വൃന്ദാവനം 1
Vrindhavanam Part 1 | Author : Kuttettan | Previous Part

വലംപിരിശംഖിലെ തീർഥം പോലെയൊഴുകുന്ന നിളയുടെ നദിക്കരയിൽ, മൗനമന്ത്രം ജപിച്ചു ശാന്തിയോടെ കിടക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് വേദപുരം…
തലമുറകളുടെ പെരുമയും പഴക്കവും ഈ ഗ്രാമത്തിനു പറയാനുണ്ട് . പണ്ട് ഉത്തരേന്ത്യയിലെ വൈദികമഠങ്ങൾ ഹൂണന്മാർ ആക്രമിച്ചപ്പോൾ ബ്രാഹ്മണർ വേദങ്ങളെ സംരക്ഷിക്കാനായി കേരളത്തിൽ നിളാനദിക്കരയിലെത്തി. മേഴത്തോൾ, താഴെമംഗലം, അണിയാർവട്ടം, പപ്പശേരി തുടങ്ങിയ ബ്രാഹ്മണ സെറ്റിൽമെന്റുകൾക്ക് അന്ന് ആളും അർഥവും കൈയ്യൂക്കും നൽകി സഹായിച്ചത് ചന്ദ്രോത്ത് തറവാട് എന്ന ഒരു കുടുംബക്കാരായിരുന്നു.
ചന്ദ്രോത്തെ ആൺകുട്ടികളുടെ കരബലവും ചങ്കുറപ്പും നൽകിയ സുരക്ഷയിൽ നിളയുടെ നദിക്കരയിൽ വേദമന്ത്രങ്ങൾ വീണ്ടും മുഖരിതമായി. അവിടത്തെ ഓത്തുശാലകളിൽ നിന്ന് ബ്രാഹ്മണക്കുട്ടികൾ വേദങ്ങൾ ഹൃദിസ്ഥമാക്കി.
തങ്ങളെ സഹായിച്ചതിനും വേദങ്ങളെ കാത്തുസൂക്ഷിച്ചതിനും പ്രത്യുപകാരമായി ചന്ദ്രോത്ത് തറവാടിനു ബ്രാഹ്മണ്യം പ്രത്യേക അധികാരങ്ങൾ നൽകി. വേദങ്ങളെ സംരക്ഷിച്ച സ്ഥലമായതിനാൽ തറവാടു നിൽക്കുന്ന ഗ്രാമം വേദപുരം എന്നറിയപ്പെട്ടു.വേദപുരം ഗ്രാമത്തിന്റെ അധിപൻമാരായി മാറിയ ചന്ദ്രോത്ത് തറവാട്ടിലെ ആണുങ്ങൾ പിന്നീട് പുതിയ ഒരു പേരിൽ അറിയപ്പെട്ടു…….പെരുമാൾ.
വേദപുരം പെരുമാൾ….ക്ഷത്രിയജാതിയായി അവർ ഉയർത്തപ്പെട്ടു.
അഭിവൃദ്ധിയും സമ്പത്തും ചന്ദ്രോത്ത് തറവാട്ടിൽ കുന്നുകൂടി.കേരളത്തിലെ വലിയ ഒരു ബിസിനസ് കുടുംബമായി മാറാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇപ്പോഴുള്ള തലമുറയുടെ പിതാമഹനായ വരദരാജ പെരുമാളാണ് കുടുംബത്തിനെ പിന്നീടു കൂടുതൽ ശക്തിപ്പെടുത്തിയത്. വരദരാജ പെരുമാൾക്കു രണ്ട് അകത്തമ്മമാരായിരുന്നു (പെരുമാളുമാരുടെ ഭാര്യമാരാണ് അകത്തമ്മമമാർ).കൃഷ്ണവേണിയും ഭാഗീരഥിയും. ഇവരിലൂടെയുള്ള പെരുമാളുടെ സന്തതി പരമ്പരകൾ വേദപുരം ദേശത്തിന്റെ അരികുവിട്ടു പടർന്നു പന്തലിച്ചു. അതിസമ്പന്നരായി മാറിയെങ്കിലും തങ്ങളുടെ തനതു രീതികളും സംസ്കാരവുമൊക്കെ ചന്ദ്രോത്ത് തറവാട്ടുകാർ നിലനിർത്തി.
