” കിടന്നാലെന്താ… ഇത് മെഡിക്കൽ കോളേജ് അല്ലെ?? ഇഷ്ടം പോലെ ഡോക്ടർമാർ കാണും നമ്മളെ നോക്കാൻ…”, ഞാൻ പറഞ്ഞു…
” മ്… എനിക്കിവിടെ കിടക്കാൻ വയ്യ… അന്നൊരു ദിവസം ഫ്രണ്ടിന്റെ അച്ഛനെ കാണാൻ വന്നിട്ട് തന്നെ എന്റെ തല കറങ്ങി… എന്തോരം ആളുകളാ ഓരോ അസുഖം ആയിട്ട്… അതിൽ തന്നെ ചിലരൊക്കെ നിലത്തൊക്കെയാ കിടക്കുന്നെ… കണ്ടാ തന്നെ നമുക്ക് സങ്കടം വരും”
” മ്… ശെരിയാ… ഞാൻ ബ്ലഡ് കൊടുക്കാൻ അവിടത്തെ മെഡിക്കൽ കോളേജിൽ പോയപ്പോഴും ഇങ്ങനെ ഒക്കെ ആണ് അവസ്ഥ…”
” നമ്മുടെ കോളേജിന് ഒരു ബ്ലഡ് ഡോണർ ഗ്രൂപ്പ് ഒക്കെ ഉണ്ട്… പിന്നെ പാർട്ടി യൂണിറ്റിന് വേറെ.. ഇവിടുന്നു എപ്പോഴും ആളുകൾ വിളിക്കാറുണ്ട്… നമ്മൾ വന്നു കൊടുക്കും…”
” നീ കൊടുക്കാറുണ്ടോ?? ”
” അത്… ഒരു പ്രാവശ്യം… എനിക്കെന്തോ പേടി ആണ്… അന്നത്തെ പ്രാവശ്യം തന്നെ ഫുൾ എടുത്തില്ല… കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്നെ വിയർത്തു എന്നും പറഞ്ഞു അവർ നിർത്തി ”
” ഇത്ര തീപ്പൊരി ആയ നിനക്കു പേടിയോ?? ” ഞാൻ ചിരിച്ചു കൊണ്ട് കളിയാക്കി….
അവൾ ഒരു കപടദേഷ്യത്തോടെ എന്നെ നോക്കിയിട്ട് എന്നെ ഒന്ന് പിച്ചി… ” ഈ പറയുന്ന ആൾ എത്ര പ്രാവശ്യം കൊടുത്തിട്ടുണ്ട്?? ”
” ഞാൻ രണ്ടു മൂന്നു പ്രാവശ്യം. പിന്നെ മിക്കപ്പോഴും കൊടുക്കാൻ പറ്റിയ അവസ്ഥയിൽ അല്ലായിരിക്കും… അതാ..” ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു.
” അതെന്താ…??”
ഞാൻ വെള്ളമടിക്കുന്ന സൈൻ കൈ കൊണ്ട് കാണിച്ചിട്ട് അവളെ നോക്കി കണ്ണടച്ചു….
” ഇവിടെന്താ രണ്ടും കൂടെ കഥകളി ആണോ?? ” അഭി ആണ്.. അവൾ കാർ ഞങ്ങൾക്കടുത്തു പാർക്ക് ചെയ്തു ചോദിച്ചു.
” ഏയ്… ഞങ്ങൾ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കായിരുന്നു “, ഞാൻ പറഞ്ഞു…
” നീയെന്തിനാടീ ശ്രീ വിളിച്ചത്?? ” അഭി ചോദിച്ചു.
” അത്.. ഏട്ടൻ ഇവിടെ വന്നിട്ട് എവിടേം .പോയില്ലലോ… നീ ഒന്ന് കൊണ്ട് പോയി നമ്മുടെ ബീച്ച് ഒക്കെ കാണിച്ചിട്ട് വാ…”
” അതിനു ഞാൻ എന്തിനാ… നിനക്ക് ഇവന്റെ കൂടെ പൊയ്ക്കൂടേ?? ”
” ആ.. എന്റെ കൂടെ രണ്ടു ദിവസം ക്ലാസിനു വന്നതാ… അതിന്റെ ഐശ്വര്യം പറയണ്ട…”
” അതെന്താടീ….”
