും കഴിഞ്ഞു അവള്‍ കിടക്കുമ്പോഴും എന്തോ ചിന്തകള്‍ മനസിനെയലട്ടിക്കൊണ്ടിരുന്നു .

അഷറഫിന്‍റെ ചില തമാശകളും അവന്‍റെ രൂപവും ഒക്കെ അവളുടെ മനസിലേക്ക് കയറി വന്നുകൊണ്ടിരുന്നു . സ്കൂളില്‍ വന്നപ്പോള്‍ മുതലേ അവന്‍ തന്‍റെ പിന്നാലെയായിരുന്നല്ലോ.. കള്ളന്‍ കള്ളനെന്നു മനസില്‍ വിളിച്ചവള്‍ ചിന്തകളെയകറ്റി

!!’ . അവന്‍റെ വീട്ടില്‍ കഷ്ടപ്പാടായിരിക്കും …അതല്ലേ പഠിപ്പ് നിര്‍ത്തീട്ട് കടയൊക്കെ ഇട്ടേ …പാവം… ലക്ഷ്മിയുടെ വാക്കുകള്‍ അവളുടെ മനസിലേക്ക് കടന്നു വന്നു …. ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയാണോ താന്‍ കാരണം …ഈശ്വരാ … ഒന്നും പറ്റാതെയിരുന്നാല്‍ മതിയാരുന്നു .. ദൈവമേ ..’!!! കഴുത്തിലെ കുരിശുമാലയിലെക്ക് അവളുടെ കൈ നീണ്ടു .

പിറ്റേന്ന് പച്ചിലത്തണ്ടുകള്‍ പറിച്ചിട്ടു , ഷിനി കൂട്ടുകാര്‍ക്കും മുന്‍പേ സ്കൂളിലെത്തി .. ഗെറ്റ് കടക്കും മുന്‍പേ അവളുടെ കണ്ണുകള്‍ അഷ്‌റഫിന്‍റെ കടയിലേക്ക് നീണ്ടു .. കട തുറന്നിട്ടില്ല ..നന്നാക്കുവാനുള്ള പഴയ രണ്ടുമൂന്നു സൈക്കിളുകള്‍ അടഞ്ഞു കിടക്കുന്ന തട്ടിയുടെ മുന്നില്‍ ചാരി വെച്ചിട്ടുണ്ട് .

അവള്‍ രേവതി വരാനായി കാത്തിരുന്നു .. ന്യൂസ്‌ എന്തെങ്കിലും കിട്ടണമെങ്കില്‍ അവള്‍ വരണം .

‘ എടി … അവന്‍ രക്ഷപെട്ടന്നാ കേട്ടെ …’ രേവതി വന്ന പാടെ പറഞ്ഞു ..അത് കേട്ടപ്പോള്‍ ഷിനിക്ക് പാതിയാശ്വാസമായി… അവളുടെ മുഖം താമരപ്പൂ പോലെ വിടര്‍ന്നു .

‘ ഉം ഉം.. പെണ്ണിന്‍റെ മുഖമിപ്പോഴാ തെളിഞ്ഞേ ..മം മം ..പ്രേമം തുടങ്ങീന്നാ തോന്നുന്നേ ..” തുളസിയവളെ കളിയാക്കി .

‘ അല്ലേലും അഷ്‌റഫിനെന്താ കുഴപ്പം .. നല്ലതല്ലേ കാണാന്‍ … പിന്നെ പ്രേമിച്ചാലെന്താ കുഴപ്പം ?’

താന്‍ കാരണം ഒരാളുടെ ജീവന്‍ പോകുമല്ലോയെന്നോര്‍ത്തു ഭയന്നിരുന്ന ഷിനിയുടെ മുഖം തെളിഞ്ഞതിന്‍റെ കാരണമറിയാതെ , കൂട്ടുകാരികളവളെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു .

അന്ന് വൈകുന്നേരം സ്‌കൂൾ വിട്ടു പോകുമ്പോൾ ആരെയോ തിരഞ്ഞെന്ന പോലെ പിന്തിരിഞ്ഞു നോക്കി കൊണ്ടിരുന്നു . അത് അവനെ ഇഷ്ടമായിട്ടൊ .അതോ തലേന്ന് ചാടിയത് കൊണ്ടുള്ള സഹതാപമോ, കരുണയോ, അതോ അവനു വല്ലതും പറ്റിയോ എന്നറിയാനുള്ള ഉധ്വേഗമോ എന്നു വേർതിരിച്ചറിയാൻ ഷിനിക്കായില്ല.

പിറ്റേന്ന് വൈകിട്ട് സ്‌കൂൾ ഗേറ്റിൽ കൂട്ടുകാരോട് സംസാരിക്കുന്നെന്ന പോലെ അവളെയും കാത്തു നിൽപ്പുണ്ടായിരുന്നു അഷ്‌റഫ്.

നേര്യമംഗലം പാലം കഴിയാറായപ്പോൾ പുറകിൽ സൈക്കിൾ ബെൽ കേട്ടവൾ നടത്തം പതിയെയാക്കി..

“ഇന്ന് തുളസിയെന്തിയെ ലക്ഷ്മി?”

ചോദ്യം ലക്ഷ്മിയോടായിരുന്നുവെങ്കിലും നോട്ടം ഷിനിയിലായിരുന്നു. അവൾ അവനെയൊന്നു പാളി നോക്കിയെങ്കിലും മുഖം കുനിച്ചു നടന്നു കൊണ്ടിരുന്നു.

” അവളിന്ന്‌ വന്നില്ല….ഇന്നലേ എന്തിനാ ചാടിയെ അഷ്റഫെ ….എന്നിട്ട് വല്ലോം പറ്റിയോ?”

” ഊ..ഹും..ആൾക്കാര് കൂടിയെന്നെ രക്ഷിച്ചു …. ” അഷ്‌റഫ്‌ ഒന്ന് നിര്‍ത്തിയിട്ട് ഷിനിയുടെ നേരെ നോക്കി ” എന്നാലും ലക്ഷ്മിടെ കൂട്ടുകാരി ഭയങ്കര സാധനമാ കേട്ടോ ..ചത്തോ ജീവിച്ചിരിപ്പുണ്ടോഎന്ന് പോലും അന്വേഷിച്ചില്ല ..”

‘ സോറി …” ഷിനിയറിയാതെ പറഞ്ഞു പോയി .. അഷ്റഫ് അവളെ അവിശ്വസനീയതോടെ നോക്കി ..

” എനിക്ക് ഷിനിയെ ഇഷ്ടമാ … എന്നെ ഇഷ്ടമല്ലേ ഷിനി ..ഒന്ന് പറഞ്ഞിട്ട് പോ ഷിനി ” വീട്ടിലേക്കുള്ള വഴിയിറങ്ങിയപ്പോള്‍ അഷ്‌റഫ്‌ കുറുകെ നിന്നു ..ഷിനിയവനെ ധൃതിയില്‍ മറികടന്നു പോയെങ്കിലും എന്നുമുള്ള ആ അനിഷ്‌ടഭാവം അവളില്‍ ഇല്ലായിരുന്നു .

‘ ആ ..ആ …എനിക്കറിയാം … ഇഷ്ടമാണെന്ന് … ഞാന്‍ അങ്ങനെ വിശ്വസിച്ചോട്ടെ ..’ അഷ്‌റഫ്‌ വിളിച്ചു പറഞ്ഞു .. അല്‍പമകലെ ചെന്നിട്ട് ഷിനിയവനെ തിരിഞ്ഞു നോക്കി … ഒരു ചെറുപുഞ്ചിരിയവളില്‍ ഉണ്ടായിരുന്നു … ലക്ഷ്മിയത് കണ്ടവളുടെ കൈത്തണ്ടയില്‍ നുള്ളി ..

‘ ഉം ..ഉം .. മിണ്ടാപ്പൂച്ച കലമുടക്കാന്‍ തുടങ്ങുവാണേ…..”

‘ പോടീ ഒന്ന് …” ഷിനി അവളെ കൊഞ്ഞനംകുത്തികാണിച്ചിട്ട് വീട്ടിലേക്കോടി …

കുളിക്കുമ്പോള്‍ അറിയാതെ വന്ന മൂളിപ്പാട്ട് അവളെ ലജ്ജാലുവാക്കി ..

