നിശ്ചലമായ തനിക്കു നേരെ ആ രൂപം തൻ്റെ കൈ നീട്ടി. തെല്ലൊന്നു മടിച്ചെങ്കിലും ആ കൈ പിടിച്ച് അവൻ എഴുന്നേറ്റു. തന്നെക്കാൾ ഉയരമുള്ള ആ മനുഷ്യ രൂപം വളരെ ശാന്തമായി നിൽക്കുന്നത് അവനെ അത്ഭുതപെടുത്തി. വായിച്ച കഥകളിലെല്ലാം ഇത്തരം രൂപങ്ങൾ മുന്നിൽ കാണുന്നവരെ കൊല്ലുകയാണ് പതിവ്, അതിലെ പല രംഗങ്ങളും അവൻ്റെ മനസിലൂടെ മിന്നിമറഞ്ഞു.
ഗാഭീര്യമുള്ള പുരുഷ ശബ്‌ദത്തോടെ ആ രൂപം അവനോട് സംസാരിച്ചു തുടങ്ങി.
“ഈ മടക്കം… അത് കാലം കാത്തുവച്ചതാണ്. നീ കണ്ടതെല്ലാം സത്യം, എല്ലാം അവളുടെ മായ…
തയ്യാറാവുക… “
വളരെ ശാന്തവും കാഠിന്യമുള്ളതുമായിരുന്ന ആ ശബ്‌ദം അവനെ കുഴപ്പിച്ചു.
“ ആരുടെ മായ .., എന്തിന് തയ്യാറാവാൻ.. ആരാണ് നിങ്ങൾ “
തൻ്റെ ഉദ്ദേശം കഴിഞ്ഞ് മാഞ്ഞുപോകുകയായിരുന്ന ആ രൂപത്തിനോട് അവൻ പരിഭ്രമത്തോടെ ചോദിച്ചു.
“എല്ലാം കാലം നിന്നെ അറിയിക്കും… തയ്യാറാവുക നീ… ഹ..ഹ..ഹ”
അതും പറഞ്ഞ് അട്ടഹസിച്ചു കൊണ്ട് ആ രൂപം കാറ്റിൽ അലിഞ്ഞുചേർന്നു.
അപ്പോഴേക്കും ആളുകൾ എത്തി തുടങ്ങി. മേഘങ്ങളെ കീറിമുറിച്ച് ആദ്യ കിരണം ഭൂമിയിൽ പതിച്ചു. എന്താണ് നടന്നതെന്നോ പറഞ്ഞതെന്നോ മനസിലാവാതെ അവനവിടെ നിന്നും ഇറങ്ങി.
“മൈര് , മനസമാധാനം കളായാനായിട്ട് ഓരോന്ന് വന്നോളും , വരണ്ടായിരുന്നു ഇങ്ങോട്ട് ഇനി എന്തൊക്കെ കാണണോ എന്തോ”
നെടുവീർപ്പിട്ടുകൊണ്ടവൻ പറഞ്ഞു .ബൈക്ക് എടുത്ത് റിസോട്ടിലേക്ക് തിരിച്ചു പോയി സാധനങ്ങളും എടുത്ത് വീട്ടിലേക്ക് തിരിച്ചു.
###
മെയിൻ റോഡിൽ നിന്നും കട്ട് റോഡിലേക്ക് കയറി വണ്ടി നിർത്തി അവൻ ചുറ്റും നോക്കി. റോഡിൻ്റെ ഒരുവശത്ത് തെങ്ങും മറുവശത്ത് കവുങ്ങും കാറ്റിൻ്റെ തളത്തിൽ ആടി ഉലയുന്നുണ്ട്. അത് കഴിഞ്ഞ് നോക്കെത്താ ദൂരത്തോളമുള്ള നെൽ പാടങ്ങളും. ചെറുപ്പത്തിൽ ഇവിടേക്ക് വരുമ്പോൾ പാടത്ത് മുത്തച്ഛൻ ഉണ്ടാവും പിന്നെ മുത്തച്ഛൻ്റെ കൂടെ എല്ലാം ചുറ്റിനടന്നെ വീട്ടിലേക്ക് കയറുകയുളു . ഇവിടെ നിന്നും
കഷ്ടി ഒരു അഞ്ഞൂർ മീറ്റർ ഉണ്ടാവും തറവാട്ടിലേക്ക്. വലിയ മരങ്ങൾക്കിടയിലൂടെ ഒട്ടിൻപ്പുറം കാണാമായിരുന്നു.
