രാത്രിയിലെ അതിഥി 2

“പെണ്ണോ? ഏത് പെണ്ണ്?”
സുമേഷ് അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി.

“വർഷ…”

“വർഷ?

ആ പേര് കേട്ടതും അയാളുടെ രൂപവും ഭാവവും വല്ലാതെ മാറി.

“അതെ വർഷ…”

അയാൾ തുടർന്നു.

“വർഷയാണ് എനിക്ക് ഡോർ തുറന്നു തന്നത്…”

അത് കേട്ടപ്പോൾ സുമേഷിന്റെ ഭാവം പെട്ടെന്ന് മാറി.
അയാളുടെ മുഖം ദയനീയമായി.
കണ്ണുകളിൽ പെട്ടെന്ന് നീർ പൊടിഞ്ഞു.

“തമാശ പറയുകയാണോ നീ?”

വീണ്ടും തണുത്തുറഞ്ഞ ശബ്ദം അയാളുടെ കാതുകളിൽ പതിച്ചു.

“അതും ഇത്രയും ക്രൂരമായ തമാശ?”

അയാൾക്കൊന്നും മനസ്സിലായില്ല.

താൻ പറഞ്ഞ തമാശ എന്താണ്?

“തമാശയോ?”

ആകാശ് ചോദിച്ചു.

“ആം ..അതെ തമാശ..”

അയാൾ അൽപ്പം കൂടി അയാളുടെ നേരെ അടുത്തു.

“വർഷ…എന്റെ ഭാര്യ …രണ്ടുവർഷം മുമ്പ് എന്നെ വിട്ടുപോയ എന്റെ ..എന്റെ വർഷ…!”

പെട്ടെന്ന് അയാളുടെ ഭാവം മാറി.
നോട്ടത്തിൽ തീവ്രമായ വെറുപ്പ് നിറഞ്ഞു.

“ആ വർഷ എങ്ങനെയാണ് നിനക്ക് ഈ വീടിന്റെ കതക് തുറന്ന് തരുന്നത്?”

ആ ചോദ്യം ആകാശിനെ അദ്‌ഭുതസ്തബ്ധനാക്കി.
അയാൾ ഭയം കൊണ്ട് വിറച്ചു.
വെളിച്ചവും നിഴലുകളും ഇടകലർന്ന ഹാളിന്റെ മൂലയിലേക്കും ജനാലയിലൂടെ പുറത്തെക്കും നോക്കി.

പെട്ടെന്ന് അയാൾ ഗോവണികളിലേക്ക് നോക്കി.

മുകളിലേക്ക് കണ്ണുകളോടിച്ച ആകാശ് ഒരു നിമിഷം മരണം മുമ്പിൽ കണ്ടയാളെപ്പോലെ പകച്ചു നിന്നു.

മുകളിലത്തെ നിലയിൽ സ്റ്റെയർ അവസാനിച്ചയിടത്ത്, നിഴലുകൾക്കും ഭാഗികമായ വെളിച്ചത്തിനും മദ്ധ്യേ വർഷ ഇരിക്കുന്നു.

അവളുടെ മുഖത്ത് ഇപ്പോൾ ആ വിമോഹനമായ പുഞ്ചിരിയില്ല.

പകരം മറ്റൊരു ഭാവമാണ്.
ആരെയോ കാത്തിരിക്കുന്നത് പോലെ!
“നീയെന്താ അവിടെയും ഇവിടെയും ഒക്കെ നോക്കുന്നെ?”

അയാൾ ചോദിച്ചു.

ആകാശിന്റെ കണ്ണുകളും വായും പൂർണ്ണ വൃത്താകാരമായി.
അയാൾക്ക് തന്റെ രക്തമുറയുന്നത് പോലെ തോന്നി.

ഏകാന്തമായ ഈ സ്ഥലത്തുള്ള വീട്.

പ്രകാശം കുറഞ്ഞ ചുറ്റുപാടുകൾ.

ഇരുട്ടാണ് കൂടുതൽ.

അങ്ങനെയുള്ള ഈ വീട് ഒരു പ്രേതഗൃഹമാണോ?

“നിന്നോടാ ചോദിച്ചേ..നീയെവിടെ എന്ത് കാണുകയാ?”

