രണ്ടു മിഴികൾ നിറഞ്ഞപ്പോൾ – 2 2

 

അവൾ അത് പറഞ്ഞു കഴിഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. കണ്ണുകൾ തുടച്ചു ഞാൻ വാതിലിലേക്ക് നോക്കി..

 

എന്റെ സകല ബോധവും പോയി. കൈകൾ വിറക്കാൻ തുടങ്ങി. ഉള്ളിൽ തീകനൽ നിറഞ്ഞു.. നെഞ്ച് പെടപെടാന്ന് ഇടിക്കാൻ തുടങ്ങി.. അതെ വാതിൽക്കൽ തങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടു കൊണ്ടു നിറഞ്ഞ കണ്ണുകളുമായി മിയ!!!!!!!

 

അവൾ ഞങ്ങൾ സംസാരിക്കുന്നതെല്ലാം കേട്ടിരിക്കുന്നു. പരിഭ്രമതാൽ മരവിച്ചു പോയി ഞാൻ. ആവണി ഒന്നും അറിയാതെ നെഞ്ചിൽ കിടക്കുന്നു. ഞാൻ കണ്ടെന്നു മനസിലായ മിയ വിതുമ്പി കൊണ്ടു പുറത്തെ ഹാളിലേക്ക് മാഞ്ഞു പോയി. ആവണി ഒന്നും അറിഞ്ഞിട്ടില്ല. ഞാൻ പറയാനും പോയില്ല.. ഭൂമിയൊന്നു പിളർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.

 

ഞാൻ ആവണിയോട് മാറി നിൽക്കാൻ പറഞ്ഞു. അവൾ എഴുന്നേറ്റ് കണ്ണുതുടച്ചു. കുളിക്കാൻ കയറി. അപ്പോഴേക്കും കണ്ണുകൾ തുടച്ചു ഒന്നും സംഭവിക്കാത്ത പോലെ മിയ വന്നു. ഞാൻ സംസാരിക്കാൻ തുടങ്ങിയതും അവൾ തടുത്തു. എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കണ്ണീർ തുടച്ചു കൊണ്ടിരുന്നു. അവളുടെ ബെഡിൽ കിടന്നു. ഞാൻ കൂടുതൽ സംസാരിക്കാൻ പോയില്ല. ചിലപ്പോൾ ആവണി ശ്രദ്ധിക്കും. ഒരു അന്തവും കിട്ടാതെ ഞാനും ഇരുന്നു.

 

കുളികഴിഞ്ഞു വന്ന ആവണി മിയയുടെ മുഖം കണ്ടു അവളുടെ അടുത്തേക്ക് നടന്നു..

 

“”എന്ത് പറ്റിയെടീ.. നീ കരഞ്ഞോ.. എന്താ പ്രശ്നം “”

 

“”ഒന്നുമില്ല “” എങ്ങലടിച്ചു അവൾ പറഞ്ഞു.

 

“”അല്ല എന്തോ ഉണ്ട് പറ.. “”

 

“”ഞാൻ രാജീവിന് വിളിച്ചിരുന്നു. അവരുടെ അമ്മയുടെ അവസ്ഥ കേട്ടു കരഞ്ഞു പോയതാ “” എന്തോ ഒരു നുണ പറഞ്ഞു അവൾ താഴേക്കു നോക്കിയിരുന്നു.

 

“”ആവണി.. നീ മാറി നില്ക്കു അവൾ കരയട്ടെ “”

ഞാൻ ആവണിയോടായി പറഞ്ഞു. അല്ലെങ്കിൽ ആവണി കുത്തി കുത്തി ചോദിക്കും.

 

ഞാൻ അത് പറഞ്ഞതും മിയ എന്നെ തുറിച്ചു നോക്കി.

 

ആവണി അവളുടെ തലയിൽ തലോടി സമാധാനിപ്പിച്ചു ബാക്കി കാര്യങ്ങൾ ചെയ്തു. അന്ന് രണ്ടു പേരും എന്നോട് കൂടുതൽ സംസാരിച്ചില്ല. പിറ്റേ ദിവസം രാവിലെ ആവണി ഇല്ലാത്ത സമയത്തും ഞാൻ സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ അടുക്കുന്നില്ല.. ആവണി ഉള്ളപ്പോൾ അവൾ എനിക്ക് മരുന്ന് തരാനും ഭക്ഷണം എടുത്തു തരാനും മടി കാണിച്ചില്ല. ചിലപ്പോൾ ആവണിക്ക് മനസിലാവാതിരിക്കാൻ വേണ്ടിയാകും..

