കാറിൽ രണ്ടു പേരുടെയും നടുക്കായി പുറകിൽ ഞാനിരുന്നു.. എനിക്കൊന്നു മിണ്ടാൻ പോലും കഴിഞ്ഞിരുന്നില്ല.. സന്തോഷം കൊണ്ടു ഒരു വാക്കുകൾ പോലും പുറത്തേക്ക് വരുന്നില്ല. രണ്ടു സൈഡിൽ നിന്നു രണ്ടു പേരും എന്റെ തോളിൽ ചാരി ഇരുന്നു.
“”ഇന്ന് നമ്മൾ എന്റെ വീട്ടിൽ നിൽക്കുന്നു. നാളെ നമ്മൾ മൂന്നുപേരും നിന്റെ വീട്ടിലും നിൽക്കുന്നു. അതിൽ നിനക്കെന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ “” കണ്ണുകളിൽ പ്രണയം തുളുമ്പി കൊണ്ട് മിയ എന്നോട് ചോദിച്ചു.
ഞാൻ അവളെ നോക്കി മന്ദഹസിച്ചു. ഉള്ളിലുള്ള സന്തോഷം പ്രകടമാക്കാൻ എനിക്ക് കഴിയുന്നില്ല. പതിയെ തല തിരിച്ചു ആവണിയെ നോക്കി. അവളും എന്നെ പുഞ്ചിരിയോടെ നോക്കി. മിയ കാണാതെ എന്റെ കൈത്തണ്ടയിൽ പിടിച്ചിരുന്നു.. രണ്ടു പേർക്കും എന്തൊക്കെയോ പറയണമെന്നുണ്ട്.. ഒരു പക്ഷെ ഒറ്റക്കായിരുന്നെങ്കിൽ അവർ ഇപ്പോൾ പലതും വാ തോരാതെ സംസാരിച്ചേനെ.. കാർ മുന്നോട്ടു നീങ്ങി..
ഒരു ഇരുനില വീടിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ ആണ് സ്ഥലമെത്തിയെന്ന് മനസിലായത്. ഡോർ തുറന്നു ഞങ്ങൾ ഇറങ്ങി.. ഞാൻ ബാഗുകൾ എടുത്തു പുറത്തേക്കു വച്ചപ്പോഴേക്കും മിയ ഡ്രൈവർക്കു ഗൂഗിൾ പേ ചെയ്തു. അകത്തു നിന്നും മാക്സിയുടുത്ത ഒരു സ്ത്രീ ഞങ്ങളെ നോക്കി പുറത്തേക്കു വന്നു. ഒറ്റ നോട്ടത്തിൽ മിയയുടെ അമ്മയാണെന്ന് മനസിലായി. Taxi പുറത്തേക്കു പോയി. ഞങ്ങളെ അമ്മ ചിരിച്ചു കൊണ്ടുതന്നെ വരവേറ്റു.. മിയ അമ്മയെ കെട്ടിപിടിച്ചു. അകത്തേക്ക് കയറിയ ഞാൻ വീടിനകം നോക്കി. നല്ല ഭംഗി ആയി വച്ചിരിക്കുന്നു എല്ലാം.. നല്ല ശാന്തമായ അന്തരീക്ഷം. ഞാനും ആവണിയും അവിടെ കണ്ട സോഫയിൽ ഇരുന്നു. മിയ അമ്മയുടെ കൂടെ അകത്തേക്ക് പോയി. ആവണി എന്റെ കയ്യിൽ പിടിച്ചു.
“”ഒരു പക്ഷെ നീ അങ്ങനെ പോയിരുന്നെങ്കിൽ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു “”
“”കുറച്ചു ദിവസത്തെ കാര്യമല്ലേയുള്ളു പെണ്ണെ. അതിനിങ്ങനെ ടെൻഷൻ അടിക്കുന്നതെന്തിനാ “”
“”എനിക്കറിയില്ല.. നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല ഒരു നിമിഷം പോലും “”
“”എന്താ പെട്ടെന്ന് എന്നെ കൊണ്ടുവരാൻ തീരുമാനിച്ചത് “”
“”അത് മിയയുടെ പ്ലാൻ ആണ്. ഞാൻ അങ്ങോട്ട് നിന്റെ കാര്യം പറയാൻ നിന്നപ്പോഴേക്കും അവൾ തന്നെ എന്നോട് പറഞ്ഞു. സത്യത്തിൽ ഞാൻ അത്ഭുതപെട്ടുപോയി””
ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് അവളുടെ കൈ വിടുവിച്ചു.