സുമേഷ് വീണ്ടും ചോദിച്ചു.

“അത്…!”

ഭയന്ന് വിറച്ച് ആകാശ് സ്റ്റെയറിന്റെ മുകളിലേക്ക് വിരൽ ചൂണ്ടി.

“അതോ? എന്ത് ‘അത്’?”

വർഷ നിഴലുകളിൽ നിന്നും എഴുന്നേൽക്കുന്നത് ആകാശ് കണ്ടു.

“നിന്നോടാ ഞാൻ ചോദിച്ചേ! അവിടെ നോക്കി നീയിങ്ങനെ വാ പൊളിക്കുന്നത് എന്തിനാ?”

നിഴലുകളും വെളിച്ചവും ഇഴപിരിഞ്ഞ സ്റ്റെയർ കേസിലൂടെ വർഷ ഇറങ്ങിവരുന്നത് ശ്വാസമടക്കിപ്പിടിച്ച് ആകാശ് നോക്കി.

അനുനിമിഷം ഭയംകൊണ്ട് കൂടുതൽ കൂടുതൽ വിറയ്ക്കാൻ തുടങ്ങി അയാൾ.

“എന്റെ വീടിന്റെ അകത്ത് എന്തിനാ കയറിവന്നത് എന്ന്?”

സുമേഷ് കോപം കൊണ്ടലറി.

“അത് ….അത്!!”

സ്റ്റെയർ കേസിറങ്ങി അവരെ സമീപിക്കുന്ന വർഷയുടെ നേരെ അയാൾ വിരൽ ചൂണ്ടി.

സുമേഷും ആകാശ് നോക്കുന്നിടത്തേക്ക് കണ്ണുകളയച്ചു.

“ഏത്? എവിടെ? എന്ത്? എങ്ങോട്ടാ നീ നോക്കുന്നെ? ആരെയാ നീ നോക്കുന്നെ?”

“അത് ! അത് !!”

സാവധാനം തങ്ങളെ സമീപിക്കുന്ന വർഷയുടെ നേർക്ക് വിരൽ ചൂണ്ടി വിറയ്ക്കുന്ന ശബ്ദത്തോടെ, ഭയപരവശനായി ആകാശ് പറഞ്ഞു.

സുമേഷ് ചുറ്റും നോക്കി.

“എന്ത്? എവിടെ? ആര്?”

ചുറ്റും നോക്കി അയാൾ ചോദിച്ചു.

“അത് …അ …ത് ..”
ആകാശിനെ അടിമുടി വിറയ്ക്കാൻ തുടങ്ങി. അയാളുടെ നെറ്റിയിലൂടെ വിയർപ്പുചാലുകൾ കുതിച്ചിറങ്ങി.

“ആര്? എന്ത്?”

സുമേഷ് ദേഷ്യത്തോടെ ചോദിച്ചുകൊണ്ടിരുന്നു.
“മനുഷ്യനെ പൊട്ടൻ കളിപ്പിക്കരുത്! ഇവിടെ ആരുമില്ല! നീ ആരെ നോക്കിയാ ഈ പിച്ചും പേയും പറയുന്നത്?”

അപ്പോഴേക്കും വർഷ സ്റ്റെയർ ഇറങ്ങി ഫ്ലോറിലൂടെ അവരെ സമീപിക്കുകയായിരുന്നു.

ആകാശിന്റെ വിറയലിന്റെ വേഗം കൂടി.
കണ്ണുകൾ സോക്കറ്റിൽ നിന്നും ഏത് നിമിഷവും നിലത്തേക്ക് വീഴുമെന്ന് തോന്നി.

വർഷ സുമേഷിനെ തൊട്ടു തൊട്ടില്ല എന്ന പോലെ അടുത്തെത്തി.

ആകാശ് ഭയംപൂണ്ട കൈകൾ അന്തരീക്ഷത്തിൽ വിടർത്തി.

“എന്ത്? എന്ത് കണ്ടിട്ടാണ് നിങ്ങൾ….?”

ശബ്ദമുയർത്തി സുമേഷ് ആകാശിനോട് ചോദിച്ചു.

അപ്പോഴേക്കും വർഷ സുമേഷിനെ പിമ്പിലാക്കി ആകാശിന് അഭിമുഖമായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *