പക്ഷേ പ്രധാനപ്പെട്ട ദിവസങ്ങളിൽ ആ ഫോൺ നിർബന്ധമായും ശബ്ദിച്ചു.
അജുവിന്റെ പരീക്ഷാഫലം വന്ന ദിവസം.
ലച്ചുവിന്റെ ആദ്യ സെമസ്റ്റർ കഴിഞ്ഞ ദിവസം.
അജുവിന് ജോലി ലഭിച്ച ദിവസം.
ലച്ചുവിന്റെ ബിരുദദാന ദിവസം.
അമ്മയുടെ പിറന്നാൾ.
ഓണം.
വിഷു.
ദീപാവലി.
അർദ്ധരാത്രിയിലെ പുതുവത്സരാശംസകൾ.
ചിലപ്പോൾ കാരണമൊന്നുമില്ലാതെയും.
“ഉറങ്ങിയോ?” എന്നൊരു സന്ദേശം.
“ഭക്ഷണം കഴിച്ചോ?” എന്നൊരു ചോദ്യം.
“ഇന്ന് നിന്നെ ഓർത്തു” എന്ന് എഴുതിത്തുടങ്ങി അയയ്ക്കാതെ മായ്ച്ചുകളഞ്ഞ സന്ദേശങ്ങൾ.
അഞ്ചുവർഷത്തിനിടെ അവർക്കിടയിൽ പലതും മാറി.
പക്ഷേ സംസാരിക്കാതിരുന്നാലും മറ്റേയാൾ എവിടെയോ ഉണ്ടെന്ന വിശ്വാസം മാറിയില്ല.
കഴിഞ്ഞ കുറച്ചു ദിവസമായി ലച്ചുവിന്റെ സന്ദേശങ്ങൾ കുറവായിരുന്നു.
മീരയുടെ വിവാഹത്തെക്കുറിച്ച് അജു പറഞ്ഞപ്പോൾ അവൾ ആശംസകൾ അറിയിച്ചിരുന്നു.
വീഡിയോ കോളിൽ മീരയോട് സംസാരിക്കുകയും ചെയ്തു.
പക്ഷേ നാട്ടിലേക്കു വരുമെന്ന് പറഞ്ഞിരുന്നില്ല.
അവസാനമായി അയച്ച സന്ദേശം രണ്ടു ദിവസം മുമ്പായിരുന്നു.
കല്യാണത്തിന്റെ തിരക്കിൽ ഭക്ഷണം കഴിക്കാൻ മറക്കരുത്.
അതിന് അജു മറുപടി നൽകിയിരുന്നു.
നിനക്കാണോ എന്നെ ഉപദേശിക്കാൻ യോഗ്യത?
അതിനുശേഷം മറുപടി വന്നില്ല.
“വീണ്ടും അവളാണോ?”
ദിവ്യ ചോദിച്ചു.
അജു ഫോൺ പോക്കറ്റിലിട്ടു.
“ആര്?”
“എനിക്ക് പേരറിയില്ലെന്നാണോ?”
“അവൾ സന്ദേശം അയച്ചിട്ടില്ല.”
“എങ്കിൽ അയയ്ക്ക്.”
“യാത്രയിലോ മറ്റോ ആയിരിക്കും.”
“എവിടേക്കുള്ള യാത്ര?”
“അറിയില്ല.”
ദിവ്യ അവനെ ശ്രദ്ധിച്ചുനോക്കി.
“അഞ്ചുവർഷമായിട്ടും നിങ്ങൾ രണ്ടുപേരും ഇങ്ങനെ തന്നെയാണോ?”
“എങ്ങനെ?”
“ഒരാൾ ചോദിക്കില്ല. മറ്റേയാൾ പറയില്ല.”
“പറയാനുള്ളപ്പോൾ പറയും.”
ദിവ്യ ചിരിച്ചു.
“ശരി. നീ പൂച്ചെണ്ടുമായി ഇവിടെ നിന്നാൽ ചെറുക്കന്റെ വീട്ടുകാർ തിരികെ പോകും.”
അജു മുന്നോട്ടു നടന്നു.
ഉച്ചയോടെ വിവാഹവീട്ടിലെ തിരക്ക് ഇരട്ടിയായി.
ചെറുക്കന്റെ വീട്ടുകാർ എത്താൻ ഇനി അരമണിക്കൂർ മാത്രമാണെന്ന് ആരോ പറഞ്ഞു.
