അശ്വിൻ ഫയലിന്റെ ആദ്യ പേജ് തുറന്നു. ഓരോ പേജിലും തീയതികൾ, സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, കുറിപ്പുകൾ. ചില പേരുകൾ കറുത്ത മഷി കൊണ്ട് മായ്ച്ചിരുന്നു. ചിലതിന് ചുവന്ന പേന കൊണ്ട് വട്ടം വരച്ചിട്ടുണ്ടായിരുന്നു. പത്തു മിനിറ്റോളം ആ മുറിയിൽ കനത്ത നിശ്ശബ്ദത പടർന്നു.
അവസാനം അശ്വിൻ തലയുയർത്തി:
“സാർ… ഇതിൽ പല സ്ഥലത്തും ‘C’ എന്ന് മാത്രം എഴുതിയിട്ടുണ്ടല്ലോ.”
ജോസഫ് തലയാട്ടി.
“ചെന്നൈ എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പില്ലാത്തതുകൊണ്ടാണ്. പക്ഷേ എന്റെ ശക്തമായ സംശയം അവിടെയാണ്. ടിജോയുടെ മൊബൈൽ റെക്കോർഡിൽ ട്രേസ് ചെയ്തപ്പോൾ അവസാനം കിട്ടിയ ലൊക്കേഷൻ തമിഴ്നാടാണ്. കൃത്യമായ അഡ്രസ് കിട്ടിയില്ല.”
“ഇത് അഞ്ചാറ് വർഷം പഴയ വിവരമല്ലേ സാർ? ഇപ്പോൾ അവിടെ ഒന്നും ഉണ്ടാകാൻ സാധ്യതയില്ലല്ലോ.”
“മനുഷ്യർ മാറിയാലും ഓർമ്മകൾ മായില്ല അശ്വിൻ,”
ജോസഫ് ശാന്തമായി പറഞ്ഞു.
“ആരെങ്കിലും എവിടെയെങ്കിലും അവനെ ഓർക്കുന്നുണ്ടാകും.”
അശ്വിൻ മെല്ലെ തലകുലുക്കി.
“സാർ… ഞാൻ സഹായിക്കാം. ഞാൻ ചെന്നൈയിലേക്ക് പോകാം.”
ജോസഫ് ഉടനെ മറുപടി പറഞ്ഞില്ല. അയാൾ കുറച്ചുനേരം അശ്വിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
“എന്തിന്? എന്താണ് നിനക്ക് ഇതിൽ ഇത്ര താൽപര്യം?”
ആ ചോദ്യം കേട്ടപ്പോൾ അശ്വിൻ ഒന്ന് പതറി. അശ്വതിയുടെയോ മേരി ആന്റിയുടെയോ പേര് പറയാൻ അവന് കഴിയില്ലായിരുന്നു. അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു:
“ഒരാളുടെ ജീവിതം അവൻ തകർത്തിട്ടുണ്ട് സാർ. അവൾക്ക് നീതി കിട്ടണം.”
ജോസഫ് എഴുന്നേറ്റ് അലമാരയിൽ നിന്ന് ഒരു ചെറിയ കവറെടുത്തു. അതിൽ മൂന്ന് ഫോട്ടോകൾ ഉണ്ടായിരുന്നു—ഒരു പഴയ ഹോട്ടലിന്റെ ബോർഡ്, ഒരു കോളേജ് കെട്ടിടം, ഒരു പഴയ ബസ് ടിക്കറ്റ്.
“ഇതാണ് എന്റെ അന്വേഷണത്തിന്റെ അവസാന സ്റ്റോപ്പ്. അശ്വിൻ… നീ പോകുകയാണെങ്കിൽ ഒരു കാര്യം ഓർക്കണം. നിനക്ക് ഉറപ്പുള്ള ആൾക്കാരോട് മാത്രം ടിജോയെ പറ്റി അന്വേഷിക്കുക അല്ലെങ്കിൽ അത് നിനക്ക് ആപത്താണ്… പിന്നെ അതിലുപരി നീ അന്വേഷിക്കുന്ന വിവരം അവന്റെ ചെവിയിൽ എത്തിയാൽ അവൻ ആദ്യം തെളിവുകൾ നശിപ്പിക്കും… ”
ജോസഫ് ജനലിലൂടെ
പുറത്തേക്ക് നോക്കി തുടർന്നു:
“ചെന്നൈയിൽ ചെന്നിട്ട് ആദ്യം ടിജോയെ നേരിട്ട് അന്വേഷിക്കേണ്ട. അവൻ വിട്ടുപോയ നിഴലുകളെ തിരയുക. മനുഷ്യൻ മറഞ്ഞാലും അവൻ ഉണ്ടാക്കിയ മുറിവുകൾ മറയില്ല. ആ മുറിവുകൾ അന്വേഷിച്ചാൽ നീ അവന്റെ അടുത്തെത്തും എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക.”
