അവളിലേക്കുള്ള യാത്ര – 9 Likeഅടിപൊളി  

“ടിജോ എവിടെയുണ്ട്?”

അയാളുടെ ആദ്യ ചോദ്യം അതായിരുന്നു.

“ഞാൻ… ഞാനാണ് അയാളെ അന്വേഷിക്കുന്നത്,”

അശ്വിൻ പറഞ്ഞു.

“എന്തിനാണ് അവനെ തിരയുന്നത്?”

“ഒരു പെൺകുട്ടിയുടെ ജീവിതം അവൻ നശിപ്പിച്ചിട്ടുണ്ട്. അതിന്റെ പിന്നാലെയാണ് ഞാൻ.”

ആ മനുഷ്യൻ കസേരയിലേക്ക് ചാരിയിരുന്നു ഒരു ദീർഘനിശ്വാസം വിട്ടു.

അവിടെ നിന്ന ബാക്കി ഉള്ളവരോടെല്ലാം പുറത്തുപോകാൻ പറഞ്ഞു…

“അവൾ ഇപ്പോഴും ജീവനോടെയുണ്ടോ?”

“ഉണ്ട്.”

“അങ്ങനെയെങ്കിൽ… നിങ്ങൾ ഭാഗ്യവാനാണ്,”

അയാൾ പതുക്കെ എഴുന്നേറ്റ് ചുമരിലെ പൂമാലയിട്ട ഒരു യുവതിയുടെ ചിത്രത്തിന് മുന്നിലേക്ക് നടന്നു.

“ഇവളെ… ടിജോ ഒരിക്കൽ സ്നേഹിച്ചിരുന്നു എന്ന് അവൾ വിശ്വസിച്ചിരുന്നു. എന്റെ പേര് ആദിത്യൻ. ടിജോയെ അന്വേഷിച്ച് ഈ

വീട്ടിലേക്ക് സ്വന്തം കാലിൽ നടന്നുവന്ന ആദ്യത്തെ മനുഷ്യനാണ് നീ.”

ആദിത്യൻ മേശപ്പുറത്തിരുന്ന, സ്ക്രീൻ പൊട്ടിയ ഒരു മൊബൈൽ ഫോൺ എടുത്തുയർത്തി.

“ഇത് എന്റെ മകളുടെ ഫോണാണ്. അവൾ മരിച്ച ദിവസം പോലീസ് തന്നത്. ഒരു പ്രണയനഷ്ടം കൊണ്ടല്ല എന്റെ മകൾ ആത്മഹത്യ ചെയ്തതെന്ന് ഇത് തുറന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. ടിജോ… അവൻ ആദ്യം അവളെ പ്രണയിച്ചു.  അവളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും കൈക്കലാക്കി. അവസാനം അത് ഭീഷണിയുടെ ആയുധമാക്കി മാറ്റി! ദിവസവും ഓരോ ഭീഷണി… സമൂഹം അപമാനിക്കുമെന്ന പേടിയിൽ ഒടുവിൽ ആരോടും, എന്നോടുപോലും ഒരു വാക്ക് പറയാതെ അവൾ മരണത്തിലേക്ക് നടന്നു.”

അയാളുടെ കണ്ണുകളിൽ കനൽ എരിഞ്ഞു.

“എന്റെ അറിവിൽ എൻ്റെ മോൾ ഉൾപ്പടെ രണ്ട് പെൺകുട്ടികൾ അവൻ കാരണം ആത്മഹത്യ ചെയ്തു. ഇനിയും എത്രപേർ അവന്റെ ഭീഷണിയുടെ നിഴലിൽ ജീവച്ഛവമായി കഴിയുന്നുണ്ടെന്ന് ആർക്കുമറിയില്ല.”

ആദിത്യൻ ഒന്ന് നിർത്തി, സിഗരറ്റിൽ നിന്ന് ഒരു നീണ്ട പുക വലിച്ചു.

“നിനക്കറിയാമോ… ടിജോയുടെ ലഹരി അവൻ എടുക്കുന്ന ആ  വിഡിയോകൾ അല്ല.”

അശ്വിൻ മിണ്ടാതെ നോക്കി.

