ഭയംകൊണ്ട് ബോധരഹിതനായി ഏത് നിമിഷവും ആകാശ് നിലം പൊത്തും എന്ന് സുമേഷിന് തോന്നി.
അപ്പോൾ അയാൾ വർഷയ്‌ക്കും ആകാശിനുമിടയിൽ കയറി.
സുമേഷ് പെട്ടെന്ന് വർഷയുടെ തോളിൽ കൈവെച്ചു.
“ഡാർലിംഗ്!”
പൊട്ടിചിരിച്ചുകൊണ്ട് സുമേഷ് വർഷയോട് പറഞ്ഞു.
“ഇതിൽക്കൂടുതൽ എനിക്ക് ഇയാളെ ഭയപ്പെടുത്താൻ പറ്റില്ല..”
അപ്പോൾ വർഷ ഉറക്കെ പൊട്ടിച്ചിരിച്ചു.
മുമ്പിൽ നടക്കുന്നത് എന്താണ് എന്നറിയാതെ ആകാശ് അദ്‌ഭുതപരതന്ത്രനായി.
സുമേഷ് ആകാശിന്റെ നേരെ തിരിഞ്ഞു.
“സോറി …ഐം വെരി സോറി…!”
അയാൾ ആകാശിന്റെ തോളിൽ പിടിച്ചു.
“ഇതൊക്കെ ഇയാളുടെ ഐഡിയ ആണ് ..ഇയാളുടെ ..വർഷയുടെ..എന്റെ ഭാര്യയുടെ!”
ഒരു കൈകൊണ്ട് വർഷയെ ചേർത്ത് പിടിച്ച് അയാൾ പറഞ്ഞു.
വർഷയുടെ പൊട്ടിച്ചിരി മനോഹരമായ പുഞ്ചിരിയായി മാറി.
“ഭാര്യ!”
അപ്പോഴും ഭയം കൊണ്ട് വിറയ്ക്കുകയായിരുന്ന ആകാശ് അവരെ
വിസ്മയാതിരേകത്തോടെ നോക്കി.
“അതെ…ഞാൻ…”
വർഷ മുമ്പോട്ട് വന്ന് അയാളുടെ തോളിൽ പിടിച്ചു.
“വീ ആർ വെരി സോറി….”
മധുരോദാരമായ പുഞ്ചിരി സമ്മാനിച്ച് അവൾ പറഞ്ഞു.
“വല്ലാതെ ബോറടിച്ചപ്പോൾ ഞാനാണ് ഈ ഐഡിയ സുമേഷിനോട് പറഞ്ഞത്…ജനാലയിലൂടെ നോക്കിയപ്പോൾ നിങ്ങൾ ഗേറ്റ് കയറി വരുന്നത് കണ്ടു…അപ്പോൾ തോന്നിയ ഒരു ഐഡിയ ആണ് ..സോറി സോറി …നിങ്ങളെ ഭയപ്പെടുത്തിയതിൽ…”
“ഓഹ്! ഓഹ്! ശരിക്കും?”
ആകാശ് ചോദിച്ചു.
“ഞാൻ ശരിക്കും വിശ്വസിച്ച് പോയി…ഒന്നാമത് മുറികളിൽ ഒന്നും നല്ല പ്രകാശമില്ലായിരുന്നു …പിന്നെ അടുത്ത് ഒന്നും വീടുകളില്ല …നിങ്ങളുടെ വീട് വളരെ വലുതും …ഞാൻ ശരിക്കും വിശ്വസിച്ചു …പേടിച്ചു ….!”
“സോറി സോറി!!”
സുമേഷ് കൂടി അയാളുടെ തോളിൽ പിടിച്ചു.
“ആഹ്! നിങ്ങൾക്ക് ഫോൺ ചെയ്യേണ്ടേ…കമോൺ …”
സുമേഷ് അടുത്തിരുന്ന ടെലിഫോൺ റിസീവർ അയാളുടെ നേരെ നീട്ടി.
“വേണ്ട …വേണ്ട ..ഞാൻ ..ഞാൻ പോവുകയാണ്!”
“അതെങ്ങനെയാ?”
സുമേഷ് ചോദിച്ചു.
“ഇപ്പഴും വിശ്വാസമായില്ലേ, ഞങ്ങൾ പ്രേതങ്ങൾ അല്ലായെന്ന്?”
“സുമേഷ്!”
വർഷ ശാസിക്കുന്ന ഭാവത്തോടെ ഭർത്താവിനെ നോക്കി.
