അത്രയും പറഞ്ഞ് അയാൾ ആൾക്കൂട്ടത്തിനിടയിൽ പതുക്കെ മറഞ്ഞു.
അശ്വിൻ കൈയിലിരുന്ന കടലാസ് തുറന്നു. ഒരു വിലാസം, അതിനടിയിൽ ഒരു വരി മാത്രം എഴുതിയിരുന്നു:
“വൈകരുത്.. എന്നാൽ വീണ്ടും ഒരാളുടെ ജീവിതം നശിക്കും.”
ആ നിമിഷം അശ്വിന് ആദ്യമായി ഉള്ളിലൊരു ഭയം തോന്നി, ടിജോ ഒരു സാധാരണ മനുഷ്യനല്ല. അവന് പിന്നിൽ ഞാൻ അറിയാത്ത എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്….
ദിവസം 3:
പിറ്റേന്ന് രാവിലെ എട്ടരയോടെ അശ്വിൻ ആ കടലാസിലെ വിലാസത്തിലേക്ക് കാറോടിച്ചു. നഗരത്തിന്റെ തിരക്കുകൾ മാറി റോഡുകൾ ഇടുങ്ങി ശാന്തമായ ഒരു കോളനിയിലേക്കാണ് വഴി എത്തിയത്. കടലാസിലെ നമ്പർ നോക്കി കാർ ഒരു പഴയ ഇരുനില വീടിന്റെ മുന്നിൽ നിർത്തി. മുറ്റത്ത് പഴക്കം ചെന്ന ഒരു ജീപ്പുണ്ടായിരുന്നു. വരാന്തയിൽ ഇന്നലെ ചായക്കടയിൽ കണ്ട ആ മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു.
അശ്വിനെ കണ്ടതും അയാൾ ചെറുതായി പുഞ്ചിരിച്ചു.
“ഞാൻ വിചാരിച്ചു നീ വരില്ലെന്ന്.”
“വരാതിരിക്കാൻ കഴിയില്ലല്ലോ…,”
അശ്വിൻ തുറന്നു പറഞ്ഞു.
അയാൾ തലയാട്ടി.
“വാ… അകത്തേക്ക്.”
അകത്ത് കയറിയപ്പോൾ അശ്വിൻ ഒന്ന് ചുറ്റും നോക്കി. ചെറിയ വീട്, പഴയ മര അലമാരകൾ, ചുമരിൽ ഫ്രെയിം ചെയ്ത കുറച്ചു ഫോട്ടോകൾ. ഒരു മൂലയിൽ പൊടിപിടിച്ച ഫയലുകൾ കെട്ടിക്കിടക്കുന്നു. ആ മുറി കണ്ടാൽ
തന്നെ, വർഷങ്ങളായി എന്തൊക്കെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ ജീവിതമാണെന്ന് തോന്നുമായിരുന്നു. അയാൾ ഒരു കസേര ചൂണ്ടിക്കാട്ടി:
“ഇരിക്ക്.”
അശ്വിൻ ഇരുന്നു. അയാൾ അടുക്കളയിലേക്ക് പോയി രണ്ട് ഗ്ലാസ് ചായയുമായി തിരിച്ചു വന്ന് ഒരു ഗ്ലാസ് അശ്വിന്റെ മുന്നിലേക്ക് നീക്കി.
“കുടിക്ക്.”
അശ്വിൻ ഗ്ലാസ് കൈയിലെടുത്തു.
“ഇനി പറയൂ… ആരാണ് നിങ്ങൾ?”
അയാൾ ചായ ഒരിറക്ക് കുടിച്ച ശേഷം വളരെ ശാന്തമായി പറഞ്ഞു:
“എന്റെ പേര് ജോസഫ്. മുൻ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ… റിട്ടയർ ചെയ്തിട്ട് മൂന്ന് വർഷമായി.”
അതുകേട്ടതും അശ്വിൻ അറിയാതെ ഒന്ന് നേരെയിരുന്നു. ഒരു മുൻ ക്രൈം ബ്രാഞ്ച് ഓഫീസറാണ് തന്റെ മുന്നിൽ ഇരിക്കുന്നത് എന്ന കാര്യം അവനെ ജാഗ്രതയിലാക്കി.
