♥️അവിരാമം♥️ – 3 10

അനീറ്റയുടെ ഭവമാറ്റം ഹിരണിന്റെ ഉള്ളിൽ ചെറിയ ഒരു ഭയം സൃഷ്ടിച്ചു എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല.

കരയാനും വേണ്ടി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…..

നുരഞ്ഞു പൊന്തിയ ദേഷ്യത്തിലും അടക്കി പിടിക്കാൻ കഴിയാത്ത സങ്കടത്തിലും അനീറ്റ ഉറക്കെ കരഞ്ഞു. അതെ കരച്ചിലോടെ അവൾ തുടർന്നു

ഇല്ല നീ ഒന്നും പറഞ്ഞില്ല.. കഴിഞ്ഞ നാല് വർഷം ആയിട്ട് നീ എന്നോട് ഒരു വാക്ക് പോലും മിണ്ടിയിട്ടുമില്ല…..

സോറി……

സോറി 😏 അത് പറഞ്ഞാൽ എല്ലാം കഴിഞ്ഞല്ലോ. ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത് എന്നെ ഇങ്ങനെ അവഗണിക്കാനും വെറുക്കാനും ഒറ്റപ്പെടുത്താനും വേണ്ടി…..

അത്.. നിനക്ക് എന്നോട് പ്രണയം ആണെന്ന് പറഞ്ഞപ്പോ…..

അതെന്താ എനിക്ക് ആരെയും പ്രണയിക്കാൻ പാടില്ല എന്നുണ്ടോ അതോ പ്രണയിക്കുന്ന ആളിന്റെ സമ്മതം ഉണ്ടെങ്കിലേ ഇഷ്ടപ്പെടാൻ പാടുള്ളു എന്നുണ്ടോ…. നിന്നോട് എന്നെ തിരിച്ചു പ്രണയിക്കാൻ ഞാൻ ആവശ്യപ്പെട്ടോ ഇല്ലല്ലോ.. പ്രണയിക്കാൻ തോന്നിയ ഒരു സാധനം……

അനീറ്റയുടെ പതം പറച്ചിലിന്റെ ശൈലി കേട്ടു ആ അവസ്ഥയിലും ഹിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അധികം ആയുസ്സില്ലാത്ത ഒരു ചിരി.

ഹിരണിന്റെ ചിരി കണ്ടു അനീറ്റയുടെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. കരഞ്ഞു കൊണ്ട് തന്നെ അവൾ തുടർന്നു

ഇത്രയും നാള് ഒരു സുഹൃത്തായി പോലും നീ എന്നെ കണ്ടിട്ടില്ല. ഞാൻ ഉള്ള ഇടത്തേയ്ക്ക് നീ വന്നിട്ടില്ല. നിങ്ങൾ ഇരിക്കുന്നിടത്തേയ്ക്ക് ഞാൻ വരുന്നത് കണ്ടാൽ നീ എഴുനേറ്റു പോകുവായിരുന്നു.എന്തിനു ഞാൻ ഉള്ളത് കൊണ്ട് കോളേജ് ടൂറിനോ ഒരു ഫങ്ക്ഷനോ പോലും നീ വന്നിട്ടില്ല…….

എടോ… അത്. എനിക്ക്….എനിക്ക് തന്നോട് വെറുപ്പൊന്നും ഉണ്ടായിട്ടല്ല. തന്നെ അങ്ങനെ കാണാൻ കഴിയുന്നില്ല. തന്നെ കാണുമ്പോ അല്ലെ താൻ അടുത്തേക്ക് വരുമ്പോ ഞാൻ പോലും അറിയാതെ അകന്നു പോകുന്നതാണ്…….

