സൂര്യനെ പ്രണയിച്ചവൾ- 10 1


ബസ്സ്‌ നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി നോക്കി.
അവരുടെ മുഖം മ്ലാനമാണ്.
അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്.

“നല്ല ആളാ!”

ജോയല്‍ അവളോട്‌ പറഞ്ഞു.

“ഞാന്‍ കാത്ത് കാത്തിരുന്ന എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എന്ത് ഉത്സാഹത്തോടെയാണ് ഞാന്‍ ഗായത്രിയെ അറിയിച്ചത്! എന്നിട്ട് ഗായത്രിയുടെ മുഖത്ത് ഒരു ഉത്സാഹവുമില്ലല്ലോ!”

“ഉണ്ട്!”

ഗായത്രി പെട്ടെന്ന് അവന്‍റെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

“ഞാന്‍ എന്ത് സന്തോഷത്തിലാണെന്നോ! റിയലി പറയ്യാണ്‌! എന്‍റെ ഡൌട്ട് അത് ആരായിരിക്കും എന്നാ! അതോര്‍ത്ത് ഞാനല്‍പ്പം നെര്‍വസ്, അല്ല നെര്‍വസ് അല്ല, ക്യൂരിയസ് ആയെന്നെയുള്ളൂ!”

ബസ്സ്‌ നിര്‍ത്തിയിട്ടിരുന്നിടത്തേക്ക്, പാതയോരത്തേക്ക്, ബ്യൂട്ടിക്കും കിയോസ്ക്കുകളും നിറഞ്ഞിടത്തേക്ക് അവര്‍ നടന്നു.
അവിടെ ഒരു നീം മരത്തിന്‍റെ കീഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ജോയല്‍ ഇരുന്നു.
ദൂരെയും അരികെയുമൊക്കെ കുട്ടികള്‍ യാത്ര തുടരാത്തതിന്റെ അസന്തുഷ്ടിയുമൊന്നും കാണിക്കാതെ വര്‍ത്തമാനം പറഞ്ഞും കുസൃതികള്‍ കാണിച്ചും നിന്നിരുന്നു.

“ഇരിക്ക് ഗായത്രി…”

അവന്‍ തൊട്ടടുത്ത് കൈവെച്ച് അവളെ കഷണിച്ചു.

“വേണ്ട, ഞാന്‍…”

അവളുടെ മുഖം പോലെ ശബ്ദവും നിരുന്മേഷമായിരുന്നു.

“ആരാ അവള്‍? പറ ജോ!”

“പറയാം!”
അവന്‍ ചിരിച്ചു.

“ഗായത്രിയോടല്ലാതെ മറ്റാരോട് പറയും ഞാന്‍ അതിന്‍റെ ഡീറ്റയില്‍സ്….പക്ഷെ.”

“പക്ഷെ എന്താ?”

ഗായത്രി അവനില്‍ നിന്നും മുഖം മാറ്റി.

“പറയാം…ആദ്യം ഗായത്രി ഇവിടെ ഇരിക്കൂ”

അവള്‍ മടിച്ച്, സങ്കോചത്തോടെ അവന് അടുത്ത് അഭിമുഖമായി ഇരുന്നു.

“ആ കുട്ടിയ്ക്ക് ഒരു കത്ത് എഴുതണം,”

അവളുടെ മുഖത്ത് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.

“അതിനെനിക്ക് ഗായത്രിയുടെ ഒരു ഹെല്‍പ്പ് വേണം!”

“ഹെല്‍പ്പോ?”

അവള്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.

“കത്തെഴുതാന്‍ എന്‍റെ ഹെല്‍പ്പോ? എന്നുവെച്ചാല്‍?”

“എന്ന് വെച്ചാല്‍ ഗായത്രി ഞാന്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഗായത്രി ഒന്നെഴുതണം. പ്ലീസ്!”

“അവള്‍ക്ക് എഴുതാനുള്ള ലെറ്റര്‍ ഞാന്‍ എഴുതണം എന്നോ? അതെന്തിനാ? അത് ജോയ്ക്ക് തന്നെ എഴുതിയാല്‍ പോരെ?’

അവള്‍ വിസമ്മതത്തോടെ ചോദിച്ചു.

“പ്ലീസ് ഗായത്രി!”|

അവന്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.

“ഗായത്രി എഴുതണം. ഞാന്‍ പറഞ്ഞു തരുന്ന സെന്റന്‍സ് ഗായത്രി എഴുതണം! അത് എന്തിനാണ് എന്ന് ഞാന്‍ പറയാം! പ്ലീസ്!”

“ഓക്കേ..!”

മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു.

“എഴുതാനുള്ള പേപ്പറും പെന്നും..?’

“അത് ഇപ്പം കൊണ്ടുവരാം!”

അത് പറഞ്ഞ് അവന്‍ ബസ്സിനുള്ളിലേക്ക് ഓടിക്കയറി.
പെട്ടെന്ന് തന്നെ തിരിച്ചിറങ്ങി വന്ന് അവളുടെ നേരെ നടന്നു.
അവന്‍റെ കയ്യില്‍ ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു.

“ഇത് എഴുതാനുള്ള ബുക്ക്!”

നോട്ട്ബുക്ക് അവളുടെ നേരേ നീട്ടി അവന്‍ പറഞ്ഞു.
ഗായത്രി മടിച്ചാണെങ്കിലും അത് അവന്‍റെ കയ്യില്‍ നിന്നും വാങ്ങി.

“ഇതാ പെന്‍!’

പോക്കറ്റില്‍ നിന്നും പേനയെടുത്ത് അവന്‍ അവളുടെ നേരെ നീട്ടി.
അവള്‍ അത് വാങ്ങി.
പിന്നെ അവന്‍റെ നേരെ ചോദ്യരൂപത്തില്‍ നോക്കി.
“എഴുത്…”

അവന്‍ പറഞ്ഞു.
അവള്‍ അവന്‍ പറഞ്ഞു തരുന്ന വാക്കുകള്‍ എഴുതുന്നതിനു വേണ്ടി ബുക്കിലെ പേജില്‍ പേന അമര്‍ത്തി.

“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടു പിടിച്ചു…”

ജോയല്‍ പറഞ്ഞു.

“ങ്ങ്ഹേ?”

അവള്‍ അന്ധാളിപ്പോടെ ജോയലിനെ നോക്കി.

“എഴുത് ഗായത്രി, നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു…എഴുത്..എഴുതിയോ?”

അവള്‍ എഴുതിക്കഴിഞ്ഞ് അവനെ നോക്കി.
അവനാ ബുക്ക് അവളുടെ കയ്യില്‍ നിന്നും വാങ്ങി.
എന്നിട്ട് എഴുതിയ പേജിലേക്ക് നോക്കി.
പുഞ്ചിരിയോടെ അവനത് വായിച്ചു.

“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു…”

Leave a Reply

Your email address will not be published. Required fields are marked *