“ഒരു കാര്യം ഞാൻ പറയാം. ഇനി എല്ലാം നിന്റെ തീരുമാനമാണ്. നിനക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാം ഞാൻ ഉണ്ടാകും കൂടെ”
അശ്വതി കുറച്ചുനേരം മേശയിലേക്ക് തന്നെ നോക്കിയിരുന്നു. പിന്നെ പതുക്കെ ചിരിച്ചു. ആ ചിരിയിൽ സ്വയം പരിഹസിക്കുന്ന വലിയൊരു വേദനയുണ്ടായിരുന്നു.
“അറിയാമോ അശ്വിൻ… അവൻ എന്നെ നശിപ്പിച്ച ദിവസം ഞാൻ മരിച്ചുപോയതാണ്. എത്ര രാത്രികൾ ഉറക്കഗുളിക കൈയിൽ പിടിച്ച് ഇരുന്നിട്ടുണ്ടെന്ന് അറിയാമോ? ‘ഞാൻ ഇല്ലാതായാൽ എല്ലാം തീരും’ എന്നൊരു ചിന്ത മാത്രമായിരുന്നു. പക്ഷേ ഓരോ തവണയും അമ്മയുടെ മുഖം ഓർമ്മ വരും… അപ്പോൾ പിൻവാങ്ങും.”
അവൾ കണ്ണുനീർ തുടച്ചു, പിന്നെ അശ്വിന്റെ കണ്ണുകളിലേക്ക് നേരെ നോക്കി.
“ഇന്ന് നീ പറഞ്ഞില്ലേ, ഞാനായിരിക്കാം ജീവനോടെയുള്ള ഏക ഇരയെന്ന്. അത് കേട്ടപ്പോൾ എനിക്ക് പേടിയല്ല തോന്നിയത്, കുറ്റബോധമാണ്. ഞാൻ മാറിനിന്നാൽ അവൻ നിർത്തുമോ? ഇല്ല… എന്നെപ്പോലെ എത്ര പെൺകുട്ടികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു കാണില്ല. ഇതുവരെ ഞാൻ ഓടിയത് എന്നെ രക്ഷിക്കാനായിരുന്നു. പക്ഷേ എന്റെ ഓട്ടം കൊണ്ട് മറ്റൊരു പെൺകുട്ടിയുടെ ജീവിതം തകരാൻ പോകുന്നുണ്ടെങ്കിൽ ആ ഓട്ടത്തിന് ഇനി അർത്ഥമില്ല.”
അവളുടെ
ശബ്ദം മാറി. ഭയം നിറഞ്ഞിരുന്ന അതേ ശബ്ദത്തിൽ ഇപ്പോൾ ഉറച്ച തീരുമാനമുണ്ടായിരുന്നു.
“ഇതുവരെ ഞാൻ ജീവിച്ചത് അവനെ പേടിച്ചാണ്. ഇനി ജീവിക്കുകയാണെങ്കിൽ അവനെ പേടിപ്പിച്ചായിരിക്കും. “ഇനി കാണാൻ പോകുന്നത് അവൻ ഭയപ്പെടുത്തി ഓടിച്ച പെൺകുട്ടിയെ അല്ല… അവനെ കാത്തിരിക്കുന്ന വേട്ടക്കാരിയെയാണ്.”
“പ്ലാൻ പറയ് അശ്വിൻ… ഇത്തവണ കളിയുടെ നിയമങ്ങൾ നമ്മളാണ് തീരുമാനിക്കുന്നത്.”
”കെണി തയ്യാറായിരുന്നു. ഇനി ബാക്കിയുണ്ടായിരുന്നത് വേട്ടക്കാരന്റെ ക്ഷമ മാത്രം.”
“ആറ് ദിവസങ്ങൾ കടന്നുപോയി. ഓരോ notification-ഉം അവളെ ഞെട്ടിച്ചു. ഓരോ രാത്രിയും ഉറക്കം മുറിഞ്ഞു. പക്ഷേ ടിജോയെക്കുറിച്ച് ഒരു കാര്യം അവർക്ക് ഉറപ്പായിരുന്നു… അവൻ തുടങ്ങി വെച്ച വേട്ട പാതിവഴിയിൽ അവസാനിപ്പിക്കുന്ന ആളല്ല.”
ഏഴാം ദിവസം വൈകുന്നേരം. അശ്വിനും അശ്വതിയും അടുത്ത നീക്കം ചർച്ച ചെയ്യുമ്പോൾ പെട്ടെന്ന് മേശപ്പുറത്തിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തു! അശ്വതിയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് വിളറി. ഒരു പുതിയ വാട്ട്സ്ആപ്പ് മെസേജ്!
TIJO : “Hai Ash…”
ആ രണ്ട് വാക്കുകൾ കണ്ട് അവർ പരസ്പരം നോക്കി. അശ്വിൻ മെല്ലെ ഫോൺ മേശപ്പുറത്ത് വെച്ചുകൊണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു:
“സ്വാഗതം ടിജോ… നിന്റെ അവസാന വേട്ടയിലേക്ക്.”
