കുടിച്ചതിന്റെ ആളവോ കണക്കോ ഒന്നും അറിയില്ല മാവിൻ ചുവട്ടിലെ തറയിൽ തന്നെ അവൻ കുടിച്ചു ബോധം കേട്ടു വീണു.ഒപ്പം എന്തിനും കൂടെ നിൽക്കുന്ന ചങ്കുകളായി തോംസനും വിവേകും. അവർക്കു കാവലായി മനുവും.
ഇടയ്ക്ക് ഒന്ന് വീട്ടിലേക്കു പോയ മനു തിരികെ പോന്നപ്പോൾ ഹിരണിന്റെ ബൈക്കും കൂടെ എടുത്തു. വണ്ടി വീട്ടിൽ ഇരിക്കുന്നത് കണ്ടാൽ ചിലപ്പോ അമ്മ തിരക്കും. കണ്ടില്ല എങ്കിൽ എന്തേലും അത്യാവശ്യം ആയിട്ട് പോയി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാം എന്നും അവൻ കരുതി.
മനു തിരിച്ചു വന്നപ്പോൾ സമയം 7 കഴിഞ്ഞിരുന്നു. ഉച്ച മുതൽ ഓഫ് ആണ് മൂന്ന് പേരും. അത് പിന്നെ സങ്കടം വന്നാലും സന്തോഷം വന്നാലും ചങ്കു ചങ്ങായിമാർ ഒപ്പം ഉണ്ടാകും അതിനി അടിച്ചു ഓഫ് ആകുന്ന കാര്യത്തിൽ ആയാലും.
മാവിൻ ചുവട്ടിൽ കിടന്ന 3 എണ്ണത്തിനെയും എഴുന്നേൽപ്പിക്കാൻ നോക്കിയിട്ട് നടക്കാതെ വന്നതോടെ ഓരോരുത്തരെ ആയി മനു വലിച്ചും താങ്ങിയും കളത്തിന് അകത്തു എത്തിച്ചു.
തോംസനെ താങ്ങി എടുത്തു കിടത്തിയ മനു വലഞ്ഞു പോയി. അത്രയ്ക്കുണ്ടായിരുന്നു അവന്റെ ഭാരം.
ഇടയ്ക്ക് പോയും വന്നും ഫോണിൽ ഗെയിം കളിച്ചും ഒക്കെ മനു സമയം തള്ളി നീക്കി. പതിനൊന്നു മണി ഒക്കെ ആയപ്പോ ബോധമില്ലാത്ത മൂന്നെണ്ണത്തിനും വേണ്ടി ഫുഡ് എടുക്കാൻ മനു വീട്ടിലേക്കു പോയി.
മനു പോയി അൽപ സമയം കഴിഞ്ഞതും ഹിരൺ ഞെട്ടിയുണർന്നു.
ചുറ്റും ഇരുട്ട് തല വെട്ടി പൊളിയുന്ന വേദനയും
തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്തേക്ക് തെളിഞ്ഞിറങ്ങിയ നിലാവിന്റെ വെളിച്ചം കണ്ടു ഹിരൺ എഴുന്നേറ്റു പുറത്തേക്കു നടന്നു. അടിച്ചതിന്റെ കെട്ട് മാറാത്തതിനാൽ അവന്റെ ബാലൻസ് പോകുന്നുണ്ടായിരുന്നു. പുറത്തെ പൈപ്പിൽ തല മൊത്തമായി അവൻ നനച്ചു എടുത്തു.
തണുത്ത വെള്ളം തലയിലൂടെ ഏറെ നേരം വീണിറങ്ങിയതിൽ അവനു തെല്ലു ആശ്വാസം തോന്നി
ഇട്ടിരുന്ന ഷർട്ട് ഊരി തല ഒന്ന് തൂവർത്തി ആടി ആടി അവൻ വീണ്ടും മാവിൻ ചുവട്ടിൽ ചെന്നിരുന്നു.
കഴിഞ്ഞു പോയ നിമിഷങ്ങൾ എല്ലാം വീണ്ടും അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.
