❤️വൃന്ദാവനം ❤️- 1 8അടിപൊളി 

‘ദേവാ, ക്ഷണം എല്ലാം എവിടെ വരെ ആയി? ’ അപ്പൂപ്പൻ ഇതിനിടെ വല്യച്ചനോട് ചോദിച്ചു

‘തീരാറായി അച്ഛാ’, ജയദേവൻ പറഞ്ഞു ‘പിന്നൊരു കാര്യം ചിത്രയും രാധികയും വരുന്നുണ്ട്.’

‘ആന്നോ’ കുറേക്കാലമായി അരികിലില്ലാത്ത പെണ്മക്കൾ വരുന്നെന്നറിഞ്ഞപ്പോൾ അപ്പൂപ്പൻ ആഹ്ലാദചിത്തനായി നിറഞ്ഞുചിരിച്ചു.‘അവർ ഒറ്റക്കാണോ വരുന്നേ.’ എക്‌സൈറ്റഡായി അദ്ദേഹം ചോദിച്ചു.

‘ഏയ്‌ അല്ല, കിഷോറും വിനോദും ഉണ്ട്, പിന്നെ പിള്ളേർ , നന്ദിതയും മീരയും.എല്ലാരും വരുന്നു.ഒരു മാസം ഇവിടെ ഉണ്ടാകും, പിറന്നാളും കഴിഞ്ഞ് ഓണവും കൂടിയിട്ടേ പോകൂ.’വലിയച്ഛൻ പറഞ്ഞു.

കഴിച്ചു കൊണ്ടിരുന്ന ഇലയട സഞ്ജുവിന്റെ തൊണ്ടയിൽ കുടുങ്ങി.

മീരയും നന്ദിതയും……..

അവർ വരുന്നു.ആറു വർഷത്തിന് ശേഷം അവർ വരുന്നു.

സഞ്ജുവിന്റെ കാലു തളർന്നു.അടിവയറ്റിൽ നിന്നു പ്രണയരൂപികളായ ചിത്രശലഭങ്ങൾ ഇടനെഞ്ചിലേക്ക് പറന്നു കൂടുകെട്ടി.അവൻ പരാവശ്യത്താൽ തളർന്നു.ഭക്ഷണം ഇറക്കാനാകാതെ അവൻ മെല്ലെ ചുമച്ചു.സഞ്ജുവിന്റെ പാരവശ്യം സാകൂതം നോക്കിയിരിക്കുകയായിരുന്നു ചഞ്ചുവോപ്പയും കണ്ണേട്ടനും.

‘ഇവിടൊരാൾക്കു ഹാർട് അറ്റാക്ക് വരുന്നൂന്നു തോന്നുന്നു.ചഞ്ചൂ നീയവന് കുറച്ചു വെള്ളം കൊട്.. ’ സ്വതസിദ്ധമായ കുസൃതിചിരിയോടെ കണ്ണേട്ടൻ പറഞ്ഞു.ചഞ്ചുവോപ്പ സഞ്ജുവിന്റെ തലയിൽ കുസൃതിയിൽ തട്ടി.

സഞ്ജു കണ്ണേട്ടനെ രൂക്ഷമായി നോക്കി, ഈ അവസരത്തിൽ തന്നെ ചളിച്ച കോമഡി അടിക്കണം, തനിക്ക് ഞാൻ വച്ചിട്ടുണ്ട്.അവൻ മനസ്സിൽ പറഞ്ഞു.

സഞ്ജുവിന് പിന്നൊന്നും കഴിക്കാനായില്ല.ബ്രഹ്മചര്യത്തിന്റെ വ്രതശുദ്ധിയിൽ താൻ തന്റെ മനസ്സിന് ചുറ്റും പണിത കോട്ടയിൽ വിള്ളൽ വീഴുന്നത് അവനറിഞ്ഞു. സുഖദായിയായ ഏതോ സുഗന്ധം അവനെ പൊതിഞ്ഞു.ഓർമകളുടെ പുകമറയിൽ ആ മുഖങ്ങൾ അവനു മുന്നിൽ തെളിഞ്ഞു. വലിയ കണ്ണുകളുള്ള മീരയും തന്റെ ചിരി കൊണ്ട് സ്വർഗം തീർക്കുന്ന നന്ദിതയും.

മീരയും നന്ദിതയും.. അവന്റെ മനസ്സിൽ മോക്ഷമന്ത്രം പോലെ ആ പേരുകൾ അലയടിച്ചു.