…………………………………………..
ഇത്രയും കേട്ടപ്പോള്‍ ഇതൊരു ആക്ഷന്‍ ഡ്രാമയോ, അല്ലെങ്കിൽ ചരിത്ര വിവരണമോ ഒക്കെയാണെന്നു തോന്നിയവർക്കു തെറ്റി, ഇതു മറ്റൊരു പൈങ്കിളി പ്രേമകഥയാണ്…പക്ഷേ കുറച്ചു ട്വിസ്റ്റൊക്കെയുണ്ടാവാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്.
നിങ്ങളെ എല്ലാവരെയും വേദപുരം ദേശത്തേക്കു സാദരം ക്ഷണിക്കുകയാണ്. ആ നദിക്കടവിൽ കാണുന്ന പുരാതനമായ അമ്പലമാണ് വേദപുരം കൃഷ്ണസ്വാമി ക്ഷേത്രം. തൊട്ടുപിന്നിൽ ഭാരതപ്പുഴ.ദേ ആ പടർന്നു പന്തലിച്ച ആൽമരം ഇവിടത്തെ പ്രധാന ഒത്തുകൂടൽ സ്ഥലമാണ്. ക്ഷേത്രം വിട്ടാൽ വേദപുരം കവല. കുഗ്രാമമൊന്നുമല്ല വേദപുരം, മൊബൈൽ ഷോപ്പുകള്‍, നല്ലൊരു ടെക്സ്റ്റൈൽ ഷോപ്പ്, കുവൈത്ത് രാമേട്ടന്റെ ബേക്കറി ,പച്ചക്കറി ചന്ത, വേദപുരത്ത ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കായി ഇറച്ചിച്ചന്ത തുടങ്ങിയവയുണ്ട്.പിന്നെ ചെറിയകടകളെല്ലാമുള്ള വേദപുരം ബസാറും.ഈ വസ്തുവകകളെല്ലാം പെരുമാളുമാരുടേതാണ്.
ബസാർ കഴിഞ്ഞു ചെന്നാൽ വലിയൊരു മതിൽക്കെട്ടിനു സമീപമെത്തും. അതിന്റെ ഒത്ത നടുക്കായി വലിയ ഒരു ഗേറ്റ്. ആ ഗേറ്റിങ്കൽ സുവർണ ഫലകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് …‘ചന്ദ്രോത്ത്’
കേരളചരിത്രത്തിൽ തന്നെ സ്ഥാനമുള്ള ചന്ദ്രോത്ത് തറവാടാണ് ഇത്. വേദപുരം പെരുമാളുമാരുടെ ജന്മകുടുംബം.ഗേറ്റിനപ്പുറം തറവാട്ടിലേക്ക് ഇന്റർലോക്ക് പാകിയ വഴിക്കിരുവശവും പരന്നു കിടക്കുന്ന ഏക്കറുകൾ വരുന്ന വാടി. അതിൽ നന്ത്യാർവട്ടം, വിവിധതരം തെറ്റികൾ റോസച്ചെടികൾ , മാവ് പ്ലാവ് തെങ്ങ് കവുങ്ങ് തുടങ്ങി ഒരു പഴയ ആഢ്യൻ തറവാട്ടിലുണ്ടാകുന്ന സകല പുഷ്പ, ഫല വൃക്ഷങ്ങളും. വലിയമാവിന്റെ ചോട്ടിൽ ചെറിയൊരു ചങ്ങല ബന്ധനത്തിൽ അവൻ കിടപ്പുണ്ട്..