നീ എന്നിൽ നിന്നും അകലാൻ ശ്രെമിക്കുമ്പോ അതിന്റെ നൂറിരട്ടി എന്റെ മനസിന്റെ ആഴങ്ങളിലേക്കാണ് ഹിരൺ നീ ഇറങ്ങുന്നത്……

അനീറ്റ പ്ലീസ് നമുക്ക് ഈ സംസാരം നിർത്താം. ഇത് കൊണ്ടൊക്കെ തന്നെയാണ് ഞാൻ തന്നിൽ നിന്നും അകന്നു നടന്നത്……

അത് എന്തിന്റെ പേരിൽ ആയിരുന്നു ഹിരൺ ഞാൻ അത്രയ്ക്ക് മോശപ്പെട്ട ഒരു പെണ്ണാണോ. വഴി തെറ്റി നടക്കുന്നവളാണോ അത്രയും എന്നെ അവഗണിക്കാൻ വേണ്ടി……..

ഛെ… താൻ ആവശ്യം ഇല്ലാത്തതൊന്നും പറയല്ലേ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല……..

പിന്നെ…പിന്നെ എന്താണ് കാരണം എനിക്ക് അത് അറിയണം ഇഷ്ടം…ആണെന്ന് ഞാൻ ഒരിക്കൽ പോലും നിന്നോട് പറഞ്ഞിട്ടില്ല. പക്ഷെ പറയാതെ തന്നെ എന്റെ ഉള്ളു എന്താണ് എന്ന് നീ മനസിലാക്കിയവനല്ലേ. ഇഷ്ടം ഇല്ലായിരുന്നെങ്കിൽ അല്ലെ എന്നെ അങ്ങനെ കാണാൻ കഴിയില്ലായിരുന്നെങ്കിൽ ആദ്യമേ തന്നെ നിനക്ക് എന്നെ തിരുത്താമായിരുന്നില്ലേ…..

പറ ഹിരൺ എനിക്ക് നീ ഒരു ഉത്തരം താ ഒരു സുഹൃത്തായി പോലും എന്നെ കാണാൻ പറ്റാത്ത എന്ത് കാരണം ആണ് ഉണ്ടായിരുന്നത്…….

എനിക്ക് അറിയില്ല അനീറ്റ. നിനക്ക് തരാൻ എന്റെ പക്കൽ ഒരു ഉത്തരവും ഇല്ല… ഞാൻ നിന്നോട് ചെയ്തത് എല്ലാം തെറ്റായിരുന്നു എന്ന് എനിക്ക് അറിയാം. അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അകന്നതും നിന്നെ അകറ്റി നിർത്തിയതും. പക്ഷെ അത് എല്ലാം നിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു

ചാടി എണീറ്റ അനീറ്റ ഹിരണിന്റെ കോളറിൽ രണ്ടു കയ്യും കൊണ്ട് കുത്തി പിടിച്ച് അവനെ ഉലച്ചു കൊണ്ട് നിലവിളിച്ചു.

ഇന്നീ ലോകത്തു അനീറ്റ മറ്റാരേക്കാളും സ്നേഹിക്കുന്നതും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും നിന്നെ മാത്രമാണ്. ആ എന്നെ നീ വേണ്ട എന്ന് വയ്ക്കുന്നത് എന്റെ എന്ത് നന്മയ്ക്ക് വേണ്ടിയാണു.നിന്നെ നഷ്ടപെടുന്നതിന്റെ അത്രയും വേദന എനിക്ക് മറ്റൊന്നുമില്ല ഹിരൺ….ഐ ലവ് യു…റിയലി ഐ ലവ് യു….

അനീറ്റ പറഞ്ഞു തീർത്തതും ഹിരണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തുടച്ചുനീക്കി.

നിന്റെ കണ്ണിൽ നിന്നു ഒഴുകിയിറങ്ങിയ ഈ കണ്ണ് നീര് എന്നോടു പറയുന്നുണ്ട് നിനക്കും എന്നെ ഇഷ്ടം ആണെന്ന്. പക്ഷെ അത് ഉൾകൊള്ളാൻ നിന്റെ മനസ് സമ്മതിക്കുന്നുവില്ല. അതെന്താണ് ഹിരൺ എന്താണെങ്കിലും നീ പറയു. എന്റെ മനസമാധാനത്തിന് വേണ്ടിയെങ്കിലും പ്ലീസ്…..

Leave a Reply

Your email address will not be published. Required fields are marked *