 

രണ്ടു മൂന്നു ദിവസം അങ്ങനെ പോയി. എന്റെ കാൽ ശരിയായി. ഞാനും ഓഫീസിൽ പോകാൻ തുടങ്ങി.. ഓഫീസിലും മിയ സാധാരണ പോലെ പെരുമാറി.. കുറച്ചു ദിവസങ്ങൾക്കു ശേഷം ഓഫീസിലെത്തിയ എന്നെ എല്ലാവരും വന്നു കണ്ടു സംസാരിച്ചു. മാഡം ഒരുപാട് നല്ല വാക്കുകൾ പറഞ്ഞു. ചില സംശയങ്ങൾ ക്ലിയർ ചെയ്യാനെന്ന രീതിയിൽ ഞാൻ മിയയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. അവൾ തുറുപ്പിച്ചൊരു നോട്ടം നോക്കി.

 

“”പ്ലീസ്‌ നീ കാര്യമറിയാതെ പിണങ്ങാൻ നിക്കല്ലേ. നീ ഇങ്ങനെ മാറി നിൽക്കുന്നത് കാണുമ്പോൾ തന്നെ സങ്കടമാണ് പ്ലീസ് മിയ “” ഞാൻ ആരും ശ്രദ്ധിക്കാതെ അവളോട്‌ പറഞ്ഞു..

 

“”ജെയ്‌സ.. എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല. എല്ലാം മനസിലായി. നീ പൊയ്ക്കോ അവൾ ശ്രദ്ധിക്കേണ്ട “” എന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു.

 

“”എനിക്ക് നിന്നോട് ഫ്രീ ആയി സംസാരിക്കണം. അത് പറ്റില്ലെന്ന് നീ പറയണ്ട.. അല്ലാതെ എനിക്ക് ഒരു സമാധാനവുമില്ല “” അല്പം ദേഷ്യത്തോടെ ഞാനതു പറഞ്ഞു എണീറ്റു പോയി.

 

അവൾ കമ്പ്യൂട്ടറിൽ മാത്രം ശ്രദ്ധിച്ചു.. ഞാൻ പോയി സീറ്റ്റിലിരുന്നു ചിന്തിക്കാൻ തുടങ്ങി.

 

“”എന്ത് പറ്റി. നല്ല ആലോചനയിലാണല്ലോ “” ഒന്ന് മറിയാതെ ആവണി എന്നോട് ചോദിച്ചു..

 

“”കുറച്ചു ദിവസമായില്ലേ അതിന്റെയൊരു ഹാങ്ങോവർ ആണ് “” ഞാൻ പറഞ്ഞൊപ്പിച്ചു..

അവൾ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാത്തിനും ഞാൻ വെറുതെ മൂളി. മനസ് എവിടെയാണെന്ന് പോലും മനസിലാവുന്നില്ല. ഉച്ചക്ക് ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചെങ്കിലും ആവണിയോട് അവൾ നല്ലോണം സംസാരിച്ചു. എന്നോട് മിണ്ടുന്നില്ല. എന്നെ കാണുമ്പോൾ തന്നെ മുഖഭാവം മാറും. ആവണിയെ കാണിക്കാനെന്നോണം ഞാൻ എന്തെങ്കിലും പറയുമ്പോൾ മറുപടി പറയും..

 

രണ്ടു മൂന്നു ദിവസം കഴിഞ്ഞു.. ഞായർ ഒക്കെ സമയം പോകാൻ പെട്ട പാട് എനിക്കറിയില്ലായിരുന്നു.. അന്ന് രാത്രി ഞാൻ മിയയ്ക്ക് കുറെ മെസ്സേജ് ചെയ്തു.. 1000 ടൈം ഞാൻ അവൾക്കു പ്ലീസ്‌ അയച്ചു. ഒന്ന് ഫ്രീ ആയി സംസാരിക്കാൻ മാത്രം ചോദിച്ചു.. അവൾ റീഡ് ചെയ്തു

എന്നാൽ റിപ്ലൈ തന്നില്ല.

