“ഉറപ്പില്ല. പക്ഷേ… പക്ഷേ എൻ്റെ മുന്നിൽ ഒരു വഴി ഉണ്ട്… പക്ഷെ ഞാൻ പറയാതെ ഒരാളും അവനെ ഒന്നും ചെയ്യരുത് എന്നാൽ ചിലപ്പോ നമുക്ക് അവനേ നഷ്ടപ്പെട്ടേക്കാം… ”
അശ്വിൻ കൈ നീട്ടി.
ആദിത്യൻ ആ കൈകളിൽ ശക്തമായി പിടിച്ചു.
“ഡീൽ. പക്ഷേ ഒരു കാര്യം മാത്രം… ടിജോ എന്റെ മുന്നിൽ വന്നാൽ, അതിനുശേഷം എന്ത് സംഭവിക്കും എന്ന് നീ എന്നോട് ചോദിക്കരുത്!”
അശ്വിൻ കൈ പിൻവലിച്ചില്ല.
“ഡീൽ.”
പക്ഷേ, കൈ വിടുന്നതിന് മുമ്പ് അവൻ വളരെ ശാന്തമായി പറഞ്ഞു:
“ഒരു കണ്ടീഷൻ കൂടിയുണ്ട്. ഈ കളിയിൽ എന്റെ പേര് ഒരിടത്തും വരാൻ പാടില്ല. എന്ത് സംഭവിച്ചാലും നിങ്ങളുടെ ആളുകൾ എന്നെ ബന്ധപ്പെടരുത്, എന്നെ ഫോളോ ചെയ്യരുത്, എന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുകയുമരുത്. നമ്മൾ ഇന്ന് കണ്ടത് ഇന്നോടെ അവസാനിക്കണം.”
ആദിത്യൻ ഒന്നും മിണ്ടിയില്ല. അശ്വിൻ തുടർന്നു
“ടിജോയെ നിങ്ങളുടെ മുന്നിലെത്തിക്കുക… അത്ര മാത്രമാണ് എന്റെ ജോലി. അതിനുശേഷം ഞാൻ ഈ കഥയിലില്ല. നാളെ അവന് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം പോലീസ് അന്വേഷിക്കുന്നത് എന്നെയായിരിക്കും. അത് എനിക്ക് വേണ്ട.”
മുറിയിൽ കുറച്ചുനേരം നിശ്ശബ്ദത പടർന്നു. ആദിത്യൻ പതുക്കെ ചിരിച്ചു.
“നീ വിചാരിച്ചതിലും ബുദ്ധിയുള്ളവനാണല്ലോ. ഭയപ്പെടണ്ട… ഞങ്ങൾ ചെയ്യുന്ന കണക്ക് ഞങ്ങൾ തന്നെയാണ് തീർക്കുന്നത്. മൂന്നാമതൊരാളുടെ പേര് അതിൽ വരില്ല. നീ ഇന്ന് ഈ വീട്ടിൽ വന്ന കാര്യം എന്റെ വിശ്വസ്തരായ രണ്ടുപേർക്കും എനിക്കും മാത്രം അറിയാം. ഈ വീട്ടിലെ ചുമരുകൾ പോലും അത് പുറത്തുപറയില്ല.”
“പോലീസ് ഒരിക്കലും ഈ കേസിൻ്റെ പിറകെ വരില്ല….”
ആദിത്യൻ വീണ്ടും കൈ നീട്ടി.
“ഇനി മുതൽ നീ നിന്റെ വഴി, ഞാൻ എന്റെ വഴി. രണ്ട് വഴികളും ചേരുന്ന ദിവസം ടിജോയുടെ അവസാനത്തെ ദിവസമായിരിക്കും.”
അശ്വിൻ ഒരു നിമിഷം പോലും മടിക്കാതെ ആ കൈയിൽ മുറുകെ പിടിച്ചു. ആ കൈകോർക്കലിൽ ഒരു വാക്കും പറയാത്ത ക്രൂരമായൊരു കരാർ ജനിക്കുകയായിരുന്നു.
