“നീ ഇതെല്ലാം എവിടെ കൊണ്ടുപോകുന്നു?”
അജു ചോദിച്ചു.
“അമ്മ ഏൽപ്പിച്ച ജോലി.”
“കണ്ടിട്ട് ബാങ്ക് കൊള്ളയടിച്ച് വരുന്നതുപോലെയുണ്ട്.”
“ബാങ്കിനെക്കുറിച്ച് നീ പറയണ്ട. ശമ്പളം കിട്ടുന്ന ദിവസംതന്നെ മുഴുവൻ ബാങ്കുകാർക്ക് കൊടുക്കുന്ന ആളല്ലേ?”
“മുഴുവൻ ഒന്നും കൊടുക്കുന്നില്ല.”
“ബാക്കിയുള്ളത് വീട്ടിലേക്കും കൊടുക്കും. പിന്നെ മാസത്തിന്റെ അവസാനത്തിൽ എന്റെ അടുത്ത് വന്ന് ചായ കുടിക്കാനുള്ള പണം ചോദിക്കും.”
“അത് കുടുംബാംഗങ്ങൾ തമ്മിലുള്ള സാമ്പത്തികസഹകരണമാണ്.”
“അതിന്റെ പേര് കടം എന്നാണ്.”
അജു ചിരിച്ചു.
“അത് നീ തിരിച്ചുതരാറുമില്ല,” ദിവ്യ കൂട്ടിച്ചേർത്തു.
“നിന്റെ വിവാഹം കഴിയട്ടെ. എല്ലാം ഒരുമിച്ച് തിരിച്ചുതരാം.”
ദിവ്യയുടെ മുഖത്ത് ഒരു മടിച്ചിരി തെളിഞ്ഞു.
“എന്റെ വിവാഹം ഇപ്പോഴൊന്നുമില്ല.”
“അതു നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ.”
“അതെന്താ?”
“കഴിഞ്ഞ ആഴ്ച വന്ന ആലോചന അമ്മയ്ക്ക് ഇഷ്ടമായിട്ടുണ്ട്.”
“അജൂ.”
“എന്ത്?”
“ശബ്ദം കുറയ്ക്ക്.”
“എന്തിനാ? എല്ലാവരും അറിയട്ടെ.”
ദിവ്യ അവന്റെ കൈയിൽ നുള്ളി.
“മര്യാദയ്ക്ക് നടക്കണം.”
“സംസാരം ഏതാണ്ട് ഉറപ്പായ സ്ഥിതിയല്ലേ?”
“ഒന്നും ഉറപ്പായിട്ടില്ല.”
“ശരി. പക്ഷേ ഉറപ്പാകാൻ സാധ്യതയുണ്ട് അല്ലെ. സത്യം പറ ചേച്ചിക്കും ആ ചെക്കനെ ഇഷ്ടപെട്ടില്ലേ?”
അവൾ മുഖത്തെ ചിരി ഒളിപ്പിക്കാൻ മറ്റെവിടെയോ നോക്കി.
അജു അവളെ നോക്കിനിന്നു.
അഞ്ചുവർഷങ്ങൾക്കു മുമ്പ് ദിവ്യയുടെ വിവാഹം നടത്താൻ എങ്ങനെ പണം കണ്ടെത്തുമെന്ന ചിന്ത പോലും അവനെ ഭയപ്പെടുത്തിയിരുന്നു.
ഇപ്പോൾ എല്ലാം എളുപ്പമായി എന്ന് പറയാനാകില്ല.
കടം ഇപ്പോഴും ബാക്കിയുണ്ടായിരുന്നു.
ഓരോ മാസവും പലിശ അടയ്ക്കണം.
മുതലിലേക്കു കൊടുക്കുന്ന തുക വളരെ ചെറുതായിരുന്നു.
എന്നാൽ കടം പഴയതുപോലെ അവസാനമില്ലാത്ത ഒരു ഇരുട്ടായി അവന്
തോന്നിയില്ല.
അതിന്റെ മുന്നിൽ നിൽക്കാൻ കഴിയുന്നുണ്ടായിരുന്നു.