“”ഇവിടുന്നു ഇങ്ങനെയൊന്നും വേണ്ട “” അവൾക്ക് ഞാൻ പറഞ്ഞത് മനസിലായി. കുറച്ചു കഴിഞ്ഞു മിയയും അമ്മയും വെള്ളം കൊണ്ടു വന്നു തന്നു..
ആവണിയെ മിയ നല്ലോണം അമ്മയ്ക്ക് ഫോണിലൂടെ തന്നെ പരിചയപെടുത്തിയിരുന്നു.. പിന്നെ ഞാൻ ഓഫീസിലെ അവരുടെ ബെസ്റ്റി ആണെന്നും നാളെ എല്ലാവരും എന്റെ വീട്ടിൽ പോകുമെന്നൊക്കെ പറഞ്ഞു. ഒരുമിച്ചു താമസിക്കുന്ന കാര്യം വീട്ടിൽ പറയാൻ പറ്റില്ലല്ലോ..
ആവണിയുടെ കാര്യങ്ങൾ അറിയാവുന്ന അമ്മ അവളെ നല്ലോണം പരിപാലിക്കുന്നത് കണ്ട ഞാൻ ഒരുപാട് സന്തോഷിച്ചു. മുകളിൽ രണ്ടു റൂമികളിലായി ഞങ്ങൾ കിടക്കാൻ പ്ലാൻ ചെയ്തു. റൂമിൽ പോയി ഫ്രഷ് ആയി വന്ന ഞങ്ങൾ അമ്മയോടൊത് ഒരുപാട് സംസാരിച്ചു. മിയ അവളുടെ കുട്ടികാലത്തെ കുറെ ആൽബങ്ങൾ കാണിച്ചു തന്നു. പിന്നെ എല്ലാവരും ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചു. ആ സമയം മിയയുടെ അച്ഛൻ കയറി വന്നു. ആളൊരു ബാങ്ക് ജീവനക്കാരനാണ്. അദ്ദേഹം വളരെ നല്ല രീതിയിൽ തന്നെ എന്നോട് സംസാരിച്ചു. രാത്രി ഞങ്ങൾ കുറെ നേരം ഇരുന്നു സംസാരിക്കുകയും ചെയ്തു. അടുത്ത ദിവസം രാത്രി 2 മണിക്ക് എന്റെ വീട്ടിലേക്കു പുറപ്പെട്ടു. പോരുമ്പോൾ അമ്മ ആവണിയെ കുറെ നേരം കെട്ടിപിടിച്ചു ഉമ്മ നൽകുന്നുണ്ടായിരുന്നു.
ദീർഘ ദൂരയാത്ര കഴിഞ്ഞു രാവിലെ 8 മണിക്ക് എന്റെ വീട്ടിൽ എത്തി. എന്റെ വീട് കണ്ടതും രണ്ടു പേരുടെയും തലകറങ്ങി.. വീടും പരിസരവും അത്ഭുദത്തോടെ നിരീക്ഷിച്ചു കൊണ്ടിരുന്ന അവരെ വിളിച്ചു ഞാൻ വീടിനകത്തേക്ക് കയറി. അമ്മച്ചി വന്നു ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഇവർ കൂടെ വരുന്നത് ഞാൻ പറഞ്ഞിട്ടില്ലായിരുന്നു. അത് അമ്മച്ചിയുടെ മുഖത്തു കാണാം. എന്നാലും രണ്ടുപേരെയും അമ്മച്ചിക്ക് നല്ലോണം അറിയാമായിരുന്നു. അവർ മൂന്നുപേരും കൂടി ഒരു ഭാഗത്തു ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഞാൻ എന്റെ ബാഗ് എടുത്തു റൂമിൽ പോകാൻ തുടങ്ങി.