അനീറ്റ….. റിൻസി…..
രണ്ടു പേരും അവന്റെ ചുണ്ടിൽ വിരിഞ്ഞു.
അനീറ്റയുടെ സ്നേഹം താൻ സ്വീകരിക്കാൻ തയ്യാറായാൽ അത് റിൻസിയോട് ചെയ്യുന്ന ചതി ആണ്. പക്ഷെ താൻ റിൻസിയെ സ്നേഹിക്കുന്നത് ആർക്കും അറിയുകയില്ല. റിൻസിക്കൂ പോലും.ഒരു പക്ഷെ റിൻസിക് തന്നെ ഇഷ്ടം അല്ല എങ്കിൽ.. അനീറ്റയുടെ സ്നേഹം സ്വീകരിക്കുന്നതിൽ തെറ്റില്ലല്ലോ. ഇനി റിൻസിക്കും തന്നെ ഇഷ്ടം ആണെങ്കിലോ. താൻ ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടന്ന പോലെ റിൻസിയും പറയാതെ കൊണ്ട് നടക്കുകയാണെങ്കിലോ…
ചിന്തകളിൽ മുഴുകിയ ഹിരണിനിനു വീണ്ടും തല വെട്ടി പോളിയാൻ തുടങ്ങി.
മാവിൻ ചുവട്ടിലിരുന്ന കുപ്പികൾ എല്ലാം ഓരോന്നെടുത്തു അവൻ വായിലേക്ക് കമഴ്ത്തി. കുപ്പിയുടെ അടിയിൽ കിടന്നിരുന്ന ചെറിയ തുള്ളികൾ പോലും അവൻ ആർത്തിയോടെ ഇറ്റിച്ചു കുടിച്ചു. എല്ലാ കുപ്പി കമഴ്ത്തിയിട്ടും ഒരു പെഗ് പോലും തികച്ചു കിട്ടാഞ്ഞതിന്റെ അമർഷം അവൻ അലറി തീർത്തു.
പോണം ഇപ്പൊ തന്നെ.. റിൻസിയെ കാണണം അവളോട് എല്ലാം പറയണം.. മനസിലുള്ളത് മുഴുവനും അവളറിയണം….
ഹിരൺ ആരോടെന്നില്ലാതെ പറഞ്ഞു.
പോക്കറ്റിൽ കിടന്നിരുന്ന ഫോൺ എടുത്തു അവൻ നോക്കി.
റിൻസിയും അമ്മയുവോക്കെ വിളിച്ചിട്ടുണ്ട്. റിൻസിയുടെ കുറെ വോയിസ് മെസ്സേജും. ഇടയ്ക്ക് വിളിക്കണം എന്ന് പറഞ്ഞത് താനാണ്. പക്ഷെ ഇന്ന് നടന്ന സംഭവങ്ങളിൽ മനസ്സ് കൈവിട്ടു പോയിരിക്കുന്നു.അവൾ വിളിച്ചതോ മെസ്സേജ് അയച്ചതോ ഒന്നും അറിഞ്ഞില്ല. വേണ്ട ഇനി അവളെ നേരിൽ കണ്ടു സംസാരിക്കാം അത് മതി.
ഹിരൺ ഫോണിൽ ബാംഗ്ലൂർ ബസിന്റെ ടൈം ഷെഡ്യൂൾ നോക്കി 12.45 നു കോട്ടയത്ത് നിന്നും ഒരു കല്ലട ഉണ്ട്. ഇപ്പൊ സമയം 11.10 ഒന്നര മണിക്കൂറിൽ കൂടുതൽ ഓട്ടം ഉണ്ട് കോട്ടയത്തിനു. പക്ഷെ രാത്രി ആയതിനാൽ അധികം തിരക്കുണ്ടാവില്ല. ഇപ്പൊ പോയാൽ ആ ബസ് കിട്ടും സീറ്റ് ഒഴിവുണ്ട്. ഇരട്ടി പൈസ കൊടുത്തായാലും പോയേ പറ്റു.