“ആ വീഡിയോ കാണിച്ച് ഒരു പെൺകുട്ടി ഓരോ ദിവസവും ഭയന്ന് ജീവിക്കുന്നത്… ഫോൺ റിംഗ് കേട്ടാൽ പോലും വിറയ്ക്കുന്നത്… സ്വന്തം ജീവനേക്കാൾ മരണത്തെ പേടിക്കാതാകുന്നത്… അതാണ് അവന്റെ ലഹരി. മറ്റൊരാളുടെ മനസ്സ് തകർക്കുന്നതിൽ സുഖം കണ്ടെത്തുന്നവനാണ് അവൻ.”

“അവൻ ആളുകളെ കൊല്ലില്ല… ജീവിച്ചിരിക്കെ ഓരോ ദിവസവും മരിക്കാൻ വിടും”

അയാൾ ഒന്ന് നിർത്തി ഒരു ദീർഘ നിശ്വാസം എടുത്തു…

“ഞാനും പാപങ്ങൾ ചെയ്തവനാണ്, അശ്വിൻ… ഒരുപാട്. അതിന്റെ ശിക്ഷ ദൈവം എനിക്ക് തന്നു. എന്റെ മോളിലൂടെ.”

അവൻ ഒരു നിമിഷം കണ്ണടച്ചു.

“അന്നുമുതൽ ഒരു തീരുമാനമെടുത്തതാണ്… ടിജോയെ കണ്ടെത്തണമെന്ന്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ അവനെ തേടുകയാണ്. ദുബായിൽ ആളുകളെ വിട്ടു… ബെംഗളൂരുവിൽ അന്വേഷിച്ചു… ഗോവയിലും മുംബൈയിലും വരെ എന്റെ ആളുകൾ പോയി. പക്ഷേ ഓരോ തവണയും ഞാൻ എത്തുമ്പോഴേക്കും അവൻ അപ്രത്യക്ഷനായിരുന്നു.”

അവൻ ചിരിച്ചു… പക്ഷേ അത് വേദന നിറഞ്ഞ ചിരിയായിരുന്നു.

“ആദ്യമായാണ്… എന്റെ ജീവിതത്തിൽ ഒരുത്തൻ എന്നെ തോൽപ്പിച്ചത്.”

അവന്റെ കണ്ണുകൾ പതിയെ കഠിനമായി.

“പക്ഷേ എത്രകാലം അവൻ ഓടുമെന്നാ…? ഒരുനാൾ എനിക്കവനെ കിട്ടും.”

അവൻ നേരെ അശ്വിന്റെ കണ്ണുകളിലേക്ക് നോക്കി.

“അന്ന്… അവന്റെ കണക്ക് തീരുന്നത്  എന്റെയും എന്റെ ഈ മോളുടെ ഫോട്ടോയുടെ മുന്നിലും ആയിരിക്കും.”

ആദിത്യന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആകെ സ്തംഭിച്ചു പോയി….  വെറുമൊരു ഫ്രോഡ് എന്ന നിലയിൽ കണ്ടിരുന്ന ടിജോ അതിനും ഒരുപാട് അപ്പുറം എൻ്റെ ചിന്തകൾക്ക് അതീതമാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി… ഒരു നിമിഷം ഉള്ളിൽ അശ്വതിയുടെ ചിത്രം മിന്നി മാഞ്ഞു….

പെട്ടെന്ന് അശ്വിന് ഒരു മിന്നൽ

തലയിലൂടെ പാഞ്ഞു പോയി…..

“സാർ…”

അശ്വിൻ പതുക്കെ പറഞ്ഞു.

“ടിജോയെ ഞാൻ കണ്ടെത്തി നിങ്ങടെ മുന്നിൽ എത്തിക്കാം. ബാക്കി… നിങ്ങൾ നോക്കാമോ.”

ആദിത്യൻ എഴുന്നേറ്റ് അശ്വിനെ നോക്കി.

“എന്റെ മകൾക്ക് നീതി കിട്ടാൻ എനിക്ക് കോടതിയുടെ വിധി വേണ്ട അശ്വിൻ. അവളുടെ കണ്ണീരിന്റെ കണക്ക് എനിക്ക് തീർക്കണം. പക്ഷേ എനിക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. നിനക്ക് കഴിഞ്ഞാൽ അത് നമ്മുടെ രണ്ടുപേരുടെയും കണക്ക് ഒരുമിച്ച് തീരുന്ന ദിവസമായിരിക്കും. പക്ഷേ, അവനെ ഇവിടെ എത്തിക്കാൻ നിനക്ക് പറ്റുമോ?”

Leave a Reply

Your email address will not be published. Required fields are marked *