വില്ലൻ- 2 Like

കുറച്ചുകഴിഞ്ഞു ഷാഹി എണീറ്റ് അടുക്കളയിൽ പോയി അവൾ ഭക്ഷണം കഴിച്ചു….ഭക്ഷണം കഴിക്കുമ്പോളും ഷാഹിയുടെ ചിന്ത സമറിൽ ആയിരുന്നു…ആരാണ് അവൻ..?എന്താണ് തന്നെ അവനോട് അടുപ്പിക്കുന്നത്…?എവിടെയാണ് അവൻ…?അവൻ എന്ത് ചെയ്യുകയാകും ഇപ്പോൾ…? അവന് ആരുമില്ലേ…?അവൾ അവനെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു…അവൻ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടാകുമോ…? പെട്ടെന്ന് താൻ എന്താ ഇങ്ങനെ ആലോചിച്ചത് എന്ന് ഓർത്തു അവൾ സ്വയം തലയിൽ തല്ലി…പിന്നെയും അവൾ അത് തന്നെ ചിന്തിച്ചു… അവന് ആരോടെലും പ്രണയം ഉണ്ടാകുമോ…?

ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവൾ അടുക്കളയിൽ പോയി കൈയും പാത്രങ്ങളുമെല്ലാം കഴുകി ഉറങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു….അവൾ ഫാനിട്ട് ബെഡിൽ വന്ന് കിടന്നു…സമറിനെക്കുറിച്ചുള്ള ചിന്തകൾ അവളെ ഉറങ്ങാൻ സമ്മതിച്ചില്ല…ഒടുവിൽ രാത്രിയുടെ ഏഴാം യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു..

പെട്ടെന്ന് ഫാൻ നിശ്ചലമായി…എന്നാൽ തണുപ്പ് കുറഞ്ഞില്ല…കൂടിവന്നു… അന്ധകാരത്തിന് ഭയത്തിന്റെ മാറ്റൊലി നല്കാൻ ആ തണുപ്പിനായി… ചന്ദ്രന്റെ പ്രകാശം ജനലുകളിലൂടെ അവളുടെ റൂമിൽ വന്നെത്തി…അവൾ ജനാലയുടെ അടുത്തേക്ക് നോക്കി…നിലാവ് നിറഞ്ഞ അന്തരീക്ഷം…
പെട്ടെന്ന് ദൂരെ നിന്ന് എന്തോ വരുന്നതുപോലെ അവൾക്ക് തോന്നി…അത്..അത്…ആ കറുത്തരൂപം….അത് പിന്നെയും ഒഴുകി വരുന്നു തന്റെ അടുത്തേക്ക്…ഷാഹി ആകെ ഭയന്നു… അത് വായുവിൽ ഒഴുകി ജനാലയുടെ മുന്നിൽ എത്തി…അത് അവളെതന്നെ നോക്കുന്നത് പോലെ തോന്നി ഷാഹിക്ക്…ആ രൂപം ജനലയും കടന്ന് റൂമിലേക്ക് എത്തി…ഷാഹി നന്നായി ഭയന്നു…അവൾക്ക് എണീറ്റ് ഓടാൻ തോന്നി…എന്നാൽ അവൾക്ക് അവളുടെ ശരീരം അനക്കാൻ പോലും സാധിച്ചില്ല…അവൾ ആകെ തളർന്നു…പെട്ടെന്ന് താൻ കിടന്നിരുന്ന കട്ടിൽ വായുവിൽ ഉയരുന്നത്പോലെ തോന്നി അവൾക്ക്…അതെ അത് പൊങ്ങുന്നു…ഷാഹിയുടെ ഭയം ഇരട്ടിയായി..അവൾ കിടക്കയുടെ വിരിപ്പിൽ കൈകൾകൂട്ടി മുറുക്കിപിടിച്ചു…കട്ടിൽ പൊങ്ങുന്നത് നിന്നു…കട്ടിലിപ്പോൾ വായുവിൽ നിൽക്കുകയായിരുന്നു…ആ കറുത്തരൂപം ഷാഹിയുടെ തലയുടെ ഭാഗത്തേക്ക് ചെന്നു… അത് അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി…ഷാഹിക്ക് അതിനെ നോക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും തല തിരിച്ചുപിടിക്കാൻ അവൾക്ക് ശക്തി ഇല്ലായിരുന്നു…ആ രൂപം ശബ്‌ദിച്ചു തുടങ്ങി…

“എത്രയെത്ര അവസരങ്ങൾ കിട്ടിയിട്ടും ഒടുവിൽ നീ ഇവിടെ തന്നെ വന്നെത്തിയല്ലേ…വിധി…ഇതാണ് നിന്റെ വിധി…അതിനെ മാറ്റാൻ ഒരിക്കലും നിനക്ക് ആകില്ല…ഇനി നിനക്ക് രക്ഷയില്ല…നിനക്ക് ഇനി ഒന്നേ ചെയ്യാൻ ഒള്ളൂ… കാതോർത്തോ…അവന്റെ വരവിനായി…ചെകുത്താന്റെ വരവിനായി….”

ഷാഹി പെട്ടെന്ന്കണ്ണുതുറന്നു…അവൾ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച് റൂം മുഴുവൻ നോക്കി…എന്നാൽ അവിടെ ആരും ഇല്ലായിരുന്നു…അവൾ കൊണ്ടുവന്നുവെച്ച വെള്ളം എടുത്തു കുടിച്ചു…അവൾ ആകെ പരിഭ്രാന്തയായിരുന്നു…കണ്ടത്‌ സ്വപ്‌നമാണെന്ന്‌ അവളുടെ ബുദ്ധിക്ക് മനസ്സിലായെങ്കിലും അവളുടെ ഭയത്തെ അത് ഒട്ടും കുറച്ചില്ല…അവൾ ദൈവത്തെ മനസ്സിൽ ധ്യാനിച്ചു മനമുരുകി പ്രാർത്ഥിച്ചു…അവൾ ഫാതിഹ സൂറത് കൂടി ഓതിയതിന് ശേഷം വീണ്ടും കിടന്നു….

**************************

ദൂരെ മറ്റൊരിടത്ത്……

കൊടുംവനം… ആ വനത്തിനുള്ളിൽ കെട്ടിയ ഏറുമാടത്തിൽ ഒരു ചെറുപ്പക്കാരൻ ഉറങ്ങുകയായിരുന്നു…വെളുത്തു സുമുഖനായ ഒരു ചെറുപ്പകാരൻ..എന്നാൽ അവന്റെ വയസ്സിന് ഉതകുന്ന ശരീരം ആയിരുന്നില്ല അവന്.. വളരെ ഉറച്ച ശരീരം..കൈകളിലും കാലുകളിലും ഉള്ള മസിലുകൾക്കൊക്കെ ഇരുമ്പിനേക്കാൾ ഉറപ്പായിരുന്നു..

വളരെ ഉയരത്തിൽ ആയിരുന്നു ഏറുമാടം കെട്ടിയിരുന്നത്‌..അവൻ ചന്ദ്രനെയും നോക്കി ശാന്തമായി ഉറങ്ങുകയായിരുന്നു..നിശബ്ദത…പെട്ടെന്ന് ഒരു ഫാൽക്കൻ പക്ഷിയുടെ ചിലമ്പൽ അവിടെ കേട്ടു.. ചെറുപ്പക്കാരൻ കണ്ണുതുറന്നു അതിനെ നോക്കി…ഫാൽക്കൻ പക്ഷി അവനെയും നോക്കി… രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ ഫാൽക്കൻ പക്ഷി വന്നവഴിക്ക് തിരിച്ചു പറന്നു…അവൻ തിരികെ ഉറക്കത്തിലേക്കും..
കൊട്ടാരസദൃശ്യമായ ഒരു മാളിക… വലിയമതിലുകളാൽ ചുറ്റപ്പെട്ട ഒരു വലിയ മാളിക…രണ്ടോമൂന്നോ നിലകളുള്ള ആ മാളികയുടെ ഏറ്റവും മുകളിലെ ടെറസിൽ ഒരാൾ കട്ടിലിട്ട് കിടക്കുന്നുണ്ടായിരുന്നു…അയാൾ ഉറക്കത്തിലായിരുന്നു…ചന്ദ്രന്റെ പ്രകാശം അവളുടെ രൂപം വെളിവാക്കി…ഒരു മധ്യവയസ്‌കൻ..അമ്പത്തിന് അടുത്ത് പ്രായം വരും…ഉറച്ച ശരീരം..പ്രായത്തിന്റെ തളർച്ചകൾ ഒട്ടും കാണിക്കാത്ത ശരീരം..പെട്ടെന്ന് ആ മാളികയിൽ കത്തിയിരുന്ന എല്ലാ വിളക്കുകളും കെട്ടു..ചന്ദ്രന്റെ പ്രകാശം മാത്രം അവിടെ തിളങ്ങിനിന്നു…പെട്ടെന്ന് അന്തരീക്ഷം ആകെ തണുത്തു…മരംകൊച്ചുന്ന തണുപ്പ്…പെട്ടെന്ന് ദൂരെ നിന്ന് എന്തോ ഒഴുകി വരുന്നതുപോലെ അയാൾക്ക് തോന്നി..കറുത്തരൂപം…അതെ…ആ കറുത്തരൂപം…ഷാഹിയുടെ സ്വപ്നങ്ങളിൽ കണ്ട അതേ രൂപം..അത് ഒഴുകി അയാളുടെ അടുത്തേക്ക് വന്നു…അയാൾ ഭയന്ന് വിറച്ചു…ആ രൂപം വായുവിൽ അയാളുടെ മുകളിൽ ഉയർന്നു നിന്നു… അത് അയാളെ തന്നെ നോക്കി…അയാളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി…നിശബ്ദത…ആ രൂപം ആരെയും പേടിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *