” ചേച്ചിയമ്മ അങ്ങോട്ട് വന്നാല്‍ ഞാന്‍ പറയാം ‘ അച്ചുവിന്‍റെ കൈകള്‍ പിടിച്ചു ജോജി പതുക്കെ പറഞ്ഞു .
‘ ഞാന്‍ വരാം … എങ്ങോട്ട് വേണേലും വരാം … വേറെ കെട്ടാന്‍ പറയരുത് ” അച്ചു തിരിഞ്ഞു അവരോടായി പറഞ്ഞു
” നിന്നെ ജോക്കുട്ടന്‍ നോക്കുവോ ? എത്ര നാള്‍ … എന്റേം മാത്തച്ചന്റെം കാലം കഴിഞ്ഞാ പിന്നെ ഈ ഒരുമേം ഒക്കെ കാണുവോന്നാര്‍ക്കറിയാം … നമ്മുടെ മക്കള്‍ നോക്കുവാരിക്കും … മരൂമക്കളോ ? ങേ ?’
” ഇവന്‍റെ കൂടെ കഴിഞ്ഞോlളാം ഞാന്‍ …ഇല്ലേ ..പറയടാ കുട്ടാ … പറ ..ചെച്ചിയമ്മേനെ നീ ഇറക്കി വിടുവോ ? ങേ … ഇല്ല … ഞാനാ ഇവനെ വളര്‍ത്തിയെ … ഇവനെന്നെ ഇറക്കി വിടത്തില്ല ”
വിജയിയുടെ ഭാവത്തോടെ അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു അച്ചു അവരെ ഓരോരുത്തരേയായി നോക്കി …
” അറിയാം … അവന്‍ നിന്നെ നോക്കൂന്ന്…പോന്നു പോലെ നോക്കൂന്ന് …അതറിയവുന്നോണ്ടു ഞങ്ങളൊരു തീരുമാനം എടുത്തു ….നാളെ … നാളെ തന്നെ നിങ്ങളുടെ രെജിസ്റര്‍ മാര്യേജ്’..നിന്റെം ജോക്കുട്ടന്റേം ”
ബോംബു പോട്ടിയന്നത് പോലെ അച്ചുവിന്‍റെ മുന്നില്‍ ഭൂമി കിടന്നു കറങ്ങി ..
ജോജിയുടെ കൈ അവളുടെ കയ്യില്‍ നിന്നൂര്‍ന്നു വീണു .. ജോജിയും ആകെ സ്തംഭിച്ചു നില്‍പ്പാണ് .. മറ്റുള്ളവര്‍ക്ക് യാതൊരു ഭാവഭേധവും ഇല്ല
” ഹ ഹ ഹ …കൊള്ളാം..കൊള്ളാം … ഇതാരുന്നല്ലേ നിങ്ങടെ പ്ലാന്‍ …കൊള്ളാം ‘
ഇനി നിങ്ങടെ ഒരു കോളും വേണ്ട …. ഈ അച്ചൂനെ നിങ്ങള്‍ അന്വേഷിക്കുകയും വേണ്ട ‘ അച്ചുവിന്‍റെ കരച്ചില്‍ പെട്ടന്ന് നിന്നു ..എവിടെ നിന്നോ കിട്ടിയ ഊര്‍ജ്ജം മുഖത്ത്. വിവരങ്ങളൊന്നും അറിയാതെ വെള്ളം എന്ന് പറഞ്ഞു കയറി വന്ന ഇളയ കൊച്ചിനെ അച്ചു വാരിയെടുത്തു. ‘ അപ്പു എന്തിയെടി ? …? വാ പോകാം … മുന്നും പിന്നും നോക്കാതെ ഇറങ്ങി വന്നു സ്വന്തം കൂടപ്പിറപ്പുകളെക്കാള്‍ സ്നേഹിച്ച നിന്റെയമ്മക്ക് ഇവരു തന്ന സമ്മാനം നീ കേട്ടോ …വാടി ഇവിടെ ” പുറകെ വന്ന അമ്മുവിനേം കയ്യില്‍ പിടിച്ചു യാതൊന്നും എടുക്കാതെ അച്ചു വാതിലിനടുത്ത് എത്തിയതും ആലീസിന്റെ സ്വരം ഉയര്‍ന്നു
