വൈകുന്നേരമായപ്പോഴേക്കും അശ്വിന്റെ ക്ഷമ പൂർണ്ണമായും നശിച്ചിരുന്നു. കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി അവൻ അടുത്തുണ്ടായിരുന്ന ചെറിയൊരു ചായക്കടയിലേക്ക് നടന്നു.
“ചേട്ടാ… ഒരു ചായ.”
ചായ കിട്ടിയതും പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് കത്തിച്ചു. ആദ്യത്തെ പുക പുറത്തേക്ക് വിട്ടപ്പോൾ തന്നെ ശരീരത്തിലെ ക്ഷീണം മുഴുവൻ അവൻ തിരിച്ചറിഞ്ഞു.
“അവന്റെ പേരിനപ്പുറം ഒരു തുമ്പും ഇല്ലല്ലോ…”
അവൻ സ്വയം പിറുപിറുത്തു. ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് തോന്നി. ഇന്നും വെറും കയ്യോടെ മടങ്ങേണ്ടി വന്നാൽ തിരികെ നാട്ടിലേക്ക് പോകാമെന്ന് പോലും അവൻ മനസ്സിൽ തീരുമാനിച്ചു. അപ്പോഴാണ് പിറകിൽ നിന്നൊരു ശബ്ദം കേട്ടത്.
“ഒരു ചായ….”
അശ്വിൻ തിരിഞ്ഞു നോക്കി. അറുപത് വയസ്സിനടുത്ത് പ്രായം തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ. കറുത്ത ഷർട്ടും വെള്ളമുണ്ടും, നര കയറിയ മീശ. മുഖത്ത് വലിയ ഭാവമൊന്നുമില്ലെങ്കിലും അയാളുടെ ആ മൂർച്ചയുള്ള കണ്ണുകൾ ചുറ്റുമുള്ളതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ ചായ വാങ്ങി അശ്വിന്റെ അടുത്ത് തന്നെയെത്തി നിന്നു. കുറച്ചു നിമിഷം ആരും ഒന്നും സംസാരിച്ചില്ല.പിന്നെ അയാൾ പതുക്കെ ചോദിച്ചു:
“സിഗരറ്റ് ഉണ്ടോ…?”
അശ്വിൻ പോക്കറ്റിലുണ്ടായിരുന്ന പാക്കറ്റ് നീട്ടിക്കൊടുത്തു.
“താങ്ക്യൂ…”
സിഗരറ്റ് കത്തിച്ച് ഒരു പുക വിട്ട ശേഷം അയാൾ അശ്വിനെ ഒന്നു നോക്കി.
“രണ്ടു ദിവസമായി ഈ ഭാഗത്ത് കാണുന്നുണ്ടല്ലോ…”
അശ്വിൻ ഒന്ന് ഞെട്ടി.
“എന്നെയോ…?”
“അതെ,”
അയാൾ ചെറുതായി ചിരിച്ചു.
“ഇന്നലെയും കണ്ടു, ഇന്നും കണ്ടു. ഓരോരുത്തരോടും എന്തൊക്കെയോ ചോദിക്കുന്നുണ്ട്.”
അശ്വിൻ ഒരു നിമിഷം ആലോചിച്ചു. കള്ളം പറയണോ സത്യം പറയണോ? ഒടുവിൽ അയാളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
“ഒരു ആളെ അന്വേഷിക്കുകയാണ്.”
“ബന്ധുവാണോ…?”
“അല്ല.”
“ഫ്രണ്ട്…?”
“അങ്ങനെ പറയാം.”
“പേരെന്താ…?”
അശ്വിൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
“ടിജോ.”
ആ പേര് കേട്ട നിമിഷം… അയാളുടെ മുഖത്തെ ചിരി മാഞ്ഞു. ഒരു നിമിഷത്തേക്ക് മാത്രം, പക്ഷേ അശ്വിൻ അത് വ്യക്തമായി കണ്ടു. അയാൾ ഉടനെ സ്വാഭാവിക ഭാവം വീണ്ടെടുക്കാൻ ശ്രമിച്ചു.
“ഏത് ടിജോ…?”
“മുഴുവൻ പേര് അറിയില്ല. കുറെ വർഷം മുമ്പ് ഇവിടെ ഉണ്ടായിരുന്നു.”
അയാൾ കയ്യിലിരുന്ന ചായഗ്ലാസ് പതുക്കെ
താഴെ വെച്ചു.
“എന്തിനാ അന്വേഷിക്കുന്നത്…?”
അശ്വിൻ മറുപടി പറഞ്ഞില്ല. അയാൾ വീണ്ടും ചോദിച്ചതുമില്ല. കുറച്ചു നേരം രണ്ടുപേരും നിശബ്ദരായി നിന്നു.
പിന്നെ അയാൾ വളരെ പതുക്കെ ചോദിച്ചു:
“ഒരു കാര്യം ചോദിക്കട്ടെ… നിനക്ക് ടിജോയെക്കുറിച്ച് എത്ര അറിയാം…?”
“ഒന്നുമറിയില്ല.”
“അപ്പോൾ അന്വേഷിക്കുന്നത് എന്തിനാ…?”
അശ്വിൻ കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ അയാളെ സൂക്ഷിച്ച് നോക്കി.
“അത് ഇപ്പോൾ പറയാൻ പറ്റില്ല.”
അയാളുടെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി വിരിഞ്ഞു.
“നല്ലത്…”
അശ്വിൻ നെറ്റി ചുളിച്ചു.
“എന്താ…?”
“അപരിചിതരോട് എല്ലാം തുറന്ന് പറയുന്ന ആളല്ലെന്ന് മനസ്സിലായി.”
ഒരു നിമിഷം അയാൾ അശ്വിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ ചുറ്റും ഒന്ന് കണ്ണോടിച്ചു. ചായക്കടയിൽ ആളുകൾ ഉള്ളതുകൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:
“ഇവിടെ നിന്നു സംസാരിക്കേണ്ട കാര്യമല്ല ഇത്.”
“അപ്പോൾ…?”
അയാൾ പോക്കറ്റിൽ നിന്ന് പഴയൊരു ബില്ല് എടുത്ത് അതിന്റെ പുറകിൽ എന്തോ എഴുതി മടക്കി അശ്വിന്റെ കയ്യിൽ കൊടുത്തു.
“നാളെ രാവിലെ ഈ അഡ്രസിൽ വാ.”
“ആരാണ് നിങ്ങൾ…?”
അയാൾ ചെറുതായി ചിരിച്ചു.
“നീ അന്വേഷിക്കുന്ന ആളെ… എനിക്ക് നന്നായി അറിയാം.”
“പേര്…?”
“ഇപ്പോൾ അറിയണ്ട.”
അത്ര മാത്രം പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. റോഡിന്റെ മറുവശത്ത് എത്തുന്നതിനുമുമ്പ് ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി അയാൾ പറഞ്ഞു:
“ഒരു കാര്യം മാത്രം ഓർത്താൽ മതി… ടിജോയെ തേടി നടക്കുകയാണെങ്കിൽ, അവൻ നിന്നെ കാണുന്നതിന് മുമ്പ് നീ അവനെ കണ്ടെത്തണം.”
