പക്ഷേ സഞ്ജു രണ്ടുപേരോടും കമ്പനിയായിരുന്നു.
മീരയ്ക്കു നീളം കൂടുതലായിരുന്നു, അന്നേ. നന്ദിതയ്ക്ക് ചിരിക്കുമ്പോൾ സുന്ദരമായ നുണക്കുഴി കവിളിൽ വിടരുമായിരുന്നു.
കാറോടിക്കുന്നതിനിടെ സഞ്ജുവിന്റെ കൈ തന്റെ കഴുത്തിലേക്കു പോയി.അവിടെ ഇന്നുമുണ്ട് ഒരു പൊള്ളൽപ്പാട്.പണ്ടു മീര തനിക്കു സമ്മാനിച്ചതാണ്.
പണ്ടൊരു ദീപാവലി നാൾ, ദീപാവലി എന്നാൽ പാലക്കാട്ടുകാർക്ക് ഇതുപോലെ മറ്റൊരു ആഘോഷമില്ല. സന്ധ്യയ്ക്കു ചെരാതുകൾ കത്തിച്ചുവച്ച് ദീപാലംകൃതമായ തറവാടിന്റെ മുറ്റത്തു കമ്പിത്തിരി കത്തിച്ചു വട്ടംചുറ്റുകയായിരുന്നു മീരയും സഞ്ജുവും. നന്ദിത കുറച്ചകലെ തൂക്കുവിളക്കുകളിൽ നാളം പകരുകയായിരുന്നു.
എന്തുപറഞ്ഞാണെന്നറിയില്ല, സഞ്ജുവും മീരയും തമ്മിൽ പെട്ടെന്നു വഴക്കായി.
‘ഇങ്ങനെയൊരു വഴക്കുകാരി,ഞാന്‍ നന്ദുവിനേ കെട്ടൂ,നിന്നെ എനിക്കു വേണ്ട’ അരിശം മൂത്ത് സഞ്ജു വിളിച്ചുപറഞ്ഞു.നന്ദിതയെ എല്ലാവരും ചുരുക്കിവിളിക്കുന്നത് നന്ദുവെന്നാണ്.
എന്തൊക്കെയോ അവനെ പറഞ്ഞുകൊണ്ടു മീര ഇതു കേട്ടു പെട്ടെന്നു നിശബ്ധയായി. അവൾ അവന്റെ അരികിലേക്കു വന്നു.
‘സത്യമാണോ ഈ പറഞ്ഞത്, സത്യമാണോ പറഞ്ഞേന്നു’ ആ അഞ്ചാംക്ലാസുകാരി വർധിതമായ കോപത്തോടെ അവനോടു ചോദിച്ചു. അവളുടെ കണ്ണുകളിൽ നീർ നിറഞ്ഞിരുന്നു.
‘സത്യം സത്യം സത്യം’ സഞ്ജു സംശയമേതുമില്ലാതെ പറഞ്ഞു.അവൾ കൈപൊക്കിയത് പിന്നീടു കണ്ടു.
‘അമ്മേ’, പകുതി കത്തിയ കമ്പിത്തിരി തന്റെ കഴുത്തിൽ അമർന്നപ്പോൾ നിലവിളിയോടെ സഞ്ജു അലറിക്കരഞ്ഞു. മീര അവന്റെ വായ പൊത്തിപ്പിടിച്ചു. അവളുടെ മുഖത്തു കോപം ജ്വലിക്കുന്നുണ്ടായിരുന്നു.
‘സഞ്ജൂ, നിനക്കൊരു ഭാര്യ ഉണ്ടാകുവാണേൽ അതു
ഞാനായിരിക്കും.വേറാർക്കും നിന്നെ കൊടുക്കില്ല, അങ്ങനെ സംഭവിച്ചാൽ നിന്നെ കൊല്ലും. കേട്ടോടാ’ പതിയെ ആണു പറഞ്ഞതെങ്കിലും വല്ലാത്ത ഉറപ്പായിരുന്നു അവളുടെ ശബ്ദത്തിന്.സഞ്ജു ഭയന്നു പോയി.ആ പൊള്ളൽ പിന്നീടു മാഞ്ഞിട്ടില്ല. കഴുത്തിനു താഴെ ഒരു ബ്യൂട്ടിസ്പോട്ടുപോലെ അതുണ്ട്.