ചെന്നൈയിൽ എത്തിയ ശേഷം ജോസഫ് നൽകിയ വിലാസങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവന്റെ ആദ്യ അന്വേഷണം. പഴയ ലോഡ്ജ്, ട്രാവൽ ഏജൻസി, മൊബൈൽ ഷോപ്പ്… എല്ലായിടത്തും ഫോട്ടോ കാണിച്ച് ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
വൈകുന്നേരം ഒരു പഴയ ചായക്കടയിൽ വെച്ചാണ് അവൻ ഒപ്പം ജോലി ചെയ്തിരുന്ന രാജീവിനെ അപ്രതീക്ഷിതമായി കാണുന്നത്.
വിശേഷങ്ങൾ പറയുന്നതിനിടയിൽ അശ്വിൻ വളരെ കാഷ്വലായി ചോദിച്ചു: “ഡാ, നിനക്ക് ടിജോ എന്നൊരു മലയാളിയെ അറിയാമോ?”
അത് കേട്ടതും രാജീവിന്റെ മുഖത്ത് ഒരു ഓർമ്മ മിന്നി. “ഡാ… ആ ഇവന്റ് ലൈൻ ഉള്ള ടിജോ ആണോ? കുറേ മോഡൽസിന്റെയും പാർട്ടി സർക്കിളിന്റെയും കൂടെ കറങ്ങുന്നവൻ ആണോ?
“അറിയില്ല ചിലപ്പോ ആയിരിക്കാം എന്തായാലും നീ ബാക്കി പറ…”
കാശുള്ള പിള്ളേരുടെ ഇടയിൽ നല്ല പരിചയമുണ്ടായിരുന്നു അവന്. പക്ഷേ… ഒരു പെൺകുട്ടിയുടെ മരണത്തിന് ശേഷം അവൻ പെട്ടെന്ന് ചെന്നൈ വിട്ടെന്നാണ് കേട്ടത്. അതിന് ശേഷം അവനെ ആരും കണ്ടിട്ടില്ല.”
എപ്പോൾ ജോസഫ് സാറിൻ്റെ ഊഹം തെറ്റിയില്ല അവൻ ചെന്നയിൽ തന്നെ ആയിരുന്നു… രാജീവ് നൽകിയ ആ പഴയ ചെന്നൈയുടെ ഇടുങ്ങിയ തെരുവിലെ ഒരു ഗോഡൗണിന്റെ വിലാസം തേടി അശ്വിൻ നടന്നു. അവിടെ പുറത്തുനിന്ന ചില ഗുണ്ടകളെപ്പോലെയുള്ള ആളുകളോട് ടിജോയെക്കുറിച്ച് ചോദിച്ചതും കാര്യങ്ങൾ മാറിമറിഞ്ഞു. അവർ ഉടനെ തമിഴിൽ ആരോടോ ഫോണിൽ സംസാരിച്ച ശേഷം അശ്വിനെ ഒരു വണ്ടിയിൽ കയറ്റി നഗരത്തിന്റെ തിരക്കുകൾക്കൊടുവിലുള്ള വലിയൊരു ബംഗ്ലാവിലേക്ക് കൊണ്ടുപോയി തമിഴ് സിനിമകളെ ഓർമ്മിപ്പിക്കുന്ന അതെ പോലൊരു ബംഗ്ലാവ് അവനു മനസ്സിൽ നല്ല ഭയം തോന്നി. ആ വലിയ ഹാളിൽ വിചിത്രമായൊരു നിശ്ശബ്ദതയായിരുന്നു. മുകളിലെ പടികളിലൂടെ വെള്ള ഷർട്ടും മുണ്ടും ധരിച്ച, അറുപതോടടുത്ത പ്രായമുള്ള ഒരു മനുഷ്യൻ ഇറങ്ങിവന്നു. മുഖത്ത് ശാന്തത. അയാൾ വന്ന് അശ്വിന്റെ മുന്നിലിരുന്നു.