ഇല്ല… ആ ഒട്ടിൻപ്പുറത്തിൻ്റെ സ്ഥാനത്തിപ്പോൾ വെള്ളനിറം മാത്രം.
ഈ റോഡ് നേരെ ചെല്ലുന്നത് കാവിലേക്കാണ്. വഴിയിലുടനീളം വീടുകളും തോട്ടങ്ങളും. ചെണ്ടയുടെയും അനൗൺസ്മെൻ്റിൻ്റെയും ശബ്‌ദം ഇവിടെ വരെ കേൾക്കാം . റോഡിൽ നിന്നും അൽപ്പം മാറിയുള്ള ചെടികൾക്കൊണ്ടുണ്ടാക്കിയ കവാടം കടന്ന് മുന്നോട്ട് നീങ്ങി. പഠിപ്പുരവരെ നീണ്ടുനിൽക്കുന്ന ആ വീഥി ശരീരത്തിനു കുളിർമയും മനസിന് ശാന്തിയും നൽകുന്നതായിരുന്നു. വലിയ ഗെയിറ്റും പിടിപ്പുരയും ചേർന്നുള്ള മതിൽ കെട്ടിനു മുമ്പിൽ അവൻ ബൈക്ക് നിർത്തി ഒരു നിമിഷം കയറണമോ എന്ന് ആലോചിച്ചു. തുറന്നു കിടന്ന ഗെയിറ്റിലുടെ അവൻ തറവാട്ടിലേക്ക് പ്രവേശിച്ചു..
എട്ടുവർഷങ്ങൾക്കിപ്പുറം സൂര്യമംഗലം എന്ന പേരു കേട്ട തറവാട് പഴമയുടെ പ്രൗഡിയിൽ നിന്നും മാനംമുട്ടെ നിൽക്കുന്ന ഇരുനില വീടായി മാറിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച ഒരുക്കങ്ങളൊക്കെ ആ തറവാടിൻ്റെ മാറ്റിരട്ടിയാക്കി.
തറവാട്ടു മുറ്റത്തേക്ക് കയറി വരുന്ന അപരിചിതമായ വണ്ടിയുടെ ശബ്‌ദം കേട്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്ന മാധവൻ പത്രത്തിൽ നിന്നും ശ്രദ്ധ മാറ്റി മുറ്റത്തേക്ക് നോക്കി .
ആ വലിയ മുറ്റത്ത് നിരന്നു നിൽക്കുന്ന ആഡംബരക്കാറുകൾക്കോപ്പം അവൻ തൻ്റെ ബൈക്കും നിർത്തി. സൂര്യമംഗലത്തിൻ്റെ മണ്ണിൽ അവൻ്റെ കാലുപതിച്ചതും ശക്തമായ കാറ്റുവീശി,ദിക്കുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള ഇടി മുഴക്കത്തിൽ സൂര്യമംഗലം വിറകൊണ്ടു.
മുടിയിൽ തോർത്ത് കെട്ടി സെറ്റുമുണ്ടുടുത്ത് തുളസി തറയിൽ വിളക്കുവെക്കുന്ന ചെറിയമ്മയിൽ ആയിരുന്നു അവൻ്റെ ശ്രദ്ധ. ഇടിമുഴക്കത്തിൽ ഞെട്ടിയ മാലതിയുടെ ശ്രദ്ധയും ബൈക്കിൽ വന്ന ചെറുപ്പക്കാരനിൽ ആയിരുന്നു. അവൾക്ക് ഏറെ പരിചിതമുള്ള വണ്ടി ആയിരുന്നു അത് എങ്കിലും അവൻ വരുമെന്ന് തീരെ പ്രതീക്ഷ ഇല്ലാത്തതിനാൽ ആരാണ് വന്നതെന്നറിയാനുള്ള ഉൽസാഹം അവളുടെ കണ്ണിൽ തിളങ്ങി. പെട്ടെന്നു തന്നെ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച് അവനു നേരെ തിരിഞ്ഞു.