“ഇനി അത് പറയല്ലേ! ആ ഗെയിം കഴിഞ്ഞു…”
“വർഷാ,”
സുമേഷ് ഭാര്യയുടെ നേരെ തിരിഞ്ഞു.
വർഷ അയാളെ നോക്കി.
“രാത്രി ഇത്രയായില്ലേ? ആകാശ് ഒന്നും കഴിച്ചു കാണില്ല. നല്ല വിശപ്പുണ്ടാവും!”
“നോ! നോ!”
ആകാശ് കയ്യുയർത്തി വിലക്കി.
“വഴിയരികിൽ ഒരു പഞ്ചാബി ഡാബ കണ്ടിരുന്നു…ഞാനായിരുന്നു ലാസ്റ്റ് കസ്റ്റമർ…അത്കൊണ്ട് വിശപ്പില്ല…”
“അയ്യോ!”
വർഷ മേശപ്പുറത്ത് നിന്ന് കോഫി കപ്പെടുത്തു അയാൾക്ക് നേരെ നീട്ടി.
” ഇതിൽ പകുതീം കുടിച്ചില്ലല്ലോ ഇപ്പോഴും ചൂടുണ്ട് …കുടിക്കൂ ..തണുപ്പല്ലേ?”
അധരം നനച്ചുകൊണ്ട് അവൾ പറഞ്ഞു.
ആകാശ് കൈനീട്ടി അത് വാങ്ങി.
“കോഫിയോ?”
പെട്ടെന്ന് സുമേഷ് അത് കണ്ട് പറഞ്ഞു.
“രാത്രി ഇത്രയായ സ്ഥിതിക്ക് കോഫിയല്ല കഴിക്കേണ്ടത്…വർഷാ ഫിക്സ് എ ഡ്രിങ്ക് ഫോർ ഹിം..!”
“അയ്യോ! വേണ്ട! ഒന്നും വേണ്ട! ഞാൻ പോവുകയാണ്!”
“അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും!”
സുമേഷ് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു.
“നിങ്ങൾ ഗസ്റ്റാണ് ഞങ്ങൾക്ക്. അതിഥി ദേവോ ഭവ! അതുകൊണ്ട് അങ്ങനെ പോകാൻ ഞങ്ങൾ സമ്മതിക്കില്ല. വർഷ! ക്വിക്ക്! അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുക്കാം”
അത് പറഞ്ഞ് സുമേഷ് മൂലയ്ക്കുള്ള അലമാരയുടെ നേരെ നീങ്ങി.
“വേണ്ട!”
ആകാശ് ഉച്ചത്തിൽ പറഞ്ഞു.
“വേണ്ട! ഞാൻ പോകുന്നു!”
വർഷ വീണ്ടും അയാളുടെ തോളിൽ പിടിച്ചു.
“പറയുന്നത് കേൾക്ക്!”
അയാളോട് ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു.
“ഇപ്പോൾ പോകണ്ട! ഞങ്ങൾ വിളിച്ചു തരാം മെക്കാനിക്കിനെ!”
അപ്പോഴേക്കും ഗ്ളാസ്സിൽ മദ്യ ഗ്ളാസ്സുമായി സുമേഷ് അവരുടെ അടുത്ത് എത്തി.
“വർഷ…”
ഭാര്യയുടെ കൈയിലേക്ക് ഗ്ളാസ് കൊടുത്തിട്ട് അയാൾ പറഞ്ഞു.
“നമ്മുടെ ഗസ്റ്റിന് കൊടുക്ക് ഇത്..ഞാൻ അപ്പോഴേക്കും മെക്കാനിക്കിനെ വിളിക്കാം,”
അത് പറഞ്ഞ് സുമേഷ് ഇരുൾ നിറഞ്ഞ മൂലയിലേക്ക് പോയി.
“ഞങ്ങൾ ശരിക്കും നിങ്ങളെ വല്ലാതെ ഭയപ്പെടുത്തി…സോറി,”
വർഷ അയാളെ നോക്കി.
“സാരമില്ല …ഞാൻ ..എനിക്ക് ഇപ്പോൾ പോകണം! വഴിയേ ഏതെങ്കിലും വണ്ടി പോകാതിരിക്കില്ല ..ഹൈവേ അല്ലെ ഇത്? ഹിച്ച് ഹൈക്ക് ചെയ്ത് എനിക്ക്
എങ്ങനെയും വീടെത്തണം!”