ശ്രീയും ഞാനും ഇരുന്നു അഭിയോട് ഫുൾ കഥ പറഞ്ഞു കൊടുത്തു… അവസാനം അഭി ചിരിയോടെ പറഞ്ഞു..
” ഇപ്പൊ മനസ്സിലായില്ലേ അവിടെ ആത്മാർത്ഥത ഉള്ള സാറുമ്മാർ ഉണ്ടെന്നു?? ”
” അത് ആത്മാർത്ഥത അല്ല, അയാൾ പണ്ട് കോളേജിൽ മറ്റേ പാർട്ടി ആയിരുന്നു… അന്നത്തെ ആ ചൊരുക്ക് ഇപ്പോഴും മാറിയിട്ടില്ല. അതാണ് ഞങ്ങളെ കണ്ടാ ഇത്ര പ്രെശ്നം. അയാൾക്കുള്ളത് ഞാൻ കൊടുക്കുന്നുണ്ട്.. നീയിപ്പോ തല്ക്കാലം ഈ സാധനത്തിനേം കൊണ്ട് എവിടേലും ഒക്കെ കറങ്ങാൻ പോ…”
അവൾ എന്നെ സ്കൂട്ടറിൽ നിന്ന് താഴേക്കു തള്ളിക്കൊണ്ട് പറഞ്ഞു…
” പോടീ…. നീ കൂടി ബാ…” ഞാൻ അവളെ വിളിച്ചു. പക്ഷെ എത്ര നിർബന്ധിച്ചിട്ടും അവൾ വന്നില്ല..
അങ്ങനെ ഞാനും അഭിയും കൂടി ശംഖുമുഖം ബീച്ചിൽ പോയി… അവൾ കാര് പാർക്ക് ചെയ്തു ഞങ്ങൾ രണ്ടാളും ഇറങ്ങി ഒന്നിച്ചു കടപ്പുറത്തേക്ക് നടക്കുന്നത് കണ്ടതേ കുറേ പയ്യന്മാരും ആണുങ്ങളും ഞങ്ങളെ രണ്ടു പേരെയും തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അത് കണ്ടു ഞാൻ അവളുടെ കയ്യിൽ പിടിച്ചു ആട്ടിക്കൊണ്ട് നടക്കാൻ തുടങ്ങി… അവൾ എന്നെ നോക്കിയപ്പോ ഞാൻ അഭിക്ക് അവരെ കാണിച്ചു കൊടുത്തു കണ്ണിറുക്കി.. കാര്യം മനസ്സിലായ അവൾ ചിരിച്ചുകൊണ്ട് എന്റെ കൂടെ അതെ പോലെ ഒരു കാമുകിയെ പോലെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി.. ബീച്ചിൽ തിരക്ക് ആയിത്തുടങ്ങുന്നുണ്ട്. ഒരു ചേട്ടൻ ഒരു സ്കൂട്ടറിൽ സ്പീക്കർ ഒക്കെ വെച്ച് പാട്ടു പാടുന്നുണ്ട്… വെറുതെ പൈസക്ക് വേണ്ടി കൈനീട്ടാതെ പാട്ടു പാടി കുടുംബം നോക്കുന്ന പുള്ളിയെ കുറിച്ചോർത്തു അഭിമാനം തോന്നി…
വെറുതെ കടൽക്കരയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… കുറച്ചു കഴിഞ്ഞപ്പോഴേക്കും അസ്തമയം ആയി… അതും കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നു. വീട്ടിലെത്തി ശ്രീയുടെ റൂമിൽ ചെന്ന് ഹാൻഡിൽ തിരിച്ചപ്പോൾ അത് അകത്തു നിന്നും ലോക്ക് ചെയ്തിട്ടുണ്ട്… പിന്നെ കാണാം എന്ന് വിചാരിച്ചു റൂമിലെത്തി ഫ്രഷ് ആയി ഫുഡ് കഴിക്കാൻ പോയി… ശ്രീ ഇറങ്ങി വന്നു പെട്ടെന്ന് ഫുഡ് കഴിച്ചിട്ട് പോയി… കാര്യമായി ഒന്നും സംസാരിച്ചില്ല. ഞാൻ അഭിയെ നോക്കി എന്താ എന്ന് ചോദിച്ചു…അത് കാര്യമാക്കണ്ട, സ്ഥിരം ആണെന്ന് പറഞ്ഞു അവളും പോയി..