ആദിത്യയുമായി സംസാരിച്ച് പുറത്തേക്ക് വന്നിട്ടും അശ്വിന്റെ മനസ്സ് ശാന്തമായിരുന്നില്ല.
കാറിൽ കയറി സ്റ്റാർട്ട് ചെയ്ത ശേഷം പോലും അവൻ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു.
മനസ്സിലേക്ക് ആദ്യം വന്ന മുഖം ജോസഫ് സാറിന്റേതായിരുന്നു
“അദ്ദേഹത്തെ വിളിക്കണോ…?”
ആ ചിന്ത ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി. പക്ഷേ അടുത്ത നിമിഷം അവൻ തന്നെ അതിന് ഉത്തരം കണ്ടെത്തി.
“ഇല്ല.”
ജോസഫ് ഒരു പോലീസ് ഓഫീസറാണ്, റിട്ടയർ ചെയ്തിട്ടുണ്ടെങ്കിലും ആ യൂണിഫോമിനോട് അദ്ദേഹം ജീവിതം മുഴുവൻ നീതി പുലർത്തിയ മനുഷ്യനാണ്. ഇനി നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അറിയുന്നത് പോലും ശരിയല്ല.
അദ്ദേഹം ചെയ്തത് തന്റെ കടമയാണ്.
ഇനി ചെയ്യാനുള്ളത്…
എൻ്റെ കടമ…
അശ്വിൻ ഫോൺ എടുത്തു. ജോസഫ് സാറിന്റെ നമ്പർ കുറച്ചുനേരം സ്ക്രീനിൽ തെളിഞ്ഞുനിന്നു. പിന്നെ പതുക്കെ ഫോൺ ലോക്ക് ചെയ്ത് സീറ്റിലേക്ക് വെച്ചു.
“ക്ഷമിക്കണം സാർ…”
“ഈ തവണ… നിങ്ങളെ അറിയിക്കാതിരിക്കുന്നതാണ് നിങ്ങളോടുള്ള ബഹുമാനം.”
അവൻ കാർ സ്റ്റാർട്ട് ചെയ്തു.
മുന്നിൽ ഇനി ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ടിജോ.”
അടുത്ത ദിവസം വൈകുന്നേരം. അശ്വതി കഫേയുടെ ഒരു മൂലയിലിരിക്കുകയായിരുന്നു. അശ്വിൻ വന്നിരുന്ന് ഒന്നും പറയാതെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് കണ്ടപ്പോഴേ അവൾക്ക് എന്തോ പന്തികേട് തോന്നി. സാധാരണ കാണുന്ന ആ ചെറിയ ചിരി ഇന്ന് അവന്റെ മുഖത്തില്ലായിരുന്നു.
”എന്താ അശ്വിൻ…?”
അശ്വതി പതുക്കെ ചോദിച്ചു.
അശ്വിൻ അവളുടെ മുഖത്തേക്ക് നോക്കി.
“ഞാൻ ടിജോയെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞു. അശ്വതി… നമ്മൾ വിചാരിച്ചതിലും വലിയ സൈക്കോയാണ് അവൻ.”
അതിനുശേഷം ജോസഫും ആദിത്യനും പറഞ്ഞ ഓരോ കാര്യവും അവൻ അവളോട് തുറന്നുപറഞ്ഞു.
അവസാനം അവൾ പതുക്കെ ചോദിച്ചു:
“അപ്പോൾ… ടീജോയുടെ ഇരകളിൽ ഞാൻ മാത്രമാണോ ജീവനോടെയുള്ളത്?”
“ആണെന്നാണ് എനിക്ക് തോന്നുന്നത് ബാക്കി പെൺകുട്ടികൾക്ക് നിൻ്റെ അത്രയും ധൈര്യം ഉണ്ടായിരുന്നില്ല….”
