അശ്വിൻ ഒന്നും പറഞ്ഞില്ല.
“അല്ല,”
ജോസഫിന്റെ ശബ്ദം ഗൗരവമായി.
“ഓരോ തവണയും അവൻ ചെയ്ത കുറ്റത്തെക്കാൾ വലുതായിരുന്നു അവനെ രക്ഷിക്കാൻ ആരോ ചെയ്ത ശ്രമം.”
അശ്വിൻ മുന്നോട്ട് ആഞ്ഞിരുന്നു.
“ആര്?”
ജോസഫ് വളരെ പതുക്കെ പറഞ്ഞു:
“ഫിലിപ്പ്.
അവൻ്റെ ഡാഡി…”
ആ പേര് കേട്ടതും അശ്വിൻ ഒന്ന് ഞെട്ടി.
“ഫിലിപ്പ് അങ്കിളോ…?”
“അതെ. ഓരോ തവണയും മകനെ രക്ഷിച്ചുകൊണ്ട് ഒരു അച്ഛനെന്ന നിലയിൽ ഏറ്റവും വലിയ തെറ്റ് ചെയ്ത മനുഷ്യൻ. ആദ്യത്തെ തവണ മകനെ നിയമത്തിന് വിട്ടുകൊടുക്കേണ്ട സമയത്ത് രക്ഷിച്ചു. രണ്ടാമത്തെ തവണ ഇതാണ് അവസാനമെന്ന് കരുതി വീണ്ടും രക്ഷിച്ചു. മൂന്നാമത്തെ തവണ കുടുംബത്തിന്റെ പേരും മാനവും ഓർത്തു ഒത്തുതീർപ്പാക്കി. പണം കൊടുത്തു, നഷ്ടപരിഹാരം കൊടുത്തു, കേസ് കോടതിയിലെത്താതിരിക്കാൻ സ്വാധീനം ഉപയോഗിച്ചു. എന്ത് വില കൊടുത്തിട്ടായാലും മകനെ ജയിലിൽ പോകാൻ അനുവദിച്ചില്ല. അത്രക്ക് കാശുണ്ട് അയാളുടെ കയ്യിൽ”
അശ്വിൻ അറിയാതെ ചോദിച്ചു.
“എന്തിനാ…?”
“ഒരു അച്ഛന് വേറെ എന്ത് കാരണം വേണം? സ്വന്തം മകൻ ജയിലിൽ പോകരുത്, കുടുംബപ്പേര് നശിക്കരുത്… അത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഓരോ തവണയും അയാൾ മകനെ രക്ഷിക്കുകയല്ല ചെയ്തത്, അടുത്ത കുറ്റം ചെയ്യാനുള്ള ധൈര്യമാണ് കൊടുത്തത്. ‘ഞാൻ എന്ത് ചെയ്താലും അപ്പൻ വന്ന് രക്ഷിക്കും’ എന്ന് ടിജോ പഠിച്ചു.”
ആ വാക്കുകൾ കേട്ടപ്പോൾ അശ്വിൻ അറിയാതെ കസേരയിലേക്ക് ചാരിയിരുന്നു. അവന്റെ മനസ്സിലൂടെ മേരി ആന്റിയുടെയും ടീനയുടെയും മുഖം കടന്നുപോയി. ഒരു വീട്ടിനെ സംരക്ഷിക്കാനായി ചെയ്ത ഓരോ ഒത്തുതീർപ്പും എത്ര പേരുടെ ജീവിതമാണ് തകർത്തതെന്ന് അവൻ ചിന്തിച്ചു.
ജോസഫ് അവനെ നോക്കി.
“റിട്ടയർ ചെയ്തിട്ടും ഞാൻ എന്തുകൊണ്ട് ഈ ഫയൽ സൂക്ഷിക്കുന്നു എന്ന് നീ ചോദിച്ചില്ലേ? ചില കേസുകൾ ജോലി തീർന്നാൽ അവസാനിക്കും. പക്ഷേ ചില കേസുകൾ മനസ്സിൽ നിന്നാണ് അവസാനിപ്പിക്കേണ്ടത്. ടിജോ അങ്ങനെയൊരു കേസാണ്. അവനെ തോൽപ്പിക്കണമെങ്കിൽ അവനെക്കാൾ ക്ഷമ നിനക്കുണ്ടാകണം.”
