ശര വേഗത്തിൽ പാഞ്ഞു വന്ന അമ്മ അവന്റെ മുഖം ചേർത്ത് അടിച്ചു
അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാതെ ആയോടാ മഹാ പാപി……
ചുറ്റും കൂടി നില്കുന്നവരുടെ മുഖത്തു തെളിഞ്ഞ പുച്ഛം അതിനിടയിൽ തന്റെ മുഖത്തു അടിയേറ്റത് കണ്ടു കണ്ണടച്ച് മുഖം തിരിച്ചു നിന്നത് ആൻസി അമ്മച്ചി മാത്രം. ഏതു സാഹചര്യത്തിൽ ആയാലും തന്റെ മേൽ ഒരു പൊടി വീണാൽ ആ മനസിന് താങ്ങാൻ കഴിയില്ല എന്നുള്ളത് അവന്റെ ഉള്ളിൽ ആ അവസ്ഥയിലും കുളിരേകി.
പക്ഷെ അമ്മ… സങ്കടവും സാഹചര്യവുമെല്ലാം ദേഷ്യമെന്ന വികാരമായി മാറിയ ആ അമ്മ മനസ് തന്റെ മകനെ കൊല്ലാനുള്ള ദേഷ്യത്തിൽ മാറി മാറി അവനെ അടിച്ചു കൊണ്ടേയിരുന്നു.
കാര്യ കാരണങ്ങൾ എന്തെന്ന് പോലും തിരക്കാൻ തന്റെ പെറ്റ അമ്മ പോലും തയ്യാറാവതത്തിൽ മറ്റുള്ളവരുടെ ആക്രോശങ്ങളും പരിഹാസങ്ങളുമെല്ലാം അവനു മുന്നിൽ ഒന്നുമല്ലാതെ ആയി തീർന്നു.
മനസ്സിൽ കാര മുള്ളു കുത്തിയിറങ്ങുന്ന വേദനയിലും അവൻ അനങ്ങാതെ തന്നെ നിന്നു. അടിയേറ്റ് അവന്റെ ചുണ്ട് മുറിഞ്ഞു ചോര ഇറ്റി വീണു. കണ്ണിൽ നിന്നും ഒരുകി ഇറങ്ങിയ കണ്ണുനീരിനു പോലും അതെ ചോരയുടെ നിറം ആയിരുന്നു.
അമ്മയും മകനും കൂടി തല്ലുവോ കൊല്ലുവോ എന്താന്ന് വച്ച ആയിക്കോ. പക്ഷെ ഇവിടെ ഇപ്പൊ പറഞ്ഞ കാര്യത്തിന്റെ തീരുമാനം എന്താണ്.. പറഞ്ഞത് പോലെ ചെയ്യുവല്ലേ… സമ്മതം ആണല്ലോ….
കൂടെ കൂടിയിരുന്നതിൽ ആരോ അമ്മയോട് ചോദിച്ച ചോദ്യം
സമ്മതം…….
തന്റെ കാൽകീഴിൽ തളർന്നിരുന്നു വിതുമ്പി കരയുന്ന അമ്മയ്ക്കോ ആൻസി അമ്മച്ചിയ്ക്കോ മറ്റൊരു മാർഗവും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.
പിന്നീട് നടന്നതൊക്കെ യാന്ത്രികം ആയിരുന്നു.
ചെറിയ ഒരു ക്ഷേത്രത്തിന്റെ നടപന്തലിൽ ഒരുക്കിയ ഒരു കതിർമണ്ഡപം വിവാഹ വസ്ത്രം അണിഞ്ഞു അതിൽ ഇരിക്കുന്നു ഹിരൺ. ഇടതു വശം ചേർന്നു വിവാഹ വസ്ത്രം അണിഞ്ഞു തല താഴ്ത്തി ഇരിക്കുന്നു അവൾ.