” എടി അശ്വതി നായർ …ഒരു മിനുട്ട്” പതിവില്ലാതെ അലീസമ്മച്ചിയുടെ വായില്‍ നിന്ന് വന്ന തന്‍റെ യഥാര്‍ത്ഥ പേര് കേട്ടു അച്ചു സ്വരുക്കൂട്ടിയ കരുത്തെല്ലാം ഒരുനിമിഷം കൊണ്ടില്ലാതായി… അവള്‍ നിന്നെങ്കിലും തിരിഞ്ഞില്ല… ഉള്ള കരുത്തുകൂടി ഇല്ലാതായാല്‍
‘ നീ വന്ന പോലെയെ ഈ പടി ഇറങ്ങാവൂഎന്ന്.. ..’അച്ചു ആകെ പകച്ചു തിരിഞ്ഞു നോക്കി. ആലീസിന്റെ മുഖത്ത് വന്യമായ ഒരു ഭാവം അവള്‍ കണ്ടു .. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് അവരുടെ മുഖത്ത് ഇതിനു മുന്‍പും അവളാ ഭാവം കണ്ടിട്ടുണ്ട്
“.മനസിലായില്ലേ ? എന്‍റെ ജോഷീടെ പിള്ളേരെ ഇവിടെ നിര്‍ത്തിയിട്ടു വേണം നീ ഇവിടുന്നിറങ്ങാന്‍…. നീ കേസിന് പൊക്കോ …. എന്‍റെ സ്വത്തും പണവും മൊത്തം നഷ്ടപെടുത്തീട്ടു ആണെങ്കിലും ഞാനീ പിള്ളേരെ നിനക്ക് വിട്ടു തരുവേല എന്‍റെ കൂടെ നിര്‍ത്തും ……ഇതാലീസാ പറയുന്നേ ‘
അച്ചുവാകെ തളര്‍ന്നു വാതില്‍പടിയിലൂടെ ഊര്‍ന്നു താഴെക്കിരുന്നു . അല്‍പം മുന്‍പ് വരെ ജോക്കുട്ടന്‍ ഒരു പ്രതീക്ഷ ആയിരുന്നവള്‍ക്ക് … ഇതിപ്പോ … ഇത് ജോക്കുട്ടനും കൂടി അറിഞ്ഞോണ്ടാണോ?
അച്ചു പെട്ടന്ന് ക്രൂദ്ധയായി ജോജിയെ നോക്കി . അവനപ്പോഴും അല്‍പം മുന്‍പ് കേട്ട വാക്കുകളില്‍ നിന്ന് മോചിതനായിരുന്നില്ല . അല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ് മൌനം ഭേദിച്ചത്
” അമ്മച്ചി എന്നാ ഈ പറയുന്നേ ? ചേച്ചിയമ്മേ ഞാന്‍ കെട്ടാനോ…. ഞാന്‍ നോക്കിക്കൊള്ളാം …എന്‍റെ മരണം വരെ ഞാന്‍ നോക്കി കൊള്ളാം … എന്നാത്തിനാ നിങ്ങളീ പാവത്തിനെ ഇങ്ങനെ ?” അവന്റെ കണ്ണുകള്‍ നിറഞ്ഞു … അത് കേട്ടതും അച്ചു ആശ്വാസത്തോടെ ജോജിയെ നോക്കി .പിന്നെ മറ്റുള്ളവരെയും ..കണ്ടോ എന്‍റെ മോന്‍ എന്ന ഭാവത്തില്‍ ..
‘നീ നോക്കൂടാ മോനെ ..നീ നോക്കും …അതറിഞ്ഞു കൊണ്ട് തന്നാ പറയുന്നേ … പക്ഷെ എത്ര നാള്‍ നീയവളെ നോക്കും … നിനക്കൊരു പെണ്ണ് വന്നു കേറിയാലോ ? അവള്‍ സമ്മതിക്കുമോ ?ങേ ?”