!!! താന്‍ …താനറിയാതെ അവനെ ഇഷ്ടപ്പെടുവാണോ …. ഞാന്‍ ..ഞാനിങ്ങനെ അല്ലല്ലോ ദൈവമേ .. നാളെ ..നാളെ അവനെ കാണുമ്പോള്‍ മാറി പോണം ..പഠിത്തം .. ജോലി …കുടുംബം ….അത് മതി തനിക്ക് …!!!

ഷിനി ചിന്തകളെ പറിച്ചു നട്ടെങ്കിലും അഷ്‌റഫിന്‍റെ മുഖം കയറി വന്നു കൊണ്ടിരുന്നു ..കൂട്ടത്തില്‍ കൂട്ടുകാരികളുടെ കളിയാക്കലും അവനെ കുറിച്ചുള്ള സംസാരങ്ങളും …

പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് പോരുമ്പോള്‍ ഷിനി തനിച്ചായിരുന്നു ..ലക്ഷ്മി അന്ന് വന്നിട്ടുണ്ടായിരുന്നില്ല ..

.രേവതിക്ക് എന്തോ വാങ്ങണമെന്ന് പറഞ്ഞു അവള്‍ തുളസിയെയും കൂട്ടിയോരു ഫ്രണ്ടിന്‍റെ വീട്ടില്‍ പോയി.

മുന്നിലും പുറകിലും അനേകം കുട്ടികള്‍ ഉണ്ടെങ്കിലും നേര്യമംഗലം പാലത്തില്‍ എത്തിയപ്പോള്‍ പുറകിലെ സൈക്കിള്‍ ബെല്‍ കേട്ട് ഷിനിയുടെ ഹൃദയം പെരുമ്പറ കൊട്ടി . അവള്‍ തിരിഞ്ഞു നോക്കുന്നെനും മുന്നേ അഷ്‌റഫ്‌ സൈക്കിള്‍ അവളുടെ അടുത്ത് കൊണ്ട് പോയി നിര്‍ത്തി ..

‘ ഇന്ന് ലക്ഷ്മിയില്ലല്ലേ ….. ഒത്തിരി നാളായി ഷിനിയെ ഇങ്ങനെ തനിച്ചു കിട്ടണമെന്നു കരുതീട്ട് ..”

അവളൊന്നും മിണ്ടിയില്ല ..

‘ എന്നെ ഇഷ്ടമല്ലേ …അതെ ..ഇഷ്ടമാ … എനിക്കറിയാം ..” അവളുടെ ഒപ്പം അഷ്‌റഫ്‌ നടന്നു ..

സൈക്കിളിന്‍റെ കരിയറില്‍ നിന്നവന്‍ ഒരു റോസാപ്പൂ എടുത്തവള്‍ക്ക് നീട്ടി ..ഷിനിയത് വാങ്ങിയില്ല …പാലം കഴിയാറായപ്പോഴേക്കും അവന്‍ ആ റോസും കടലാസ്സില്‍ പൊതിഞ്ഞ തേന്‍ മിട്ടായിയും അവളുടെ കയ്യില്‍ പിടിപ്പിച്ചു … അവന്‍റെ കൈ അവളുടെ കയ്യിലമര്‍ന്നപ്പോള്‍ അവളുടെ ഹൃദയം പൊട്ടിത്തെറികുമെന്ന പോലെയായി … ചുരുട്ടി പിടിച്ച കയ്യുമായി അവള്‍ വീട്ടിലേക്കുള്ള വഴിയെ ഓടിയിറങ്ങി … അല്‍പം മാറിയിട്ടവള്‍ കടലാസ്സ്‌ പൊതിയഴിച്ചു നോക്കി … ചുവന്ന കളറിലുള്ള തേന്‍ മുട്ടായി … വായിലിട്ടാല്‍ അലിയുന്ന തേന്‍ മുട്ടായി അലിപ്പിച്ചവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ സൈക്കിളില്‍ പിടിച്ചുകൊണ്ട് തന്നെ നോക്കി നില്‍ക്കുന്ന അഷ്‌റഫിനെയാണ് കണ്ടത് … നാണിച്ചു പോയ ഷിനി തിരിഞ്ഞു നോക്കാതെ വീട്ടിലേക്കോടി

Leave a Reply

Your email address will not be published. Required fields are marked *