പിറ്റേന്ന് രാവിലെ കോളേജിലേക്ക് പോവാൻ ശ്രീയെ കാത്തു നിൽക്കുമ്പോൾ അവൾ ന്യൂസ്‌പേപ്പറിൽ പൊതിഞ്ഞ പെയിന്റിംഗ് പോലത്തെ ഒരു പൊതിയുമായി പുറത്തേക്ക് വന്നു. അത് സ്കൂട്ടറിന്റെ കാല് വെക്കുന്ന അവിടെ വെച്ചിട്ട് അവൾ എനിക്ക് താക്കോൽ തന്നു… അവളുടെ മുഖത്തു ഒരു ചെറിയ ചിരിയും, അതിനേക്കാൾ ശാന്തതയും ഉണ്ടായിരുന്നു.
” ഇതെന്താടീ?? ”
” അതൊരു പെയിന്റിങ്ങാ.. ഒരു എക്സിബിഷന് വെക്കാനാ… ശങ്കു വണ്ടി എടുക്ക്…” അവൾ ചിരിയോടെ പറഞ്ഞു…
ആദ്യം ആയിട്ടാണ് അവൾ ശങ്കു എന്നൊക്കെ വിളിക്കുന്നത്. ഇവളെന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ട്.. എന്താണാവോ??
അവളുടെ ബ്ലൂ ലേഡി പെർഫ്യൂം ആസ്വദിച്ചു ഞാൻ വണ്ടി മുന്നോട്ടെടുത്തു. അതിനിടയിൽ ‘ഗൗരി’ ബസ് പതിവ് പോലെ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു പോയി.
കോളേജ് ഗേറ്റിൽ വണ്ടി വെച്ച് കേറുമ്പോഴേ കണ്ടു, കുറേ ബോയ്‌സ് നല്ല അടിപൊളി കുറുവടി ഒക്കെ ആയിട്ട് ഞങ്ങളെ കാത്തു നിൽക്കുന്ന പോലെ ക്യാമ്പസ്സിനകത്തു നിൽക്കുന്നു.
” എടീ ശ്രീ… വേറെ വഴി വല്ലതും ഉണ്ടോ?? എനിക്കിന്നൊന്നു ക്ലാസ്സിൽ കേറണം എന്ന് ആഗ്രഹം ഉണ്ട്..” ഞാൻ ഇത്തിരി ചിരിയോടെ എന്നാൽ പേടിയോടെ പറഞ്ഞു.
10-50 പിള്ളേർ, അതും വടി ഒക്കെ ആയി നിൽക്കുന്നവർ, അവരെ തല്ലിതോൽപ്പിക്കാൻ കേരളാ പോലീസിനും രജനീകാന്തിനും മാത്രമേ പറ്റൂ…
“അത് ഞാൻ ഏറ്റു… പേടിക്കാതെ വാ… ഞാൻ ഇവിടുള്ളപ്പോ എന്റെ ഏട്ടന്റെ ദേഹത്തു ഒരു പൊടി പോലും വീഴില്ല…” അവൾ സിനിമ സ്റ്റൈലിൽ കോളറിൽ പിടിച്ചൊന്നു പൊക്കി പറഞ്ഞു… എന്നിട്ട് എന്റെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു. അപ്പോഴേക്കും അവർ ഞങ്ങളെ കണ്ടു ഞങ്ങളുടെ അടുത്തേക്കും വരുന്നുണ്ടായിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * *
