അക്കുവിന്റെ തോളിൽ കൈവെച്ചുകൊണ്ട് ദേവേട്ടൻ അവനെ ആശ്വസിപ്പിച്ചു. “എന്റെ അച്ചുവിനെ മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം. ഇപ്പോൾ ഈ നിമിഷം അവൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് നീ കാറിൽ വച്ച് ചെയ്ത ആ കാര്യങ്ങളെ കുറിച്ച് ഓർത്ത് ആയിരിക്കില്ല , മറിച്ച് നിന്നെ തല്ലിയതിനും നിന്നോട് പിണങ്ങിയതിനും മാത്രമായിരിക്കും. ഉള്ളിന്റെ ഉള്ളിൽ അവൾ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.”
”അതുകൊണ്ട് നീ ഇപ്പോൾ തന്നെ എന്റെ കൂടെ വീട്ടിലേക്ക് വരണം. ഈ പിണക്കം എത്രയും പെട്ടെന്ന് തീർക്കുന്നുവോ അത്രയും നല്ലത്. വൈകുംതോറും മുറിവ് ആഴത്തിലാകും.”
കുറ്റബോധവും ഭയവും കാരണം അക്കു ആദ്യം ഒന്ന് മടിച്ചുനിന്നു. അച്ചുവിന്റെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. പക്ഷേ, ദേവേട്ടന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനും കരുതലതിനും മുന്നിൽ അവന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ, തകർന്ന മനസ്സോടെയാണെങ്കിലും ദേവേട്ടനോടൊപ്പം അവൻ വീണ്ടും ആ ഫ്ലാറ്റിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു…
*************
ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ അക്കുവിന്റെ ഉള്ളം വല്ലാതെ പായുകയായിരുന്നു. ഓരോ മിനിറ്റും ഒരു യുഗമായി അവന് തോന്നി. ദേവേട്ടൻ ബെല്ലടിച്ചു. അല്പം കഴിഞ്ഞ് വാതിൽ തുറന്ന അച്ചുവിന്റെ മുഖത്ത് ദേവേട്ടനെ കണ്ടപ്പോൾ ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു. എന്നാൽ ആ പുഞ്ചിരിക്ക് സെക്കൻഡുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
ദേവേട്ടന്റെ പുറകിലായി തലതാഴ്ത്തി നിൽക്കുന്ന അക്കുവിനെ കണ്ടതും അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടു. പ്രണയം നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ ഇപ്പോൾ കനൽ എരിയുകയായിരുന്നു. അവരെ സ്വീകരിക്കാനോ ഒന്ന് നോക്കാൻ പോലുമോ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു. നേരെ ബെഡ്റൂമിലേക്ക് കയറി വാതിൽ ശക്തിയായി അടച്ചു.
ആ ശബ്ദം അക്കുവിന്റെ ചങ്കിലാണ് തറച്ചത്. “ദേവേട്ടാ… ഞാൻ തിരിച്ചു പോവാം, ചേച്ചിക്ക് എന്നെ കാണുന്നത് പോലും ഇഷ്ടമല്ല. ഞാൻ കാരണം ഇനിയും ആ മനസ്സ് വിഷമിക്കണ്ട,” അക്കു സങ്കടത്തോടെ പിന്തിരിയാൻ ആഞ്ഞു.
പക്ഷേ ദേവേട്ടൻ വിട്ടില്ല. അവൻ അക്കുവിന്റെ കൈയിൽ മുറുക്കിപ്പിടിച്ചു. “എടാ, നീ എങ്ങോട്ടും പോകുന്നില്ല. ഇതൊക്കെ മാറ്റാനല്ലേ നമ്മൾ വന്നത്? നീ ഇവിടെ ഇരിക്ക്.” അല്പം നിർബന്ധിച്ചു തന്നെ ദേവേട്ടൻ അവനെ അകത്തേക്ക് കയറ്റി സോഫയിൽ ഇരുത്തി. എന്നിട്ട് അവൻ മെല്ലെ നടന്ന് അച്ചുവിന്റെ മുറിക്ക് മുന്നിലെത്തി.
വാതിലിൽ പതുക്കെ തട്ടി വിളിച്ചുകൊണ്ട് ദേവേട്ടൻ അകത്തേക്ക് കയറി. അവിടെ വിങ്ങിപ്പൊട്ടുന്ന അച്ചുവിനെയാണ് അയാൾ കണ്ടത്…
ദേവേട്ടൻ കട്ടിലിൽ അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു. വിറയ്ക്കുന്ന ആ തോളുകളിൽ കൈവെച്ച് അവളെ തന്നോട് ചേർത്തുപിടിച്ചു. “അച്ചു… നീയിതെന്ത് മര്യാദകേടാ കാണിക്കുന്നത്? അവൻ പുറത്ത് വല്ലാതെ വിഷമിച്ചിരിക്കുകയാണ്. നടന്ന കാര്യങ്ങളെല്ലാം അവൻ എന്നോട് തുറന്നു പറഞ്ഞു. അവൻ ചെയ്തതിൽ അവന് നല്ല വിഷമമുണ്ട്, വലിയ പശ്ചാത്താപവുമുണ്ട്. നീ ഒന്ന് പുറത്തുപോയി അവനോട് സംസാരിക്കൂ…”
പക്ഷേ, അച്ചു പെട്ടെന്ന് ദേവേട്ടന്റെ കൈകൾ തട്ടിമാറ്റി. “നിങ്ങൾ ഇപ്പോൾ എന്തിനാ അവനെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത്? എനിക്ക് ആരോടും ഒന്നും സംസാരിക്കാനില്ല!” അവൾ മുഖം തിരിച്ചു.
”അച്ചു, അവൻ അത്രയും സ്നേഹത്തോടെ…” ദേവേട്ടൻ പൂർത്തിയാക്കും മുൻപേ അവൾ തടഞ്ഞു.
”ഞാൻ ഒന്ന് തല്ലുമ്പോഴേക്കും, ഒന്നിറങ്ങിപ്പോകാൻ പറയുമ്പോഴേക്കും ഇറങ്ങിപ്പോകാൻ നിന്ന ആളാണല്ലോ അവൻ! അതെന്താ, എനിക്ക് അവനെ തല്ലിക്കൂടെ? എനിക്ക് അവനെ വഴക്കു പറഞ്ഞുകൂടെ? ഞാൻ.. ഞാൻ അവന്റെ ചേച്ചി അല്ലേ…” അത്രയും പറഞ്ഞുതീർത്തപ്പോഴേക്കും അച്ചുവിന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. അവളുടെ ദേഷ്യം വെറും പുറംമോടി മാത്രമാണെന്നും ഉള്ളിൽ സങ്കടം അണപൊട്ടി ഒഴുകുകയാണെന്നും ആ വാക്കുകൾ വിളിച്ചുപറഞ്ഞു.