ജോസഫ് അത് ശ്രദ്ധിച്ചു.
“ടെൻഷൻ വേണ്ട. ഞാൻ നിന്നെ ചോദ്യം ചെയ്യാൻ വിളിച്ചതല്ല.”
“അപ്പോൾ…?”
ജോസഫ് മെല്ലെ എഴുന്നേറ്റ് അലമാര തുറന്ന് പൊടിപിടിച്ച ഒരു പഴയ ഫയൽ പുറത്തെടുത്തു. വിരലുകൾ കൊണ്ട് പൊടി തട്ടിക്കളഞ്ഞ ശേഷം അത് അശ്വിന്റെ മുന്നിൽ വെച്ചു. ഫയലിന്റെ മുകളിൽ കറുത്ത മാർക്കർ കൊണ്ട് എഴുതിയിരുന്ന പേര് കണ്ടപ്പോൾ അശ്വിന്റെ കണ്ണുകൾ വികസിച്ചു!
“TIJO P. PHILIP”
അവൻ അറിയാതെ ഫയലിലേക്ക് കൈ നീട്ടിയെങ്കിലും ജോസഫ് അത് തുറക്കാൻ അനുവദിച്ചില്ല.
“തിരക്കുകൂട്ടണ്ട. ആദ്യം ഒരു കാര്യം മനസ്സിലാക്കണം. നീ അന്വേഷിക്കുന്ന മനുഷ്യൻ… നീ കരുതുന്നതുപോലെയല്ല.”
“എന്താ അതിന്റെ അർത്ഥം?”
ജോസഫ് ഒരു ദീർഘനിശ്വാസം വിട്ടു.
“ഇന്നലെ നീ പറഞ്ഞില്ലേ, നിങൾ തമ്മിൽ എന്ത് ബന്ധമാണെന്ന് പറയാൻ പറ്റില്ലെന്ന്… എന്തായാലും അതൊരു നല്ല ബന്ധം അല്ലെന്ന് എനിക്ക് മനസിലായി. ഈ ഫയൽ ഞാൻ ഔദ്യോഗികമായി വർഷങ്ങൾക്കുമുമ്പ് അടച്ചതാണ്. പക്ഷേ, വ്യക്തിപരമായി ഇന്നുവരെ അടച്ചിട്ടില്ല. റിട്ടയർ ചെയ്തിട്ടും ഈ ഒരൊറ്റ ഫയൽ മാത്രം ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു. അതിനു പല കാരണങ്ങൾ ഉണ്ട്…”
“എന്തിനാ?”
ജോസഫ് മറുപടി പറയാൻ തിടുക്കം കാട്ടിയില്ല. ജനലിലൂടെ പുറത്തേക്ക് ഒന്ന് നോക്കിയ ശേഷം വീണ്ടും അശ്വിൻ്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
“കാരണം… അന്നത്തെ തെളിവുകൾ വച്ച് ടിജോ ശിക്ഷിക്കപ്പെടില്ല. അവൻ ജയിലിൽ പോകില്ല…. അവൻ രക്ഷപ്പെടും.”
അശ്വിന്റെ നെഞ്ചിടിപ്പ് കൂടി.
“എങ്ങനെ?”
ജോസഫ് ചെറിയൊരു പുഞ്ചിരിയോടെ ഫയൽ പതുക്കെ തുറന്നു. അകത്ത് വർഷങ്ങൾ പഴക്കമുള്ള കുറെ രേഖകൾ, ഫോട്ടോകൾ, കൈയെഴുത്ത് കുറിപ്പുകൾ, ന്യൂസ് കട്ടിങ്ങുകൾ ഉണ്ടായിരുന്നു. അവയിൽ ഒന്നിൽ വിരൽ വെച്ചുകൊണ്ട് ജോസഫ് ചോദിച്ചു:
“നിനക്ക് തോന്നുന്നുണ്ടോ ടിജോ ഇത്രയും വർഷം ശിക്ഷിക്കപ്പെടാത്തത് അവന്റെ മിടുക്ക് കൊണ്ടാണെന്ന്?”