പിന്നിൽ കരഞ്ഞു തളർന്നു അമ്മയും ആൻസി അമ്മച്ചിയും. ചുറ്റിലും കൂടി നിൽക്കുന്ന ഒരു പരിചയവും ഇല്ലാത്ത മുഖങ്ങൾ. അതിനിടയിൽ നിസ്സഹായരായി നിൽക്കുന്ന തോംസനും വിവേകും മനുവും .
മൂഹൂർത്തം ആയി…മൂഹൂർത്തം ആയി…
ആരോ വിളിച്ചു പറയുന്നു
ക്ഷേത്രത്തിലെ തിരുമേനി പൂജിച്ച താലി എടുത്തു കൊടുത്തു.
വിറയർന്ന കൈകളാൽ അവൻ അത് ഏറ്റു വാങ്ങി.
മഞ്ഞ ചരടിൽ കോർത്ത ഒരു ആലില താലി.
കൈയിൽ കിട്ടിയ ചരടിൽ മുറുകെ പിടിച്ച് കൊണ്ട് തല ചെരിച്ചു അടുത്ത് ഇരിക്കുന്ന പെൺകുട്ടിയെ നോക്കി.
കുരവയും കെട്ടി മേളവും ഒക്കെ അരങ്ങേറിയ വേദിയിൽ അവൾ ഹിരണിന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി.
കണ്ണിൽ പകയുടെ കാനലെരിയുന്ന പോലെ തോന്നി ഹിരണിനു. അല്ല ആ കണ്ണുകളിൽ മറ്റെന്തോ ഭാവം ആണ്. പക്ഷെ തിരിച്ചറിയാൻ കഴിയുന്നില്ല.
പിന്നിൽ നിന്നാ ആരോ ഒരാൾ അവളുടെ മുടി ഉയർത്തി പിടിച്ചപ്പോൾ ഹിരൺ വിറയാർന്ന കൈകളാൽ ആ താലി അവളുടെ കഴുത്തിൽ അണിയിച്ചു.
ആ നേരമത്രയും അവൾ കൈകൾ കൂപ്പി തൊഴുതു പിടിച്ചു.
തനിക്കു മേലെ വീണ പുഷ്പങ്ങൾ പോലും തന്നെ പ്രഹരിക്കുന്നതായി അവനു തോന്നി. മുന്നിൽ വീണു കിടക്കുന്ന പൂവിതളിനു പോലും തന്നോട് അറപ്പു പോലെ.
സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്ന വേളയിൽ അവൾ മിഴികൾ പൂട്ടി നിന്ന് അവകാശം എന്നോണം അത് ഏറ്റു വാങ്ങി.
…….,.
അടിമാലി കഴിഞ്ഞു കാർ ഇടുക്കി ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു.
ആൻസി അമ്മച്ചി ഡ്രൈവിംഗ് സീറ്റിലും മുന്നിൽ അമ്മയും പിന്നിൽ ഹിരണും അവൻ താലി കെട്ടിയ പെണ്ണും.
എല്ലാവരുടെയും മനസ്സുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു. മിഴികൾ നിറഞ്ഞു ഒഴുകുന്നു.
നിന്റെ കൂടെ ഒരു വീട്ടിൽ തനിച്ചു കഴിയാൻ ഭയം ആണെന്ന് അമ്മ പറഞ്ഞ വാക്കുകൾ
റിൻസി മാത്രമല്ല ആൻസിയും ഇവിടെ ഉള്ളതാണ് അത് കൊണ്ട് എന്റെ വീട്ടിൽ വരരുത് എന്ന് പപ്പാ പറഞ്ഞ വാക്കുകൾ.
കൂട്ടം കൂടി നിന്നവർ പറഞ്ഞുണ്ടാക്കിയ കഥകൾ.
വെള്ളമടിച്ചു പെണ്ണിനെ പീഡിപ്പിക്കാൻ ശ്രെമിച്ചതാണ്….
അല്ല അവൾ വിളിച്ചു കയറ്റിയതാണ്..
ഏയ് ഇവര് പണ്ടേ ഇഷ്ടത്തിൽ ആയിരുന്നു..