പ്രധാന കവാടത്തിനരികിൽ ചെണ്ടക്കാർ തയ്യാറായി നിന്നു.
വീഡിയോ ക്യാമറകളുമായി ഫോട്ടോഗ്രാഫർമാർ ചുറ്റിനടന്നു.
മീരയുടെ അച്ഛൻ ഓരോ അഞ്ചു മിനിറ്റിലും സമയം നോക്കി.
അമ്മയുടെ കയ്യിൽ നിലവിളക്ക്.
ദിവ്യ സ്ത്രീകളോടൊപ്പം സ്വീകരണത്തിനുള്ള താലവുമായി നിന്നു.
അജു അതിഥികളുടെ വാഹനങ്ങൾ ശരിയായ സ്ഥലത്തേക്കു തിരിച്ചുവിടുകയായിരുന്നു.
അപ്പോഴാണ് ഫോൺ ശബ്ദിച്ചത്.
മീര.
“നീ ഇത്രയും നേരം എവിടെയായിരുന്നു?”
അജു ചോദിച്ചു.
“എന്റെ കല്യാണത്തിന് ഞാൻ എവിടെയായിരിക്കണം?”
“നിന്റെ മുറിയിൽ.”
“അപ്പോൾ പിന്നെ എന്തിനാ ചോദിച്ചത്?”
“എന്തിനാണ് വിളിച്ചത്?”
“നീ ഒന്ന് പിൻവശത്തെ വരാന്തയിലേക്കു വരണം.”
“ഇപ്പോൾ പറ്റില്ല. ചെറുക്കന്റെ വീട്ടുകാർ എത്താറായി.”
“അഞ്ചു മിനിറ്റ്.”
“എന്തിനാ?”
“ഒരു പൂക്കൂട് അവിടെ വച്ചിട്ടുണ്ട്. അത് എടുത്തുകൊണ്ടുവരണം.”
“മറ്റാരെയെങ്കിലും പറഞ്ഞയയ്ക്ക്.”
“നീ തന്നെ പോകണം.”
“നിനക്ക് കല്യാണദിവസവും എന്നെ ബുദ്ധിമുട്ടിക്കണോ?”
“അതെ.”
“പൂക്കൂട് എവിടെയാ?”
“പിൻവശത്തെ വരാന്തയിൽ.”
“അവിടെ എന്തിനാണ് കൊണ്ടുവച്ചത്?”
“അതൊക്കെ പോയി നോക്ക്.”
അവൾ ഫോൺ വച്ചു.
അജു തലകുലുക്കി.
വീട്ടിന്റെ മുൻവശത്തെ തിരക്കിൽനിന്ന് മാറി ഇടനാഴിയിലൂടെ പിന്നിലേക്കു നടന്നു.
അവിടെ അധികം ആളുകളുണ്ടായിരുന്നില്ല.
പാചകക്കാരുടെ ശബ്ദം അടുക്കളയുടെ ഭാഗത്തുനിന്ന് കേൾക്കാം.
മാവിന്റെ നിഴലിനടിയിൽ
പഴയ കസേരകൾ കൂട്ടിയിട്ടിരുന്നു.
വരാന്തയുടെ കൈവരിയിൽ കുറച്ചു പൂക്കൾ വീണുകിടന്നു.
പക്ഷേ മീര പറഞ്ഞ പൂക്കൂട് അവിടെയൊന്നും ഉണ്ടായിരുന്നില്ല.
അജു ചുറ്റും നോക്കി.
“ഇവൾക്ക് ഇന്ന് ശരിക്കും ഭ്രാന്തായോ?”
അവൻ ഫോൺ എടുക്കാൻ തുടങ്ങിയപ്പോഴാണ് പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടത്.
“നീ എന്താ ഇങ്ങനെ, ഒരു വിവാഹത്തിന് വന്നിട്ട് ആസ്വധിക്കാതെ മുഴുവൻ സമയവും ജോലിയും ചെയ്തു നടക്കുവാ?”
അജുവിന്റെ കൈ നിശ്ചലമായി.
അഞ്ചുവർഷത്തിനിടെ ആ ശബ്ദം ആയിരക്കണക്കിന് തവണ ഫോണിലൂടെ കേട്ടിട്ടുണ്ട്.