മാസശമ്പളം കിട്ടുമ്പോൾ ആദ്യം പലിശയ്ക്കുള്ള പണം മാറ്റിവയ്ക്കും. പിന്നെ വീട്ടുചെലവിനുള്ളത് അമ്മയുടെ അക്കൗണ്ടിലേക്ക് അയക്കും. മുതലിലേക്കു കഴിയുന്നത്ര തുക അടയ്ക്കും. ദിവ്യയുടെ വിവാഹത്തിനായി തുടങ്ങിയ നിക്ഷേപത്തിൽ മറ്റൊരു തുകയും മാറ്റിവയ്ക്കും.
അവസാനം അവന്റെ കൈയിൽ അധികമൊന്നും ഉണ്ടാകില്ല.
പക്ഷേ അതിൽ അവന് വിഷമമുണ്ടായിരുന്നില്ല.
പണം കുറവായാലും ഭയം കുറഞ്ഞിരുന്നു.
അതാണ് വലിയ മാറ്റം.
ഒന്നര വർഷം മുമ്പാണ് ബി.ടെക് പൂർത്തിയാക്കിയത്.
ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ജോലി ലഭിച്ചു. കോളേജിൽനിന്ന് ഇറങ്ങി ഉടനെ ജോലിയിൽ പ്രവേശിച്ചു.
ആദ്യത്തെ കുറച്ചു മാസങ്ങൾ ബുദ്ധിമുട്ടായിരുന്നു.
പുതിയ നഗരം.
പുതിയ ആളുകൾ.
മനസ്സിലാകാത്ത ജോലികൾ.
ചെറിയൊരു പിഴവ് സംഭവിച്ചാൽ എല്ലാം നഷ്ടപ്പെടുമെന്ന ഭയം.
പക്ഷേ പതുക്കെ അവൻ പഠിച്ചു.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തുടങ്ങി.
ശമ്പളം കുഴപ്പമില്ലായിരുന്നു. പക്ഷേ എട്ടാം വല്യ കാര്യം അത് സ്ഥിരമായിരുന്നു.
മാസത്തിന്റെ തുടക്കത്തിൽ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കാൻ കഴിയുന്നത്ര സ്ഥിരം.
അമ്മയ്ക്ക് വീട്ടുചെലവുകൾക്കായി ആരുടെയെങ്കിലും മുന്നിൽ കൈനീട്ടേണ്ട സാഹചര്യം ഇല്ലാതാക്കുന്നത്ര സ്ഥിരം.
ദിവ്യയുടെ വിവാഹത്തെ ഒരു സ്വപ്നമല്ല, സമീപഭാവിയിൽ നടക്കാനിരിക്കുന്ന യാഥാർഥ്യമായി കാണാൻ കഴിയുന്നത്ര സ്ഥിരം.
“നീ വീണ്ടും ആലോചനയിലായോ ?”
ദിവ്യയുടെ ചോദ്യം അവനെ ഉണർത്തി.
“ഇല്ല.”
“ആ ഫോൺ കയ്യിലെടുത്താൽ നീ വേറെ ലോകത്തേക്കു പോകും.”
അപ്പോഴാണ് തന്റെ കൈയിൽ ഇപ്പോഴും ഫോൺ പിടിച്ചിരിക്കുകയാണെന്ന് അജു ശ്രദ്ധിച്ചത്.
അത് അഞ്ചുവർഷം പഴക്കമുള്ള ഫോണായിരുന്നു.
മൂന്നു തവണ സ്ക്രീൻ മാറ്റിയിട്ടുണ്ട്.
ബാറ്ററി രണ്ടുതവണ.
പുറത്തെ കവറിന്റെ നിറം മങ്ങിയിരുന്നു.
പുതിയൊരു ഫോൺ വാങ്ങാൻ കഴിയാത്തതുകൊണ്ടല്ല അവൻ അത് സൂക്ഷിച്ചത്.
അത് മാറ്റാൻ
അവന് തോന്നിയില്ല.
മറ്റൊരാൾക്കു നോക്കിയാൽ അതൊരു പഴയ ഉപകരണം മാത്രം.
അജുവിന് അത് അഞ്ചുവർഷം നീണ്ട ഒരു വഴിയായിരുന്നു.
