മുള ചീന്തും പോലെ അവന്റെ മടിയിൽ കിടന്നു അലറി കരഞ്ഞ അനീറ്റയെ സമാധാനിപ്പിക്കാൻ കഴിയാതെ ഹിരൺ ശില കണക്കെ ഇരുന്നു പോയി.
അനീറ്റയുടെ അലറി കരച്ചിലും ഒരു രീതിയിലും പ്രതികരിക്കാതെ കല്ല് പോലെ ഇരിക്കുന്ന ഹിരണിന്റെ ചെയ്തികളും കണ്ട എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. തങ്ങൾ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ എന്ന് മനസ്സിലാവാൻ അധികം സമയം വേണ്ടി വന്നില്ല.
ഏറെ നേരത്തെ കരച്ചിലിനൊടുവിൽ അനീറ്റ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു വീണ്ടും അവന്റെ മുഖം കൈകളിൽ കോരിയെടുത്ത് കണ്ണിൽ നോക്കി പറഞ്ഞു.
ഞാൻ എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച മറ്റൊരു ദിവസം ഉണ്ടായിട്ടില്ല ഹിരൺ… ഇന്ന് നീ എന്നോട് സംസാരിച്ചു. അംഗീകരിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും നിനക്ക് എന്നോടുള്ള സ്നേഹം നീ തുറന്നു സമ്മതിച്ചു. മതി… ഈ ജന്മം മുഴുവൻ നിനക്ക് വേണ്ടി ജീവിക്കാൻ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പൊ നീ എനിക്ക് തന്ന ഈ നിമിഷങ്ങൾ മാത്രം മതി. കാത്തിരുന്നോളാം ഒരിക്കലും കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഹിരണിന്റെ പെണ്ണായി ഈ ജന്മം മുഴുവൻ കാത്തിരുന്നോളാം…..
അനീ…
പറയാൻ വന്നതിനു സമ്മതിക്കാതെ അവൾ അവന്റെ വായ കൈകൊണ്ടു അടച്ചു പിടിച്ചു.
വേണ്ട നീ ഇനി ഒന്നും പറയണ്ട… നീ പറയാൻ പോകുന്നത് എന്ത് തന്നെയായാലും ചിലപ്പോ എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല എന്ന് വരും….
ഹിരണിന്റെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി. ഒട്ടും തന്നെ കുറവില്ലാതെ അനീറ്റയുടെയും.
കൈകളിൽ അവന്റെ മുഖം വാരിയെടുത്തു അവൾ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് വിതുമ്പി.
അവളുടെ കൈകളിൽ കൈകൾ ചേർത്ത് കൊണ്ട് ഹിരൺ കണ്ണടച്ച് മനസുകൊണ്ട് തന്നെ ആ ചുംബനം ഏറ്റു വാങ്ങി.
ഈ വരുന്ന സൺഡേ എന്റെ ബർത്ത് ഡേ ആണ്… പപ്പയോടും മമ്മിയോടും ഞാൻ പറഞ്ഞു നിന്റെ കൂടെ ആയിരിക്കും ഈ ബർത്ത് ഡേ ഞാൻ ആഘോഴിക്കുന്നത് എന്ന്. വരണം ഞാൻ കാത്തിരിക്കും. ഒരു പക്ഷെ അതാവും നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച.. സൺഡേ രാവിലെ 8 മണിക്ക് ഞാൻ നിനക്കായ് കാത്തു നില്കും കുറവിലങ്ങാട് പള്ളിക്കു മുന്നിൽ…….
പറഞ്ഞു തീർത്തു വായ പൊത്തി കരഞ്ഞു കൊണ്ട് അവന്റെ മുന്നിൽ നിന്നും അനീറ്റ ഓടി അകന്നു. മുറ്റത്തു കിടന്നിരുന്ന കാറിനുള്ളിൽ കയറി സീറ്റിലേക്കു അലച്ചു വീണു കൊണ്ട് അലറി കരഞ്ഞു.
അനീറ്റ പോയ വഴിയിലൂടെ നോക്കിയെങ്കിലും
കണ്ണ് നിറഞ്ഞു തുളുമ്പി നിന്നിരുന്നതിനാൽ ഒന്നും തന്നെ അവനു കാണാൻ കഴിഞ്ഞില്ല.
മനസിനുള്ളിലെ വേദനകൾ എല്ലാം കൂടി പൊട്ടി വന്ന ഹിരൺ മുഖം പൊത്തി നിന്ന് വിതുമ്പി.
തങ്ങൾക്കു മുന്നിൽ നടക്കുന്ന കാര്യങ്ങൾ അത്ര പന്തിയല്ല എന്ന തോന്നലിൽ പെൺകിടാങ്ങൾ എല്ലാവരും അനീറ്റയുടെ അടുത്തേക്ക് പാഞ്ഞു. മനുവും കൂട്ടരും ഹിരണിന്റെ അടുത്തേയ്ക്കും.
അൽപ സമയം കഴിഞ്ഞു അനീറ്റയും കൂട്ടുകാരും അവിടെ നിന്നും മടങ്ങി.
അപ്പോളും ഹിരൺ അതെ ഇരിപ്പു തുടർന്നു.
എന്തോ ഒരു ഏകാന്തത അവനെ വല്ലാതെ പിടിച്ചുലച്ചു. രാവിലെ റിൻസിയെ പിരിഞ്ഞപ്പോൾ ഉണ്ടായ അതെ അവസ്ഥ ഇപ്പൊ അനീറ്റ പോയപ്പോളും. റിൻസിയെ താൻ എത്രത്തോളം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നുവോ അത്ര തന്നെ അനീറ്റയെയും ആഗ്രഹിക്കുന്നുണ്ടോ അതാണോ ഇപ്പോ അവൾ പോയപ്പോൾ ഉണ്ടായ ഈ പിടച്ചിൽ. സത്യത്തിൽ ഇത്രയും നാള് ഇഷ്ടം അല്ല എന്ന് പറഞ്ഞതും പെരുമാറിയതും എല്ലാം സ്വയം ഒരു വിശ്വസിപ്പിക്കൽ മാത്രം ആയിരുന്നോ. അതെ അത് തന്നെയാണ് ശെരി.
റിൻസി തനിക്കു ആരാണോ അത് തന്നെയാണ് അനീറ്റയും.
ഹിരൺ കൈ എടുത്തു സ്വയം തലയ്ക്കടിച്ചു. മുഖം പിടിച്ച് വലിച്ചു കൊണ്ടവൻ അലറി കരഞ്ഞു.
കാര്യത്തിന്റെ ഏകദേശ രൂപം മനസിലായ തോംസൻ മനുവിനെ പറഞ്ഞു വിട്ടു രണ്ടു ബോട്ടിൽ മദ്യം വരുത്തിച്ചു. കാര്യ കാരണങ്ങൾ ആരും ചോദിച്ചില്ല പറഞ്ഞുമില്ല. ബോധം മറയുന്ന വരെ ഹിറണിനെ കുടിപ്പിക്കുക. അതായിരുന്നു തോംസൻ മനസ്സിൽ കണ്ടത്.
ഹിരണിനും അതായിരുന്നു വേണ്ടിയിരുന്നത്. ഒന്ന് ഉറങ്ങണം ബോധം ഇല്ലാതെ തന്നെ ഉറങ്ങണം.