ജോസഫ് ഒരു ഗ്ലാസ് വെള്ളം അവന്റെ നേരെ നീക്കി. അശ്വിൻ ഗ്ലാസ് വാങ്ങി ഒരു കവിൾ കുടിച്ചു.
“സാർ… ഇപ്പോൾ എനിക്ക് എന്ത് ചെയ്യാൻ കഴിയും?”
ജോസഫ് ചോദിച്ചു:
“ചെന്നൈയിൽ നിനക്ക് ഇപ്പോഴും പരിചയക്കാരുണ്ടോ?”
“ഉണ്ട് സാർ, പല മേഖലകളിലും.”
ജോസഫിന്റെ കണ്ണുകളിൽ ചെറിയൊരു പ്രതീക്ഷ തെളിഞ്ഞു. അയാൾ അലമാരയിൽ നിന്ന് മറ്റൊരു ചെറിയ ഫയൽ എടുത്തു.
“എന്റെ അന്വേഷണത്തിൽ ഒരു വലിയ വിടവുണ്ട്. കേരളത്തിൽ നിന്ന് ടിജോ ഒരു കാലത്തേക്ക് അപ്രത്യക്ഷനാകുന്നുണ്ട്. ഏകദേശം ഏഴ് മാസം. ഈ ഏഴ് മാസത്തിനിടയിൽ അവൻ എവിടെയായിരുന്നു എന്നതിന് വ്യക്തമായ തെളിവ് എനിക്ക് കിട്ടിയിട്ടില്ല. പക്ഷേ ചെന്നൈ ആയിരിക്കാമെന്ന് എനിക്ക് ശക്തമായ സംശയമുണ്ട്. ആ ഏഴ് മാസം മനസ്സിലായാൽ ടിജോയെ മുഴുവൻ മനസ്സിലാകും.”
അശ്വിൻ പതുക്കെ ചോദിച്ചു.
“സാർ… നിങ്ങൾക്ക് തന്നെ ചെന്നൈയിൽ പോയി അന്വേഷിക്കാമായിരുന്നില്ലേ?”
ജോസഫ് മങ്ങിയൊരു പുഞ്ചിരിയോടെ അകത്തെ മുറിയിലേക്ക് കണ്ണോടിച്ചു. ആ നോട്ടം പിന്തുടർന്ന് അശ്വിനും നോക്കി. അകത്ത് ഒരു കിടക്കയിൽ ചലനമറ്റ് കിടക്കുന്ന ഒരു സ്ത്രീ. ജോസഫ് വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു:
“അവൾ എന്റെ ഭാര്യയാണ്. അഞ്ച് വർഷമായി കിടപ്പിലാണ്. അവളെ വിട്ട് ഒരാഴ്ച പോലും എനിക്ക് പുറത്ത് നിൽക്കാൻ കഴിയില്ല. അതുകൊണ്ടാണ് നീ ചെന്നൈയിൽ ജോലി ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ നിന്നെ വിളിച്ചത്.”
ജോസഫ് ഫയൽ അവന്റെ മുന്നിലേക്ക് നീക്കി.
“ഇത് ഇവിടെ ഇരുന്ന് വായിക്കാം. പക്ഷേ ഒരു കാര്യം മാത്രം… ചെന്നൈയിൽ പോയാൽ കണ്ണ് തുറന്ന് നടക്കണം. കാരണം അവിടെ നിന്ന് പോയ അവൻ പിന്നെ ഒരിക്കലും അവിടേക്ക് തിരികെ പോയിട്ടില്ല…”
ആ വാക്കുകൾ കേട്ടപ്പോൾ അശ്വിൻ പതുക്കെ ഫയലിന്റെ ആദ്യ പേജ് തുറന്നു. അതേസമയം, ജോസഫിന്റെ മുഖത്ത് വർഷങ്ങളായി അടക്കിവെച്ചിരുന്ന മറ്റൊരു സത്യം കൂടി പുറത്തുവരാൻ സമയത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