എങ്ങനെയൊക്കെയോ പ്രാതൽ അവസാനിപ്പിച്ചു അവൻ പുറത്തിറങ്ങി.”ഈ ചെക്കൻ ഒന്നും കഴിച്ചില്ലല്ലോ’ എന്ന ചെറിയമ്മയുടെ പരിഭവം അവൻ കേട്ടില്ല.തറവാടിന്റെ വാടിയിൽ വടക്കേ തൊടിയിൽ തറകെട്ടി വളർത്തിയ വലിയ നാട്ടുമാവിൻ ചോട്ടിൽ അവൻ പോയി നിന്നു.

ആറു വർഷം മുൻപ്…

ഇവിടെ അന്ന് തറ ഉണ്ടായിരുന്നില്ല. ഓണക്കാലമായതിനാൽ ഒരു തട്ടൂഞ്ഞാൽ ആ മാവിൻ കൊമ്പിലുണ്ടായിരുന്നു.അന്നാണ് അവരെ അവസാനം കണ്ടത്, അവരുടെ സ്വരം കേട്ടത്. രണ്ട് വണ്ടികളിലായി എയർപോർട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം യാത്രയാകുന്നതിനു മുൻപ്.

ഊഞ്ഞാൽ പടിയിൽ വിഷമത്തോടെ ഇരുന്നു കയറിൽ തല ചാരിവച്ച സഞ്ജുവിന് സമീപം നന്ദിതയാണ് ആദ്യമെത്തിയത്.

‘സഞ്ജൂ ഞാൻ പോവ്വാ,’ ദുഃഖം ഘനീഭവിച്ച സ്വരത്തിൽ അവൾ അവനോട് പറഞ്ഞു.കറുപ്പ് ചുരിദാറിൽ അവൾ അന്ന് പതിവിലും സുന്ദരിയായിരുന്നു.ഒരു രാജകുമാരി.

സഞ്ജു വെറുതെ തലയാട്ടിയതേയുള്ളൂ.

‘പോയി വാ’ അവൻ നിസ്സംഗനായി പറഞ്ഞു.

‘വരും ഞാൻ വരും’ വികാരത്തിൽ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

അപ്പു തല ഉയർത്തി നോക്കി.അവൾ അവളുടെ കൈകൾ പൊക്കി അവന്റെ ചെമ്പൻ തലമുടിയിലൊന്നു തലോടി.

‘എന്നെ മറക്കല്ലേ പൊട്ടാ…’ അത്രയും പറഞ്ഞ് അവൾ തിരിഞ്ഞോടി.അവൾ കാറിന്റെ പിൻസീറ്റിലേക്കു കയറുന്നത് അവൻ നിർന്നിമേഷനായി നോക്കി നിന്നു.

മീരയാണ് പിന്നീട് വന്നത്.ജീൻസും കടും നീല സാൽവരുമായിരുന്നു വേഷം.അവളൊന്നും മിണ്ടിയില്ല.തീക്ഷ്ണമായ മുഖത്തോടെ അവനെ നോക്കി കുറെ മിനുട്ടുകൾ നിന്നു.

‘ങും എന്താ നോക്കുന്നെ ഉണ്ടക്കണ്ണി, പൊയ്ക്കോ അമേരിക്കേൽ പൊയ്ക്കോ, അവിടെ മദാമ്മമാർ നിന്നെ പിടിച്ചു കറി വയ്ക്കട്ടെ.’

അവളുടെ വിടർന്ന വലിയ കണ്ണുകൾ നോക്കി ബാല്യസഹജമായ അമർഷത്തോടെ അവനത് പറഞ്ഞപ്പോൾ അവ നീർ ചുരത്തി.അവൾ അവന്റെ കയ്യിൽ പിച്ചി പാട് വരുത്തി.ചൂണ്ടുവിരൽ ‘നിന്നെ ഒരു പാഠം പഠിപ്പിക്കും ‘ എന്ന ഭാവത്തിൽ ഉയർത്തി കുലുക്കി.എന്നിട്ട് അവളുടെ വിരലിൽ കിടന്ന മരതക മോതിരം ഊരി അവന്റെ പോക്കറ്റിൽ ഇട്ടു. അവൾ വേഗത്തിൽ തിരിഞ്ഞു നടന്നെങ്കിലും അതിനേക്കാൾ വേഗത്തിൽ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകളിൽ നിന്നു രണ്ടു പുഴകൾ ഒഴുകുന്നുണ്ടായിരുന്നു.

Updated: February 22, 2025 — 10:40 pm

Leave a Reply

Your email address will not be published. Required fields are marked *