അതായിരുന്നു മീര, മുൻകോപക്കാരി,പക്ഷേ തീവ്രമായ സ്നേഹത്തിന് ഉടമ. തൊടിയിൽ നിന്ന് ഒരു മാമ്പഴം കിട്ടിയാലോ ആരെങ്കിലും അവൾക്കൊരു മിഠായി കൊടുത്താലോ അവളത് സ്വയം കഴിക്കില്ല.അത് സഞ്ജുവിനെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിക്കും. എന്നിട്ട് അവനതു കഴിക്കുന്നതു തന്റെ വലിയ കണ്ണുകളാൽ നോക്കി നിൽക്കും.
നന്ദിതയ്ക്കും സ്നേഹത്തിനു കുറവില്ലായിരുന്നു. പക്ഷേ അവൾ മീരയെപ്പോലെ അക്രമം കാട്ടാറില്ല. ചെറുപ്പം മുതലേ ഇരുപെൺകുട്ടികളിലാരെങ്കിലും സഞ്ജുവിനെ കെട്ടുമെന്നു ബന്ധുക്കൾ സംസാരിക്കുന്നതിനാൽ സഞ്ജുവിന്റെ കാര്യത്തിൽ തങ്ങൾക്ക് ഏതോ അവകാശമുള്ളതുപോലെയാണു മീരയും നന്ദിതയും പെരുമാറിയത്.
ഒടുവിൽ എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ രാധികാമ്മായിയും നന്ദുമാമനും നന്ദിതയ്ക്കൊപ്പം ബോംബേയ്ക്കു പോയി താമസമാക്കി. ചിത്രമമ്മായിയും വിനുമാമനുമൊപ്പം മീര യുഎസിലേക്കും പോയി.സഞ്ജു ഒറ്റയ്ക്കായി.
അതിനു ശേഷം 6 വർഷം കടന്നിരിക്കുന്നു. ഇരുവരുമായും പിന്നീടു വലിയ ബന്ധമൊന്നുമില്ല. മീരയ്ക്കു ഫെയ്സ്ബുക്ക് ഒന്നുമില്ല, ഫോൺ നമ്പർ തറവാട്ടിൽ അമ്മായിക്കൊക്കെ അറിയാമെങ്കിലും കളിയാക്കൽ ഭയന്ന് സഞ്ജു ചോദിച്ചിട്ടില്ല.നന്ദിത പിന്നീട് കുറച്ചുതവണ വെക്കേഷൻ സമയത്തും മറ്റും തറവാട്ടിൽ വന്നിട്ടുണ്ട്.പക്ഷേ ആ സമയങ്ങളിലെല്ലാം സഞ്ജു ഇവിടെയില്ലായിരുന്നു. ഒരിക്കൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് , പിന്നെ ഒരു സയൻസ് ഒളിംപ്യാഡ് അങ്ങനെയൊക്കെ. ഇതിനിടയ്ക്ക് ഒരു ദിവസം തറവാട്ടിലേക്കു വിളിച്ചപ്പോൾ നന്ദിതയുമായി സംസാരിച്ചതൊഴിച്ചാൽ ഇരുവരുമായും സമ്പർക്കമേ ഉണ്ടായിട്ടില്ല.
ഓർമകളുടെ വേലിയിറക്കത്തിൽ സഞ്ജു ഒന്നു പുഞ്ചിരിച്ചു.
‘ആ കൊല്ലല്ലേ ‘ വെളിയിൽ ഒരു ബൈക്കുകാരന്റെ ആർത്തനാദമാണ് അവനെ സ്വപ്നലോകത്തു നിന്നു തിരികെയെത്തിച്ചത്.
‘ദൈവമേ അബദ്ധമായേനേ’ സഞ്ജു വെളിയിലേക്കു നോക്കി സ്വയം പറഞ്ഞു. സ്വപ്നം കണ്ട് അവന്റെ കാർ ചെറുതായൊന്നു പാളിയിരുന്നു. റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരു ചേട്ടനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് വാഹനം കടന്നുപോയത്.