 

പിറ്റേ ദിവസം ഓഫീസിൽ മിയയെ കാണാൻ ഒരു പ്രായം കൂടിയ ആൾ വന്നു. ഞാൻ അയാളെ സൂക്ഷിച്ചു നോക്കി. അവർ എന്തൊക്കെയോ സംസാരിക്കുന്നു. ആവണി എന്നോട് ആരാണെന്നു ചോദിച്ചു. അറിയില്ലെന്ന് ഞാനും പറഞ്ഞു. അയാൾ അവളുടെ കയ്യിൽ എന്തോ ഒന്ന് കൊടുക്കുന്നത് കണ്ടു. അയാൾ പോയപ്പോൾ തിരിച്ചു ഇരിക്കാൻ വന്ന മിയ എന്നെ ഒന്ന് നോക്കി നേരെ മാഡത്തിന്റെ അടുത്തേക്ക് പോയി. അല്പസമയത്തിന് ശേഷം തിരിച്ചു വന്നു. എന്റെ അടുത്തേക്ക് വന്നു..

 

“”ജെയ്സൻ തിരക്കിലല്ലെങ്കിൽ എന്റെ കൂടെയൊന്നു വരാമോ.. മാഡത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട് “” അല്പം ശാന്തമായി അവൾ സംസാരിച്ചു. ആവണി അടുത്തുള്ളത് കൊണ്ടാവാം.

 

“”എന്താടീ കാര്യം “” ആവണി ആകാംഷയോടെ ചോദിച്ചു.

 

“”എന്റെ ബന്ധത്തിലെ രാജീവില്ലേ അവൻ വരുന്നുണ്ട് കുറച്ചു ദിവസം കഴിഞ്ഞാൽ. അവന്റെ റൂം ഒരാളോട് പറഞ്ഞിരുന്നു. അതിന്റെ കീ കിട്ടിയിട്ടുണ്ട്. റൂം കണ്ടു കീ ഇപ്പോൾ തന്നെ തിരിച്ചു കൊടുക്കണം “”

 

അത് കേട്ടത്തോടെ എനിക്ക് സമാധാനമായി അവളോട്‌ ഒന്ന് മിണ്ടാൻ അവസരം കിട്ടുമല്ലോ. എന്നാലും അവൾ എന്നെ വിളിച്ചല്ലോ എന്നാണ് ഞാൻ ആലോചിച്ചത്. എന്തായാലും മാഡത്തിനോട് പറഞ്ഞു ഞാനും മിയയും ഇറങ്ങി. ഒരു ചിരിയോടെ ആവണി അവിടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..

 

പോകുന്ന വഴിക്കു മിയ ഒന്നും സംസാരിക്കുന്നില്ല. ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ എന്നോട് പ്ലീസ്‌ പറഞ്ഞു എന്റെ വായ അടപ്പിച്ചു. കുറച്ചപ്പുറത്തുള്ള ഒരു വലിയ ബിൽഡിങ്ങിന്റെ ആറാമത്തെ ഫ്ലോറിൽ ആണ് റൂം. ലിഫ്റ്റിൽ വച്ചു ഞാനും അവളും ഒറ്റക്കായിട്ടും എനിക്കൊന്നു മിണ്ടാൻ സാധിച്ചില്ല. അവൾ കൈ കെട്ടി താഴോട്ട് നോക്കി നിന്നു. ഫ്ലാറ്റിലെ വിശാലമായ ഒരു റൂമിൽ ഞങ്ങൾ കയറി. റൂമൊക്കെ ഇഷ്ടപ്പെട്ടു.

 

പെട്ടെന്നു മിയ പോയി റൂമിന്റെ വാതിൽ അടച്ചു. എന്നിട്ട് അതിൽ ചാരി നിന്നു. അവളുടെ പ്രവർത്തി കണ്ടു ഞാൻ അന്തം വിട്ടു.

 

“”ഇനി പറ എന്താണ് നിനക്ക് പറയാനുള്ളത്. പെട്ടെന്ന് വേണം. എല്ലാം ഇവിടെ വച്ചു പറഞ്ഞു തീർക്കണം. ഇനി അതും ഇതും പറയാനുണ്ടെന്ന് പറഞ്ഞു എന്റെ പിന്നാലെ നടക്കരുത് “” വളരെ തന്റേടത്തോടെ അവളതു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *